Saturday, March 26, 2011

മേളം, ആന, വെടിക്കെട്ട്‌...അങ്ങനെ ചില "വീക്ക് നെസ്സു"കള്‍!


കുംഭത്തിലെ 'ഉത്ര"വും "മീന ഭരണി"യും വാഴക്കുളത്തുകാര്‍ക്ക് കലണ്ടറില്‍ ചുവന്ന അക്ഷരങ്ങളാണ്. എല്ലാ തിരക്കുകളും മാറ്റി വച്ച് വാഴക്കുളമെന്ന ഗ്രാമഭൂവിലേക്ക് വന്നിറങ്ങാന്‍ കാത്തിരിക്കുന്ന ദിവസങ്ങള്‍. ആ മണ്ണില്‍ അരങ്ങേറുന്ന സകല 'കലാ പരിപാടികളിലും" സാന്നിധ്യമറിയിച്ചു കൊണ്ട് നെട്ടോട്ട മോടുന്ന തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍.."കണ്ടും കൊണ്ടും കൊടുത്തും കുടിച്ചും" ആസ്വാദ്യകരമാക്കിയ ഉത്സവ ദിനങ്ങളാണ് ഈ കുറിപ്പിനാധാരം.

നാട്ടിലൊരു ചൊല്ലുണ്ട്. "നിന്നെ ഉത്സവത്തിന്‌ എടുത്തോളാം" എന്ന്. എല്ലാ വഴക്കിന്റെയും പക വീട്ടലും പകരം ചോദിക്കലും എല്ലാം ഉത്സവത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കുന്ന കുറെ ആളുകള്‍. ഉത്സവമെന്നത് "തല്ലുണ്ടാക്കി" ആഘോഷിക്കേണ്ടതാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഒരു തനി നാട്ടിന്‍ പുറത്തുക്കാരന്റെ ജീവിതത്തില്‍ "ഉത്സവക്കാലം" എന്നാല്‍ ഒരാണ്ടത്തെ മുഴുവന്‍ കാത്തിരിപ്പിന്റെ സാഫല്യമാണ്. ഒപ്പം അടുത്ത ഉത്സവക്കാലത്തിലേക്കുള്ള ഇടവേളയില്‍ താലോലിക്കേണ്ട ഓര്‍മകളും, സായാഹ്നത്തിലെ വെടി വെട്ടങ്ങളില്‍ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ ആകേണ്ടതുമാണ് .
ഭൂരിഭാഗം നിവാസികള്‍ക്ക് ഗ്രാമദേവതയുടെ ചൈതന്യം സ്വന്തം ആത്മാവിലേക്ക് ആവാഹിക്കുവാനും ഭഗവതിയുടെ മന്ദസ്മിതവും അനുഗ്രഹാശിസ്സുകളും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങുവാന്‍ ഉള്ളതുമാണ് ഉത്സവക്കാലം.
ആണ്ടിലൊരിക്കല്‍ നാട്ടിലെത്തുന്ന എന്നെ പോലുള്ളവര്‍ക്ക് ഉത്സവമെന്നാല്‍ സുഹൃത്ത്‌ സമാഗമങ്ങളും ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവും അസുരവാദ്യത്തിന്റെ മുഴക്കങ്ങളുമാണ്. ഭ്രമിപ്പിക്കുന്ന ഇത്തരം വികാരങ്ങള്‍ ആണ് ഉത്സവദിനങ്ങളില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്‌.
ഇങ്ങനെ ഒരു വര്‍ഷത്തിലെ ആ 'ഏഴു ദിനരാത്രങ്ങള്‍" പലതരം കണക്കു കൂട്ടലുകളുടെയും വികാര- വിചാരങ്ങളുടെയും കാഴ്ചപ്പാടിലൂടെ നോക്കി കാണുന്ന ഒരു ജനതയുടെ "ഗ്രാമോത്സവ" ത്തിനാണ് ഇപ്പോള്‍ കൊടിയേറിയിരിക്കുന്നത് .

വാഴക്കുളത്തിന്റെ ആ തിരുമുറ്റത്ത്‌ എത്രയെത്ര ഗജകേസരികള്‍ തലയെടുപ്പോടെ മത്സരിച്ചു എഴുന്നെള്ളിയിരിക്കുന്നു... മട്ടന്നൂരും കല്പാത്തിയുമടക്കം എത്രയോ വാദ്യകുലപതിമാര്‍ പഞ്ചാരിയും തായമ്പകയും കൊട്ടി കലാശിച്ചിരിക്കുന്നു..."യോ യോ " പിള്ളാരുടെ DJ ക്കും റോക്ക് ഷോയേക്കാളും എത്രയോ മികവുറ്റതാണ് തായമ്പകയും പഞ്ചാരി മേളവുമെല്ലാം. (ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്ര തൃശൂര്‍ പൂരത്തിന്റെ "ഇലഞ്ഞിത്തറ മേളം" ആന്നെന്നുള്ളത് ഇവിടെ കുറിക്കട്ടെ). ഒന്നര പെഗ്ഗിന്റെ ലഹരിയില്‍, തലയിലെ കെട്ടൊന്നു അഴിച്ചു കുടഞ്ഞു , ആവേശപൂര്‍വ്വം ചുവടുകള്‍ വച്ച് താളം പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം, അച മുറികളില്‍ DJ യുടെ കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്ക് ഒപ്പം, അര്‍ദ്ധ നഗ്ന സുന്ദരിമാരുടെ കൂടെ ശരീരമാസകലം കുലുക്കി തുള്ളുമ്പോള്‍ കിട്ടില്ലെന്നത് സത്യമാണ്.

കൈതപ്പൂവിന്റെ മാദക ഗന്ധമുള്ള , നേര്‍ത്ത കരയുള്ള നേര്യതുമുടുത്തു വരുന്ന അമ്മൂമ്മമാരാണ് ഉത്സവത്തിന്റെ സ്നേഹവാല്‍സല്യം. (ഉത്സവത്തിന്‌ എത്രയോ മുന്‍പ് തന്നെ വസ്ത്രങ്ങള്‍ അലക്കി വെടിപ്പാക്കി ഇസ്തിരിയിട്ട് തങ്ങളുടെ തുണിപ്പെട്ടിയില്‍ ഉണങ്ങിയ കൈതപ്പൂവിനോടൊപ്പം അവര്‍ സൂക്ഷിച്ചിരിക്കുന്നു) പൂജകളുടെ ഇടവേളകളില്‍ "കണ്ണീര്‍പ്പൂക്കള്‍" സീരിയലിലെ ശ്രീദേവിയുടെ കരച്ചില്‍ മുതല്‍ പാടത്തെ പുല്ലുമുറി വരെ അവരുടെ സംസാരത്തില്‍ ഉയര്‍ന്നു കേള്‍ക്കാം. അബദ്ധവശാല്‍ അവരുടെ മുന്നില്‍ പെട്ടാല്‍ "തിരോന്തോരം വിശേഷങ്ങള്‍" മുഴുവന്‍ പറയിപ്പിക്കാതെ വിടുകയുമില്ല.

ഉത്സവമെന്നാല്‍ ചിലര്‍ക്ക് പ്രണയകാലം കൂടിയാണ്. കുപ്പിവള, കണ്മഷി, കളിപ്പാട്ടകടകളുടെ നൂലിട മറവില്‍ കാമുകി കാമുകന്മാരുടെ രഹസ്യ സമാഗമങ്ങള്‍..ആരുമറിയാതെ കൈമാറുന്ന പൊതിക്കെട്ടിനുള്ളിലെ കരിവളകള്‍ എത്രയോ കുണുങ്ങി ചിരിച്ചിട്ടുണ്ടാവും... കിന്നാരങ്ങള്‍ പങ്കു വയ്ചിട്ടുണ്ടാവും...ചുടു ചുംബനങ്ങള്‍ കൈമാറിയിട്ടുണ്ടാവും... അറിയാതെ പറയുകയും പറയാതെ അറിയുകയും ചെയ്യുന്നതാണ് പ്രണയമെന്നത് കരിവളകള്‍ എപ്പോഴേ മനസ്സിലാക്കിയിരിക്കുന്നു!

പെരുമ്പാവൂര്‍ ഈഗിള്‍ ബാറിലെ സോമരസ സന്ധ്യകള്‍ക്ക് ശേഷമാണ് പലപ്പോഴും ഉത്സവ പറമ്പിലേക്കുള്ള യാത്രകള്‍. ആ ഒത്തു ചേരലിന്റെ ശീതളിമയിലും "ഒന്നര" യുടെ ലഹരിയിലും കണ്ടു തീര്‍ത്തത് "കടത്തനാട്ടു മാക്കം" സിനിമ പ്രദര്‍ശനം മുതല്‍ 3D സ്റ്റേജ് ഷോ വരെയുള്ള പരിപാടികള്‍. രാത്രി പരിപാടികളുടെ ഇടവേളകളില്‍ ഊതിയകറ്റി കുടിക്കുന്ന ഉത്സവ ചായയുടെയും പപ്പട വടയുടെയും രുചി, അതൊരു രുചി തന്നെയാണ് . പരിക്ക് പറ്റിയ കൈയുമായി സ്റ്റേജില്‍ എത്തിയ നാരദ മഹര്‍ഷിയെ കൂവി തോല്പ്പിക്കാതെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും .... നാടകത്തിനിടെ നടിയുടെ മേനിയിലേക്ക്‌ കപ്പലണ്ടി എറിഞ്ഞവനെ വായുവില്‍ എറിഞ്ഞു കളിച്ചതും..അടിച്ചു മാറ്റിയ കിരീടം വച്ച് കൊണ്ട് പുലര്‍ച്ചെ ഇടവഴികളിലൂടെ നടന്നു ആളുകളെ പേടിപ്പിച്ചതും .. ലഹരിയുടെ ആവേശത്തില്‍ നടത്തിയ വെല്ലുവിളികളും സംഘട്ടനങ്ങളും .. അലങ്കോലമുണ്ടാക്കുവാന്‍ നാദസ്വരക്കാരന്റെ മുന്നില്‍ നിന്ന് പുളി തിന്നതും ...മാനത്തു വര്‍ണങ്ങള്‍ വാരി വിതറുന്ന അമിട്ടുകളും...ഗ്രാമത്തെയാകെ ഞെട്ടിക്കുന്ന കതനവെടികളും ..തീമഴ പെയ്യിക്കുന്ന പൂക്കുറ്റികളും ഉള്‍പ്പെടുന്ന വെടിക്കെട്ടും ആവര്‍ത്തന സ്വഭാവമില്ലാത്ത സുഖ ശീതളമായ ഓര്‍മ്മകള്‍ മാത്രം ...

ആളൊഴിഞ്ഞ പൂരപ്പറമ്പുകളില്‍ അവശേഷിച്ച വളപ്പൊട്ടുകളും വര്‍ണ കടലാസ്സുകളുമെല്ലാം തിരുശേഷിപ്പുകളാണ് . ആഘോഷതിമിര്‍പ്പിന്റെ, നിറച്ചാര്‍ത്തുകളുടെ ഒട്ടേറെ സ്പന്ദനങ്ങള്‍ അവ നമ്മോടു പങ്കുവയ്ക്കുന്നുണ്ട്‌ .

വീണ്ടുമൊരു ഗ്രാമോത്സവം കൂടി വരവായി.
ആരവങ്ങള്‍ ഉയരുന്നു... ആര്‍പ്പുവിളികളും...

6 comments:

ടെക്കി said...

ഈ കുറിപ്പെഴുതുവാന്‍ പ്രചോദനം എന്റെ പ്രിയ സുഹൃത്ത് അരുണ്‍ പരമേശ്വരന്‍ ഫേസ് ബുക്കില്‍ കുറിച്ച വരികളാണ് . മൈലുകള്‍ക്കപ്പുറത്ത്, അമേരിക്കയിലെ ഏതോ ഒരു പ്രവിശ്യയില്‍ ഇരുന്ന് തന്റെ നാടായ മലയാലപുഴയിലെ ഉത്സവ ചിത്രങ്ങള്‍ കണ്ടു ആത്മ നിര്‍വൃതിയടയുന്നു അരുണ്‍. ഇത് ഒരു പ്രവാസിയുടെ ഓര്‍മ കുറിപ്പുകളാണ്.

Vinod Rajan said...

അറിയാതെ പറയുകയും പറയാതെ അറിയുകയും ചെയ്യുന്നതാണ് പ്രണയമെന്നത് കരിവളകള്‍ എപ്പോഴേ മനസ്സിലാക്കിയിരിക്കുന്നു! --ഇതൊക്കെ എങ്ങനെ എഴുതുന്നു മാഷെ !!! പിന്നെ സത്യം പറഞ്ഞാല്‍ വയറു നിറഞ്ഞില്ല .. അതുകൊണ്ട് കുറച്ചുകൂടി ആവാം ...ഒരു രണ്ടാം ഭാഗം?

Unknown said...

Good one. Ellam valare positive aayittu paranju… Palappozhum aana viranddalum, athu prasnangal undakkiyaalum, Vedikkettu pura kathi aalukalkku enthenkilum pattiyaalum nammuda aalukalkku ithonnum illatha oru ulsavam chinthikkan pattathathu enthu kondaanennu koode onnu parayanamaayirunnu.

MalluMinimal said...

കൊള്ളാം. അടിപൊളി .
പെട്ടന്ന് നാട്ടിലെ ഉത്സവം ഓര്മ വന്നു പോയി :)
പിന്നെ, പെരുമ്പാവൂര്‍ ഈഗിള് ‍ബാറിനെക്കുറിച്ചുള്ള പരാമര്‍ശം കലക്കി . എന്‍റെ കോളേജ് ലൈഫ് ഓര്മ വന്നു (ഞാന്‍ ജെന്മാനാ കോതമംഗലം കാരനാണ് , പഠനവും മൊത്തം അവിടെയായിരുന്നു - ഞങ്ങളുടെ സ്ഥിരം സ്ഥലമായിരുന്നു ഈഗിള്).
അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ,
മനു രാജ്

ടെക്കി said...

വിനോദിനും ദിലിപിനും മനുവിനും നന്ദി.

ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ് ജീവിതം അര്‍ത്ഥവത്തായി മുന്നോട്ട് പോകുന്നത്. ഇതിനെയെല്ലാം വെടിഞ്ഞു യാന്ത്രികമായ ജീവനോപാധികളില്‍ മുഴുകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നിറമുള്ള സ്വപ്നങ്ങളും അനിര്‍വചനീയ അനുഭവങ്ങളുമാണ്. താലപ്പൊലിക്കും ഉത്സവത്തിനും നാട്ടിലെത്താനായില്ലെങ്കില് പോലും മനസ്സ് തുടിക്കുന്നത് ആ സുഖമുള്ള ഓര്‍മകളിലൂടെ മാത്രമാണ്.

"ഈഗിള്‍" അക്കാലത്തെ ഒരു സ്ഥിരം വേദിയായിരുന്നു. ചിന്തകളെ പുകച്ചും... സിഗരറ്റുകള്‍ എരിച്ചും...കുപ്പികള്‍ കാലിയാക്കിയും എത്ര എത്ര "കടുത്ത" തീരുമാനങ്ങള്‍ക്ക് ആ "ഇരുട്ടുമുറി" സാക്ഷ്യം വഹിച്ചിരിക്കുന്നു. ഊഷ്മളമായ ഒട്ടേറെ സൌഹൃദങ്ങള്‍ ഈ "Freezing Point " ല്‍ രൂപം കൊണ്ടിട്ടുമുണ്ട്.

Smitha said...

Super! Oru Grameninte Sathyasandamaya lokam kanam..

I was travelling thru the yester years of my father!!!