Thursday, December 29, 2011

ക്രിസ്മസ് രാവ്

ഇരുളിനു കനം വച്ച് തുടങ്ങുമ്പോള്‍ എവിടെയൊക്കെയോ ക്രിസ്മസ് വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. വാഴക്കുളം ഗ്രാമത്തിന്റെ ഇടവഴികളില്‍ തകരപ്പാട്ടയുടെയും വിസിലുകളുടെയും ശബ്ദം കരോള്‍ ഗാനങ്ങള്‍ക്കൊപ്പം മുഴങ്ങി.

അയഞ്ഞ ചുവന്ന കുപ്പായവും ( മിക്കവാറും നാട്ടിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ അലക്കി ഉണക്കാനിട്ടിരിക്കുന്ന ചുവന്ന നൈറ്റി ആയിരിക്കും അത് :-)) സാന്താക്ലോസിന്റെ മുഖം മൂടിയുമണിഞ്ഞു കൈയ്യിലൊരു കൂട്ടം വര്‍ണ ബലൂണുകളുമായി ക്രിസ്മസ് അപ്പൂപ്പന്മാര്‍... പാട്ടും കൂക്കു വിളികളും കോലാഹലങ്ങളുമായി അകമ്പടി സേവിക്കുന്ന പത്തു പതിനഞ്ചു പേര്‍...  നനുത്ത മഞ്ഞു വീണു തുടങ്ങുന്ന ഗ്രാമവീഥികളിലൂടെ കരോള്‍ സംഘം നടന്നു പോകുമ്പോള്‍ കുന്നിന്‍ ചെരുവിലെ വാഴതോപ്പിലും പച്ച പരവതാനി വിരിക്കുന്ന പാടത്തിന്റെ കരയിലും "ലഹരി" പങ്കുവയ്ക്കുന്ന നാട്ടുകാരും കൂട്ടുകാരും... ശരിക്കുമൊരു പെരുന്നാള്‍ ലഹരി തന്നെ!


രാവേറെ ചെന്നിട്ടുണ്ടാകും ആ "സുഹൃത്ത് സമാഗമങ്ങള്‍" വേര്‍പിരിയുമ്പോള്‍ ... നേര്‍ത്ത നിലാവെളിച്ചത്തില്‍, മഞ്ഞു വീണു മരവിച്ച പാടവരമ്പുകളിലൂടെയും പാതകളിലൂടെയും അടുത്ത "സ്വീകരണ സ്ഥലം" ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കുമ്പോള്‍ കൊച്ചാപ്പു ഈണത്തില്‍ ഉറക്കെ ചൊല്ലും :

"പ്രിയപ്പെട്ട നാട്ടുകാരെ..
സകല ലോകത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കട്ടെ...! ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ലോകരക്ഷകന്, ഉണ്ണിയേശു പിറന്നിരിക്കുന്നു!" ‍

ആ സമയം ഞങ്ങള്‍ ഉറക്കെ പാടും:
"ഉണ്ണി പിറന്നു പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍..."

ആകെ അറിയാവുന്ന ഈ രണ്ടു വരികള്‍ പല ഈണത്തിലും താളത്തിലും പലവട്ടം ആവര്‍ത്തിക്കും. ഞങ്ങളുടെ ശബ്ദ മാധുര്യമേറിയ ആ ഗാനശകലങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അവിടമാകെ
അലയടിക്കും. ബെത് ലഹേമിലെ പുല്‍ തൊഴുത്തില്‍ ലോകരക്ഷകന്റെ പിറവി ആഘോഷങ്ങള്‍ സമാപിച്ചാലും വാഴക്കുളത്ത് ഞങ്ങളുടെ ആഘോഷങ്ങള്‍ അവസാനിചിട്ടുണ്ടാവില്ല.

പുലരും വരെ നീളും, "ആഘോഷം" പങ്കുവയ്ക്കുന്ന ആ അപൂര്‍വ സൌഹൃദങ്ങള്‍ ... പാടി പതിഞ്ഞ കരോള്‍ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും അവിടമാകെ ഉയര്‍ന്നു കേള്‍ക്കും ...
"തിരുപ്പിറവി മുതല്‍ കുരിശു മരണം വരെ" യുള്ള നാട്ടിലെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും, എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത് വീണ്ടും പുനര്‍ജനിക്കും..
മഞ്ഞണിഞ്ഞ ആ മദാലസ രാവില്‍, മാനത്തു ചന്ദ്രന്‍ പൊന്‍പ്രഭ വിതറുമ്പോള്‍, ഈ ആരവങ്ങള്‍ക്കെല്ലാം സാക്ഷിയായി ക്രിസ്മസ് വിളക്കുകള്‍ കണ്ണു ചിമ്മാതെ കത്തി കൊണ്ടേയിരിക്കുന്നു......


Tuesday, December 6, 2011

മുല്ലപ്പെരിയാര്‍ - സ്പന്ദിക്കുന്ന അസ്ഥിമാടം

"വെള്ളം.. സര്‍വത്ര വെള്ളം .. അതും പത്തുനാല്പതടി ഉയരത്തില്‍ ആര്‍ത്തലയ്ക്കുന്നു. മുപ്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളും ചരിത്രവും ശേഷിപ്പുമെല്ലാം അറബികടലിലേയ്ക്ക് കുത്തിയൊലിക്കുകയാണ്. അവശേഷിക്കുന്ന ജീവന്റെ കണികകളോരോന്നിനെയും പ്രളയജലം അപഹരിച്ചു മുന്നേറുന്നു. കണ്മുന്നിലേക്ക് ആഞ്ഞടിച്ചു വരുന്ന വെള്ളത്തിനു മുന്നില്‍ അലറി കരയുവാന്‍ പോലും ആകുന്നില്ല. ഉച്ചത്തില്‍ നിലവിളിക്കാന്‍ ശ്രമിച്ചു. പക്ഷെ ശബ്ദം വരുന്നില്ല. ആകെ സംഭ്രമം. നെഞ്ചിടിപ്പുയരുന്നു. വിയര്‍ത്തു കുളിക്കുന്നു. കുഴഞ്ഞു മറിയുന്ന ചിന്തകള്‍".


കുറെ നാളുകളായി ഈയൊരു ദുസ്വപ്നം മലയാളിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ സ്വപ്നത്തില്‍ നിന്നും യാഥാര്ത്യത്തിലേക്കുള്ള ദൂരം വളരെ വളരെ ചെറുതാണ്. കാതോര്‍ത്താല്‍ കേള്‍ക്കാവുന്നത്രയടുത്തു..!


നൂറ്റിപ്പതിനാറു വര്‍ഷം പഴക്കമുള്ളോരു അണക്കെട്ടിനെ കുറിച്ചുള്ള ആശങ്കയാണ് ഓരോ മലയാളിയുടെയും ഉറക്കം കെടുത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ മലയാളികളുടെ നെഞ്ചിടിപ്പിന്റെ വേഗത നിര്‍ണയിക്കുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ഭരണകൂടമാവട്ടെ, കുംഭകര്‍ണ്ണ സേവയിലും.. സൂപ്പര്‍ ഹിറ്റ്‌ രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് കേരളജനതയെ പുളകം കൊള്ളിക്കുന്ന നമ്മുടെ നേതാക്കള്‍ ഭാസ്കരപട്ടേലരുടെ മുന്നിലെ തൊമ്മിയായി മാറുകയാണ് അങ്ങ് ഡല്‍ഹിയില്‍ ... യാതൊരു വിധ സമ്മര്‍ദതന്ത്രമോ സമവായ ശ്രമമോ നടത്താനാവാതെ....
 
രാഷ്ട്രീയ നേതാക്കളെ, നിങ്ങള്‍ ഓര്‍ക്കുക:

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, ആ പ്രളയജലത്തില്‍ നിന്നും ആരെങ്കിലുമൊക്കെ അവശേഷിച്ചാല്‍, അവര്‍ തീര്‍ച്ചയായും വിപ്ലവകാരികളായി തന്നെ തീരും. ഒരു കാലത്ത് നിങ്ങള്ക്ക് വേണ്ടി ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍, രാപകലുകള്‍ ഇല്ലാതെ നിങ്ങള്ക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തവര്‍, ലാത്തിയടിയേറ്റ് വേദന കൊണ്ട് പുളയുമ്പോഴും നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ നെഞ്ചോടടുക്കി പിടിച്ചവര്‍..

സിരകളില്‍ വിപ്ലവരക്തവുമായി, മനസ്സില്‍ അണയാത്ത അഗ്നിയുമായി അവര്‍ വരും.. വന്നു ചോദിക്കും...
ഒരു ജനതയെ നിങ്ങള്‍ എത്രനാള്‍ ജീവിതത്തിനും മരണത്തിനുമിടക്ക് തട്ടികളിച്ചു?
ജീവന് വേണ്ടി മാത്രം ആബാലവൃദ്ധം കേണപേക്ഷിച്ചിട്ടും നിങ്ങളെന്തു കൊണ്ട് ചെവി കൊണ്ടില്ല? ഞങ്ങളുടെ തേങ്ങലുകള്‍, നിലവിളികള്‍, പ്രതിഷേധ പ്രകടനങ്ങള്‍ എന്തു കൊണ്ട് നിങ്ങള്‍ വെറും പ്രഹസനമായി മാത്രം കണ്ടു? ജനാധിപത്യത്തില്‍ വിശ്വാസിച്ചതാണോ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്? ഉത്തരം പറയേണ്ടത് നിങ്ങള്‍ മാത്രമാണ്.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍.. നാടിനെയും നാട്ടുകാരെയും പുരോഗതിയിലേക്ക് നയിക്കേണ്ടവര്‍.. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ നിങ്ങള്‍ക്കാവില്ല. വോട്ട് ബാങ്ക് സംരക്ഷണമോ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളോ അല്ല മുല്ലപ്പെരിയാറില്‍ വേണ്ടത്.
ഒന്നോര്‍ക്കണം:
ജനങ്ങള്‍ ഉണ്ടെങ്കിലെ ജനാധിപത്യമുള്ളൂ... അധികാരമുണ്ടാകൂ... അധികാര കസേരകളും..
അധികാരത്തിന്റെ മണിമാളികകളില്‍ നിന്നും ഒന്നുമില്ലായ്മയുടെ തെരുവോരങ്ങളിലേക്കുള്ള ദൂരവും വളരെ ചെറുതാണ്. കൈയെത്തിച്ചാല്‍ തൊടാവുന്നത്രയടുത്തു...!

ഇതെഴുതുമ്പോള്‍ മുല്ലപ്പെരിയാറില്‍ നൂറ്റിമുപ്പതിയാറരയടി വെള്ളം ഉയര്‍ന്നിരിക്കുന്നു. ഭൂമി ചെറുതായൊന്നു പിടച്ചാല്‍, എന്തെങ്കിലുമൊന്നു സംഭവിച്ചാല്‍ ഈ മഹാ പ്രളയത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഗോവര്ധനഗിരി ചെറു വിരലിലേന്തി ഭഗവാന്‍ കൃഷ്ണന്‍ അവതരിക്കുമെന്നും സര്‍വ ചരാചരങ്ങളെയും ഉള്‍കൊള്ളുന്ന പെട്ടകവുമായി നോഹ വരുമെന്നും നമുക്ക് പ്രത്യാശിക്കാം..