Monday, May 10, 2010

മൊട കണ്ടാ എടപെടും അണ്ണാ

ഐ .ടി മേഖലയിലെ യുവ ജനത ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് എന്നോട് ഒരു പത്ര പ്രവര്‍ത്തക ചോദിക്കുകയുണ്ടായി.തെറ്റുകള്‍ ശരിയാവുകയും ശരികള്‍ തെറ്റാവുകയും ചെയ്യുന്ന പ്രതിഭാസമുള്ള ഇത്തരം കാര്യങ്ങളില്‍ ഇടപ്പെട്ടാല്‍ ധന - ഊര്‍ജ നഷ്ടവും മാനഹാനിയും സംഭവിക്കും എന്നലാതെ എന്ത് ഗുണം എന്നായിരുന്നു എന്റെ മറുപടി. ഏതു കാര്യത്തില്‍ ആയാലും സ്വന്തം മന: സാക്ഷിക്കനുസരിച്ചു ശരിയെന്നു തോന്നുന്ന നിലപാട് സ്വീകരിക്കുകയും നിര്‍ഭയം അഭിപ്രായം പ്രകടിപ്പിക്കുകയും വേണമല്ലോ.എന്നാല്‍ പ്രതികരണ ശേഷിയെ വിലക്കുന്ന ചുറ്റുപാടുകളും ജീവനോപാധികളും നമ്മെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വക ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് "മൊട കണ്ടാ എടപെടും അണ്ണാ" .


ഉത്സവങ്ങള്‍ കൊടിയിറങ്ങിയ പറമ്പുകള്‍ അവശേഷിപ്പിക്കുന്നത് വളപ്പൊട്ടുകളും അലങ്കാരങ്ങളും മാത്രമല്ല, അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കൂടിയാണ്.ആവേശവും വര്‍ണാഭവുമായ ആ ഓര്‍മ്മകളെ താലോലിച്ചു നാം വീണ്ടുമൊരു വര്ഷം കൂടി കാത്തിരിക്കും. അത്രയ്ക്ക് ഹൃദയഹാരികളാണ് മലയാളിയുടെ ഉത്സവങ്ങള്‍.എന്നാല്‍ വര്‍ത്തമാന കാലത്തില്‍ നമ്മുടെ സ്വീകരണ മുറികളില്‍ നിത്യേന അരങ്ങേറുന്ന മറ്റൊരു ഉത്സവമുണ്ട്, റിയാലിറ്റി പരമ്പരകള്‍. എട്ടു വയസ്സുകാരന്‍ മുതല്‍ എണ്‍പത് കഴിഞ്ഞ മുത്തശ്ശി വരെ ടി. വി യുടെ മുന്പില്‍ ഇരുന്നു ആവേശം കൊള്ളുന്നു, പൊട്ടി കരയുന്നു, SMS അയക്കുന്നു.തിരശീലക്കു പിന്നില്‍ ഉള്ളവരുടെ ഹിഡന്‍ അജണ്ട അറിയാതെ അവര്‍ മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കുന്നു, "എലിമിനേഷന്‍ റൌണ്ടില്‍ പുറത്താവല്ലേ" "SMS കൂടുതല്‍ കിട്ടണേ" എന്ന്.മുല്ലപെരിയാരും കാലവര്‍ഷവും ഭീകര ആക്രമണങ്ങളും നമ്മുടെ മുന്നില്‍ ചോദ്യ ചിഹ്നനങ്ങള്‍ ആയി നില്‍ക്കുന്നത് ആരും കണ്ട ഭാവം വയ്ക്കുന്നില്ല. അരിക്കും മദ്യത്തിനും വില കൂടുന്നത് അവരെ അലോസരപ്പെടുത്തുന്നില്ല.എന്തെന്നാല്‍ കുളിര് കോരിക്കുന്ന കിന്നാരങ്ങളും നയന സുഖം നല്‍കുന്ന കാഴ്ചകളും ആണല്ലോ ഏവര്‍ക്കും ആവശ്യം.ഇത് ഫിലിം തിയറിയായ Voyeurism - ത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ അഥവാ ഒളിച്ചുനോട്ടം ആണ് റിയാലിറ്റി പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്രം. ഒരു ഗുണ പാഠവും നല്‍കാത്ത ഇത്തരം പരിപാടികളുടെ ലക് ഷ്യമെന്തു? ഒരു വിജയിയെ തിരഞ്ഞെടുക്കാന്‍ അനേക ലക്ഷം ആളുകളുടെ എത്ര സമ്പത്തും സമയവുമാണ് നഷ്ടപ്പെടുത്തുന്നത്? പാട്ട് പാടാന്‍ സ്വരശുധിക്കുമൊപ്പം മറ്റു പല സംഗതികളും
(സൌന്ദര്യം, മേനിയഴക്, മെയ്യാഭ്യാസം) വേണമെന്ന് നിര്‍ബന്ധിക്കുന്നത് എന്തിനു ? അവര്‍ക്ക് ഉത്തരമുണ്ടായെക്കാം. entertainment industry പിടിച്ചു നില്‍ക്കുന്നത് ഇത്തരം പരിപാടികളില്‍ ആണെന്നും അവ യുവ തലമുറയെ വളര്‍ത്തി കൊണ്ട് വരുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട് എന്നായിരിക്കും മറുപടി. എന്നാല്‍ കഴിഞ്ഞ കാല റിയാലിറ്റി മത്സരങ്ങളിലെ വിജയികളെ അമ്പല പറമ്പുകളിലെ പരിപാടികളിലും ചില കാസറ്റ് കവറുകളിലും അല്ലാതെ മുഖ്യധാര മാധ്യമങ്ങളില്‍ കാണാന്‍ പോലും കിട്ടുന്നില്ല.കലാ സാംസ്കാരിക മേഖലയിലെ പല ലോബികളാല്‍ അവര്‍ തിരസ്ക്കരിക്ക പെടുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കാന്‍ 400 കോടി രൂപ SMS എന്ന നൂതന അതി ജീവന മാര്‍ഗത്തിലൂടെ നേടണം എന്നല്ലാതെ ശുദ്ധ സംഗീതത്തെയും ക്ലാസ്സിക്‌ കലകളെയും വളര്‍ത്തി എടുക്കണമെന്ന് ആഗ്രഹമുള്ള എത്ര ചാനലുകള്‍ ഉണ്ട്? എത്ര സ്പോന്‍സര്‍മാര്‍ ഉണ്ട്? മൊബൈല്‍ കമ്പനികള്‍ വളരുന്നുണ്ട്‌ എന്നല്ലാതെ ഒരു കലാകാരനും ഇത്തരം പരിപാടികളിലൂടെ വളരുന്നില്ല. ഇനിയെങ്കിലും നാം വിഡ്ഢിപ്പെട്ടിയിലെ തട്ടിപ്പുകളെ തിരിച്ചറിയുക, പ്രതികരിക്കുക.
ഒന്നോര്‍ക്കണം : നമ്മള്‍ എന്നും ആത്മാവില്‍ ഏറ്റി നടക്കുന്ന , ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഗായകരും നൃത്തകരും മറ്റെല്ലാ കലാകാരന്മാരും റിയാലിറ്റി യുഗത്തിന് മുന്പ് മാത്രം വന്നവരാണ്.ഈ കാലഘട്ടത്തില്‍ ആന്നെങ്കില്‍ അവര്‍ ആദ്യ റൌണ്ടില്‍ പുറത്തു പോയേനെ. റഫിക്കോ, കിഷോരിനോ, ദാസേട്ടനോ ജയചന്ദ്രനോ അറിയില്ലല്ലോ ബ്രേക്ക്‌ ഡാന്‍സ് കളിച്ചു കൊണ്ട് ആലപിക്കുവാന്‍.. കൊട്ടാരത്തിലോ കുപ്പതൊട്ടിയിലോ ആവട്ടെ, മാണിക്യം എന്നും മാണിക്യം തന്നെ. അതിനെ കണ്ടെത്താന്‍ റിയാലിറ്റി പരമ്പരകളും സ്തുതി പാടകരും ആവശ്യമെന്നു കരുതുന്നില്ല.


പിന്നാമ്പുറം:
കൊമെഴ്ഷ്യല്‍ ലോകത്തെ നിന്നും ഒട്ടും വിഭിന്നമല്ല കോര്‍പ്പറേറ്റ് റിയാലിറ്റി മഹോത്സവങ്ങളും. ടെക്നോ പാര്‍ക്കിലും അരങ്ങേറുന്നു വര്‍ഷാവര്‍ഷം പലതരം റിയാലിറ്റി മത്സരങ്ങള്‍.അതിന്റെ നടത്തിപ്പിലെക്കും ഉത്സാഹ കമ്മറ്റിയിലേക്കും ആയി വിണ്ണില്‍ നിന്നും "താരങ്ങള്‍" ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നു, "ഉപഗ്രഹങ്ങള്‍" ട്രെയിനില്‍ വന്നു തമ്പാനൂരിലും...
തീരെ ചെറിയൊരു സംഭവത്തെ വലിയൊരു മാമാങ്കമാക്കാന്‍ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഏണി ചാരിയും , കൈ നനയാതെ മീന്‍ പിടിച്ചും രാഷ്ട്രീയം കളിക്കുന്നു. ഒരു മൊട്ടു സൂചി സംഘടിപ്പിക്കുവാന്‍ പോലും പത്താള് കേള്‍ക്കെ ഒരായിരം കോളുകള്‍ ചെയ്യുന്നു, ഒരു ഇരുപത്തിയെട്ടു മീറ്റിങ്ങുകളും വിളിച്ചു ചേര്‍ക്കുന്നു. അങ്ങനെ സംഘാടകരും പ്രായോജകരും മത്സരാര്‍ഥികളും ചേര്‍ന്ന് ഡപ്പാംകുത്ത് അഭ്യാസങ്ങളും കുളിര് കോരും കാഴ്ചകളും കൊണ്ട് ഷോ കൊഴുപ്പിക്കുന്നു. ഇതെല്ലം കണ്ടു കാണികള്‍ അന്തം വിട്ടിരിക്കുന്നു, നിര്‍വൃതിയടയുന്നു..
ഒടുവില്‍ ആദ്യ -അവസാനമുള്ള ഭാവാഭിനയ പ്രകടനത്തിന്റെ മികവനുസരിച്ചു സംഘാടകര്‍ക്ക് കുടോസ് മെയിലുകളും ആശംസ വാചകങ്ങളും ...
മത്സരത്തില്‍ ജയിക്കുന്നവനോ, അഞ്ചു രൂപയുടെ ട്രോഫിയും കപ്പലണ്ടി പൊതിയാന്‍ പോലും പറ്റാത്ത ഒരു സര്‍ട്ടിഫിക്കറ്റും....

5 comments:

Rejeesh Sanathanan said...

റിയാലിറ്റിയില്‍ നിന്നും ബഹുദൂരമകന്ന റിയാലിറ്റി ഷോകള്‍....നാടകമേ ഉലകം....

Malayalis said...

Vaastavam....!

"" Alpanu artham kittiyal artha raatri Kuda pidikkum....:) ""

Sankari Aneesh said...

Excellent one :-)

Vinod Rajan said...

ഇത്തരം നാലാം കിട മസാലകള്‍ക്കിടയില്‍ മറ്റൊരു റിയാലിറ്റി ഷോ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇന്ത്യ വിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന "സ്ട്രീറ്റ് ലൈറ്റ്" . തെരുവില്‍ പാടി അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തുന്ന ഒരു കൂട്ടം ഗായകരുടെ മനം മയക്കുന്ന "സംഗീതം" ( പെര്‍ഫോര്‍മന്‍സ് എന്ന് വിളിച്ചു അവരുടെ സംഗീതത്തെ അപമാനിക്കാന്‍ തോന്നുന്നില്ല). പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും SMSഉം "സംഗതികളും" കൂട്ടിക്കിഴിക്കാതെ തന്നെ എല്ലാവര്കും തല ചായ്ക്കാന്‍ ഒരു വീട്!!! ചാനലുകളിലെ റിയാലിറ്റി പേക്കൂത്തുകള്‍ക്ക് നേരെ മുഖമടച്ചു ഒരു അടി നല്‍കിയ techie യുടെ വരികള്‍ വായിച്ചപ്പോള്‍ വെറുതെ ഓര്‍ത്തു പോയി. " റഫിക്കോ, കിഷോരിനോ, ദാസേട്ടനോ ജയചന്ദ്രനോ അറിയില്ലല്ലോ ബ്രേക്ക്‌ ഡാന്‍സ് കളിച്ചു കൊണ്ട് ആലപിക്കുവാന്‍.. "--techie ഈ വരികള്‍ ഇത്തരം partiality show കളുടെ അണിയറ പ്രവര്‍ത്തകര്‍ ഒരികലെങ്ങിലും ഒന്ന് വായിച്ചിരുന്നെങ്കില്‍... :)

travelfrenzy said...

Technoparkkile ooro Eventsum, kai nanayaathey meen pidikkuvanulla vedikal alle...