Monday, March 29, 2010

തണുത്ത മധുര കള്ള്

ഒടുവില്‍ BBC വരെ ചോദിച്ചു:
"വൈകിട്ടെന്താ പരിപാടി" എന്ന് .കേരളത്തിലെ മദ്യപാനാസക്തിയെ പ്രകീര്‍ത്തിക്കാന്‍ ഇതില്‍പ്പരം എന്ത് വേണം ? അത്രയ്ക്കുണ്ട് നമ്മുടെ കള്ളുകുടിയുടെ പ്രശസ്തി.ടെക്നോപാര്‍ക്കിന്റെ ഒരു കോണില്‍ ഇരുന്നു കള്ളുകുടിയുടെ ഉല്പത്തി രഹസ്യം തേടുകയാണ് ടെക്കി.

1980 - ലെ കോലങ്ങള്‍ എന്ന സിനിമയിലെ ( സംവിധായകന്‍ എന്റെ ഗുരുനാഥന്‍ K G George ആണ് ) കള്ളുവര്‍ക്കി എന്ന കഥാപാത്രത്തിന്റെ സുവിശേഷത്തില്‍ നിന്നും തുടങ്ങുന്നു കള്ളുകുടിയുടെ ചരിത്രം. " ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ശൂന്യമായി കിടക്കുന്നത് കണ്ടപ്പോള്‍ ദൈവത്തിനു ദുഖം തോന്നി.അവന്‍ പുരുഷനെ സൃഷ്ടിച്ചു. പുരുഷന്‍ മന സമാധാനത്തോട്‌ കൂടി ജീവിക്കുന്നത് കണ്ടപ്പോള്‍ ദൈവം സ്ത്രീയെ സൃഷ്ടിച്ചു. ഉടനെ പുരുഷന്‍ അവളെ പ്രേമിക്കാനും വിവാഹാലോചന നടത്താനും തുടങ്ങി.
സ്ത്രീയാകട്ടെ, പല പുരുഷന്മാരെ ഒരേ സമയം പ്രേമിച്ചു. ഒടുവില്‍ പുരുഷന്‍ കള്ള് കണ്ടു പിടിക്കുകയും മദ്യപാനം ആരംഭിക്കുകയും ചെയ്തു."
പിന്നീടു സംഭവിച്ചത് ഇങ്ങനെയാകാം.
കാലക്രമത്തില്‍ പുരുഷന്മാര്‍ കൂട്ടമായിരുന്നു കള്ള് കുടിക്കുകയും ദുഖങ്ങള്‍ പരസ്പരം പങ്കു വയ്ക്കുകയും ചെയ്തു പോന്നു. ഈ കൂട്ടായ്മ ഒടുവില്‍ കള്ള് ഷാപ്പുകള്‍ക്ക് പിറവി നല്‍കി. കാലമേറെ കഴിഞ്ഞപ്പോള്‍ പുതിയൊരു ലഹരി സംസ്കാരം നിലവില്‍ വരികയും "ബാറുകള്‍" എന്നറിയപ്പെടുകയും ചെയ്തു. "സോമ രസത്തിന്റെ " ഗുണ നിലവാരം അനുസരിച്ച് "ഈ പരിശുദ്ധ പാനീയത്തെ " കുടിയന്മാര്‍ മൂലവെട്ടി, മണവാട്ടി, ആനമയക്കി, ചാത്തന്‍ എന്നിങ്ങനെ പല പേരുകളില്‍ വിളിക്കുകയും ചെയ്തു.

ആധുനിക സമൂഹത്തില്‍ കള്ള് ഷാപ്പുകളുടെ പ്രസക്തിയെന്ത് ?
തുച്ഛമായ തുകയില്‍ "മന സമാധാനം " ലഭിക്കുന്നു എന്ന് മാത്രമല്ല " പൊതു വിജ്ഞാന നിലവാരത്തെ" ഗണ്യമായി ഉയര്‍ത്തുക കൂടി ചെയ്യുന്നുണ്ട് ഈ ഷാപ്പുകള്‍.കേര വൃക്ഷങ്ങള്‍ക്കിടയില്‍ ഉള്ള ആ ഓലപ്പുര പകര്‍ന്നു തരുന്നത് അന്നന്നത്തെ ചൂടന്‍ വാര്‍ത്തകള്‍ ആണ്. ഒപ്പം ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും കിട്ടാത്ത നാട്ടു വര്‍ത്തമാനങ്ങളും. ഈ coconut drink - ഇന്റെ ലഹരിയില്‍ നിന്നും ലഭിക്കുന്ന സുഖമല്ല, മറിച്ച് സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള ശക്തമായ കാഴ്ചപാടുകളും വാര്‍ത്തകളും പങ്കു വയ്ക്കുന്നതിലൂടെ ,
കേള്‍ക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദമാണ് ഈ "freezing Point " ലേക്ക് ആകര്‍ഷിക്കുന്നത്. അവിടെ നിന്നും ഉയരുന്ന പൂരപ്പാട്ടുകള്‍ക്ക് താളം പിടിച്ചും 2 കുപ്പി കാലിയാക്കി കൊണ്ടും നാം ലോകത്തോട്‌ വിളിച്ചു പറയും : "കള്ളേ നീ ശുദ്ധമുള്ളവന്‍ ആകുന്നു! എന്തെന്നാല്‍ , നിന്നിലായ് വീണു മരിക്കുന്ന ഈച്ചയേയും പുഴുക്കളെയും നീ വിദ്വാന്മാരുടെ മീശക്കുള്ളില്‍ കബറടക്കം ചെയ്യുന്നു..."

പിന്‍ കുറിപ്പ് :
ഒരു കള്ളി മുണ്ട് വാരി ചുറ്റി , നാടിലെ കള്ള് ഷാപിന്റെ ഒടിയാറായ മരബെച്ഞ്ചില്‍ ഇരുന്നു നുരഞ്ഞു പതയുന്ന കള്ളും എരിഞ്ഞു പുകയുന്ന മീന്‍ കറിയും കപ്പയും കഴിക്കുന്ന സുഖം , ടീം ഡിന്നറുകളില്‍ വിളമ്പുന്ന വിദേശ മദ്യങ്ങള്‍ അടക്കമുള്ള പഞ്ച നക്ഷത്ര ഭക്ഷണത്തെക്കാളും എത്രയോ പതിന്മടങ്ങാണ്.
അനിര്‍വചനീയമായ പരമാനന്ദം ആണ് അതിലൂടെ ലഭിക്കുന്നത് .
കള്ളുകുടി നാട്ടില്‍ ആസ്വാധനമെങ്കില്‍ പട്ടണത്തില്‍ സ്റ്റാറ്റസ് സിംബല്ലത്രേ.

ഒരു തികഞ്ഞ കുടിയന്റെ കവിതാശകലതില്‍ അഥവാ ഫിലോസഫിയില്‍ ഉപസംഹരിക്കുന്നു "തണുത്ത മധുര കള്ള് ".
"കള്ള് ഓളും നല്ലൊരു വസ്തു
ഭൂലോകത്തില്‍ ഇല്ലെടി പെണ്ണെ
എള്ള് ഓളും ഉള്ളില്‍ ചെന്നാല്‍
ഭൂഗോളം തരികിട തിമൃതൈ"

2 comments:

★ Shine said...

കള്ളിന്റെ കഥ പറഞ്ഞതിലത്ര താല്‍പര്യമില്ലെങ്കിലും നല്ല ഭാഷ കൈയിലുള്ള ആളാണെന്ന് മനസ്സിലായി..

ബ്ലോഗിന്റെ description ഇഷ്ടപ്പെട്ടു...

നല്ല കഥകള്‍ എഴുതൂ...

H@R! said...

വാരുണീ ദേവിയുടെ മക്കളോട് ഇത്രയ്ക്കു പക്ഷപാതമോ ടെക്കി!!! കള്ളിനോടുള്ള അമിതാരാധനയില്‍ നിന്നുടലെടുത്ത വാക്കുകള്‍ ഞാന്‍ കാണുന്നു... അല്ലെങ്കില്‍ താങ്കളുടെ അത്ര കള്ളിനെ ആസ്വദിക്കാന്‍ കഴിയാത്തതാകാം ഈ പ്രതിഷേധക്കുരിപ്പിനു കാരണം. താരതമ്യതിനതീതമായ രണ്ടു തലത്തില്‍ ഞാന്‍ ഇവയെ കാണാന്‍ ഇഷ്ടപെടുന്നു. കള്ളും
വിദേശ മദ്യവും വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് ചെരുന്നവയല്ലേ? താങ്കളുടെ കുറിപ്പില്‍ കള്ളിന്റെ മാസ്മരിക ഭാവങ്ങളെ കുറിച്ച് കാണാന്‍ സാധിച്ചു, നല്ലത് തന്നെ. പക്ഷെ മറ്റൊരു സ്ഥലത്ത് വേറൊരു മാനസികാവസ്ഥയില്‍ കള്ളിനെ ആശ്രയിക്കാന്‍ പറ്റാതെ വന്നേക്കാം, അവിടെ വിസ്ക്കിയും സ്കോച്ചും ആകും കൂടുതല്‍ ചേരുക. ആദ്യ ഹൈദ്രബാദ് യാത്രയില്‍ ഒരുകയ്യില്‍ മഞ്ഞുകട്ടകള്‍ വീണു മരവിച്ച വിസ്ക്കിയും മറുകയ്യില്‍ രസിയ ബീഗത്തിന്റെ അരകെട്ടുമായി കഴിഞ്ഞ രാത്രി, അവിടെ കള്ളിനെന്തു ചെയ്യാന്‍ സാധിക്കും? മഹാനഗരമായ ബംഗ്ലൂരില്‍ തങ്ങിയത് പഴയ സുഹൃത്തുക്കളുടെ മുറിയില്‍ അവിടെ എന്നെ സ്വീകരിച്ചത് സ്കോച്ചിന്റെയും സുന്ദരിമാരുടെ ദേഹത്തെ തീക്ഷ്ണമായ സുഗന്ധവുമാണ്. കലാലയം ഉപേക്ഷിച്ചതിനു ശേഷം ആദ്യം കിട്ടിയ കൂട്ടുകാരി അന്ന റോബര്‍ട്ട്‌, അവളുടെ ഹരമായിരുന്നു വോഡ്ക. അനന്തപുരിയിലെ മുന്തിയ ഹോട്ടലിന്റെ ശീതീകരിച്ച മുറിയില്‍ അവള്‍ ഒഴുക്കിയ വിയര്‍പ്പിനും വോഡ്കയുടെ ഗന്ധമായിരുന്നു. ഉദ്യോഗംകിട്ടിയ ശേഷം ഉള്ള വിരസമായ രാവുകളെ സ്മരനീയമാക്കിയതും ഈ "വിദേശികള്‍" ആണ്. രണ്ടു പെഗ് വിസ്ക്കിയും ഒരാപ്പിളും ഒരു പുസ്തകവും കൊണ്ട് ഞാന്‍ എത്ര രാവുകളെ പകലാക്കി മാറ്റിയിരിക്കുന്നു. ഇതൊന്നും കള്ളുകൊണ്ട് നേടാവുന്ന മുഹൂര്‍ത്തങ്ങള്‍ അല്ല!!
കള്ളിനെയും വിസ്ക്കിയെയും രണ്ടുരീതിയില്‍ കണ്ടുകൂടെ? വിശാലമായ ഒരു സുഹൃത്ത് കൂട്ടായ്മ ആണങ്കില്‍ കള്ളിനോളം നല്ല ഒരു മാധ്യമം ഇല്ല എന്ന് പറയാം. പക്ഷെ വ്യക്തികേന്ദ്രീകൃതമായ സൌഹൃദം കുറെ കൂടി സാന്ദ്രമാകുന്നത് ഏകാന്തതയില്‍ ആണ്, അതിനു ചേരുന്നത് ഭൂരിഭാഗവും ഈ "വിദേശി" കള്‍ ആണ്.

പാലാഴി കടഞ്ഞു കിട്ടിയ വാരുണീ ദേവിയെ ആദ്യം അസുരന്മാര്‍ സ്വന്തമാക്കി, അവിടുന്നു മനുഷ്യര്‍ എന്ന് അവകാശപെടുന്ന നമ്മളും. ആ ദേവിയുടെ മക്കള്‍ക്ക് നമുക്കൊരേ സ്ഥാനം നല്‍കി ബഹുമാനിക്കാം.