Thursday, January 6, 2011

*Does she still remember the nights of Love?*


"ആ സ്നേഹ രാവുകള്‍ അവളിന്നും ഓര്‍ക്കുന്നുണ്ടാവുമോ ?" എന്നത് ലെയോന്‍ പ്രുടോവ്സ്കിയുടെ Five Hours from Paris (Israel/2009/Hebrew-Russian/Leon Prudovsky) എന്ന ചലച്ചിത്രത്തിലെ സംഭാഷണമാണ്. (ടാക്സി ഡ്രൈവറായ യിഗലിനു സംഗീത അധ്യാപികയായ ലിനയോടുള്ള അഭിനിവേശത്തിന്റെ കഥ പറയുന്നതിനോടൊപ്പം ആത്മാവ് ശരീരത്തേക്കാള്‍ വലുതാന്നെന്നും ലൈംഗികതയെക്കാള്‍ ഉയര്‍ന്നതാണ് പ്രണയമെന്നുമുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം). ഇത് പോലെ ചലച്ചിത്രോത്സവ നാളുകളെയും നമുക്ക് മറക്കാന്‍ സാധിക്കുമോ? നവരസങ്ങള്‍ പകര്‍ന്നാടിയ സിനിമോത്സവ ദിനങ്ങളിലെ ഓര്‍മകളിലേക്ക് ഒരു ഫ്ലാഷ് ബാക്ക്.

അനന്തപുരി ഉറങ്ങാത്ത എട്ടു ദിനങ്ങള്‍...
ഇരുന്നൂറോളം ചലച്ചിത്രങ്ങള്‍...
ദൃശ്യ വിസ്മയങ്ങള്‍ .. ശരാശരി പടങ്ങള്‍...
കൊള്ളാവുന്നവ...ഉറക്കം തൂക്കികള്‍...
ബഹിഷ്ക്കരിക്കാന്‍ പ്രേരിപ്പിച്ചവ...
വ്യത്യസ്തത കൊണ്ട് വ്യത്യസ്തമാവുകയായിരുന്നു 15 - മത് രാജ്യാന്തര ചലച്ചിത്രോത്സവം.

ഭൂഗോളത്തിന്റെ വിവിധ കോണുകളില്‍ നിന്നും സിരകളില്‍ സിനിമാവേശവും, ചിന്തകളില്‍ ഹെര്‍സോഗിനെയും അപിചാത്പോങ്ങിനെയും കുത്തി നിറച്ചു, തുണി സഞ്ചികളില്‍ ആധുനിക ബുജി വേഷ സാമഗ്രികളുമായി സിനിമാസ്വാദകരും ചലച്ചിത്ര പ്രവര്‍ത്തകരും ശ്രീ പദ്മനാഭന്റെ മണ്ണിലേക്കിറങ്ങി വന്നു. മഞ്ഞു വീണു മരവിക്കാത്ത ഡിസംബറിന്റെ രണ്ടാം വാരത്തില്‍, കാലം തെറ്റിയ തുലാവര്‍ഷത്തിന്റെ കെടുതികളെ അതിജീവിച്ചു അവര്‍ അഭ്രപാളിയിലെ ദൃശ്യ വിസ്മയങ്ങളെ ആസ്വദിച്ചു. ചലച്ചിത്ര രാവുകളെ ലഹരിയുടെ ഉത്സവങ്ങളാക്കി മാറ്റി. കൊട്ടിഘോഷിച്ച ഒട്ടു മിക്ക ചിത്രങ്ങളും ശരാശരി നിലവാരം പോലും പുലര്‍ത്താത്ത പേക്കൂത്തുകളായി മാറിയപ്പോള്‍ ചിലര്‍ കൂക്കിവിളിച്ചു.. മറ്റു ചിലര്‍ കൈയ്യടിച്ചു.. ബഹു ഭൂരിപക്ഷം ബഹിഷ്ക്കരിച്ചു. തുറന്ന ചര്‍ച്ചകളില്‍ അവര്‍ വിമര്‍ശനത്തിന്റെ ആവനാഴിയില്‍ നിന്നും കൂരമ്പുകള്‍ എയ്തു. രാജാവ് നഗ്നനാന്നെന്നു ഉറക്കെ വിളിച്ചു പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരന്മാരുടെ സങ്കല്‍പ്പങ്ങളെ സിനിമയുടെ വ്യാകരണം കൊണ്ട് തകിടം മറിച്ചു. നാടിനും നിറത്തിനുമപ്പുറം സിനിമ എന്നാ ഒറ്റ ഘടകത്തിന്മേല്‍ അവര്‍ സൌഹൃദം പങ്കു വയ്ച്ചു. ബെഡ് ഷീറ്റ് കൊണ്ട് തുന്നിയെടുത്ത കുപ്പായവും..കരകൌശല പണികള്‍ ചെയ്ത മീശയും താടിയും തലമുടിയും..കഠിനവും പരസ്പര ബന്ധവുമില്ലാത്ത വാക്കുകളുടെ അനസ്യൂത പ്രവാഹം സൃഷ്ട്ടിച്ചു ബുജികളും ചലച്ചിത്ര പ്രേമികളും മേളക്ക് ഒരു ഒന്നൊന്നര കൊഴുപ്പാണേകിയത്.
ചലച്ചിത്രോത്സവം ഉയര്‍ത്തുന്ന ചില ചോദ്യ ചിഹ്നങ്ങളുണ്ട്. വിഖ്യാതരെന്നു നടിക്കുന്ന നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്കും സിനിമ എന്ന മാധ്യമത്തെ ഗൌരവമായി സമീപിക്കുന്നവര്‍ക്കും നേരെ ..
ഇന്ത്യയെ പോലെ സിനിമ ശക്തമായ ജനകീയ മാധ്യമം പോലുമല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന ചലച്ചിത്രങ്ങള്‍ പോലും നമ്മള്‍ കൊട്ടിഘോഷിക്കുന്ന സൂപ്പര്‍ ഹിറ്റുകളെക്കാള്‍ എത്രയോ മടങ്ങ്‌ നിലവാരം പുലര്‍ത്തുന്നവയാണ്.(പടര്‍ന്നു പിടിക്കുന്ന സ്വവര്‍ഗ രതിയെയും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനതയുടെ മനോവ്യാപാരങ്ങളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ ആണ് പല ചിത്രങ്ങളും നല്‍കിയത്. ഒരു തീയറ്ററില്‍ നിന്നും മറ്റൊന്നിലേക്കുള്ള പലായനത്തിനിടയിലും സുഹൃത്ത് സംഭാഷണങ്ങള്‍ക്കിടയിലും ഉയര്‍ന്നു കേട്ടത് ഇത്തരം ചിന്തകള്‍ തന്നെയായിരുന്നു). എന്നാല്‍ നമുക്ക് ഇന്നുമാവശ്യം നാല് പാട്ടും, മൂന്നു സ്ടണ്ടും, രണ്ടു ബലാല്‍സംഗവും, ഒരു അതി മാനുഷിക നായകനും ചേരുന്ന ഫോര്‍മുലകള്‍ ആണെല്ലോ. രാമന്‍കുട്ടി രാമായണം വായിക്കുന്നത് അക്ഷരങ്ങള്‍ അറിഞ്ഞിട്ടല്ല, മറിച്ചു ചങ്കൂറ്റം കൊണ്ട് മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാന്നെല്ലോ നമ്മുടെ താരങ്ങളും സംവിധായകരും. ഫോര്‍മുലകള്‍ തയ്യാറാക്കാതെ, ഇവര്‍ എന്നു മുതല്‍ യഥാര്‍ത്ഥ സിനിമയെ പഠിച്ചു തുടങ്ങുന്നുവോ, ഒരു പക്ഷെ അന്നായിരിക്കും മലയാള സിനിമയുടെ പുനര്‍ജനി.

മേളയിലെ സിനിമകള്‍ അരങ്ങേറിയത് കൊട്ടകകളില്‍ ആയിരുന്നില്ല. മറിച്ചു, ബാറുകളിലും തട്ട് കടകളിലും പൊട്ടി പൊളിഞ്ഞ രാജ വീഥികളിലും ആയിരുന്നു. ക്ഷീണത്തെ അകറ്റി നിര്‍ത്തിയ നേത്ര പടലങ്ങളും തുടിക്കുന്ന ഹൃദയവുമായി ഒരു ചായയുടെയും ഒന്നര പെഗ്ഗിന്റെയും പുറത്തു ആസ്വാദകര്‍ ആനന്ദം കണ്ടെത്തി. ഇരുട്ടില്‍ ഇക്കിളി സുഖം അനുഭവിക്കാന്‍ വെമ്പി നടക്കുന്ന സിനിമ വിദ്യാര്‍ഥി ജോടികളും, ഭാവനയാകുന്ന അനന്തതയുടെ ചക്രവാളത്തിലേക്ക് പുകയൂതി നടക്കുന്ന ജുബ്ബാധാരികളും, പൊങ്ങച്ചത്തിന്റെ ഊറി ചിരികളുമായി തിരക്ക് ഭാവിക്കുന്ന സിനിമാ നിഘണ്ടുക്കളും, സിനിമയെ അതിരറ്റു സ്നേഹിക്കുന്ന സാധാരണക്കാരും ചേര്‍ന്ന് മേള അവിസ്മരണീയമാക്കി തീര്‍ത്തു.

ഒരു കുറവ് മാത്രം അനുഭവപ്പെട്ടു. അയ്യപ്പണ്ണന്റെ... (കവി അയ്യപ്പന്‍)
ഒട്ടേറെ അപരന്മാര്‍ "കൈരളി ശ്രീ " വേദിയില്‍ നിറഞ്ഞാടിയിട്ടും ആ അഭാവം നികത്താനായില്ല.
പ്രണയമെന്നത് ജീവിതവും കവിതയും കലാപവും ആത്മഹത്യയും ആന്നെന്നു നിര്‍വചിച്ച ആ മഹാനുഭാവന്റെ...

"എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം"
- അയ്യപ്പന്‍

ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളിലും ആ പൂവ് വിടര്‍ത്തിയ സുഗന്ധവും ഓര്‍മകളും ഉണ്ടായിരിക്കും.