Saturday, November 20, 2010

"ബാഡ്ഗേളും" ചിഹ്നമില്ലാത്ത ചോദ്യങ്ങളും!

ഒരു പക്ഷെ, റിക്കാര്‍ദോ സ്നേഹിച്ചത്രയും ആരും പാരീസിനെ സ്നേഹിച്ചിരിക്കില്ല. അത്രയും അഭിനിവേശമായിരുന്നു അയാള്‍ക്ക്‌ ആ നഗരത്തിനോട്.അതു പോലെ, അത്രയും ഇഷ്ടമായിരുന്നു ലിലി എന്ന പെണ്‍കുട്ടിയോടും. സന്തോഷമെന്ന മിന്നാമിനുങ്ങിനെ തേടിയലഞ്ഞ ലിലി, റിക്കാര്‍ദോയുടെ ജീവിത വഴിത്താരകളില്‍ പല പേരുകളില്‍ പല ദേശങ്ങളില്‍ വച്ച് ഇണചേരുകയുണ്ടായി. ആര്‍ലെറ്റ്‌ എന്ന വിപ്ലവകാരിയായും മദാം റോബര്‍ട്ട്‌ ആര്‍നോ ആയും, കുതിര പന്തയക്കാരനായ ഡേവിഡ്‌ റിച്ചാര്‍ഡ്സന്റെ ഭാര്യയായിരുന്ന കാലഘട്ടത്തിലും, ഒരു മാഫിയ തലവന്റെ വെപ്പാട്ടിയായും ലിലി ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും, റിക്കാര്‍ദോയുമായി രഹസ്യ സമാഗമങ്ങളും കിടപ്പറ പങ്കിടലും നിര്‍വിഘ്നം നടത്തിപ്പോന്നിരുന്നു. പലരുടെയും കളിപ്പാട്ടമായിരുന്ന ലിലി ഒടുവില്‍ രോഗബാധിതയായി വന്നെത്തിയതും, എണ്ണാവുന്ന ശിഷ്ടകാല ജീവിതം പങ്കുവച്ചതും റിക്കാര്‍ദോയുടെ ഒപ്പമായിരുന്നു.

സ്നേഹത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടു പോയ റിക്കാര്‍ദോയുടെയും ആസക്തിയുടെ അധരങ്ങള്‍ പാനം ചെയ്യുവാന്‍ വെമ്പി നടന്ന ലിലിയുടെയും ജീവിത യാത്രയെ പെറുവിന്റെ രാഷ്ട്രീയ ജീവിതവുമായി ഇഴചേര്‍ത്താണ് മരിയോ വര്‍ഗാസ്‌ യോസേ "ദി ബാഡ് ഗേള്‍" (Mario Vargas Llosa - The Bad Girl)രചിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ താളപ്പിഴകളെയും തകര്‍ച്ചകളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച യോസേയുടെ ബാഡ്ഗേള്‍ എന്ന വായനാനുഭവത്തിന്റെ ബാക്കിപത്രം.

എവിടെയാണ് നമ്മുടെ സ്നേഹ ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നത്‌? നിറഞ്ഞ പത്തായങ്ങളെക്കാള്‍ വിലയുള്ളവയാണ്, സാധ്യതകള്‍ ഉള്ളവയാണ്, വിശിഷ്ട ചിന്തകളും സജീവ സ്വപ്നങ്ങളും കൊണ്ട് സമ്പന്നങ്ങളായ മനുഷ്യ ഹൃദയങ്ങള്‍ എന്ന് നാം എന്നേ മറന്നു കഴിഞ്ഞു.മൊബൈല്‍ ഫോണില്‍ റേഞ്ച് ഇല്ലാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷത്തിന്റെ പത്തിലൊന്നു പോലും വരുന്നില്ല ഒരു സൌഹൃദം നഷ്ടമാവുമ്പോള്‍. ആത്മാര്‍ഥ സൌഹൃദത്തിന്റെ ഹൃദയ തുടിപ്പുകള്‍ അറിയാനാവാത്ത വിധം മരവിച്ചു പോയിരിക്കുന്നു നമ്മുടെ മനസ്സുകള്‍. ഊഷ്മള ബന്ധങ്ങളുടെ സാമീപ്യത്തേക്കാളുമുപരി സോഷ്യല്‍ മീഡിയകളിലൂടെ കുത്തി കുറിക്കുന്ന മൊഴികളില്‍ അതിരറ്റു വ്യാപൃതരാവുകയും, ചുറ്റുപാടുകളില്‍ നിന്നും വേര്‍പ്പെട്ട, തന്റേതു മാത്രമായ ഒരു ലോകം സൃഷ്ടിച്ചു സംതൃപ്തി അടയുകയും ചെയ്യുന്നു. ഈയൊരു വ്യത്യസ്ത ലോകത്ത് വിശ്വാസ്യത എന്നത് പാസ്‌വേര്‍ഡുകള്‍ കൈമാറുന്നതില്‍ മാത്രമായി ഒതുങ്ങുന്നു. അങ്ങനെ, പങ്കുവ്യ്ക്കപ്പെടാത്ത ചിന്തകളും മൊഴിയാത്ത വാക്കുകളും ആ വ്യത്യസ്തങ്ങളായ ഹൃദയ ഭൂമിശാസ്ത്രങ്ങളെ അടുക്കാന്‍ പറ്റാത്ത വിധം അകറ്റുന്നു. ഒരു വാക്ക് പോലും ഉരിയാടാത്ത, മറുപടിയില്ലാത്ത മൌനത്തില്‍ ആണ്ടുപോകുന്നു ആ സ്നേഹ ബന്ധങ്ങള്‍ ഒക്കെയും.

രതിയും ലഹരിയും സമ്മാനിക്കുന്ന ഉന്മാദ ലോകത്തിനും പലതരം മുഖങ്ങള്‍ നല്‍കുന്ന ഒരേ സുഖത്തിനും മുന്നില്‍ മനസ്സ് അടിയറവു വയ്ക്കുമ്പോള്‍ കുടുംബം എന്ന വ്യവസ്ഥിതിയുടെ താളത്തില്‍ ശ്രുതിഭംഗം ഉണ്ടാകുന്നു. കെട്ടുറപ്പിന്റെ കുത്തുകള്‍ അഴിയുന്നു. ആത്മാര്‍ഥതയുടെ കപടമുഖം അണിഞ്ഞു, അവനവന്റെ ആവശ്യം നിറവേറ്റാന്‍ മാത്രമുള്ളതും, ആനന്ദം കണ്ടെത്താനുള്ള ഹൃസ്വദൂര വഴികളുമായി മാത്രം മാറുകയാണ് സൃഹുത് ബന്ധങ്ങളും, ഒരു പരിധി വരെ കുടുംബ ബന്ധങ്ങളും.യോസേ ബാഡ് ഗേളിലൂടെ വ്യക്തമാക്കുന്നതും ഇത്തരം ഹൃദയങ്ങളുടെ ഭൂമിശാസ്ത്രത്തെയാണ്. ചിഹ്നമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്, ജീവിതത്തിലും ബാഡ്ഗേളിലും...


ഒടുവില്‍ അവശേഷിക്കുന്നത്:

തലസ്ഥാനത്തെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിനായി എത്തിയത് പതിനായിരത്തിലേറെ ഹര്‍ജികള്‍ , തീര്‍പ്പാക്കിയത് നാലായിരത്തോളം കേസുകള്‍, കൂട്ടി യോജിപ്പിക്കാനായത് നൂറ്റംബതില്‍ താഴെ മാത്രം. ഭര്‍ത്താക്കന്മാരുടെ മദ്യപാനവും ക്രൂരതയും ഭാര്യമാരുടെ പീഡനവും ശമ്പളത്തിലെ ഏറ്റകുറച്ചിലുകളുമാണത്രെ വിവാഹമോചനത്തിനുള്ള പ്രധാന കാരണങ്ങള്‍!

കാര്യം വെറും നിസ്സാരമല്ല, പ്രശ്നമോ അതീവ ഗുരുതരവും!!