Monday, April 18, 2011

അരാഷ്ട്രീയ ഐ ടി ജീവികള്‍


"മണിയാ കടുപ്പത്തിലൊരു ചായ". ചായക്കട ഉണര്‍ന്നു തുടങ്ങി. ഒപ്പം രാഷ്ട്രീയ വര്‍ത്തമാനങ്ങളും. ചരിത്രവും ആനുകാലികവുമായ സംഭവ വികാസങ്ങളിലൂടെ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ചായകുടിക്കാരില്‍ എല്ലാവരും തന്നെ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ നിഘണ്ടുക്കലാണ്. 'തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും" എന്നതാണ് പലപ്പോഴുമുള്ള അവസ്ഥ. വാഗ്വാദങ്ങളും കണക്കു നിരത്തലുകളും പന്തയം കെട്ടലുമെല്ലാം ചര്‍ച്ചക്ക് കൊഴുപ്പേകുന്നു. ആവി പറക്കുന്ന പുട്ടും കടലക്കറിയും പപ്പടവും പയറുമെല്ലാം ചര്‍ച്ചകളുടെ ഇടവേളകളില്‍ രുചി പകരുന്നുമുണ്ട്. ടെക്നോപാര്‍ക്ക്‌ കാമ്പസ്സിന്റെ മതില്‍ക്കെട്ടിനപ്പുറത്തെ ഒരു തനിനാടന്‍ ചായക്കടയിലാണ് കേരള രാഷ്ട്രീയത്തെ നൂലിഴ തിരിച്ചു പരിശോധിക്കുന്ന ഈ ചര്‍ച്ചയുടെ വേദി.
എന്നാല്‍ മതില്‍ ക്കെട്ടിനകത്തെ "ഐ ടി " ബുദ്ധിജീവികളില്‍ ഭൂരിഭാഗവും രാഷ്ട്രീയ നിരക്ഷരരാണ്‌. അവര്‍ തിരഞ്ഞെടുപ്പ് നാളുകളില്‍ രാഷ്ട്രീയ ബുദ്ധി ജീവികളെന്നു നടിക്കും. അറിയാത്ത കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കും. 'Self Branding " ന്റെ ആദ്യ പാഠങ്ങളുടെ തുടക്കം ഇങ്ങനെയൊക്കെ ആണെന്ന് അവര്‍ എന്നേ മനസ്സിലാക്കിയിരിക്കുന്നു. രാഷ്ട്രീയമറിയില്ലെങ്കിലും മൂന്നാംകിട രാഷ്ട്രീയ മനസ്സുള്ള ഒരു ശരാശരി ഐ ടി പ്രൊഫഷനലിന്റെ മാനറിസങ്ങള്‍ ആണിതെല്ലാം. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഏറെയും പുലബന്ധം പോലും പുലര്‍ത്താതിരിക്കുകയും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയും അനുദിന സംഭവ വികാസങ്ങളെയും കുറിച്ച് ഒരു ധാരണ യുമില്ലാതെ വിളമ്പുന്ന പൊള്ളയായ വാക്കുകളാണ് "ഐ ടി യിലെ രാഷ്ട്രീയ പ്രബുദ്ധര്‍" എന്ന തലക്കെട്ടില്‍ പത്ര മാധ്യമങ്ങളും ചാനലുകളും മത്സരിച്ചു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ അവരുടെ സംഭാഷണങ്ങളില്‍ തൊട്ടപ്പുറത്ത് നടന്ന പാര്‍വതി പുത്തനാര്‍ സംഭവമടക്കം സമൂഹത്തെ നടുക്കുന്ന വാര്‍ത്തകളൊന്നും ഒരു വിഷയമേ അല്ല. സ്മാര്‍ട്ട്‌ സിറ്റിയും മുല്ലപെരിയാറും വിഴിഞ്ഞം പദ്ധതിയും സ്ത്രീ സുരക്ഷയും അക്രമ വാഴ്ചയും അഴിമതിയുമൊന്നും അവരെ ബാധിക്കുന്നേയില്ല. മറിച്ച് സ്റ്റീവ് ജോബ്സിന്റെ ആരോഗ്യവും ആപ്പിളിന്റെ ഭാവിയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില വിവരപ്പട്ടികയും ഫാഷന്‍ വസ്ത്രങ്ങളും ആണ് അവരുടെ സംസാരവിഷയങ്ങള്‍.

ആധുനിക സമൂഹം ഏറിയ സമയവും വ്യാപരിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോലും തങ്ങളുടെ വസ്ത്ര സങ്കല്‍പ്പങ്ങളും തക്കാളിക്കറിയുടെ പടങ്ങളും പാചക കുറിപ്പുകളും അല്ലാതെ രാഷ്ട്രീയ പ്രബു ധതയുള്ള ഒരു വാചകം പോലും കാണുവാന്‍ ആയില്ലെന്നത് പറയാതിരിക്കുക വയ്യ. പ്രത്യയ ശാസ്ത്രത്തിന്റെ ആശയങ്ങളും കരുത്തും കര്‍മശേഷിയും പരിശോധിക്കാതെ കാണാന്‍ "ഗ്ലാമര്‍" ഉള്ള സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ വോട്ട് ചെയ്യുമെന്ന് അങ്ങേയറ്റം അന്തസ്സോടെ പറയുന്നവര്‍ ഏറെയുള്ള സമൂഹമാണിത്. ചൂണ്ടു വിരലിലെ കറുത്തമഷി മന സാക്ഷിയുടെ അംഗീകാരമോ രാജധികാരമോ പ്രതിനിധാനം ചെയ്യുന്ന മുദ്രയല്ല, മറിച്ച് 'ഞാന്‍ എന്ന സംഭവത്തെ" ഊട്ടി ഉറപ്പിക്കുവാനുള്ള ഉപാധി മാത്രമെന്ന് കരുതുന്ന, ജനാധിപത്യവും പൌര ബോധവുമില്ലാത്ത ഇത്തരം അരാഷ്ട്രീയവാദികള്‍ ചോദ്യം ചെയ്യപ്പെടും.

ഒട്ടോറെനെ കാസ്റ്റിലെ ഒരിക്കല്‍ എഴുതി:
"ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്തു ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും. അവരുടെ വസ്ത്രങ്ങളെപ്പറ്റി, ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല. ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ളത്തരങ്ങളെപ്പറ്റി ഒരാളും നാളെ അന്വേഷിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഭീരുവിനെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങി ചാവുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ആത്മ വിദ്വേഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.ദരിദ്രരായ മനുഷ്യര്‍ വരും. ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കഥകളിലും കവിതകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍. എന്നാല്‍ ദിവസവും അവര്‍ക്ക് അപ്പവും പാലും കൊടുത്തവര്‍. അവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുത്തവര്‍, അവരുടെ കാറോടിച്ചവര്‍, അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍. അവര്‍ വരും. വന്നു ചോദിക്കും:"യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോള്‍ എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍? "

പ്രതികരിക്കേണ്ടത് നമ്മളാണ്.
നിരത്തിലും സോഷ്യല്‍ മീഡിയകളിലും അനീതിക്കെതിരെ ആശയ സംഘട്ടനങ്ങളും വിപ്ലവങ്ങളും ഉണ്ടാവണം.
പുത്തന്‍ ആശയങ്ങള്‍ വിതറി വിപ്ലവങ്ങള്‍ നില നില്‍ക്കുക തന്നെ വേണം!

4 comments:

MANU said...

Slowly, but definitely things are changing these days. The recent support to the hunger strike by Anna Hazare by the public happened mostly over social media sites like Facebook and other internet sites. Still, what most of the IT people do is simply talk and do nothing. It is easy to support a hunger strike by clicking a "Like" button in an FB fan page, while leisurely having your buffet. Instead, how many of us thought about fasting for a day or two in support of him? Talk is of course needed, in the real and the virtual worlds. But talk without action is like marriage without consummation.

Sherbin Shamsuddin said...

well written... pakshe oru koottare ozhivaakkiyirikkunnu... "Politics has become so deteriorated that I don't believe it any more" ennu paranju easyaayi thadi thappunna tharuneemanimare...:)

pk said...

ചുമ്മാ കാടടച്ചു വെടി വെയ്കല്ലേ ചങ്ങാതീ...

ടെക്കി said...

പ്രിയ ശ്രീജിത്ത്‌,
ഇതൊരു കാടടച്ച വെടിവ്യ്പ്പല്ല! പൊതു സമൂഹം അതീവ ഗൌരവത്തോടെ വീക്ഷിക്കുന്ന വിഷയങ്ങളെ അവഗണിക്കുകയും ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ട് തനിക്കെന്തു ലാഭം എന്ന് ചിന്തിക്കുന്നവര്‍ അരാഷ്ട്രീയ വാദികള്‍ അല്ലെ?
ഫേസ് ബുക്കിലെ അഭിപ്രായങ്ങളില്‍ ലൈക്‌ ‌ ബട്ടന്‍ അമര്‍ത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കരുതുക വയ്യ. അങ്ങനെയെങ്കില്‍ ഉപവാസവും നിരാഹാരവും സമരവും ജനകീയ പ്രക്ഷോഭങ്ങളും നടത്തുന്നവരെ നാം എന്ത് വിളിക്കണം?
ചിന്തകളില്‍ സമൂഹ മനസ്സിന്റെ ആശയങ്ങള്‍ കൂടി ഉണ്ടാകണം എന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ!