ഓണം - മലയാളിയുടെ ജീവിതത്തിലും ഓര്‍മ്മകളിലും അതിനു തിളക്കമേറെ. ഓണക്കിനാക്കളുടെ നിറചാര്‍ത്തില്‍
കാലം വരുത്തിയ തേയ്മാനം പാതി മനസ്സോടെ അംഗീകരിക്കുമ്പോഴും ആവേശപൂര്‍വ്വം ലാളിക്കുന്ന മധുര സ്വപ്നമാണ് മലയാളിക്ക് ഓണം. ഓണനാളുകളിലെ ആര്‍പ്പുവിളികളും ആരവങ്ങളും നമ്മില്‍ ആമോദം പകരുമ്പോള്‍ നിറഞ്ഞ മനസ്സോടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ പുലരികള്‍ക്ക് വേണ്ടി നമുക്കു പ്രതിജ്ഞ എടുക്കാം. അതോടൊപ്പം, കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത ഒരു കാലഘട്ടത്തെയും അങ്ങനെയൊരു കാലഘട്ടം ജനങ്ങള്‍ക്കു നല്‍കിയ മഹാബലി ചക്രവര്‍ത്തിയെയും നാം സ്മരിക്കണം. ഇവിടെ മുദ്രണം ചെയ്യുന്നു, അജ്ഞാതനായ മഹാകവി രചിച്ച ഒരു നല്ല കാലത്തിന്‍റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ആ വരികള്‍ സമ്പൂര്‍ണ രൂപത്തില്‍...
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ട് കാണാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമാകെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങള്‍ അണിഞ്ഞുകൊണ്ട്
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം.
കള്ളവുമില്ല ചതിയുമില്ല
എളോള്ളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ല പോലെല്ലാ വിളവും ചേരും
മാനം വളച്ച വളപ്പകത്തു
നല്ല കനകം കൊണ്ടെല്ലാവരും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്ന വാണിഭമെന്ന പോലെ
ആന കുതിരകളാടുമാടും
കൂടി വരുന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളും
നീലക്കവണികള്‍ വേണ്ടുവോളും
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍
ചീനതൈ മുണ്ടുകള്‍ വേണ്ട പോലെ.
ജീരകം നല്ല കുരുമുളക്
ശര്‍ക്കര, തേനോടു പഞ്ചസാര
എണ്ണമില്ലാതോളമെന്നെ വേണ്ടൂ.
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ട പോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നു കരയുന്ന മാനുഷരും
ഖേദിക്ക വേണ്ടന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
എന്നതു കേട്ടൊരു മാനുഷരും
നന്നായി തെളിഞ്ഞു മനസ്സുകൊണ്ട്
വത്സരമൊന്നാകും ചിങ്ങമാസം
ഉത്സവമാകും തിരുവോണത്തിനു
മാനുഷരെല്ലാരുമൊന്നുപോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ച മല്ലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം
കൊച്ചു കല്യാണിയും എന്നോരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി
അത്തപ്പൂവിട്ടു കുരവയിട്ടു.
മാനുഷരെല്ലാരുമൊന്നുപോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു.
**ഓണാശംസകള്‍**
2 comments:
പ്രിയ സ്നേഹിതാ,
ഓണാശംസകള്‍.
വീണ്ടും കാണാം.
ആ മനോഹര കാവ്യത്തിനു നന്ദി പറയട്ടെ.
-ഭദ്രന്‍
Post a Comment