Saturday, September 3, 2011

ഓണം - അനുഭവം, ആനുകാലികം.

ഇതു ചര്‍ച്ചകളുടെ കാലം. ശ്രീ പദ്മനാഭന്റെ സമര്‍പ്പണശേഖരം മുതല്‍ അന്ന ഹസ്സാരെയുടെ "സോഷ്യല്‍ മീഡിയ നിരാഹാരം" വരെ കൂലം കഷമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ആനക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ചേനക്കാര്യം ഉന്നയിക്കുന്ന വാര്‍ത്ത ലേഖകര്‍. വായക്കു തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ പങ്കെടുക്കുന്നവര്‍. ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്ന ജനങ്ങള്‍. എന്തും ഏതും SMS - ലൂടെയും ലൈക്‌ ബട്ടണിലൂടെയും തീര്‍പ്പു കല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ജനത. കാലത്തിന്റെ നിര്‍വ്വചനങ്ങള്‍ മാറി മറിയുന്ന ഇക്കാലത്ത് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്: ആധുനിക ഓണം മാവേലിയെ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന്. ഓണാനുഭവങ്ങളുടെയും ആനുകാലിക പശ്ചാത്തലങ്ങളുടെയും നേര്കാഴ്ച്ചകളിലൂടെ ഒരു സന്ദര്‍ശനം. അവലോകനം.
ജീവിതത്തിന്റെ പ്രയാണ പഥത്തില്‍ എവിടെയോ കൈമോശം വന്ന നന്മകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ചിങ്ങം പുലര്‍ന്നു.‍
പൂമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴികളിലൂടെ വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. മുറ്റത്തെ മരത്തിന്മേല്‍ ഊഞ്ഞാലു കെട്ടി. ഓണത്തിന്റെ വരവറിയിക്കാന്‍ അസുരവാദ്യതിന്റെ അകമ്പടിയോടെ "പുലികള്‍" ഇറങ്ങി. ചെണ്ടയുടെ താളത്തില്‍ ചുവടുകള്‍ വയ്ക്കുന്ന പുലികളെ പിടിക്കാന്‍ ഉണ്ടയില്ലാത്ത തോക്കുമായി വേട്ടക്കാരനും :-) . വടംവലിയും വാഴയില്‍ കയറ്റവും കലം തല്ലലും വെള്ളംകുടി മത്സരവുമെല്ലാം തകൃതിയായി നടക്കുന്നു. അത്തം പുലര്‍ന്നപ്പോള്‍ മുറ്റത്തു ചാണകം മെഴുകി തുളസിക്കതിര്‍ വച്ചു. ചിത്തിരയില്‍ വെള്ള പൂക്കള്‍ കൊണ്ട് പൂക്കളമിട്ടു. ചോതി മുതല്‍ ചുവന്ന പൂക്കളും മറ്റും പൂക്കളത്തിനു ഭംഗിയേകി. വിശാഖവും തൃക്കേട്ടയും അനിഴവുമെല്ലാം പൂക്കളുടെ വര്‍ണ പ്രപഞ്ചമാണ്‌ ഒരുക്കിയത്. മൂലം നാളില്‍ പൂക്കളം മൂന്നെണ്ണമായി. (പടിപ്പുര മുതല്‍ മുറ്റം വരെ മൂന്നു പൂക്കളങ്ങള്‍ ഇടുകയാണ് പതിവ് ). പൂരാടത്തിനു പൂക്കളമിട്ടതു ആവണിപ്പലകയുടെ ആകൃതിയില്‍ നിര്‍മിച്ച ഓണത്തറയില്‍ ആണ്. ഉത്രാടം, പാച്ചിലിന്റെ പര്യായമാണെങ്കിലും പൂക്കളം നിറങ്ങളുടെ ധാരാളിത്തം കൊണ്ട് അതിസുന്ദരമായിരിക്കും. തിരുവോണത്തിന് പൂക്കളമില്ല. മറിച്ച് തുമ്പക്കുടമാണ്. തുമ്പ ചെടികളാല്‍ മഹാബലിയുടെ രൂപം ഒരുക്കുകയാണ് പതിവ്. തിരുവോണത്തിന്റെ അന്ന് പുലര്‍ച്ചെ പടിപ്പുരയില്‍
ഓലക്കുടയും മെതിയടിയും കൊണ്ട് വച്ചു, നിലവിളക്ക് കത്തിച്ചു, ആര്‍പ്പുവിളിച്ചും കുരവയിട്ടും ഓണത്തപ്പനെ എതിരേറ്റു, പൂവടയും മറ്റും നേദിച്ച്, ഓണ കൂവലുകളും കൂകി (മാവേലി വന്നു എന്നറിയിക്കാനാണ് കൂവുന്നത്) ആഘോഷിക്കുന്ന ഓണക്കാലമെല്ലാം സ്മൃതി ചിത്രങ്ങള്‍ മാത്രമാവുകയാണ്.

കാലം മുന്നോട്ടു കുതിച്ചു. ഓണത്തിന്റെ സങ്കല്‍പ്പവും രീതികളുമൊക്കെ മാറി. മാവേലി ഗൃഹോപകരണങ്ങളുടെയും ജ്വല്ലറികളുടെയും എന്തിനു, മദ്യത്തിന്റെ വരെ വെറുമൊരു "ബ്രാന്‍ഡ്‌ അംബാസിഡര്‍" മാത്രമായി മാറി. എന്നാല്‍ കാലമേറും തോറും ഓണാഘോഷത്തിനു പുതു പുത്തന്‍ മാനങ്ങളാണ് കൈവന്നത്. പ്രദര്‍ശനശാലകളും പായസമേളകളും നാട്ടുകാരെ ഓണത്തിന്റെ വരവറിയിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും "discount " ബോര്‍ഡുകള്‍ മാത്രം. പ്രായഭേദമില്ലാതെ വലിപ്പ-ചെറുപ്പങ്ങള്‍ ഇല്ലാതെ എല്ലാവരും ഓണത്തിന്റെ തിരക്കുകളിലാണ്. SMS - കളയച്ചും ഓണപ്പാട്ടുകള്‍ റിങ്ങ്ടോണ്‍ ആക്കിയും ഫേസ് ബുക്കിലെ മതിലുകളില്‍ ആശംസകളെഴുതിയും ഷോപ്പിംഗ്‌ മാളുകളിലും തെരുവ് കച്ചവടങ്ങളിലും കയറിയിറങ്ങി "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ" വമ്പിച്ച "വിലക്കുറവില്‍" വാങ്ങി കൂട്ടിയും മാവേലിയെ വരവേല്‍ക്കാന്‍ തയ്യാറായി.

എന്നാല്‍ മാവേലി കാണുന്ന കാഴ്ചകള്‍ വിചിത്രമാണ്; വൈരുധ്യങ്ങള്‍ നിറഞ്ഞതും...
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്യുന്ന ഇക്കാലത്ത്, ഇരുപതുകളിലെത്തിയ "നിഷ്കളങ്കനായ" പയ്യന്റെ രതിസ്വപ്നങ്ങളെ താലോലിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന സിനിമ പ്രേമികള്‍... അഴിമതിയില്‍ മുങ്ങിക്കുളിച്ചു നീന്തി തുടിക്കുന്ന ഒരു ജനത "അഴി" മതിക്കെതിരെ നടത്തുന്ന സഹന സമരങ്ങള്‍... വിദ്യാഭ്യാസമെന്നത് വിദ്യയില്ലാതെ "അഭ്യാസം" മാത്രമാക്കി തീര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍.. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ക്വട്ടെഷന്‍ സംഘങ്ങളും അഴിമതിക്കാരും കൊടി കുത്തി വാഴുന്ന നാട്... എന്നിട്ടും അദ്ദേഹം പ്രജകളെ കാണാന്‍ വരുന്നു. ഈ കൊള്ളരുതായ്മകള്‍ മുഴുവനും ക്ഷമിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കുന്നു..ആശീര്‍വദിക്കുന്നു.
വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരുമ്പോള്‍.. ഓളപ്പരപ്പുകളില്‍ നയമ്പുകള്‍ തീര്‍ക്കുന്ന താളം മുറുകുമ്പോള്‍.. ആര്‍പ്പുവിളികളും ആരവങ്ങളും മുഴങ്ങുമ്പോള്‍ .. തന്റെ നാടിന്റെ "ദുരവസ്ഥ" ഓര്‍ത്തു മുറ്റത്തെ പൂക്കളത്തിലെ മാവേലിത്തമ്പുരാന്‍ കണ്ണീര്‍ പൊഴിക്കുന്നത് ആരും കണ്ടില്ല. അദ്ദേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല.

അത് കാണാന്‍, കേള്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍, സാന്ത്വനമേകാന്‍ ആര്‍ക്കാണിവിടെ നേരം?




7 comments:

ടെക്കി said...

ഓണം - മലയാളിയുടെ ജീവിതത്തിലും ഓര്‍മ്മകളിലും അതിനു തിളക്കമേറെ. ഓണക്കിനാക്കളുടെ നിറചാര്‍ത്തില്‍ കാലം വരുത്തിയ തേയ്മാനം പാതി മനസ്സോടെ അംഗീകരിക്കുമ്പോഴും ആവേശപൂര്‍വ്വം ലാളിക്കുന്ന മധുര സ്വപ്നമാണ് മലയാളിക്ക് ഓണം. ഓണനാളുകളിലെ ആര്‍പ്പുവിളികളും ആരവങ്ങളും നമ്മില്‍ ആമോദം പകരുമ്പോള്‍ നിറഞ്ഞ മനസ്സോടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ പുലരികള്‍ക്ക് വേണ്ടി നമുക്കു പ്രതിജ്ഞ എടുക്കാം. അതോടൊപ്പം, കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത ഒരു കാലഘട്ടത്തെയും അങ്ങനെയൊരു കാലഘട്ടം ജനങ്ങള്‍ക്കു നല്‍കിയ മഹാബലി ചക്രവര്‍ത്തിയെയും നാം സ്മരിക്കണം. ഇവിടെ മുദ്രണം ചെയ്യുന്നു, അജ്ഞാതനായ മഹാകവി രചിച്ച ഒരു നല്ല കാലത്തിന്‍റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ആ വരികള്‍ സമ്പൂര്‍ണ രൂപത്തില്‍...

http://paadapustakam.blogspot.com/2010/08/blog-post_17.html

Athira said...
This comment has been removed by the author.
Anonymous said...

kollam..pakshe oro karyathil ninnum mattonnilekku petteunnu jump cheythu pokunndo ennoru samsayam

Komaram said...

മാവേലിയുടെത് ഒരു കഥ അല്ലെങ്കില്‍, മാവേലിക്ക് അതിനേ അര്‍ഹത ഉള്ളൂ!! ഉത്തരവാദിത്വം ഇല്ലായ്മയുടെ പര്യായം ആണ് അയാള്‍. ഏതോ ഒരു ബ്രാഹ്മണ കുമാരന്‍ വന്നപ്പോള്‍ എല്ലാം തീറെഴുതി കൊടുത്തു, എന്തിനു വേണ്ടി തന്റെ സല്‍പേരിനു മാത്രം അല്ലെ? പ്രജാക്ഷേമ തല്പരന്‍ ആയിരുന്നാല്‍ ഇതൊരിക്കലും ചെയ്യാന്‍ കഴിയില്ല.

മറ്റൊരു ചക്രവര്‍ത്തി പ്രജക്ഷേമ താല്പര്യം കൂടിയത് കൊണ്ട് ഒരു "ഭര്‍ത്താവിന്റെ" ഉത്തരവാദിത്വം കാണിക്കതിരുന്നതും ഈ ഭാരതത്തില്‍ തന്നെ.
പക്ഷെ അവര്‍ ഈ നനാത്വതിലും ഏകത്വം കാണിച്ചു മറ്റൊന്നിലും അല്ല "സല്‍പേര്" എന്ന മിഥ്യയില്‍!

ആ പാരമ്പര്യം തന്നെ ആണ് നമ്മള്‍ ഭാരതീയര്‍ക്കും ഉള്ളത് "സല്‍പേര്" അതാണ്‌ ജീവനേക്കാള്‍ ജീവിതത്തേക്കാള്‍ വലുത്.
ഇനിയും കാലമെടുക്കും അത് മാറാന്‍ പക്ഷെ അത് മാറുക തന്നെ ചെയ്യും, അതിനുള്ള തുടക്കമാണ് കാലിചെറുക്കന്‍ ആയി ജനിച്ചു ഭാരത രാജ്യത്തിന്റെ ഭാവിനിര്‍ണയിക്കാന്‍ മാത്രം വളര്‍ന്ന കൃഷ്ണന്‍ എന്ന വ്യക്തി ചെയ്തത്..എന്നാല്‍ നമ്മള്‍ അദേഹത്തേക്കാള്‍ പഴഞ്ചന്‍മാരായി എന്നതാണ് സത്യം...

Steephen George said...

Jeevithathekurichu alpamokke pratheeksha pularatham cheruppakkarkku. Ella kalathum thante kalathe kurichu athruptharay vayassanmar undayirunu..... nammal ororutharum prayam ariyikkunathu angane anu....sankalpa lokavum realityum thammilulla vythasam thiricharinju yatharthyathe sweekarikkukayavam...

ടെക്കി said...

കാലമേറുംന്തോറും ഓണത്തിന്റെ " വിപണന സാധ്യത" കൂടുന്നതെയുള്ളു. ഒപ്പം വിശാസവും..
ഭൂമി മലയാളം ഉള്ള കാലത്തോളം മലയാളികള്‍ "കലിപ്പുകളില്ലാതെ", സ്നേഹ - സാഹോദര്യത്തോടെ ആഘോഷിക്കുമെന്ന് ഉറപ്പുള്ളത് ഓണം മാത്രമാണ് എന്ന് പ്രതീക്ഷിക്കാം!

biju said...

വളരെ നന്നായിട്ടുണ്ട്!!