Thursday, December 9, 2010

Mind Your Language!

ഭാഷയില്ലെങ്കില്‍ മനുഷ്യന്‍ മൂകന്‍ മാത്രമല്ല, ഭ്രാന്തന്‍ കൂടി ആയിത്തീരും എന്നത് കെന്ടിന്റെ വചനങ്ങളാണ്. എന്നാല്‍ ഭാഷയിലുള്ള ഭ്രാന്തന്‍ പരിഷ്ക്കാരങ്ങള്‍ ഭാഷയെ തന്നെ ഇല്ലാതാക്കുന്ന കാഴ്ച കള്‍ക്കാണ് നാമിന്നു സാക്ഷ്യം വഹിക്കുന്നത്. മലയാള ലിഖിത ഭാഷയില്‍ സിംബലുകളുടെയും ചുരുക്കെഴുത്തുകളുടെയും വൈദേശീയ ഭാഷകളുടെ അധിനിവേശവും, വാക്കുകള്‍ മുതല്‍ വ്യാകരണത്തിനു വരെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു പുതിയൊരു ഭാഷയായി രൂപാന്തരം പ്രാപിക്കുന്നതിനേയും കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് "Mind Your Language" ചര്‍ച്ച ചെയ്തത്.

കാലത്തിന്റെ കുതിപ്പിനിടയില്‍ മലയാളത്തിന്റെ കിതപ്പും, അതിനു ആക്കം കൂട്ടുന്ന SMS എന്ന ചുരുക്കെഴുത്തുകളും, മംഗ്ലീഷിന്റെ അതിപ്രസരവും മലയാളത്തെ മൂന്നാംകിട ഭാഷയായി തള്ളുവാന്‍ ശ്രമിക്കുന്ന ആധുനിക സിലബസ്സുകളും സര്‍ക്കാരിന്റെ അനാസ്ഥയുമൊക്കെ "Rosebowl Talking Point" നു നവരസങ്ങള്‍ നല്‍കി.

ഭാഷയുടെ ഭാവപ്പകര്‍ച്ചകളെ കുറിച്ചുള്ള ചര്‍ച്ച, ആര്‍ജവമുള്ള ചിന്തകള്‍ക്കും വാഗ്മിത്വത്തിന്റെ ഒട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. "ശാഖകള്‍ എവിടെയോ ആകട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം. ഭാഷയുടെ കാര്യവും വിഭിന്നമല്ല. മാതൃഭാഷയാകുന്ന വേരുകളില്‍ നിന്ന് കൊണ്ടാണ് നാം ജീവിക്കേണ്ടത് ". Talking Point പരിസമാപ്തി കുറിച്ചതിങ്ങനെയാണ്.

ചര്‍ച്ചക്ക് ശേഷമുള്ള യാത്രയില്‍ കണ്ടത് തിരുവനന്തപുരത്തിന്റെ ഭിത്തികളില്‍ മലയാളഭാഷ സംരക്ഷണത്തിന്റെ പോസ്റ്റരുകള്‍ നനഞ്ഞു ഒലിക്കുന്ന കാഴ്ചയാണ്. എന്നാല്‍ കുലംകുത്തി പെയ്യുന്ന മഴകളിലും ചുട്ടെരിച്ചു കളയുന്ന വേനലുകളിലും വീണു പോവാതെ എന്നും നിലനില്‍ക്കും ആ അമ്പത്തിയൊന്നു അക്ഷരങ്ങളുടെ പുണ്യം!


ഓര്‍മകളില്‍ അവശേഷിക്കുന്നത്:

എന്റെ ഗ്രാമമായ വാഴക്കുളത്തെ നിവാസികള്‍ക്ക് വായനയുടെ വിശ്വവാതായനങ്ങള്‍ തുറക്കുന്ന വന്ദേമാതരം ഗ്രാമീണ വായനശാലയുടെ (സ്ഥാപിതം: 1947 August 15)പുസ്തക ശേഖരങ്ങളില്‍ നിന്നും ഒന്നര പതിറ്റാണ്ട്കള്‍ക്ക് മുന്‍പാണ് ജോര്‍ജ് ഓണക്കൂരിന്റെ "ഇല്ലം" ഞാന്‍ വായിക്കുന്നത്. ആ പുസ്തകം പകര്‍ന്ന മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്നത്‌ ഞാന്‍ പോലും അറിയാതെ ആയിരുന്നു. ആ വരികളെഴുതിയ കൈകളില്‍ ഒരു മുത്തം നല്‍കണമെന്ന് ഞാന്‍ അന്നേ ആഗ്രഹിച്ചിരുന്നു. പതിനഞ്ചു സംവത്സരങ്ങള്‍ക്കു ശേഷം, തുള്ളിക്കൊരു കുടം കണക്കെ തിമിര്‍ത്തു പെയ്യുന്ന ഒരു തുലാവര്‍ഷ സായാഹ്നത്തില്‍ തലസ്ഥാനത്തെ ഗോര്‍ക്കി ഭവനത്തില്‍ വച്ച്
Talking Point ന്റെ പ്രോഗ്രമിനാണ് ഓണക്കൂര്‍ സാറിനെ കണ്ടു മുട്ടുന്നത്. അന്ന് ഓണക്കൂര്‍ സാറിന്റെ കൈകളില്‍ ഞാനൊരു മുത്തം കൊടുത്തു. അദ്ദേഹം തിരിച്ചു എന്റെ നെറുകയിലും... അദ്ദേഹത്തിന്റെ ആ സ്നേഹവാല്‍സല്യം വിസ്മരിക്കേണ്ട ഒരു അധ്യായത്തിലും ഞാന്‍ കുറിച്ചുവച്ചിട്ടില്ല.



http://www.youtube.com/watch?v=iR3bHEkJsgY

4 comments:

ചിറകൊടിഞ കിനാവുകള്‍ said...

Yes sudheesh ...... tottaly agree with you ......

Komaram said...

കാലികമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുമ്പോള്‍ അതേറ്റവും ബാധിക്കുന്നത് അവടെ ഭാഷയെ ആണ്! മലയാളത്തോടുള്ള ആവേശവും ഭക്തിയും മനസ്സില്‍ വെച്ചുകൊണ്ട് പറയട്ടെ, ഭാഷയില്‍ മാറ്റം വന്നിലായിരുന്നു എങ്കില്‍ നാമിന്നും പഴയ ദ്രാവിഡീയ ലിപികള്‍ ഉപയോഗിക്കുമായിരുന്നു. ആദിമ ദേവഭാഷ ആയ സംസ്കൃതത്തെ നാമിന്നു ഓര്‍ക്കാറില്ല യഥാര്‍ത്ഥത്തില്‍ അതല്ലേ ഇന്നത്തെ ഭാഷകളുടെ മാതാവ്?!
ഭാഷയുടെ മുഖ്യ ലക്‌ഷ്യം വിവരകൈമാറ്റം ആണ് കാവ്യങ്ങളും കവിതകളും അതിന്റെ പൂര്‍ണതയും.
ഇന്നത്തെ മലയാള ഭാഷയിലെ പല പ്രയോഗങ്ങളും പുതിയതാണ് ഉദാഹരണം: 'അടിപൊളി' എന്നാ വാക്ക് തന്നെ! ആധുനിക എഴുതച്ചന്മാര്‍ നല്‍കിയ സംഭാവനകള്‍ ആണ് 'അടിപൊളി' 'കൂതറ' ആദിയായവ. സ്ഥിരം നാം സഞ്ചരിക്കുന്ന 'bus' നെ നമ്മള്‍ക്ക് മലയാളീകരിക്കാന്‍ പറ്റുമോ?

ആര്‍ക്കും തടുക്കാന്‍ ആവാത്ത ഒഴുക്കാണ് ഭാഷയുടെത്, അതില്‍ വന്നു ചേരുന്ന പൂക്കളും മാലിന്യങ്ങളും അത് ഒരു പോലെ വഹിക്കുന്നു. പക്ഷെ ആ പുഴ മരിക്കാതിരിക്കാന്‍ അതില്‍ ഉജ്ജ്വലങ്ങളായ കാവ്യങ്ങള്‍, കവിതകള്‍, കഥകള്‍ എന്നിവ വേണം. അവയാകും ഈ പുഴയുടെ നീരുറവകള്‍.

നവരുചിയന്‍ said...

മലയാളിക്ക് അനുസരിച്ച് അവന്റെ ഭാഷയും മാറുന്നു എന്നതാണ് സത്യം . സംസരഭാഷക്ക് അനുസരിച്ച് എഴുത്തും മാറും എന്നത് സ്വാഭാവികം അല്ലെ

ടെക്കി said...

ചിറകൊടിഞ്ഞ കിനാവുകള്‍ക്കും കോമരത്തിനും നവരുചിയനും നന്ദി!
മലയാളത്തിന്റെ നീരുറവകളെ സംരക്ഷിക്കുക , അവയാണ് നാളെ നദികളായി ഒഴുകേണ്ടത്!!