Sunday, October 3, 2010

കുറുമ്പയുടെ മരണം

"ചാത്തന്‍ കുളത്തില്‍ ചാടി കുറുമ്പ ആത്മഹത്യ ചെയ്തു". ഒക്ടോബര്‍ ഒന്ന് , ലോക വയോജന ദിനം പുലര്‍ന്നത് ഈ വാര്‍ത്തയുമായിട്ടായിരുന്നു. നാട്ടില്‍ നിന്നും കൂട്ടുകാര്‍ വിളിച്ചു പറഞ്ഞതാണിത്.
ഞാനോര്‍ത്തു. ഏതാണ്ട് എണ്‍പത്തിയഞ്ചു കൊല്ലത്തോളം ആയിട്ടുണ്ടാവണം കുറുമ്പ ആ കുളത്തിന്റെ കരയിലൂടെ നടന്നു തുടങ്ങിയിട്ട്. ഒരു കാലത്ത്, ആ കുളത്തിലെ വെള്ളത്തില്‍ കൈ-കാല്‍ പോലും കഴുകാന്‍ കുറുമ്പയ്ക്ക് അവകാശം ഉണ്ടായിരുന്നില്ല. സവര്‍ണ്ണരുടെതായിരുന്നത്രേ ആ കുളവും അതിലെ വെള്ളവും! ആ കരയുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ കുളത്തിലെ വെള്ളത്തിനും.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ വര്‍ണക്കാഴ്ചകളെക്കാള്‍ സൌന്ദര്യമുണ്ടായിരുന്നു പല്ലില്ലാത്ത മോണകള്‍ കാട്ടിയുള്ള കുറുമ്പയുടെ നിഷ്കളങ്കമായ ആ ചിരിക്ക്...

ജന്മി - കുടിയാന്‍ വ്യവസ്ഥിതി നില നിന്നിരുന്ന കാലഘട്ടം. കുന്നും മലകളും കേരവൃക്ഷങ്ങളും പച്ച നെല്‍പ്പാടങ്ങളും നിറഞ്ഞ ഒരു കാമ്യകം ആയിരുന്നു ആ നാട്. അതില്‍ അധ്വാനത്തിന്റെ മുത്തു മണികള്‍ കൊണ്ട് കനകം വിളയിച്ചിരുന്നു കുറുമ്പയും കൂട്ടരും. അയിത്തവും ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും പട്ടിണിയും പരിവട്ടവും അലട്ടിയിരുന്നിട്ടും ജീവിതത്തോട് തോല്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. "ഫ്യൂടല്‍ പ്രഭു"ക്കളുടെയും കാര്യസ്ഥന്മാരുടെയും "തിരുവായ്ക്കു എതിര്‍വാ" ഇല്ലാത്ത കല്പ്പനകള്‍ക്ക് ഇടയില്‍ നിന്നും രക്ഷിക്കാനും, സംരക്ഷിക്കാനും ആരുമില്ലാതിരുന്നിട്ടും പതികളില്‍ കുടിയിരുത്തിയ കാര്ന്നോന്മാരും കാവിലെ ഭാഗോതിയും കൈവിടില്ലെന്ന് കുറുമ്പയ്ക്ക് ഉറപ്പുണ്ടായിരുന്നു. എരിതീയില്‍ കുരുത്ത്, അതിലേറെ ചൂടില്‍ വളര്‍ന്ന ഒരു ജന്മമായിരുന്നല്ലോ അവരുടേത്.

നാലുദിക്കില്‍ നിന്നും എട്ടു-പത്തു മുട്ടന്‍ കലിപ്പ് മെയിലുകള്‍ വരുമ്പോള്‍ തന്നെ പ്രക്ഷുബ്ധമാകുന്നു നമ്മുടെ മനസ്സ്, നിയന്ത്രണാതീതമാകുന്നു നമ്മുടെ ആത്മസംയമനം. തീരെ നിസ്സാര കാര്യം മതിയല്ലോ നമ്മുടെ മനസ്സ് അസ്വസ്ഥമാകാന്‍. അതേ സമയം, യാതനകളില്‍ തന്റെ ജീവിതവും സ്വപ്നങ്ങളും മുഴുവന്‍ കത്തിയെരിയുകയായിരുന്നിട്ടും സന്തോഷവതിയായി തന്നെ കുറുമ്പ ജീവിച്ചു. ഒരു പുഞ്ചിരിയോടെയല്ലാതെ ആരും തന്നെ കുറുമ്പയെ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.
എന്നിട്ടും ജീവിത സായാഹ്നത്തില്‍, താന്‍ നട്ടു വളര്‍ത്തിയ കൃഷി സ്ഥലങ്ങളോടും നെല്‍ പാടങ്ങളോടും യാത്ര പോലും പറയാതെ, അവര്‍ ആത്മഹത്യ ചെയ്തു. കാഠിന്യമാര്‍ന്ന ജീവിത അനുഭവങ്ങളാല്‍ സ്ഫുടം ചെയ്ത, കരുത്തുറ്റ അവരുടെ മനസ്സ് എന്ത് കൊണ്ട് ആത്മഹത്യയില്‍ അഭയം തേടി? ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ആഗ്രഹിച്ചിരുന്ന സ്നേഹ- ശുശ്രൂഷകളും പരിചരണവും കിട്ടാതെ വരികയും, പ്രായം ചെന്ന അവര്‍ പുതുതലമുറക്ക്‌ "ഭാര" മാവുകയും ചെയ്തപ്പോള്‍ ജീവിതത്തെ വെല്ലുവിളിച്ചു മരണത്തെ പുല്കുകയായിരുന്നു അവര്‍.

ലോക വയോജന ദിനത്തിലെ കുറുമ്പയുടെ ആത്മഹത്യ നമുക്ക് നേരെ ഉയര്‍ത്തുന്ന ചില ചോദ്യ ചിഹ്നങ്ങളുണ്ട്. നാം പ്രായമായവരെ വേണ്ടവിധം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ടോ? അവര്‍ ബാധ്യതയല്ല, മറിച്ച് നമ്മുടെ കരുത്താണ് എന്ന് നാം തിരിച്ചറിയുന്നുണ്ടോ? അവരോടു നാം എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നാം മനസ്സിലാക്കുന്നുണ്ടോ? സമയത്തിന് പിറകെ പായുവാന്‍ വെമ്പി, നേരമില്ലാത്ത കാരണം പറഞ്ഞു വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും അവരെ ഒറ്റപ്പെടുത്തുമ്പോള്‍ നാം ഓര്‍ക്കണം. നമ്മളെയും നാളെ കാത്തിരിക്കുന്ന വിധി ഇത് തന്നെയാവുമെന്ന്...