Thursday, December 9, 2010

Mind Your Language!

ഭാഷയില്ലെങ്കില്‍ മനുഷ്യന്‍ മൂകന്‍ മാത്രമല്ല, ഭ്രാന്തന്‍ കൂടി ആയിത്തീരും എന്നത് കെന്ടിന്റെ വചനങ്ങളാണ്. എന്നാല്‍ ഭാഷയിലുള്ള ഭ്രാന്തന്‍ പരിഷ്ക്കാരങ്ങള്‍ ഭാഷയെ തന്നെ ഇല്ലാതാക്കുന്ന കാഴ്ച കള്‍ക്കാണ് നാമിന്നു സാക്ഷ്യം വഹിക്കുന്നത്. മലയാള ലിഖിത ഭാഷയില്‍ സിംബലുകളുടെയും ചുരുക്കെഴുത്തുകളുടെയും വൈദേശീയ ഭാഷകളുടെ അധിനിവേശവും, വാക്കുകള്‍ മുതല്‍ വ്യാകരണത്തിനു വരെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു പുതിയൊരു ഭാഷയായി രൂപാന്തരം പ്രാപിക്കുന്നതിനേയും കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് "Mind Your Language" ചര്‍ച്ച ചെയ്തത്.

കാലത്തിന്റെ കുതിപ്പിനിടയില്‍ മലയാളത്തിന്റെ കിതപ്പും, അതിനു ആക്കം കൂട്ടുന്ന SMS എന്ന ചുരുക്കെഴുത്തുകളും, മംഗ്ലീഷിന്റെ അതിപ്രസരവും മലയാളത്തെ മൂന്നാംകിട ഭാഷയായി തള്ളുവാന്‍ ശ്രമിക്കുന്ന ആധുനിക സിലബസ്സുകളും സര്‍ക്കാരിന്റെ അനാസ്ഥയുമൊക്കെ "Rosebowl Talking Point" നു നവരസങ്ങള്‍ നല്‍കി.

ഭാഷയുടെ ഭാവപ്പകര്‍ച്ചകളെ കുറിച്ചുള്ള ചര്‍ച്ച, ആര്‍ജവമുള്ള ചിന്തകള്‍ക്കും വാഗ്മിത്വത്തിന്റെ ഒട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. "ശാഖകള്‍ എവിടെയോ ആകട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം. ഭാഷയുടെ കാര്യവും വിഭിന്നമല്ല. മാതൃഭാഷയാകുന്ന വേരുകളില്‍ നിന്ന് കൊണ്ടാണ് നാം ജീവിക്കേണ്ടത് ". Talking Point പരിസമാപ്തി കുറിച്ചതിങ്ങനെയാണ്.

ചര്‍ച്ചക്ക് ശേഷമുള്ള യാത്രയില്‍ കണ്ടത് തിരുവനന്തപുരത്തിന്റെ ഭിത്തികളില്‍ മലയാളഭാഷ സംരക്ഷണത്തിന്റെ പോസ്റ്റരുകള്‍ നനഞ്ഞു ഒലിക്കുന്ന കാഴ്ചയാണ്. എന്നാല്‍ കുലംകുത്തി പെയ്യുന്ന മഴകളിലും ചുട്ടെരിച്ചു കളയുന്ന വേനലുകളിലും വീണു പോവാതെ എന്നും നിലനില്‍ക്കും ആ അമ്പത്തിയൊന്നു അക്ഷരങ്ങളുടെ പുണ്യം!


ഓര്‍മകളില്‍ അവശേഷിക്കുന്നത്:

എന്റെ ഗ്രാമമായ വാഴക്കുളത്തെ നിവാസികള്‍ക്ക് വായനയുടെ വിശ്വവാതായനങ്ങള്‍ തുറക്കുന്ന വന്ദേമാതരം ഗ്രാമീണ വായനശാലയുടെ (സ്ഥാപിതം: 1947 August 15)പുസ്തക ശേഖരങ്ങളില്‍ നിന്നും ഒന്നര പതിറ്റാണ്ട്കള്‍ക്ക് മുന്‍പാണ് ജോര്‍ജ് ഓണക്കൂരിന്റെ "ഇല്ലം" ഞാന്‍ വായിക്കുന്നത്. ആ പുസ്തകം പകര്‍ന്ന മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്നത്‌ ഞാന്‍ പോലും അറിയാതെ ആയിരുന്നു. ആ വരികളെഴുതിയ കൈകളില്‍ ഒരു മുത്തം നല്‍കണമെന്ന് ഞാന്‍ അന്നേ ആഗ്രഹിച്ചിരുന്നു. പതിനഞ്ചു സംവത്സരങ്ങള്‍ക്കു ശേഷം, തുള്ളിക്കൊരു കുടം കണക്കെ തിമിര്‍ത്തു പെയ്യുന്ന ഒരു തുലാവര്‍ഷ സായാഹ്നത്തില്‍ തലസ്ഥാനത്തെ ഗോര്‍ക്കി ഭവനത്തില്‍ വച്ച്
Talking Point ന്റെ പ്രോഗ്രമിനാണ് ഓണക്കൂര്‍ സാറിനെ കണ്ടു മുട്ടുന്നത്. അന്ന് ഓണക്കൂര്‍ സാറിന്റെ കൈകളില്‍ ഞാനൊരു മുത്തം കൊടുത്തു. അദ്ദേഹം തിരിച്ചു എന്റെ നെറുകയിലും... അദ്ദേഹത്തിന്റെ ആ സ്നേഹവാല്‍സല്യം വിസ്മരിക്കേണ്ട ഒരു അധ്യായത്തിലും ഞാന്‍ കുറിച്ചുവച്ചിട്ടില്ല.



http://www.youtube.com/watch?v=iR3bHEkJsgY

Saturday, November 20, 2010

"ബാഡ്ഗേളും" ചിഹ്നമില്ലാത്ത ചോദ്യങ്ങളും!

ഒരു പക്ഷെ, റിക്കാര്‍ദോ സ്നേഹിച്ചത്രയും ആരും പാരീസിനെ സ്നേഹിച്ചിരിക്കില്ല. അത്രയും അഭിനിവേശമായിരുന്നു അയാള്‍ക്ക്‌ ആ നഗരത്തിനോട്.അതു പോലെ, അത്രയും ഇഷ്ടമായിരുന്നു ലിലി എന്ന പെണ്‍കുട്ടിയോടും. സന്തോഷമെന്ന മിന്നാമിനുങ്ങിനെ തേടിയലഞ്ഞ ലിലി, റിക്കാര്‍ദോയുടെ ജീവിത വഴിത്താരകളില്‍ പല പേരുകളില്‍ പല ദേശങ്ങളില്‍ വച്ച് ഇണചേരുകയുണ്ടായി. ആര്‍ലെറ്റ്‌ എന്ന വിപ്ലവകാരിയായും മദാം റോബര്‍ട്ട്‌ ആര്‍നോ ആയും, കുതിര പന്തയക്കാരനായ ഡേവിഡ്‌ റിച്ചാര്‍ഡ്സന്റെ ഭാര്യയായിരുന്ന കാലഘട്ടത്തിലും, ഒരു മാഫിയ തലവന്റെ വെപ്പാട്ടിയായും ലിലി ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും, റിക്കാര്‍ദോയുമായി രഹസ്യ സമാഗമങ്ങളും കിടപ്പറ പങ്കിടലും നിര്‍വിഘ്നം നടത്തിപ്പോന്നിരുന്നു. പലരുടെയും കളിപ്പാട്ടമായിരുന്ന ലിലി ഒടുവില്‍ രോഗബാധിതയായി വന്നെത്തിയതും, എണ്ണാവുന്ന ശിഷ്ടകാല ജീവിതം പങ്കുവച്ചതും റിക്കാര്‍ദോയുടെ ഒപ്പമായിരുന്നു.

സ്നേഹത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടു പോയ റിക്കാര്‍ദോയുടെയും ആസക്തിയുടെ അധരങ്ങള്‍ പാനം ചെയ്യുവാന്‍ വെമ്പി നടന്ന ലിലിയുടെയും ജീവിത യാത്രയെ പെറുവിന്റെ രാഷ്ട്രീയ ജീവിതവുമായി ഇഴചേര്‍ത്താണ് മരിയോ വര്‍ഗാസ്‌ യോസേ "ദി ബാഡ് ഗേള്‍" (Mario Vargas Llosa - The Bad Girl)രചിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ താളപ്പിഴകളെയും തകര്‍ച്ചകളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച യോസേയുടെ ബാഡ്ഗേള്‍ എന്ന വായനാനുഭവത്തിന്റെ ബാക്കിപത്രം.

എവിടെയാണ് നമ്മുടെ സ്നേഹ ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നത്‌? നിറഞ്ഞ പത്തായങ്ങളെക്കാള്‍ വിലയുള്ളവയാണ്, സാധ്യതകള്‍ ഉള്ളവയാണ്, വിശിഷ്ട ചിന്തകളും സജീവ സ്വപ്നങ്ങളും കൊണ്ട് സമ്പന്നങ്ങളായ മനുഷ്യ ഹൃദയങ്ങള്‍ എന്ന് നാം എന്നേ മറന്നു കഴിഞ്ഞു.മൊബൈല്‍ ഫോണില്‍ റേഞ്ച് ഇല്ലാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷത്തിന്റെ പത്തിലൊന്നു പോലും വരുന്നില്ല ഒരു സൌഹൃദം നഷ്ടമാവുമ്പോള്‍. ആത്മാര്‍ഥ സൌഹൃദത്തിന്റെ ഹൃദയ തുടിപ്പുകള്‍ അറിയാനാവാത്ത വിധം മരവിച്ചു പോയിരിക്കുന്നു നമ്മുടെ മനസ്സുകള്‍. ഊഷ്മള ബന്ധങ്ങളുടെ സാമീപ്യത്തേക്കാളുമുപരി സോഷ്യല്‍ മീഡിയകളിലൂടെ കുത്തി കുറിക്കുന്ന മൊഴികളില്‍ അതിരറ്റു വ്യാപൃതരാവുകയും, ചുറ്റുപാടുകളില്‍ നിന്നും വേര്‍പ്പെട്ട, തന്റേതു മാത്രമായ ഒരു ലോകം സൃഷ്ടിച്ചു സംതൃപ്തി അടയുകയും ചെയ്യുന്നു. ഈയൊരു വ്യത്യസ്ത ലോകത്ത് വിശ്വാസ്യത എന്നത് പാസ്‌വേര്‍ഡുകള്‍ കൈമാറുന്നതില്‍ മാത്രമായി ഒതുങ്ങുന്നു. അങ്ങനെ, പങ്കുവ്യ്ക്കപ്പെടാത്ത ചിന്തകളും മൊഴിയാത്ത വാക്കുകളും ആ വ്യത്യസ്തങ്ങളായ ഹൃദയ ഭൂമിശാസ്ത്രങ്ങളെ അടുക്കാന്‍ പറ്റാത്ത വിധം അകറ്റുന്നു. ഒരു വാക്ക് പോലും ഉരിയാടാത്ത, മറുപടിയില്ലാത്ത മൌനത്തില്‍ ആണ്ടുപോകുന്നു ആ സ്നേഹ ബന്ധങ്ങള്‍ ഒക്കെയും.

രതിയും ലഹരിയും സമ്മാനിക്കുന്ന ഉന്മാദ ലോകത്തിനും പലതരം മുഖങ്ങള്‍ നല്‍കുന്ന ഒരേ സുഖത്തിനും മുന്നില്‍ മനസ്സ് അടിയറവു വയ്ക്കുമ്പോള്‍ കുടുംബം എന്ന വ്യവസ്ഥിതിയുടെ താളത്തില്‍ ശ്രുതിഭംഗം ഉണ്ടാകുന്നു. കെട്ടുറപ്പിന്റെ കുത്തുകള്‍ അഴിയുന്നു. ആത്മാര്‍ഥതയുടെ കപടമുഖം അണിഞ്ഞു, അവനവന്റെ ആവശ്യം നിറവേറ്റാന്‍ മാത്രമുള്ളതും, ആനന്ദം കണ്ടെത്താനുള്ള ഹൃസ്വദൂര വഴികളുമായി മാത്രം മാറുകയാണ് സൃഹുത് ബന്ധങ്ങളും, ഒരു പരിധി വരെ കുടുംബ ബന്ധങ്ങളും.യോസേ ബാഡ് ഗേളിലൂടെ വ്യക്തമാക്കുന്നതും ഇത്തരം ഹൃദയങ്ങളുടെ ഭൂമിശാസ്ത്രത്തെയാണ്. ചിഹ്നമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്, ജീവിതത്തിലും ബാഡ്ഗേളിലും...


ഒടുവില്‍ അവശേഷിക്കുന്നത്:

തലസ്ഥാനത്തെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിനായി എത്തിയത് പതിനായിരത്തിലേറെ ഹര്‍ജികള്‍ , തീര്‍പ്പാക്കിയത് നാലായിരത്തോളം കേസുകള്‍, കൂട്ടി യോജിപ്പിക്കാനായത് നൂറ്റംബതില്‍ താഴെ മാത്രം. ഭര്‍ത്താക്കന്മാരുടെ മദ്യപാനവും ക്രൂരതയും ഭാര്യമാരുടെ പീഡനവും ശമ്പളത്തിലെ ഏറ്റകുറച്ചിലുകളുമാണത്രെ വിവാഹമോചനത്തിനുള്ള പ്രധാന കാരണങ്ങള്‍!

കാര്യം വെറും നിസ്സാരമല്ല, പ്രശ്നമോ അതീവ ഗുരുതരവും!!

Sunday, October 3, 2010

കുറുമ്പയുടെ മരണം

"ചാത്തന്‍ കുളത്തില്‍ ചാടി കുറുമ്പ ആത്മഹത്യ ചെയ്തു". ഒക്ടോബര്‍ ഒന്ന് , ലോക വയോജന ദിനം പുലര്‍ന്നത് ഈ വാര്‍ത്തയുമായിട്ടായിരുന്നു. നാട്ടില്‍ നിന്നും കൂട്ടുകാര്‍ വിളിച്ചു പറഞ്ഞതാണിത്.
ഞാനോര്‍ത്തു. ഏതാണ്ട് എണ്‍പത്തിയഞ്ചു കൊല്ലത്തോളം ആയിട്ടുണ്ടാവണം കുറുമ്പ ആ കുളത്തിന്റെ കരയിലൂടെ നടന്നു തുടങ്ങിയിട്ട്. ഒരു കാലത്ത്, ആ കുളത്തിലെ വെള്ളത്തില്‍ കൈ-കാല്‍ പോലും കഴുകാന്‍ കുറുമ്പയ്ക്ക് അവകാശം ഉണ്ടായിരുന്നില്ല. സവര്‍ണ്ണരുടെതായിരുന്നത്രേ ആ കുളവും അതിലെ വെള്ളവും! ആ കരയുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ കുളത്തിലെ വെള്ളത്തിനും.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ വര്‍ണക്കാഴ്ചകളെക്കാള്‍ സൌന്ദര്യമുണ്ടായിരുന്നു പല്ലില്ലാത്ത മോണകള്‍ കാട്ടിയുള്ള കുറുമ്പയുടെ നിഷ്കളങ്കമായ ആ ചിരിക്ക്...

ജന്മി - കുടിയാന്‍ വ്യവസ്ഥിതി നില നിന്നിരുന്ന കാലഘട്ടം. കുന്നും മലകളും കേരവൃക്ഷങ്ങളും പച്ച നെല്‍പ്പാടങ്ങളും നിറഞ്ഞ ഒരു കാമ്യകം ആയിരുന്നു ആ നാട്. അതില്‍ അധ്വാനത്തിന്റെ മുത്തു മണികള്‍ കൊണ്ട് കനകം വിളയിച്ചിരുന്നു കുറുമ്പയും കൂട്ടരും. അയിത്തവും ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും പട്ടിണിയും പരിവട്ടവും അലട്ടിയിരുന്നിട്ടും ജീവിതത്തോട് തോല്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. "ഫ്യൂടല്‍ പ്രഭു"ക്കളുടെയും കാര്യസ്ഥന്മാരുടെയും "തിരുവായ്ക്കു എതിര്‍വാ" ഇല്ലാത്ത കല്പ്പനകള്‍ക്ക് ഇടയില്‍ നിന്നും രക്ഷിക്കാനും, സംരക്ഷിക്കാനും ആരുമില്ലാതിരുന്നിട്ടും പതികളില്‍ കുടിയിരുത്തിയ കാര്ന്നോന്മാരും കാവിലെ ഭാഗോതിയും കൈവിടില്ലെന്ന് കുറുമ്പയ്ക്ക് ഉറപ്പുണ്ടായിരുന്നു. എരിതീയില്‍ കുരുത്ത്, അതിലേറെ ചൂടില്‍ വളര്‍ന്ന ഒരു ജന്മമായിരുന്നല്ലോ അവരുടേത്.

നാലുദിക്കില്‍ നിന്നും എട്ടു-പത്തു മുട്ടന്‍ കലിപ്പ് മെയിലുകള്‍ വരുമ്പോള്‍ തന്നെ പ്രക്ഷുബ്ധമാകുന്നു നമ്മുടെ മനസ്സ്, നിയന്ത്രണാതീതമാകുന്നു നമ്മുടെ ആത്മസംയമനം. തീരെ നിസ്സാര കാര്യം മതിയല്ലോ നമ്മുടെ മനസ്സ് അസ്വസ്ഥമാകാന്‍. അതേ സമയം, യാതനകളില്‍ തന്റെ ജീവിതവും സ്വപ്നങ്ങളും മുഴുവന്‍ കത്തിയെരിയുകയായിരുന്നിട്ടും സന്തോഷവതിയായി തന്നെ കുറുമ്പ ജീവിച്ചു. ഒരു പുഞ്ചിരിയോടെയല്ലാതെ ആരും തന്നെ കുറുമ്പയെ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.
എന്നിട്ടും ജീവിത സായാഹ്നത്തില്‍, താന്‍ നട്ടു വളര്‍ത്തിയ കൃഷി സ്ഥലങ്ങളോടും നെല്‍ പാടങ്ങളോടും യാത്ര പോലും പറയാതെ, അവര്‍ ആത്മഹത്യ ചെയ്തു. കാഠിന്യമാര്‍ന്ന ജീവിത അനുഭവങ്ങളാല്‍ സ്ഫുടം ചെയ്ത, കരുത്തുറ്റ അവരുടെ മനസ്സ് എന്ത് കൊണ്ട് ആത്മഹത്യയില്‍ അഭയം തേടി? ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ആഗ്രഹിച്ചിരുന്ന സ്നേഹ- ശുശ്രൂഷകളും പരിചരണവും കിട്ടാതെ വരികയും, പ്രായം ചെന്ന അവര്‍ പുതുതലമുറക്ക്‌ "ഭാര" മാവുകയും ചെയ്തപ്പോള്‍ ജീവിതത്തെ വെല്ലുവിളിച്ചു മരണത്തെ പുല്കുകയായിരുന്നു അവര്‍.

ലോക വയോജന ദിനത്തിലെ കുറുമ്പയുടെ ആത്മഹത്യ നമുക്ക് നേരെ ഉയര്‍ത്തുന്ന ചില ചോദ്യ ചിഹ്നങ്ങളുണ്ട്. നാം പ്രായമായവരെ വേണ്ടവിധം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ടോ? അവര്‍ ബാധ്യതയല്ല, മറിച്ച് നമ്മുടെ കരുത്താണ് എന്ന് നാം തിരിച്ചറിയുന്നുണ്ടോ? അവരോടു നാം എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നാം മനസ്സിലാക്കുന്നുണ്ടോ? സമയത്തിന് പിറകെ പായുവാന്‍ വെമ്പി, നേരമില്ലാത്ത കാരണം പറഞ്ഞു വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും അവരെ ഒറ്റപ്പെടുത്തുമ്പോള്‍ നാം ഓര്‍ക്കണം. നമ്മളെയും നാളെ കാത്തിരിക്കുന്ന വിധി ഇത് തന്നെയാവുമെന്ന്...

Monday, September 13, 2010

മതം. രാഷ്ട്രീയം. ലൈംഗികത.

കേരളീയ സമൂഹം എക്കാലവും അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന മൂന്നു വിഷയങ്ങളാണ് ഈ കുറിപ്പിന്റെ ശീര്‍ഷകം. ഇതില്‍ ഉളവാകുന്ന ചെറിയ ചലനങ്ങള്‍ പോലും സമൂഹ മനസ്സിനെ അലോസരപ്പെടുത്തുന്നു. തങ്ങളെയും സമൂഹത്തെയും അല്‍പ്പം പോലും സ്പര്‍ശിക്കാത്ത കാര്യമാണെങ്കില്‍ പോലും അവര്‍ ചര്‍ച്ച ചെയ്യുന്നു, വിവാദങ്ങള്‍ ഉണ്ടാക്കുന്നു.വിദ്യാഭ്യാസത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ മുന്നോക്കം നില്‍ക്കുകയും പ്രത്യയ ശാസ്ത്രങ്ങളെയും വിശ്വാസങ്ങളെയും ഇത്രയും അന്ധമായി അനുകരിക്കുകയും അടിമപ്പെടുകയും ചെയ്യുന്നു എന്നത് വിരോധാഭാസമായി നമുക്കനുഭവപ്പെടാം.
മേല്‍ പ്രസ്താവിച്ച വിഷയങ്ങളില്‍ "അസാധാരണത്വവും" "വിവാദവു" മൊന്നും കണ്ടെത്താത്ത ഒരു പ്രൊഫഷനല്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുകയാണ് ടെക്കി.
മതം/ ദൈവം എന്നത് കേവലം ഒരു സംഘടനയുടെതോ വിഭാഗത്തിന്‍റെയോ മാത്രം സ്വകാര്യ സ്വത്തല്ല. മരിച്ചു ലോക ജനതയ്ക്ക് മുഴുവന്‍ തുല്യ ഉത്തരവാദിത്വവും അവകാശവുമുള്ള ഒരു വികാരമാണ്. കര്‍മമാണ് ദൈവമെന്നും സ്വഭാവ മഹിമയാണ് ഏറ്റവും നല്ല മതമെന്നും , അച്ചടക്കത്തോടെ ആത്മാര്‍ഥതയോടെ കര്‍മം ചെയ്യുവാനുമാണല്ലോ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നതും.ജാതി വ്യവസ്ഥയെ തുലനം ചെയ്യുന്ന സംവരണവും, മത ചിഹ്നങ്ങള്‍ക്ക് അലിഖിത നിയന്ത്രണവുമുള്ള ടെക്കിയുടെ സമൂഹത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പാസ്‌ വേഡുകളായി മാത്രമാണ് പുനര്‍ജനിക്കുന്നത്. ദൈവ നാമങ്ങളും മന്ത്രങ്ങളും സൂക്തങ്ങളുമെല്ലാം രഹസ്യ വാക്കുകള്‍ ആവുന്നുണ്ട്‌. ഇതോടൊപ്പം മാദകതിടമ്പുകളും സിനിമാതാരങ്ങളും മഹാന്മാരും മദ്യലേബലുകളും ഉള്‍പ്പെടുന്നു. എവിടെ അവനവന്റെ വിശ്വാസമാണ് പരിരക്ഷിക്കുന്നത്, ശക്തി പകരുന്നതും. ഇതിനിടയില്‍ മതത്തിനോ വര്‍ഗീയതക്കോ മതങ്ങള്‍ അനുശാസിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ക്കോ ടെക്കികള്‍ വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ല. അവയൊന്നും ടെക്കികളുടെ പ്രൊഫഷനല്‍ ജീവിതത്തില്‍ ചലനമൊന്നും സൃഷ്ടിക്കുന്നുമില്ല.

ടെക്കികള്‍ക്കിടയില്‍ ലൈംഗികതയോടുള്ള തുറന്ന സമീപനവും വിശാലമായ കാഴ്ചപ്പാടും അതോടൊപ്പം തന്നെ വഴിവിട്ട ജീവിതരീതികളും തകരുന്ന കുടുംബ ബന്ധങ്ങളും ചര്‍ച്ചാ വിഷയമാക്കുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് വളരെ വിചിത്രമായി അനുഭവപ്പെടുന്നുണ്ട്.എഴുത്തുകാരുടെ "എരിവും പുളിയും" നിറഞ്ഞ പ്രണയാനുഭവങ്ങളും ലൈംഗികാതിപ്രസരമുള്ള സിനിമകളും (കഴിഞ്ഞ വര്‍ഷത്തെ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിനു ഒരു സിനിമ പ്രേക്ഷക അഭ്യര്‍ഥന മാനിച്ചു നാലോളം പ്രാവശ്യം പ്രദര്‍ശിപ്പിക്കുകയുണ്ടായി) അതീവ ഹൃദ്യമായി ആസ്വദിക്കുകയും ലൈംഗിക വിദ്യാഭ്യാസത്തെ സഭ്യതയുടെ പേരില്‍ എതിര്‍ക്കുകയും ചെയ്യുന്ന ഒരു ചിന്താ രീതിയാണ് പൊതു സമൂഹത്തിന്റേത്. സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവര്‍ ആധുനിക ലോകം കാപ്സ്യുളുകള്‍ ആയും മറ്റും വില്‍ക്കുന്ന/ പ്രചരിപ്പിക്കുന്ന ലൈംഗികതയെ കണ്ടില്ലെന്നു നടിക്കുന്നു. "ദിവ്യമായ അനുഭൂതിയെ" കച്ചവട ചരക്കാക്കുന്നതില്‍ ആനന്ദം കണ്ടെത്തി , ആസ്വധനതിനു പരിധികള്‍ ഇല്ലെന്നും പാഠ്യപദ്ധതിക്ക് സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടെന്നും പറയുന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ടതല്ലേ?

സെക്സ് ഒരു പാപമല്ല എന്ന് വിചാരിക്കുന്ന പുതുതലമുറയില്‍ ഡെറ്റിങ്ങും മറയില്ലാത്ത ആണ്‍ -പെണ്‍ സൌഹൃദങ്ങളും , വിവാഹ പൂര്‍വ/ വിവാഹേതര ബന്ധങ്ങളും ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. സദാചാര വാദികളുടെ മുദ്രാവാക്യങ്ങളും പ്രസ്താവനകളും ഈയൊരു ചിന്താഗതിക്ക് മാറ്റമൊന്നും സൃഷ്ടിക്കുമെന്ന് വിചാരിക്കുന്നില്ല. അത് പോലെ തന്നെയാണ് "സദാചാരത്തെ" പരിപോഷിപ്പിക്കാന്‍ ഈ ഐ. ടി . യുഗത്തില്‍ ചില ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും. കൈയിലുള്ള മൊബൈല്‍ ഫോണില്‍ ലോകം മുഴുവന്‍ തെളിയുമ്പോള്‍ ഇത്തരം വിളക്കുകള്‍ ശുദ്ധ വങ്കത്തരമല്ലേ? മതപണ്ഡിതരും ആള്‍ ദൈവങ്ങളും ആത്മീയ പ്രഭാഷകരും 24 x 7 നിറഞ്ഞു നില്‍ക്കുന്ന സദാചാര ചാനലുകള്‍ പകരുന്നത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രസക്തി മാത്രമാണ്. പ്രായോജകരായ മത സംഘടനയുടെ കാഴ്ചപ്പാടുകളെ/ തത്വങ്ങളെ എതിര്‍ക്കുന്നത് മതത്തെ എതിര്‍ക്കുന്നതിനു തുല്യമായി കാണുകയെന്നും കാണിക്കുകയെന്നുമുള്ള ഹിഡന്‍ അജെണ്ടയാണ് പലപ്പോഴും ഇത്തരം ചാനലുകള്‍ക്ക് പിന്നിലുള്ളത്. ആത്മീയ ഗുരുക്കന്മാര്‍ പകരുന്ന സത് വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പകരം അവരെ ദൈവങ്ങളാക്കി അവതരിപ്പിച്ചു അനുയായികളെ സൃഷ്ടിച്ചു, സംഘങ്ങള്‍ക്ക് രൂപം കൊടുത്തു ധ്രുവീകരണം നടത്തുകയാണ് "ഭക്തി വ്യവസായത്തിന്റെ " പുതിയ മുഖം. കച്ചവടത്തിന് അനന്ത സാധ്യതകള്‍ ഉള്ള "ഭക്തിയെ" പ്രചരിപ്പിക്കാന്‍ തകിട്/ ഏലസ്സ്/ ജപമാല/ രുദ്രാക്ഷം/ വിളക്ക്/ സി ഡി തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്ക് എല്ലാ ചാനലുകളും സമയം ചിലവഴിക്കുന്നുണ്ട് . എന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും സത് ചിന്തകളെ സ്വാംശീകരിച്ച് ഹൃദയത്തില്‍ കാത്തു സൂക്ഷിക്കാനും സത് പ്രവൃത്തികളിലൂടെയാണ് സര്‍വ ശക്തനായ ദൈവത്തെ കണ്ടേതെണ്ടതെന്നും എവിടെ ഒരു ചാനലും മാധ്യമവും നമ്മെ പഠിപ്പിക്കുന്നില്ല.

രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ പരിധിയില്‍ പെടുമെങ്കിലും തിരഞ്ഞെടുപ്പ്/ ഭരണം/ അഴിമതി തുടങ്ങി ചില പ്രക്രിയകളില്‍ ഒതുങ്ങി നില്‍ക്കുന്നു നമ്മുടെ രാഷ്ട്രീയം. ജാതി/ മത/ സംഘടന ചിന്തകളിലൂടെ അല്ലാതെ രാജ്യ/പൊതുജന താല്പര്യത്തിനു വേണ്ടി ജനവികാരം ശക്തിപ്പെടുത്താന്‍ കഴിവില്ലാത്തതാണ് ഇന്നത്തെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും .
വിവര സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയകളിലൂടെയും ജനതയുടെ സ്പന്ദനമറിഞ്ഞ് പരിഷ്കാരങ്ങള്‍/ വികസനങ്ങള്‍ വരുത്തുന്ന ഭരണാധികാരികളെ പുതു തലമുറ സ്വാഗതം ചെയ്യുമ്പോള്‍ പരമ്പരാഗത രാഷ്ട്രീയ വാദികള്‍ വെറുക്കുന്നു, സ്ഥാന ഭ്രുഷ്ടരാക്കുന്നു. എന്തെന്നാല്‍ എവിടെ നില നില്‍ക്കേണ്ടത് ആനമയില്‍ ഒട്ടകം എന്ന കണ്‍കെട്ട് വിദ്യയാന്നെല്ലോ. കാലത്തെ അതി ജീവിക്കാത്ത പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍ നെഞ്ചോടടുക്കി ജീവിക്കുന്ന പാരമ്പര്യവാദികള്‍ ഒന്നോര്‍ക്കുക: വിളിച്ച മുദ്രാവാക്യങ്ങളുടെയും പങ്കെടുത്ത സമരങ്ങളുടെയും പിന്‍ബലത്തില്‍ നേതാക്കന്മാര്‍ ആവുന്നവരെയല്ല മറിച്ച്, സമയം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ അതി നൂതന ആശയവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ നാടിന്റെ പള്‍സ് അറിയുന്നവരെയാണ് പുതുതലമുറ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ/ ട്രേഡ് യുണിയന്‍ ഇടപെടലുകള്‍ ഇല്ലാതെ വ്യവസായ മേഖലയെ സംരക്ഷിക്കാമെന്നും അവയെ വികസനത്തിന്റെ/ പുരോഗതിയുടെ പ്രധാന ഘടകം ആക്കാമെന്നും തെളിഞ്ഞിട്ടുള്ള ഒരു നാടാണിത്. ഐ ടി യെ തന്നെ ഉദാഹരണമാക്കാം. ബാഹ്യമായ ഒരു രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ "കരി പുരളാത്ത, ധൈഷണികമായി അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം" സര്‍ക്കാരിന് കോടികളുടെ ലാഭമാണ് വര്‍ഷാവര്‍ഷം നേടി കൊടുക്കുന്നത്. പോളണ്ടിനെയും ചൈനയെയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന നേരം അല്‍പ്പമെങ്കിലും അധ്വാനിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ പല വ്യവസായ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരില്ലായിരുന്നു എന്നത് ചരിത്ര സത്യമാണ്.
മൂന്നാംകിട രാഷ്ട്രീയ കളികളിലൂടെ അധികാരത്തിനും സമ്പത്തിനും വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് മുന്‍പില്‍ ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യ വചനങ്ങള്‍ സമര്‍പ്പിക്കുന്നു.

"Bury my body. Don't build any monument. Keep my hand outside. So the world knows that who won the world had nothing in hand when died..."

Tuesday, August 17, 2010

മാവേലി നാടു വാണീടും കാലം...

ഓണം - മലയാളിയുടെ ജീവിതത്തിലും ഓര്‍മ്മകളിലും അതിനു തിളക്കമേറെ. ഓണക്കിനാക്കളുടെ നിറചാര്‍ത്തില്‍
കാലം വരുത്തിയ തേയ്മാനം പാതി മനസ്സോടെ അംഗീകരിക്കുമ്പോഴും ആവേശപൂര്‍വ്വം ലാളിക്കുന്ന മധുര സ്വപ്നമാണ് മലയാളിക്ക് ഓണം. ഓണനാളുകളിലെ ആര്‍പ്പുവിളികളും ആരവങ്ങളും നമ്മില്‍ ആമോദം പകരുമ്പോള്‍ നിറഞ്ഞ മനസ്സോടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ പുലരികള്‍ക്ക് വേണ്ടി നമുക്കു പ്രതിജ്ഞ എടുക്കാം. അതോടൊപ്പം, കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത ഒരു കാലഘട്ടത്തെയും അങ്ങനെയൊരു കാലഘട്ടം ജനങ്ങള്‍ക്കു നല്‍കിയ മഹാബലി ചക്രവര്‍ത്തിയെയും നാം സ്മരിക്കണം. ഇവിടെ മുദ്രണം ചെയ്യുന്നു, അജ്ഞാതനായ മഹാകവി രചിച്ച ഒരു നല്ല കാലത്തിന്‍റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ആ വരികള്‍ സമ്പൂര്‍ണ രൂപത്തില്‍...

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ട് കാണാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമാകെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങള്‍ അണിഞ്ഞുകൊണ്ട്
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം.
കള്ളവുമില്ല ചതിയുമില്ല
എളോള്ളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ല പോലെല്ലാ വിളവും ചേരും
മാനം വളച്ച വളപ്പകത്തു
നല്ല കനകം കൊണ്ടെല്ലാവരും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്ന വാണിഭമെന്ന പോലെ
ആന കുതിരകളാടുമാടും
കൂടി വരുന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളും
നീലക്കവണികള്‍ വേണ്ടുവോളും
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍
ചീനതൈ മുണ്ടുകള്‍ വേണ്ട പോലെ.
ജീരകം നല്ല കുരുമുളക്
ശര്‍ക്കര, തേനോടു പഞ്ചസാര
എണ്ണമില്ലാതോളമെന്നെ വേണ്ടൂ.
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ട പോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നു കരയുന്ന മാനുഷരും
ഖേദിക്ക വേണ്ടന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
എന്നതു കേട്ടൊരു മാനുഷരും
നന്നായി തെളിഞ്ഞു മനസ്സുകൊണ്ട്
വത്സരമൊന്നാകും ചിങ്ങമാസം
ഉത്സവമാകും തിരുവോണത്തിനു
മാനുഷരെല്ലാരുമൊന്നുപോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ച മല്ലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം
കൊച്ചു കല്യാണിയും എന്നോരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി
അത്തപ്പൂവിട്ടു കുരവയിട്ടു.
മാനുഷരെല്ലാരുമൊന്നുപോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു.



**ഓണാശംസകള്‍**

Tuesday, August 10, 2010

ആ പൂവ് നീ എന്തു ചെയ്തു?

കിനാവുകള്‍ ഇല്ലാത്ത, മനോരാജ്യങ്ങള്‍ ഇല്ലാത്ത മരവിച്ച കോര്‍പ്പറേറ്റ് ദിനരാത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ആ SMS എന്റെ മൊബൈല്‍ ഇന്‍ബോക്സില്‍ എത്തിയത്. "അടുത്താഴ്ച കോളേജില്‍ Old Students Meet നു വരുമോ?". അപരിചിതമായ നമ്പരില്‍ നിന്നും വന്ന SMS എന്നെ വിസ്മയിപ്പിച്ചു. എങ്കിലും കൊടും വേനലിലെ ആ കുളിര്‍മഴയ്ക്ക് ഒരു SMS മറുപടി തന്നെ അയച്ചു: "വരും, ഉറപ്പായിട്ടും വരും". ഉടന്‍ വന്നു അടുത്ത ചോദ്യം: "കണ്ടിട്ട് 10 - 12 വര്‍ഷമായല്ലോ? എനിക്കെന്തു സമ്മാനമാണ് നീ കൊണ്ട് വരിക?". അപ്പോഴാണ്‌ എനിക്ക് ആളെ പിടികിട്ടിയത്. ശരിയാണ്, മാസങ്ങളും വര്‍ഷങ്ങളുമല്ല, പതിറ്റാണ്ടുകള്‍ തന്നെ മിന്നല്‍ വേഗത്തിലാണ് വന്നു പോകുന്നത്. അവളെ കണ്ടിട്ടാന്നെങ്കില്‍ വര്‍ഷങ്ങളായി.വല്ലപ്പോഴുമുള്ള ലാന്‍ഡ്‌ ഫോണ്‍ വിളികളില്‍ നിന്നും ജീവിത നാടക രംഗങ്ങള്‍ കൃത്യത ഇല്ലാത്ത ഇടവേളകളില്‍ ഞങ്ങള്‍ പരസ്പരം പങ്കു വെച്ചിരുന്നു. അവളുടെ വിവാഹ ശേഷം കഴിഞ്ഞ ആറു വര്‍ഷമായി ഒരു വിവരവും എനിക്ക് ലഭിച്ചിരുന്നില്ല. SMS നുള്ള മറുപടി ആലോചിക്കുമ്പോഴാണ് പണ്ട് കോളേജിലെ പ്രേമലേഖന മത്സരത്തില്‍ അവള്‍ക്കു വേണ്ടി എഴുതിയ ഒരു വരി ഓര്‍മയില്‍ വന്നത്. "നിനക്ക് തരാന്‍ എന്റെ കൈയില്‍ മുന കൂര്‍ത്ത കൂരമ്പുകള്‍ കൊണ്ടിട്ടും കീറിപ്പോവാതെ കാത്തു സൂക്ഷിച്ച ഒരു ഹൃദയമുണ്ട്. ഒപ്പം ഒരു കുട്ട നിറയെ ഉമ്മകളും".മറുപടി വന്നത് വളരെപ്പെട്ടെന്നായിരുന്നു. "Hmm ....
വഷളത്തരത്തിനു ഇപ്പോഴും ഒരു കുറവുമില്ല. നീ വരണം. വരാതിരിക്കരുത്. ഞാന്‍ കാത്തിരിക്കും. love n kisses .."

യാന്ത്രികമായ ജീവിത ചര്യകള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ആണെല്ലോ "നാം ജീവിച്ചിരിക്കുന്നു" എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത്‌. ഒപ്പം ഭൂമിയിലെ സ്നേഹം വറ്റി വരണ്ടു പോയിട്ടില്ലെന്നും. അത്രയും നാള്‍ അതിവേഗം കുതിച്ചു പാഞ്ഞിരുന്ന കാലം പിന്നീടുള്ള നാളുകളില്‍ ഒച്ചിന്റെ വേഗത്തിലാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് എനിക്കനുഭവപ്പെട്ടു. പിന്നിട്ട നാളുകള്‍ക്കു എത്ര സുഗന്ധം എന്ന് അനുഭവിച്ചറിയുവാന്‍ ആ സുദിനത്തിനായി ഞാന്‍ കാത്തിരുന്നു.


വളരെ ദൂരെ നിന്നും എനിക്ക് കാണാമായിരുന്നു കലാലയത്തിന്റെ അംബര ചുംബിയായ ആ Show wall . ഒരു മരുഭൂമിയുടെ വന്ധ്യതയിലൂടെ മരുപ്പച്ചയിലേക്ക്‌ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു നടപ്പാത. അതിലൂടെ ഞാന്‍ കോളേജിനെ ലക് ഷ്യമാക്കി നീങ്ങി. മുന്‍പേ പോയവര്‍ നടന്നു തേഞ്ഞ ആ പാതകളില്‍ കൂടിയാന്നെല്ലോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ പുതിയ ജീവിത പ്രയാണത്തിന്റെ പുളകം വിതറിയത്...
ഞാന്‍ ചെന്നെത്തിയത് കലാലയത്തിന്റെ ഹൃദയത്തുടിപ്പായ, എട്ടു തൂണുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പോര്‍ടികൊയിലാണ്. മഴ നനഞ്ഞെത്തിയ പുത്തന്‍ കൂട്ടുകാര്‍ക്കു ആതിഥ്യമരുളിയതും... ഇന്നലെകളുടെ പ്രതികരണ ശേഷി കൈമോശം വരാതെ, ഈ തല തിരിഞ്ഞ കാലഘട്ടത്തിലെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതും... പ്രത്യയ ശാസ്ത്രത്തിന്റെ തീമുദ്രകളാല്‍ കലാലയത്തെ പ്രകമ്പനം കൊള്ളിച്ചതും... വേര്പിരിഞ്ഞവന്റെ ആത്മശാന്തിക്കായി ഉള്ളുരുകി പ്രാര്‍ഥിച്ചതും... എലാം ഇവിടെയായിരുന്നു. സിരകളിലൂടെ സമരാവേശത്തിന്റെ പുതുരക്തം ഒഴുകുന്നതായി എനിക്കനുഭവപ്പെട്ടു. ക്യാമ്പസ്സിനെ ഒന്നടങ്കം പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങള്‍ അവിടെ വീണ്ടും മുഴങ്ങി. "അനവധി നിരവധി ചോരച്ചാലുകള്‍.... നീന്തി കയറിയ പ്രസ്ഥാനം... ഇല്ല ഇല്ല പിന്നോട്ടില്ല... ഞങ്ങളെന്നും മുന്നോട്ട്..."

"അളിയാ .. പൂയ്" എന്നാ വിളിയാണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ വിപ്ലവ നായകന്മാര്‍ എല്ലാവരും തന്നെയുണ്ട്‌. മുട്ടോളം തെറുത്തു കയറ്റി വച്ച ഷര്‍ട്ടും മുണ്ടുമാണ് പലരുടെയും വേഷം. അതും ഒരു ഓര്‍മപ്പുതുക്കല്‍ തന്നെയാണെല്ലോ. ഓരോരുത്തരെയും മാറി മാറി ആശ്ലെഷിക്കുമ്പോള്‍ മനസ്സില്‍ ഒരായിരം ഓര്‍മ്മകളുടെ വേലിയേറ്റമായിരുന്നു..."Hello Mr .Principal , if you are a gentleman .. please allow a good campus " എന്ന ഒറ്റ മുദ്രാവാക്യം വിളിയിലൂടെ യുണിയന്‍ മെമ്പര്‍ വരെ ആയി തീര്‍ന്ന സിദ്ധന്‍ .... എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു ആഗ്രഹിച്ചു , കഴുത്തിലൊരു കാമറയും തൂക്കി കാമ്പസ്സിലൂടെ നടന്ന ഹരികുമാര്‍ ഉളിയന്നൂര്‍... അന്നത്തെ ഫിലിം കാമറയില്‍ ഹരിയെടുത്ത ഫോട്ടോകള്‍ , പിന്നിട്ട വര്‍ഷങ്ങളില്‍ എത്രയോ പ്രാവശ്യം എന്നെ സമ്മിശ്ര വികാരങ്ങള്‍ക്ക് അടിമപ്പെടുത്തിയിരിക്കുന്നു. കടുത്ത ദാരിദ്ര്യത്തില്‍ ആണെങ്കിലും, കൊച്ചി കായലില്‍ നിന്നും വീശുന്ന കാറ്റ് തരുന്ന ഭാവന തന്റെ വിശപ്പ്‌ മാറ്റുമെന്ന് പറഞ്ഞിരുന്ന , കാമ്പസിലെ സര്‍ഗാത്മക എഴുത്തുകാരന്‍ ആയിരുന്ന സുമേഷ് വല്ലാര്‍പാടം ...പിന്നെ പാച്ചുവും കോവാലനും ഡിങ്കനും പൂക്കലാഞ്ചനും പേര് മറന്നു പോയ ഒട്ടനവധി പരിചിത മുഖങ്ങളുമടക്കം അറിഞ്ഞും അറിയാതെയും കണ്ണില്‍ പതിഞ്ഞ നിരവധി പേര്‍ ...
അന്നത്തെ കൂട്ടുകാര്‍ മിക്കവരും തന്നെ സകുടുംബമാണ് എത്തിയിരിക്കുന്നത്. 90 - കളുടെ അവസാനത്തില്‍ ആ വിശ്വ വിദ്യാലയത്തില്‍ ജീവിച്ചവരുടെ പുന: സ്സമാഗമം വര്‍ഷിച്ചത് ഓര്‍മകളുടെയും സൌഹൃദങ്ങളുടെയും പെരുമഴക്കാലമായിരുന്നു. പരിചയം പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ എന്റെ കണ്ണുകള്‍ വിശ്രമമില്ലാതെ തേടിയത് അവളുടെ മുഖമായിരുന്നു. ഒടുവില്‍ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് കൊമേഴ്സ് ബ്ലോക്കിലെ ഗോവണിക്കരുകില്‍ അവള്‍ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരിക്കല്‍ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിലല്ല, ഇപ്പോഴും പ്രാണന്നു തുല്യം സ്നേഹിക്കുന്നവരുടെ നാട്യത്തിലാണ് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടിയത്‌. വേര്പാടിനെക്കാള്‍ വേദനാജനകം ആണെല്ലോ വീണ്ടുമുള്ള കണ്ടു മുട്ടലുകള്‍ . യാതൊന്നും പറയാനാവാതെ കുറച്ചു നിമിഷം ഞങ്ങള്‍ അന്യോന്യം നോക്കി നിന്നു.
ഒടുവില്‍ ആ മൌനത്തെ ചില്ലറ വാക്കുകള്‍ കൊണ്ട് ഞാന്‍ തകര്‍ത്തു.
"ഒന്നും പറയാനില്ലേ ?"
"ഉം .. ഒന്ന് ചോദിക്കണമെന്നുണ്ട്?"
"എന്താണത് ?"
"ഓര്‍ക്കുട്ടിലും ഫേസ് ബുക്കിലും ബ്ലോഗിലുമൊക്കെയുള്ള കാര്യങ്ങള്‍ എന്റെ കൂട്ടുകാരികള്‍ പറഞ്ഞു ഞാന്‍ അറിയുന്നുണ്ട് . അതിലുള്ള നിറം പിടിപ്പിച്ച കഥകളും മസാല കുറിപ്പുകളും അവര്‍ എന്നോട് പറയാറുമുണ്ട് "
ഞാന്‍ ചെറുതായൊന്നു ചിരിച്ചു. ‌അവളെക്കുറിച്ച് ഞാനൊന്നും അറിയുന്നിലെങ്കിലും എന്റെ നാള്‍ വഴികള്‍ അവള്‍ കൃത്യമായി അറിയുന്നുണ്ടല്ലോ .
" ഒരു 10 - 12 വര്‍ഷമായി നിന്നെ ഓര്‍ത്തു കൊണ്ട് ജീവിക്കുന്ന എനിക്ക് വേണ്ടി കുറിച്ച് വച്ച് കൂടെ ഇത്തിരി സ്നേഹത്തിന്‍ അക്ഷരങ്ങള്‍? അങ്ങനെയെങ്കിലും ഞാന്‍ ജീവിക്കുന്നു എന്ന തോന്നല്‍ എനിക്കുണ്ടാവട്ടെ".
വളരെ വിഷമത്തോടെയാണ് അവള്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയത്. ഡിഗ്രീ അവസാനവര്‍ഷത്തെ കോളേജ് മാഗസിനില്‍ "പാതി പറഞ്ഞ കഥകളും ചിതറിയ ചില വരികളും" എന്ന പേരില്‍ പ്രണയാനുഭവങ്ങള്‍ അടക്കമുള്ള എന്റെ അഞ്ചു വര്‍ഷത്തെ കലാലയ ജീവിതം ഞാന്‍ എഴുതിയിരുന്നു. അതിലെ പ്രണയ കഥാപാത്രങ്ങള്‍ കോളേജിലെ പരസ്യമായ രഹസ്യവുമായിരുന്നു. ആ പേജുകളില്‍ കല്യാണത്തിന്റെ അന്ന് പോലും മാറോടണച്ച് ഉമ്മ കൊടുത്തുവെന്നും , കണ്ണുനീരാല്‍ പേജ് നനഞ്ഞുവെന്നും പിന്നൊരിക്കല്‍ അവളെന്നോട് പറയുകയുണ്ടായി.
"നമുക്കൊന്ന് നടന്നിട്ട് വരാം " ഞാന്‍ പറഞ്ഞു.
കവിതയും പ്രണയവും വിപ്ലവങ്ങളും സ്വപ്നങ്ങളും ഉറങ്ങുന്ന കലാലയത്തിന്റെ ഇടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. അറിയാതെ കൂട്ടിമുട്ടിയ കൈവിരലുകള്‍ ഒടുവില്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് .. അറിഞ്ഞും അറിയാതെയും തോളുകള്‍ ഉരുമ്മികൊണ്ടും.. വാക്കുകള്‍ക്കു വില പിടിപ്പേറിയ ആ നിമിഷങ്ങളില്‍ ഞങ്ങളൊന്നും മിണ്ടിയില്ല. പറയുവാന്‍ ഉണ്ടായിരുന്നിട്ടും പറയാതെ പോയ വാക്കുകള്‍ ഏറെയായിരുന്നു. എന്നാല്‍ ആ മൌനം ഒരായിരം കാര്യങ്ങള്‍ വായിചെടുക്കുന്നുണ്ടായിരുന്നു. അവ ആഴങ്ങള്‍ തേടുന്ന അര്‍ഥങ്ങള്‍ ആയിരുന്നു.

ഞാന്‍ ഓര്‍ത്തു :
പറഞ്ഞ കാര്യങ്ങളും പറഞ്ഞാല്‍ തീരാത്ത കാര്യങ്ങളും ഒരുപാടുണ്ട് ഈ ഇടനാഴികള്‍ക്ക് ...ഞങ്ങളുടെ പ്രണയം പൂത്തു തളിര്ത്തത് എവിടെയായിരുന്നു... പിന്നെ കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ ...കൂകു വിളികളുടെ ...നിലയ്ക്കാത്ത കരഘോഷങ്ങളുടെ ...തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസങ്ങളുടെ ...അച്ചടക്ക കാര്ക്കശ്യത്തിന്റെ...പൊങ്ങച്ച വാക്കുകളുടെ ..അങ്ങനെ എത്ര എത്ര കഥകള്‍ ..എപ്പോള്‍ ശേഷിക്കുന്നതോ, ബീഥോവന്റെ ശിരസ്സിനെ വലയം ചെയ്യുന്ന നിശബ്ധത മാത്രം.
നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു :"എന്റെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുകയായിരുന്നിട്ടും നീ എന്നില്‍ അര്‍പ്പിച്ച സ്നേഹം ഞാനെന്റെ ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു. അതിപ്പോള്‍ പലിശയും അതിന്റെ പലിശയും കൂടി വലിയൊരു മുതലായി. ഹൃദയത്തിലിപ്പോള്‍ നീ മാത്രമേയുള്ളൂ. മറ്റൊരാള്‍ക്കും സ്ഥലമില്ലാതായി".
"പലിശ നിങ്ങള്‍ക്ക് ഹറാം ആണെല്ലോ. പലിശയില്ലാത്ത മുതല്‍ മാത്രം സൂക്ഷിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ ഹൃദയത്തില്‍ കുറച്ചു കൂടി സ്ഥലം കിട്ടും. അതല്ലേ നല്ലത്" തമാശരൂപത്തില്‍ ഞാന്‍ ചോദിച്ചു.
"അതിപ്പോള്‍ അങ്ങനെ വേണ്ട. അതവിടെ കിടന്നു ഒരു ഒന്നൊന്നര മുതലാവട്ടെ. നിനക്കെന്താ അതിലിത്ര ചേതം?" അവള്‍ ദേഷ്യം നടിച്ചു.
അവള്‍ക്കു നിലവിലുള്ള ജീവിതത്തോടുള്ള വെല്ലുവിളിയായിട്ടാണ് അതെനിക്ക് തോന്നിയത്.ആഗ്രഹിച്ചതൊന്നും നേടാനാവാതെ പോയതിന്‍റെ ദുഖവും അതില്‍ നിഴലിച്ചിരുന്നു.
ആ സമയം കോളേജ് ഓഡിറ്റോരിയത്തില്‍ "പൂര്‍വ വിദ്യാര്‍ഥി സംഗമം" ആരംഭിച്ചിരുന്നു. "പുതിയ പ്രഭാതം വിടരുകയായി..." പ്രാര്‍ത്ഥനാ ഗാനം കാമ്പസ്സില്‍ അലയടിക്കുന്നു.
ആംഗലേയ സാഹിത്യത്തെയും , രസ- ഊര്‍ജ്ജ തന്ത്രത്തേയും, സാമ്പത്തിക - ഗണിത - വാണിജ്യ ശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന ഗോവണിയിലൂടെ നടന്നു ഞങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് കലാലയ മുറ്റത്തെ പ്രണയ മരത്തിന്‍റെ ചുവട്ടിലായിരുന്നു.വയലറ്റ് നിറത്തിലുള്ള പൂക്കളായിരുന്നു ആ പ്രണയമരം എക്കാലവും വര്‍ഷിച്ചിരുന്നത്. അതിന്‍റെ ചുവട്ടില്‍ വച്ചാണ് ഒരുപാട് മഴകള്‍ക്കും വേനലുകള്‍ക്കും മുന്‍പുള്ള ഒരു മാര്‍ച്ച് മാസത്തില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞതും..അന്ന് ഭൂമിയിലേക്ക്‌ വീണ എന്‍റെ കണ്ണുനീരിനും ഉപ്പു തന്നെയായിരുന്നു. എന്‍റെ ഓര്‍മ്മയില്‍ അന്നത്തെ നിന്‍റെ യാത്രാമൊഴി തെളിഞ്ഞു. "ഇനിയും കാണും, എവിടെയെങ്കിലും വച്ച്. എനിക്ക് നിന്നെ കാണാതിരിക്കാനാവില്ല".
താഴെ വീണു കിടക്കുന്ന ഒരു പൂവെടുത്ത് ഞാന്‍ അവളോട്‌ ചോദിച്ചു."ആ പൂവ് നീ എന്ത് ചെയ്തു ?"
"എന്താ അങ്ങനെ ചോദിയ്ക്കാന്‍ കാരണം?"
"വെറുതെ. ഒരു ആകാംക്ഷ കൊണ്ട് മാത്രം".
"അതെന്‍റെ ഹൃദയത്തില്‍ തന്നെയുണ്ട്‌. അത് പടര്‍ത്തുന്ന സുഗന്ധവും ഓര്‍മ്മകളുമാണ് എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്". അവള്‍ വിതുമ്പി.
നഷ്ട പ്രണയത്തിന്‍റെ തീവ്രത വീണ്ടും അറിയുമ്പോള്‍ ഉണ്ടാകുന്ന വിഷമം വളരെ കഠിനമാണ്. അതൊരു പക്ഷെ ഹൃദയത്തിനു താങ്ങാവുന്നതിനപ്പുറവും ആയിരിക്കും.പിന്നീട് ചോദ്യങ്ങള്‍ ഉണ്ടായില്ല, മറുപടികളും..

ഒന്നും പറയുവാനാവാതെ ഫൈനല്‍ ബി കോം എന്ന പതിനാറാം നമ്പര്‍ മുറിയില്‍ ഞങ്ങള്‍ ചെന്നു. ആദ്യത്തെ വരിയിലെ മൂന്നാമത്തെ ബെഞ്ചില്‍ ഞങ്ങള്‍ ചേര്‍ന്നിരുന്നു. കരങ്ങളില്‍ കരമമര്‍ത്തി വച്ച് ...
അവിടെ മുഴങ്ങിയ ഡെബിറ്റുകളും ക്രെഡിറ്റുകളും പ്രണയത്തിന്‍റെ ലാഭനഷ്ടക്കണക്കുകള്‍ പറയുകയുണ്ടായില്ല...
ബ്ലാക്ക്‌ ബോര്‍ഡില്‍ വരച്ചിട്ട അകൌണ്ടുകള്‍ പ്രണയത്തിന്‍റെ സംഖ്യകള്‍ കാണിച്ചില്ല...
ബാലന്‍സ് ഷീറ്റുകള്‍ പ്രണയത്തിന്‍റെ നീക്കിയിരുപ്പുകള്‍ രേഖപ്പെടുത്തിയിരുന്നില്ല ...
ഞങ്ങളുടെ അട്ടഹാസങ്ങളും കളി ചിരി തമാശകളും ഒട്ടേറെ മുഴങ്ങിയ ആ ക്ലാസ് റൂമില്‍ വച്ച് ഞാനവളുടെ നെറുകയില്‍ ചുംബിച്ചു."വര്‍ഷങ്ങള്‍ക്കു മുന്‍പ് നിനക്ക് തരണമെന്ന് ആഗ്രഹിച്ചതാണിത്".
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഓഡിട്ടോരിയത്തില്‍ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ നടക്കുന്നു. ഓര്‍മ്മകള്‍ അയവിറക്കിയും വിശേഷങ്ങള്‍ പങ്കു വ്യ്ച്ചും കലാലയത്തിലെ പൂര്‍വീകരും കുടുംബാംഗങ്ങളും ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ ദുഖങ്ങളും മറച്ചു പിടിച്ചു ഞങ്ങളും അതില്‍ പങ്കു ചേര്‍ന്നു.ഇരട്ടപ്പേരുകള്‍ വിളിച്ചു കൂവിയും പഴയ വീര സാഹസ കഥകള്‍ വിളമ്പിയും പാരടിപ്പാട്ടുകള്‍ പാടിയും നൃത്തം വ്യ്ച്ചും "സമാഗമം" കെങ്കേമമാക്കി. ചടങ്ങുകളുടെ അവസാനം എല്ലാവരും ചേര്‍ന്നു പാടി.
"മധുരിക്കും ഓര്‍മ്മകളെ, മലര്‍ മഞ്ചല്‍ കൊണ്ട് വരൂ
കൊണ്ട് പോകൂ ഞങ്ങളെയാ
പ്ലാവിന്‍ ചുവട്ടില്‍ , പ്ലാവിന്‍ ചുവട്ടില്‍ .."
ആ പ്ലാവിന്‍റെ ചുവട്ടിലായിരുന്നു ഓഡിറ്റൊരിയം വരുന്നതിനു മുന്‍പ് നാല് തൂണുകള്‍ കുഴിച്ചിട്ടു, സ്റ്റേജ് കെട്ടി കലോത്സവങ്ങള്‍ സംഘടിപ്പിച്ചതും.. സമര പരിപാടികള്‍ക്ക് രൂപം കൊടുത്തതും..
പുതു സൌഹൃദങ്ങള്‍ ഉടലെടുത്തതും ...ഉച്ചയൂണിനു ശേഷമുള്ള ഉറക്കവുമെല്ലാം... പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഉണ്ടാവും ആ പ്ലാവിന് ഈ ലോകത്തോട്‌ വിളിച്ചു പറയുവാന്‍. ഒരു കാലഘട്ടത്തിന്റെ ചരിത്രവും പേറിയാണ് ആ അമ്മച്ചി പ്ലാവ് കലാലയ മുറ്റത്തു നില്‍ക്കുന്നത്.
സമയം പോയത് ആരുമറിഞ്ഞില്ല. അസ്തമയ സൂര്യന്‍റെ പ്രകാശ രശ്മികള്‍ അവിടെമാകെ ചുവപ്പ് വര്‍ണം പടര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം "ജീവിച്ചതിന്റെ" അനുഭൂതിയുമായി ഒത്തു ചേര്‍ന്നവര്‍ യാത്ര പറഞ്ഞകന്നു. ഇരുളും തോറും കോര്‍ത്തു പിടിച്ച ഞങ്ങളുടെ കൈവിരലുകള്‍ മുറുകി കൊണ്ടിരുന്നു. മനസ്സ് കൊണ്ട് ഒരു വേര്‍പിരിയല്‍ ഒരിക്കലും സാധ്യമല്ലെന്ന് മന്ത്രിച്ചു കൊണ്ട്...

സംഗമങ്ങള്‍ ഇനിയുമുണ്ടാവണം.
പല വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒത്തു ചേരുവാനുള്ള സന്ദര്‍ഭമാണ് അവ നല്‍കുന്നത്. അവശേഷിക്കുന്ന ജീവിത യാത്രയില്‍ അലിഞ്ഞലിഞ്ഞു ഒന്നായി തീരുവാനുള്ള ആഹ്വാനവും...

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.
അവ തുടരുകയാണ് ...
ഒപ്പം കുറെ വികാരങ്ങളും...

Monday, June 28, 2010

ജബുലാനിയും വുവുസലെയും ഓര്‍മ്മിപ്പിക്കുന്നത്...

"ബ്രസീലും അര്‍ജെന്റിനയും പോര്‍ച്ചുഗലും മറ്റും ചെറുതായി ഒന്ന് ചാറിയേക്കാം. എന്നാല്‍ ഞങ്ങള്‍ ഇടിച്ചു കുത്തി തിമിര്‍ത്തു പെയ്യും - വാഴക്കുളം വിന്നര്‍ വൈറ്റ് ". ഇക്കുറി എന്നെ നാട്ടിലേക്ക് വരവേറ്റത് ജങ്ക്ഷനില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡിലെ ഈ വരികളാണ്. നേരം പുലരുന്നതെയുള്ളൂ. ഫ്ലെക്സ് ബോര്‍ഡ്‌ കൂടുതല്‍ വ്യക്തതയോടെ കാന്നുന്നതിനു വേണ്ടി കാറില്‍ നിന്നും ഞാന്‍ ഇറങ്ങി. അതില്‍ അച്ചടിച്ചിരുന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തി. മെസ്സി, കക്ക തുടങ്ങി നിലവിലുള്ള താര രാജാക്കന്മാരുടെ ഫോട്ടോ ആയിരുന്നില്ല, മറിച്ചു 90 - കളില്‍ ഒരു നാടിന്റെ അഭിമാനമായിരുന്ന, ആവേശമായിരുന്ന വാഴക്കുളം വിന്നര്‍ വൈറ്റ് - ഇന്‍റെ പഴയ കാല ടീം ഫോട്ടോകളില്‍ ഒന്നായിരുന്നു അതില്‍ നിറഞ്ഞു നിന്നിരുന്നത്. അത് കണ്ടതോടെ ശരീരമാകെ ഒന്നുണര്‍ന്നു.
ആകെയൊരു ഉന്മേഷം. തിരുവനന്തപുരത്തു നിന്നും മുന്നൂറോളം കിലോമീറ്റര്‍ ഒറ്റയിരുപ്പിനു കാറോടിച്ചു വന്ന എന്റെ ക്ഷീണം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പുളിമുട്ടും കുരുത്തക്കേടും മാത്തനും കാട്ടുവും മുള്ളനും കാളയും തുടങ്ങി എല്ലാവരുമുണ്ട്‌, ഒപ്പം കളികംബക്കാരും. യുവത്വതിന്റെയും സെവന്‍സ് ഫുട്ബാളിന്റെയും കുതിപ്പിനും കിതപ്പിനുമിടയില്‍ നാമാവശേഷമായ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ അവശേഷിപ്പുകള്‍ ആണ് ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തിയത്. അതോടെ എന്റെ ചിന്തകള്‍ രണ്ടു പതിറ്റാണ്ട് പിന്നിലേക്ക്‌ യാത്രയായി.

ഗ്രാമവീഥിയിലൂടെ രണ്ടു കോളാമ്പികള്‍ വച്ച് കെട്ടിയ അനൌന്‍സ്മെന്‍റ് വാഹനം നീങ്ങുകയാണ്. " ഇന്ന് വൈകിട്ട് നടക്കുന്ന അതിവാശിയേറിയ മത്സരത്തില്‍ പരമ്പരാഗത വൈരികളായ ബ്രദേഴ്സ് കുണ്ടുകുളവും വിന്നര്‍ വൈറ്റ് വാഴക്കുളവും ഏറ്റുമുട്ടുന്നു. കാല്‍ പന്തുകളിയുടെ മാസ്മരിക സൌന്ദര്യം ആസ്വദിക്കുവാന്‍ ഏവരെയും ഞങ്ങള്‍ ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു....."

90 - കളിലെ മധ്യ വേനലവധിക്കാലം. ഒരു ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ആവേശത്തില്‍ ആറാടിക്കുന്ന, കളിക്കാര്‍ക്ക്‌ ദൈവീക പരിവേഷവും, ക്ലബ്ബുകള്‍ക്ക് സാമ്പത്തിക അടിത്തറയും ലഭിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍. ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും എന്നല്ല, നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം കളിയും കളിക്കാരും തന്നെ. വാതു വെപ്പുകളും സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ലേലം വിളിയും ഒക്കെയായി തകൃതിയായി നടക്കുന്നു ഓരോ മത്സരങ്ങളും. നാടാകെ ഉത്സവ പ്രതീതിയില്‍ അമരുന്ന നാളുകള്‍. അങ്ങനെയൊരു സീസണില്‍ ആണ് വാഴക്കുളത്തിന്റെ പുല്‍മൈതാനങ്ങളിലേക്ക് ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയും ആവേശവും സ്വപ്നങ്ങളുമായി, കറുപ്പ് വരകളുള്ള വെള്ള ജേഴ്സിയും അണിഞ്ഞു വിന്നര്‍ വൈറ്റ് പോരാട്ടത്തിനിറങ്ങുന്നത്.

പത്തില്‍ പത്തു പൊരുത്തമുള്ള ദമ്പതിമാര്‍ക്ക് ഉള്ളതിനേക്കാള്‍ മാനസിക അടുപ്പവും മന: പൊരുത്തവുമുള്ള കളിക്കാര്‍. ഒരാള്‍ ഒരു നീക്കം മനസ്സില്‍ കാണുമ്പോള്‍ മറുനീക്കം മാനത്തു കാണുവാനുള്ള കഴിവ് ടീമിലെ എല്ലാ കളിക്കാര്‍ക്കും ഉണ്ടായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന കോമ്പിനേഷനുകള്‍. ഈയൊരു രസതന്ത്രത്തിന്റെ പിന്‍ബലത്തില്‍ വന്‍ബന്മാരെ അട്ടിമറിച്ചു കൊണ്ടായിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ തുടക്കം. ഒരു പ്രത്യേക ശൈലിയിലും താളത്തിലും മികച്ച പന്തടക്കവും കൊണ്ട് കളിച്ചു കയറുന്ന വിന്നര്‍ വൈറ്റ് ജന മനസ്സുകളില്‍ പ്രതിഷ്ഠ നേടിയത് വളരെ പെട്ടെന്നായിരുന്നു. തിങ്ങി നിറഞ്ഞ പുരുഷാരങ്ങളുടെയും കാതടപ്പിക്കുന്ന ആരവങ്ങളുടെയും അകമ്പടിയില്‍ അട്ടിമറി വിജയങ്ങളും വീരോചിത പരാജയങ്ങളുമായി കളിച്ചു കയറുമ്പോള്‍ കളി ആസ്വാദകരും ആരാധകരും താരങ്ങളെ സല്ക്കരിക്കുവാന്‍ മത്സരിച്ചു. അതീവ സന്തോഷത്തോടെ എല്ലാ കളിക്കാരും ആ വിരുന്നുകളില്‍ പങ്കെടുക്കുകയും സൌഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മറഡോണക്കും മറ്റു ഫുട്ബോള്‍ ദൈവങ്ങള്‍ക്കും ഇന്ന് കിട്ടുന്ന ആരാധനയേക്കാള്‍ പതിന്മടങ്ങായിരുന്നു അന്ന് വിന്നര്‍ വൈറ്റ് ഇന്‍റെ ഫുട്ബോള്‍ പ്രതിഭക്കള്‍ക്ക് കിട്ടിയിരുന്നത്. ആദ്യമൊക്കെ ചായ സല്‍ക്കാരത്തിലും മധുരപലഹാര - പായസ വിതരണത്തിലും തുടങ്ങിയ ആഹ്ലാദം പങ്കുവയ്ക്കല്‍ ഒടുവില്‍ ചെന്നെത്തിയത് മദ്യപാന മഹോല്‍സവങ്ങളില്‍ ആയിരുന്നു. ലഹരിയുടെ ഉത്സവ രാവുകളില്‍ ഉരുത്തിരിഞ്ഞ പുത്തന്‍ സമവാക്യങ്ങളും സൌഹൃദങ്ങളും പൊരുത്തക്കെടുകളിലേക്കാണ് ക്ലബ്ബിനെയും കളിക്കാരെയും കൊണ്ടെത്തിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ പലപ്പോഴും കളി മറന്നു പോവുകയും കളിക്കാരുടെ മന ക്കണക്കുകള്‍ക്ക് പിശക് പറ്റുന്നതും സ്ഥിരമായതോടെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വിന്നര്‍ വൈറ്റ് വീണു തുടങ്ങി. ഒരു നല്ല നീക്കമോ പ്രത്യാക്രമണമോ നടത്താനാവാതെ, നിരുപാധിക കീഴടങ്ങലുകള്‍ കളിക്കാരുടെ ഉത്സാഹം കെടുത്തുകയായിരുന്നു. ആരാധക വൃന്ദങ്ങളുടെയും ഫുട്ബോള്‍ പ്രേമികളുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ , ഒരു കളി പോലും ജയിക്കാന്‍ ആവാതെ തകര്‍ന്നടിയുവാന്‍ ആയിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ വിധി.ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ലബ്ബിനെ തങ്ങളുടെ കായിക സംഘടനയാക്കാന്‍ നടത്തിയ ചില ഗൂഡ ശ്രമങ്ങളും അവര്‍ ചെലുത്തിയ സ്വാധീനവും ക്ലബ്ബിന്റെ തകര്‍ച്ചയിലേക്കുള്ള യാത്രക്ക് ആക്കം കൂട്ടി. ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കുവാന്‍ നാട്ടുകാര്‍ നടത്തിയ ചില പരിശ്രമങ്ങള്‍ കൂടി പാളിയതോടെ ഉയര്‍തെഴുന്നെല്പ്പിന്റെ എല്ലാ സാധ്യതകളും മങ്ങി.

അങ്ങനെ ഒരു പതിറ്റാണ്ട് മാത്രം ജീവിച്ചു, കുറെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് വിന്നര്‍ വൈറ്റ് അകാല മരണം പുല്‍കി. പിന്നീടു പെയ്ത മഴയില്‍ വാഴക്കുളം കരയില്‍ ഒട്ടേറെ ക്ലബ്ബുകള്‍ മുളച്ചുവെങ്കിലും തൊട്ടടുത്ത വേനലില്‍ കരിഞ്ഞു ഉണങ്ങുവാനായിരുന്നു അവയുടെ വിധി. 2000 - ത്തിന്‍റെ തുടക്കത്തില്‍ നാമാവശേഷമായ വിന്നര്‍ വൈറ്റ് ആരാധക മനസ്സില്‍ ഇന്നും ആവേശം ഉയര്‍ത്തുന്നു എന്നതിന്‍റെ തെളിവാണ് ആ ഫ്ലെക്സ് ബോര്‍ഡ്‌. കൊഴിഞ്ഞു പോയ ആ പ്രതാപ കാലത്തെ തിരികെ കൊണ്ടു വരുവാനുള്ള ഗ്രാമത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കൂട്ടായ ശ്രമമാണ് ആ ബോര്‍ഡ്‌ വിളിച്ചോതുന്നത്‌.

ഓര്‍മ്മകള്‍ക്ക് മരണമില്ല, അവ ജീവിക്കുക തന്നെ ചെയ്യും, ആരാധക ഹൃദയങ്ങളിലൂടെ.....

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. ലോകകപ്പ്‌ ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ കിക്ക് ഓഫിനു ഞാന്‍ കാതോര്‍ത്തിരിക്കുന്നു. TV യില്‍ നിന്നും കാണികളുടെ ആരവങ്ങളും വുവുസലയുടെ ശബ്ദങ്ങളും ഉയര്‍ന്നു കേള്‍ക്കാം. ലോകം മുഴുവന്‍ ജബുലാനി എന്ന "വൃത്താകൃതിയില്‍ ഉള്ള ദൈവത്തിലേക്ക്" ചുരുങ്ങുമ്പോള്‍ വളരെ നേര്‍ത്ത ഒരു ശബ്ദം എന്‍റെ കാതുകളില്‍ അലയടിക്കുന്നു...

"ഇന്ന് നടക്കുന്ന തീ പാറുന്ന പോരാട്ടത്തില്‍ കാല്‍ പന്തുകളിയുടെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്നു...
എല്ലാ നല്ലവരായ ഫുട്ബോള്‍ പ്രേമികളെയും ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.... ക്ഷണിക്കുന്നു..."

കഴക്കൂട്ടത്തെ ഫ്ലാറ്റില്‍ ഏകനായിരുന്നു ഫുട്ബോള്‍ കളി കാണുമ്പോള്‍ എന്‍റെ മനസ്സ് വാഴക്കുളത്തെ പുല്‍മൈതാനങ്ങളിലേക്ക് യാത്ര തുടങ്ങിയിരുന്നു.
പന്തിനു പിറകെ പായുവാന്‍....
കളിയിരംബങ്ങളില്‍ അലിഞ്ഞു ചേരുവാന്‍....

Thursday, June 17, 2010

ആത്മഹത്യാക്കുറിപ്പുകള്‍ക്ക് പറയാനുള്ളത്

ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രിക ശീലങ്ങളുടെയും ചുറ്റുപാടുകള്‍ ടെക്കിയുടെ മനസ്സിനെ ഈയിടെയായി വല്ലാതെ അസ്വസ്ഥമാക്കുന്നു.ആകെ കുഴഞ്ഞു മറിയുന്ന ചിന്തകള്‍. ഭാരിച്ച ജോലിയുള്ള പകലുകളും ഉറക്കമില്ലാത്ത രാവുകളും. ജീവിതത്തില്‍ ആകെയൊരു വെറുപ്പ്‌. ഒടുവില്‍ ചിന്തകള്‍ വഴിമാറുന്നത്‌ ആത്മഹത്യയിലേക്കും. കുറ്റം പറയാനാവില്ല. നിരന്തരം വിട്ടു വീഴ്ചകള്‍ ചെയ്തു നിര്‍ജീവമായ മനസ്സിന് മറ്റൊരു പോംവഴി കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കണം എന്നില്ലെല്ലോ. " നമ്മെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, ജീവിതത്തിനടക്കം" എന്ന ആകര്‍ഷകമായ സന്ദേശമാണ് ആത്മഹത്യ മുന്നോട്ടു വയ്ക്കുന്നത്. "മരണത്തിനപ്പുറമുള്ള ജീവിതത്തെ ക്കുറിച്ചറിയാനുള്ള ആഗ്രഹം" കൊണ്ട് ആത്മാഹുതി ചെയ്തവരുടെ വീണുടഞ്ഞ ചിന്തകളിലൂടെയുള്ള യാത്രയാണ് "ആത്മഹത്യാക്കുറിപ്പുകള്‍ക്ക് പറയാനുള്ള" തില്‍.

ചിന്തകള്‍ മരിക്കുമ്പോള്‍ മനസ്സും മരിക്കുമെങ്കില്‍ ക്രിയാത്മകതയുടെ ഉറവകള്‍ വറ്റി മരവിപ്പുകളിലേക്ക് നീങ്ങുന്ന മനുഷ്യന് പ്രത്യാശയുടെ പൊന്‍കിരണം ആവണം ആത്മഹത്യ. പൊട്ടിത്തെറിക്കാത്ത തീ മലകളും കെട്ടഴിച്ചു വിടാത്ത കൊടുംകാറ്റുകളും എത്ര നാള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനാവും? എന്നാല്‍ ഉരുകുന്ന ആത്മാവിനു മോചനം നല്‍കുവാനും വേട്ടയാടി കൊണ്ടിരിക്കുന്ന വിധി വൈപരീത്യങ്ങള്‍ക്ക് വിരാമമിടുവാനും വേണ്ടി സ്വയം മരണത്തെ സ്വാഗതം ചെയ്യുവാന്‍ പോലും അവകാശമില്ലാത്ത, നിയമ സാധുതയില്ലാത്ത ഒരു നാട്ടില്‍ ആണ് നാം ജീവിക്കുന്നത്. ചില അത്യാവശ്യ ഘട്ടങ്ങളില്‍ അനിവാര്യമായ ദയാവധം പോലും എത്തിക് സിന്‍റെ പേരില്‍ നിഷേധിക്കപെടുന്ന നമ്മുടെ നാട്ടില്‍ ആത്മഹത്യാ ശ്രമം പോലും കുറ്റകരമാകുന്നതില്‍ അത്ഭുത പെടെണ്ടതില്ലല്ലോ. ഇതിലൊരു വിരോധാഭാസവും നമുക്ക് കാണുവാനാകും. യുദ്ധങ്ങളിലും വിപ്ലവ പോരാട്ടങ്ങളിലും പങ്കെടുത്തു ജീവന്‍ ബലി കഴിക്കുന്നവര്‍ രക്തസാക്ഷികളും ധീരന്മാരും യോഗ്യന്മാരുമാണ്. ( അറിഞ്ഞു കൊണ്ട് ജീവന്‍ കളയുന്നതും ആത്മഹത്യയുടെ വകുപ്പില്‍ പെടുന്നതാണ്) ആത്മാഭിമാനത്തിന് വേണ്ടിയും സ്വന്തം മൂല്യങ്ങള്‍ക്ക് വേണ്ടിയും ആത്മഹത്യ ചെയ്‌താല്‍ മോശക്കാരനും ഭീരുവും. ഇതാണല്ലോ ആത്മഹത്യയോടുള്ള നമ്മുടെ യഥാര്‍ത്ഥ സമീപനം.

"എന്നെങ്കിലും നിന്നെ തിരികെത്തരാന്‍
മാലാഖമാര്‍ വിചാരിക്കുന്നില്ല
ഞാന്‍ നിന്നോടൊപ്പം ചേരുകയാണെങ്കില്‍
അവരതില്‍ രോഷകുലരാകുമോ?"
എന്ന ഗ്ലൂമി സണ്ടേയിലെ റെസോ സെറസിന്റെ ആത്മവേദനയുടെ, വിഷാദഭാരം നിറഞ്ഞ വരികള്‍ ലോകമെമ്പാടും ആയിരകണക്കിന് ആളുകളെ നിരാശാഭരിതരാക്കുകയും തീവ്ര വിരഹത്തില്‍ ആഴ്ത്തുകയും ഒടുവില്‍ ആത്മഹത്യയില്‍ കൊണ്ടെതിക്കുകയും ചെയ്തു. അതീവ ഹൃദ്യമായ ഈ വിരഹ ഗാനം "ആത്മഹയാ പ്രേരണയുടെ" പേരില്‍ പതിറ്റാണ്ടുകളോളം ലോകത്തെ ഒട്ടുമിക്ക റേഡിയോ സംഗീത ചാനലുകളിലെ പ്ലേ ലിസ്റ്റുകളില്‍ നിന്ന് വരെ ഒഴിവാക്കിയ ചരിത്രമുണ്ട്. ലോകത്തെ മുഴുവന്‍ കീഴടക്കുന്ന, വെല്ലുവിളിക്കുന്ന മനുഷ്യന്‍ ഈയൊരു സംഗീതത്തെ വെറുക്കുന്നു, ഭയക്കുന്നു. എന്തെന്നാല്‍ മനസ്സ് നിയന്ത്രണാതീതം ആണെല്ലോ. ഈ ഗാനം തങ്ങളുടെ മനസ്സിനെ ചാന്ജല്യപ്പെടുത്തുമെന്നും വിരസ വിഷാദത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും വിശ്വസിക്കുന്നു. ഏവരെയും ഭയപ്പെടുത്തുന്ന , അലോസരപ്പെടുത്തുന്ന ഏകാന്തതയുടെ വിജനതയെ, വിരസ യാമങ്ങളെ ആസ്വദിക്കാന്‍ കഴിയുമ്പോഴാകാം സര്‍ഗാത്മകതയുടെ ബീജാവാപം നടക്കുന്നത്. ആ ഉന്മാദവസ്ഥയുടെ മൂര്‍ത്തിമത്ഭാവമാകാം ആത്മഹത്യയും.

മാത്രമല്ല, മരിച്ചവരാരും പറഞ്ഞിട്ടുമില്ല , മരിക്കുന്നതിനു മുന്‍പുള്ള ഞങ്ങളുടെ ചിന്തകളും മാനസികാവസ്ഥയും ഇങ്ങനെയൊക്കെ ആയിരുന്നുവെന്ന്. എന്നാല്‍ മരണക്കുറിപ്പുകള്‍ നമ്മോടു പറയുന്നത് പ്രവര്‍ത്തിക്കുവാനും, സ്നേഹിക്കുവാനും, ആശിക്കുവാനും ഒന്നും ഇല്ലാത്തതിന്റെ നിരാശയോടെയാണ് മരണത്തെ പുല്കുന്നതെന്നാണ്. ആ നിരാശയാവാം ഏകാന്തതയെ പ്രണയിക്കുവാന്‍ മനസ്സിന് പ്രേരണ നല്‍കുന്നത് . ആ ഏകാന്തതയില്‍ നിന്നാവാം മഹത്തായ കലാസൃഷ്ടികള്‍ രൂപം കൊള്ളുന്നത്‌. അങ്ങനെയെങ്കില്‍ ആത്മഹത്യയും ഒരു ഉത്തമ കലാസൃഷ്ടി തന്നെ.

ശരിയാണ്,
അല്‍ബേര്‍ കമു പറഞ്ഞിട്ടുണ്ട് -
ആത്മഹത്യ, ഒരു മഹത്തായ കലാസൃഷ്ടിയെ പോലെ ഹൃദയത്തിനുള്ളിലെ നിശബ്ദതയിലാണ് രൂപം കൊള്ളുന്നതെന്ന്.

Tuesday, June 8, 2010

താരകകളെ കാണ്മിതോ നിങ്ങള്‍?

ജൂണ്‍ 5 നു ടെക്കി കടുത്ത ആശങ്കയിലായിരുന്നു. ഭൂമിയെ പച്ച പുതപ്പിക്കുവാന്‍ വേണ്ടി പത്രങ്ങളിലൂടെയും ടി വി ചാനലുകളിലൂടെയും കണ്ട കാഴ്ചകളും പ്രഹസനങ്ങളും കണ്ടു ഭൂമിയെ വെള്ള പുതപ്പിക്കാന്‍ ആണോ എന്ന് വരെ സംശയിച്ചു. എന്തെല്ലാം കോലഹലങ്ങലാണ് വെറും മൂന്നാം കിട പ്രശസ്തിക്ക് വേണ്ടി കാട്ടി കൂട്ടുന്നത്‌. കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം മാരത്തോണ്‍ നടന്നും ഓടിയും, "ഗോ ഗ്രീന്‍" മുദ്രാവാക്യം വിളിച്ചും സൈക്കിളില്‍ നഗരം ചുറ്റിയും നൂറു കണക്കിന് വൃക്ഷ തൈകള്‍ നട്ടും പരിസരം വൃത്തിയാക്കിയും ലോകം മുഴുവന്‍ പരിസ്ഥിതി ദിനം ഗംഭീരമായി ആഘോഷിച്ചു. ( ആഘോഷങ്ങള്‍ ഒഴിഞ്ഞു പോയ വേദിയില്‍ ഒടുവില്‍ അവശേഷിച്ചത് പ്ലാസ്റ്റിക്‌ കുപ്പികളും ചപ്പു ചവറു കടലാസുകളും ആന്നെന്നത് വേറെ കാര്യം). എന്നാല്‍ ഈ പ്രവൃത്തികള്‍ എല്ലാം വേണ്ട വിധം ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന് ടെക്കി സന്ദേഹിക്കുന്നു.

ഒരു മരം നടാന്‍ വേണ്ടി തലയിലൊരു തൊപ്പിയും, മനം കുളിര്‍പ്പിക്കുന്ന ആഹ്വാനങ്ങള്‍ എഴുതിയ ടി ഷര്‍ട്ടും, മുക്കാല്‍ പാന്റ്സും ഷൂസും ധരിച്ചു, മുടി ചീകി പൌഡര്‍ ഇട്ടു വരുന്നവര്‍ മാതൃകയാക്കേണ്ടത് കണ്ടല്‍ പൊക്കുടനെയും 32 ഏക്കറില്‍ ഒരു കാട് തന്നെ സൃഷ്ടിച്ച കാസര്‍ക്കോടുകാരന്‍ കരീമും അടക്കമുള്ള പച്ച മനുഷ്യരായ പ്രകൃതി സ്നേഹികളെയാണ്. ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞു വച്ച അവരുടെ പ്രവൃത്തികള്‍ ആണ് നമുക്ക് ഊര്‍ജവും പ്രചോദനവും ആകേണ്ടത്.അങ്ങനെയെങ്കില്‍ , വെട്ടി മാറ്റപ്പെട്ട മരങ്ങളും ഒലിച്ചു പോയ മണ്ണും മലിനമാക്കപ്പെട്ട വായുവും വെള്ളവുമെല്ലാം കാലാന്തരത്തില്‍ നമ്മോടു പൊറുക്കും.

അതിനു വേണ്ടി, 2 മഴയും 2 വെയിലും കഴിയുമ്പോഴും നമ്മള്‍ ആഘോഷപൂര്‍വ്വം നട്ട വൃക്ഷതൈകള്‍ അവിടെ ഉണ്ടാകണം. അവ നമ്മെ നോക്കി മന്ദസ്മിതം തൂകണം. ഇളം കാറ്റില്‍ ആടിയുലയണം. അത് കണ്ടു നമ്മുടെ മനസ്സ് തുടിക്കണം. അല്ലാതെ ആന കിടന്നിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥയാവരുത്. ഭൂമിയുടെ ചരമഗീതങ്ങളോട് വിട പറഞ്ഞു പ്രതീക്ഷയുടെ പുതു നാമ്പുകളെ നമുക്ക് വരവേല്‍ക്കാം, പരിപാലിക്കാം...

Monday, May 31, 2010

പാഠം 13 : നട്ടെല്ലിന്റെ വളവ്

ആയുസ്സിന്റെ ബലമാണ്‌ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെങ്കില്‍ നട്ടെല്ലിന്റെ വളവിനെ ആശ്രയിച്ചാണ് ടെക്കികളുടെ മുന്നോട്ടുള്ള പ്രൊഫഷനല്‍ ജീവിതം.
കോര്‍പ്പറേറ്റ് ജീവിത നാടക വേദിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നട്ടെല്ല് "റ" യും, "ണ" യും, "ഞ്ഞ" യും ഒക്കെ ആകേണ്ടി വരും. വളയാത്ത നട്ടെല്ലുകള്‍ക്ക് ഒരു പക്ഷെ നേരിടേണ്ടി വരിക പ്രതിസന്ധികള്‍ മാത്രമാണ്, ഒപ്പം മന: സാക്ഷിക്കുത്തും ആത്മ സംഘര്‍ഷങ്ങളും..
സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടു പ്രൊഫഷനല്‍ രംഗത്ത് നടത്തുന്ന വിട്ടു വീഴ്ചകള്‍ മനസ്സിന് സമ്മാനിക്കുന്നത് മരവിപ്പുകള്‍ മാത്രമാണ്. അത് വഴി നഷ്ടമാകുന്നത് ക്രിയാത്മകവും സര്‍ഗാത്മകവുമായ ചിന്തകളും സ്വപ്നങ്ങളും.
എന്നാല്‍ ആധുനിക പ്രൊഫഷനലിസം പഠിപ്പിക്കുന്നത്‌ കാലത്തിനൊത്തു കോലം തുള്ളണം എന്നാണ്. ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങള്‍ക്കാണ് ഇന്നേവര്‍ക്കും താല്പര്യം. എങ്കില്‍ മാത്രമേ അത്യന്തം മത്സരാധിഷ്ടിതമായ ഈ മേഖലയില്‍ നിലനില്‍പ്പും വളര്‍ച്ചയും സാധ്യമാവൂ എന്നും . അങ്ങനെ വരുമ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിന്നും ലഭിക്കുന്ന "മന സംതൃപ്തി" എന്ന അനിര്‍വചനീയമായ ഘടകത്തിന് പ്രസക്തി ഇല്ലാതാകുന്നു. പിന്നീടു ചെയ്യുന്നതെല്ലാം യാന്ത്രികവും വഴിപാടു കഴിക്കലുമായി തീരുന്നു. അല്ലെങ്കിലും ഡോളറും യുറോയും ഭരിക്കുന്ന കാലത്ത് "മന സംതൃപ്തി " കൊണ്ടെന്തു നേടാന്‍ സാധിക്കും?

ധീരത കൊണ്ടും തളരാത്ത ഇച്ചാശക്തി കൊണ്ടും എന്നില്‍ ആത്മാഭിമാനത്തെ വളര്‍ത്താന്‍ സഹായിച്ച വീര യോദ്ധാക്കളെ, ധീര രക്തസാക്ഷികളെ, ക്ഷമിക്കുക.
ഈ ലോകത്ത് അന്തസ്സായി ജീവിക്കുവാന്‍ ഞാന്‍ എന്റെ ആത്മാഭിമാനത്തെ പണയപെടുത്തുന്നു. ഇളം കാറ്റത്ത്‌ പോലും ഇളകിയാടുവാന്‍ പാകത്തില്‍ ഞാന്‍ എന്റെ നട്ടെല്ലിനെ പരിശീലിപ്പിക്കുന്നു.
ജീവിത വിജയത്തിന് വേണ്ടിയുള്ള പുതിയ പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുകയാണ്.

Monday, May 24, 2010

തിയറിക്ക് ഫുള്‍! പ്രാക്ടിക്കലിനു പൈന്‍റ്റ്!!

മനുഷ്യന് വസ്ത്ര സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ഉടലെടുക്കുന്നത് ഒരു പക്ഷെ ഏദന്‍ തോട്ടത്തിലെ "വിലക്കപെട്ട കനി" ഭക്ഷിച്ചതിനു ശേഷമാവാം. പിനീട് ജന്മം കൊണ്ട സമൂഹങ്ങള്‍ അലിഖിതമായ, പരമ്പരാഗത വസ്ത്ര ധാരണ രീതികള്‍ അനുവര്‍ത്തിച്ചു പോന്നു. വസ്ത്രത്തെ കേവലം നഗ്നത മറയ്ക്കാന്‍ ഉള്ള ഉപാധിയായി മാത്രമല്ല കണക്കാക്കപെട്ടത്‌. അവ എല്ലാ സമൂഹത്തിലും അധികാരത്തിന്റെയും പദവിയുടെയും അടയാള ചിഹ്നങ്ങള്‍ ആയിരുന്നു. ( ഇതേ വസ്ത്ര സംസ്കാരം പിന്തുടര്‍ന്ന് വന്ന ആധുനിക മനുഷ്യര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയും വസ്ത്രം ധരിക്കുന്നു)
കാലാവസ്ഥക്കും സംസ്കാരത്തിനും സാമൂഹിക പശ്ചാതലത്തിനും അധികാര പദവികള്‍ക്കും അനുസൃതമായി ഡ്രസ്സ്‌ കോഡ് സമ്പ്രദായം അഥവാ വസ്ത്ര ധാരണ നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്തു.ഡ്രസ്സ്‌ കോഡ് അഥവാ യൂണിഫോറം അടിച്ചമര്‍ത്തുന്നത് സമ്പന്ന-ദരിദ്ര പശ്ചാതലത്തെയും ഉച്ച നീച്ചത്വങ്ങളെയും ആണ്. സമത്വവും ഐക്യവും ഊട്ടിയുറപ്പിച്ചു ബന്ധങ്ങള്‍ സുദൃടം ആക്കുവാനാണ് അവ ലക്‌ഷ്യം വയ്ക്കുന്നതും.
എന്നാല്‍ ഐക്യത്തിനും സമത്വത്തിനും യാതൊരു സ്ഥാനവും ഇല്ലാത്ത, ഒരു വിലയും കല്‍പ്പിക്കാത്ത ഐ ടി മേഖലയില്‍ ഡ്രസ്സ്‌ കോഡ് അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ പോലും നിറവേറ്റുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഉടെങ്കില്‍ തന്നെ ജീവിത നിലവാരത്തിന്റെ അളവ് കോലായി അതിനെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് ഗൈഡ് ലൈന്‍സ് എന്ന കൊച്ചു പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് പുരുഷ കേസരികള്‍ക്ക് മാത്രം ബാധകം എന്ന ഭാവമാണ് മിക്ക ലലനാമണികള്‍ക്കും.
ആധുനിക ഫാഷന്‍ പ്രദര്‍ശനത്തിന്റെ നേര്‍കാഴ്ചകളില്‍ കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ചമച്ചവര്‍ പോലും സ്തംഭിച്ചു പോകും. അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന അന്നനട നിയമങ്ങളുടെ സീമകള്‍ക്ക് അപ്പുറമാണ്. മത വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മുക്കാല്‍ (3 / 4 ) നീളമുള്ള പാന്റ്സും തൊപ്പിയും ധരിക്കുന്നത് നിയമങ്ങളില്‍ അനുശാസിക്കാത്തതാണ്. അങ്ങനെ വരുമ്പോള്‍ തിയറിക്ക് (എഴുതി വച്ചിരിക്കുന്ന ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ) ഫുള്‍ മാര്‍ക്കും പ്രാക്ടിക്കലിനു പാസ്‌ മാര്‍ക്ക് പോലും കിട്ടാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
ചില പ്രധാന ദിവസങ്ങളില്‍ ഒഴികെ ഐ ടി യില്‍ ഡ്രസ്സ്‌ കോഡിന്റെ ആവശ്യകതയുണ്ടോ?

ഐ ടി മേഖലയില്‍ ചെയുന്ന ജോലികള്‍ക്ക് കൃത്യതയാര്‍ന്ന സേവനത്തിനും ഗുണ നിലവാരത്തിനും വളരെയധികം പ്രാധാന്യം കല്പ്പിക്കുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. കള്ളി മുണ്ടിലായാലും ബിസിനസ്‌ കാഷ്വല്സില്‍ ആയാലും ചെയുന്ന ജോലിയുടെ ഗുണമേന്മ മാത്രമാണ് ലക്ഷ്യമാക്കേണ്ടത്. ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആത്മ വിശ്വാസത്തിന്റെ ഘടകമെങ്കില്‍ പാകപ്പെടുതെണ്ടത് നമ്മുടെ മനസ്സിനെയാണ്.ഏതു ജോലിയും ആത്മാവര്‍പ്പിച്ചു ചെയ്യുന്നതിന് ഡ്രസ്സ്‌ കോടിനെക്കാള്‍ ഉപരി വേണ്ടത് ജോലി ചെയ്യാനുള്ള മനസ്സാണ് ഒപ്പം ആത്മാര്‍ത്ഥതയും.

കൊടും ചൂടിലും കനത്ത മഴയിലും മഞ്ഞിലും ഒരേ ഡ്രസ്സ്‌ കോഡ് എന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ടൈയ്യും കോട്ടും സൂട്ടും ധരിക്കണം എന്ന് ശഠിക്കുന്നത് കിടക്കുമ്പോഴും തൊപ്പി വയ്ക്കണമെന്ന് പോലീസുകാരനോട്‌ പറയുന്നത് പോലെയാണ്. ഇതിനു പുറമെയാണ് ഡ്രസ്സ്‌ കോഡിന്റെ പേരില്‍ ആയിരക്കണക്കിന് രൂപയുടെ വിദേശ ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ അണിഞ്ഞു "ഒരു കാഴ്ച വസ്തു" ആയി നടക്കുന്നത്. ഇത്തരം കെട്ടു കാഴ്ചകലെക്കാളും എത്രയോ നല്ലതാണു അതതു കാലാവസ്ഥക്ക് യോജിച്ച ഡ്രസ്സ്‌ കോടിന് അനുസൃതമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ആരോഗ്യകരമായ ഒരു മാറ്റം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. വസ്ത്രധാരണത്തില്‍ നിയമം വേണം. അവ പാലിക്കപെടുകയും വേണം.( ഗോവയ്ക്ക് ടൂറിനു വന്ന പോലെയുള്ള സ്ത്രീകളുടെയും ടൈയ്യും കെട്ടി വാട്ടര്‍ ബോട്ടിലുമായി നഴ്സറി ക്ലാസ്സിലേക്ക് പോകുന്ന മട്ടിലുള്ള പുരുഷന്മാരുടെയും വസ്ത്ര ധാരണ രീതികള്‍ ആണോ വേണ്ടതെന്നു പുനര്‍വിചിന്തനം നടത്തണം).

കാലോചിതമായി പരിഷ്ക്കരിക്കപ്പെടാത്ത ഡ്രസ്സ്‌ കോഡുകളും കാലഹരണപ്പെട്ടവയാണ് എന്ന് പറയേണ്ടി വരും.

Monday, May 10, 2010

മൊട കണ്ടാ എടപെടും അണ്ണാ

ഐ .ടി മേഖലയിലെ യുവ ജനത ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് എന്നോട് ഒരു പത്ര പ്രവര്‍ത്തക ചോദിക്കുകയുണ്ടായി.തെറ്റുകള്‍ ശരിയാവുകയും ശരികള്‍ തെറ്റാവുകയും ചെയ്യുന്ന പ്രതിഭാസമുള്ള ഇത്തരം കാര്യങ്ങളില്‍ ഇടപ്പെട്ടാല്‍ ധന - ഊര്‍ജ നഷ്ടവും മാനഹാനിയും സംഭവിക്കും എന്നലാതെ എന്ത് ഗുണം എന്നായിരുന്നു എന്റെ മറുപടി. ഏതു കാര്യത്തില്‍ ആയാലും സ്വന്തം മന: സാക്ഷിക്കനുസരിച്ചു ശരിയെന്നു തോന്നുന്ന നിലപാട് സ്വീകരിക്കുകയും നിര്‍ഭയം അഭിപ്രായം പ്രകടിപ്പിക്കുകയും വേണമല്ലോ.എന്നാല്‍ പ്രതികരണ ശേഷിയെ വിലക്കുന്ന ചുറ്റുപാടുകളും ജീവനോപാധികളും നമ്മെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വക ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് "മൊട കണ്ടാ എടപെടും അണ്ണാ" .


ഉത്സവങ്ങള്‍ കൊടിയിറങ്ങിയ പറമ്പുകള്‍ അവശേഷിപ്പിക്കുന്നത് വളപ്പൊട്ടുകളും അലങ്കാരങ്ങളും മാത്രമല്ല, അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കൂടിയാണ്.ആവേശവും വര്‍ണാഭവുമായ ആ ഓര്‍മ്മകളെ താലോലിച്ചു നാം വീണ്ടുമൊരു വര്ഷം കൂടി കാത്തിരിക്കും. അത്രയ്ക്ക് ഹൃദയഹാരികളാണ് മലയാളിയുടെ ഉത്സവങ്ങള്‍.എന്നാല്‍ വര്‍ത്തമാന കാലത്തില്‍ നമ്മുടെ സ്വീകരണ മുറികളില്‍ നിത്യേന അരങ്ങേറുന്ന മറ്റൊരു ഉത്സവമുണ്ട്, റിയാലിറ്റി പരമ്പരകള്‍. എട്ടു വയസ്സുകാരന്‍ മുതല്‍ എണ്‍പത് കഴിഞ്ഞ മുത്തശ്ശി വരെ ടി. വി യുടെ മുന്പില്‍ ഇരുന്നു ആവേശം കൊള്ളുന്നു, പൊട്ടി കരയുന്നു, SMS അയക്കുന്നു.തിരശീലക്കു പിന്നില്‍ ഉള്ളവരുടെ ഹിഡന്‍ അജണ്ട അറിയാതെ അവര്‍ മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കുന്നു, "എലിമിനേഷന്‍ റൌണ്ടില്‍ പുറത്താവല്ലേ" "SMS കൂടുതല്‍ കിട്ടണേ" എന്ന്.മുല്ലപെരിയാരും കാലവര്‍ഷവും ഭീകര ആക്രമണങ്ങളും നമ്മുടെ മുന്നില്‍ ചോദ്യ ചിഹ്നനങ്ങള്‍ ആയി നില്‍ക്കുന്നത് ആരും കണ്ട ഭാവം വയ്ക്കുന്നില്ല. അരിക്കും മദ്യത്തിനും വില കൂടുന്നത് അവരെ അലോസരപ്പെടുത്തുന്നില്ല.എന്തെന്നാല്‍ കുളിര് കോരിക്കുന്ന കിന്നാരങ്ങളും നയന സുഖം നല്‍കുന്ന കാഴ്ചകളും ആണല്ലോ ഏവര്‍ക്കും ആവശ്യം.ഇത് ഫിലിം തിയറിയായ Voyeurism - ത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ അഥവാ ഒളിച്ചുനോട്ടം ആണ് റിയാലിറ്റി പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്രം. ഒരു ഗുണ പാഠവും നല്‍കാത്ത ഇത്തരം പരിപാടികളുടെ ലക് ഷ്യമെന്തു? ഒരു വിജയിയെ തിരഞ്ഞെടുക്കാന്‍ അനേക ലക്ഷം ആളുകളുടെ എത്ര സമ്പത്തും സമയവുമാണ് നഷ്ടപ്പെടുത്തുന്നത്? പാട്ട് പാടാന്‍ സ്വരശുധിക്കുമൊപ്പം മറ്റു പല സംഗതികളും
(സൌന്ദര്യം, മേനിയഴക്, മെയ്യാഭ്യാസം) വേണമെന്ന് നിര്‍ബന്ധിക്കുന്നത് എന്തിനു ? അവര്‍ക്ക് ഉത്തരമുണ്ടായെക്കാം. entertainment industry പിടിച്ചു നില്‍ക്കുന്നത് ഇത്തരം പരിപാടികളില്‍ ആണെന്നും അവ യുവ തലമുറയെ വളര്‍ത്തി കൊണ്ട് വരുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട് എന്നായിരിക്കും മറുപടി. എന്നാല്‍ കഴിഞ്ഞ കാല റിയാലിറ്റി മത്സരങ്ങളിലെ വിജയികളെ അമ്പല പറമ്പുകളിലെ പരിപാടികളിലും ചില കാസറ്റ് കവറുകളിലും അല്ലാതെ മുഖ്യധാര മാധ്യമങ്ങളില്‍ കാണാന്‍ പോലും കിട്ടുന്നില്ല.കലാ സാംസ്കാരിക മേഖലയിലെ പല ലോബികളാല്‍ അവര്‍ തിരസ്ക്കരിക്ക പെടുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കാന്‍ 400 കോടി രൂപ SMS എന്ന നൂതന അതി ജീവന മാര്‍ഗത്തിലൂടെ നേടണം എന്നല്ലാതെ ശുദ്ധ സംഗീതത്തെയും ക്ലാസ്സിക്‌ കലകളെയും വളര്‍ത്തി എടുക്കണമെന്ന് ആഗ്രഹമുള്ള എത്ര ചാനലുകള്‍ ഉണ്ട്? എത്ര സ്പോന്‍സര്‍മാര്‍ ഉണ്ട്? മൊബൈല്‍ കമ്പനികള്‍ വളരുന്നുണ്ട്‌ എന്നല്ലാതെ ഒരു കലാകാരനും ഇത്തരം പരിപാടികളിലൂടെ വളരുന്നില്ല. ഇനിയെങ്കിലും നാം വിഡ്ഢിപ്പെട്ടിയിലെ തട്ടിപ്പുകളെ തിരിച്ചറിയുക, പ്രതികരിക്കുക.
ഒന്നോര്‍ക്കണം : നമ്മള്‍ എന്നും ആത്മാവില്‍ ഏറ്റി നടക്കുന്ന , ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഗായകരും നൃത്തകരും മറ്റെല്ലാ കലാകാരന്മാരും റിയാലിറ്റി യുഗത്തിന് മുന്പ് മാത്രം വന്നവരാണ്.ഈ കാലഘട്ടത്തില്‍ ആന്നെങ്കില്‍ അവര്‍ ആദ്യ റൌണ്ടില്‍ പുറത്തു പോയേനെ. റഫിക്കോ, കിഷോരിനോ, ദാസേട്ടനോ ജയചന്ദ്രനോ അറിയില്ലല്ലോ ബ്രേക്ക്‌ ഡാന്‍സ് കളിച്ചു കൊണ്ട് ആലപിക്കുവാന്‍.. കൊട്ടാരത്തിലോ കുപ്പതൊട്ടിയിലോ ആവട്ടെ, മാണിക്യം എന്നും മാണിക്യം തന്നെ. അതിനെ കണ്ടെത്താന്‍ റിയാലിറ്റി പരമ്പരകളും സ്തുതി പാടകരും ആവശ്യമെന്നു കരുതുന്നില്ല.


പിന്നാമ്പുറം:
കൊമെഴ്ഷ്യല്‍ ലോകത്തെ നിന്നും ഒട്ടും വിഭിന്നമല്ല കോര്‍പ്പറേറ്റ് റിയാലിറ്റി മഹോത്സവങ്ങളും. ടെക്നോ പാര്‍ക്കിലും അരങ്ങേറുന്നു വര്‍ഷാവര്‍ഷം പലതരം റിയാലിറ്റി മത്സരങ്ങള്‍.അതിന്റെ നടത്തിപ്പിലെക്കും ഉത്സാഹ കമ്മറ്റിയിലേക്കും ആയി വിണ്ണില്‍ നിന്നും "താരങ്ങള്‍" ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നു, "ഉപഗ്രഹങ്ങള്‍" ട്രെയിനില്‍ വന്നു തമ്പാനൂരിലും...
തീരെ ചെറിയൊരു സംഭവത്തെ വലിയൊരു മാമാങ്കമാക്കാന്‍ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഏണി ചാരിയും , കൈ നനയാതെ മീന്‍ പിടിച്ചും രാഷ്ട്രീയം കളിക്കുന്നു. ഒരു മൊട്ടു സൂചി സംഘടിപ്പിക്കുവാന്‍ പോലും പത്താള് കേള്‍ക്കെ ഒരായിരം കോളുകള്‍ ചെയ്യുന്നു, ഒരു ഇരുപത്തിയെട്ടു മീറ്റിങ്ങുകളും വിളിച്ചു ചേര്‍ക്കുന്നു. അങ്ങനെ സംഘാടകരും പ്രായോജകരും മത്സരാര്‍ഥികളും ചേര്‍ന്ന് ഡപ്പാംകുത്ത് അഭ്യാസങ്ങളും കുളിര് കോരും കാഴ്ചകളും കൊണ്ട് ഷോ കൊഴുപ്പിക്കുന്നു. ഇതെല്ലം കണ്ടു കാണികള്‍ അന്തം വിട്ടിരിക്കുന്നു, നിര്‍വൃതിയടയുന്നു..
ഒടുവില്‍ ആദ്യ -അവസാനമുള്ള ഭാവാഭിനയ പ്രകടനത്തിന്റെ മികവനുസരിച്ചു സംഘാടകര്‍ക്ക് കുടോസ് മെയിലുകളും ആശംസ വാചകങ്ങളും ...
മത്സരത്തില്‍ ജയിക്കുന്നവനോ, അഞ്ചു രൂപയുടെ ട്രോഫിയും കപ്പലണ്ടി പൊതിയാന്‍ പോലും പറ്റാത്ത ഒരു സര്‍ട്ടിഫിക്കറ്റും....

Saturday, April 24, 2010

വിശദീകരിക്കാനാവാത്ത എന്തോ ഒന്ന്

6304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്‌.
കോട്ടയം കഴിഞ്ഞതോടെ വിജനമായ ആ ട്രെയിനിന്റെ ഏഴാമത്തെ ബോഗിയില്‍ ഇരുന്നു ഞാന്‍ ഏകാന്തതയുടെ തടവറയില്‍ അകപ്പെടുമ്പോള്‍ മൊബൈലില്‍ നിന്നും ഉയരുന്ന
സംഗീത ധാര , ഗന്ധര്‍വ ഗായകന്റെ "വാടാമലരുകള്‍ ..."
"പാടാത്ത വീണയും പാടും ..
പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍ ..
പാടാത്ത മാനസ വീണയും പാടും ...
ചിന്തകളില്‍ രാഗ ചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളെ ...
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ നമ്മള്‍ ഒന്നാകുമീ ബന്ധനത്താല്‍...
അകലുകില്ല , ഇനിയും ഹൃദയങ്ങള്‍ അകലുകില്ല ......"

ഇരുട്ടിനെ കീറി മുറിച്ചു , ഒരേ താളത്തില്‍ ശബ്ദം പുറപ്പെടുവിച്ചു എറണാകുളം ലക് ഷ്യമാക്കി വഞ്ചിനാട് കുതിക്കുമ്പോള്‍ , ആ ഗാനത്തില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് ." കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതായ അപ്പോഴത്തെ പ്രണയ വിചാരങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ "വിശദീകരിക്കാനാവാത്ത എന്തോ ഒന്ന് ".

പ്രണയത്തിന്റെ പിറവി ചിന്തകളുടെ മണല്‍ കൂനകളില്‍ നിന്ന് ആണെന്നും പ്രണയം സന്ദ്രമാകുന്നത് മൌനത്തിന്റെ നിമിഷങ്ങളില്‍ ആണെന്നും തിരിച്ചറിയുവാന്‍ ഞാന്‍ ഒരുപാട് വൈകി .
അനുഭവിച്ചറിഞ്ഞ ഓരോ പ്രണയങ്ങളും പുതിയ നിര്‍വ്വചനങ്ങള്‍ ആണ് എനിക്ക് പകര്‍ന്നു നല്‍കിയത് .

അപ്പോഴാണ്‌ അത് ശ്രദ്ധയില്‍ പെട്ടത്.
സീറ്റിനു മുകളിലായി ആരോ പേന കൊണ്ട് എഴുതിയ വാക്കുകള്‍ "നഷ്ട്ടപെടാം, പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് ". ഈ വാക്കുകളുടെ പ്രചോദനത്തില്‍ എന്റെ ഹൃദയം പ്രണയം തേടിയുള്ള യാത്രകളിലേക്ക് കുതിച്ചു തുടങ്ങിയിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു.
പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞത് എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ ആണ് ...
മഞ്ഞു കട്ടകള്‍ വീണലിഞ്ഞ വിസ്കിയുടെ ലഹരിയിലേരി വായിച്ചു തീര്‍ത്ത അപസര്‍പക കഥകള്‍ മുതല്‍ ചിത്രകഥകള്‍ വരെയുള്ള കിത്താബുകളില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിന്റെ നവരസങ്ങള്‍ ....
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണം ആന്നെന്നു പറഞ്ഞു തരുവാന്‍ ക്ലാസ്സുകള്‍ കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി ...
batch mate - ആയി പഠിച്ചിട്ടും , ഒരു വാക്ക് പോലും മിണ്ടാതെ , കണ്ട ഭാവം നടിക്കാതെ രണ്ടു കൊല്ലം തള്ളി നീക്കുകയും ഒടുവില്‍ " നീ എന്റെതാണ് " എന്ന ഉള്‍വിളിയില് ‍ഓട്ടോഗ്രാഫില്‍ ഒന്നും എഴുതാതെ മടക്കി തരികയും പിന്നീട് ജീവിതസഖി ആവുകയും ചെയ്ത അഞ്ജലി ...
പ്രേമഭാഷണങ്ങളിലൂടെ പ്രണയത്തിന്റെ പുത്തന്‍ ശബ്ദ വിസ്മയങ്ങള്‍ പകര്‍ന്നു തന്ന സ്നേഹിത...
അനുരാഗത്തിന്റെ പരമാനന്ദത്തില്‍ സൌന്ദര്യധാമങ്ങള്‍ ഒഴുക്കിയ വിയര്‍പ്പില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിനെ ഗന്ധം ...
പ്രണയം, ജീവിതമാണ് എന്ന് പറഞ്ഞ ഓഷോ മുതല്‍ നിലാവെളിച്ചമാണ് എന്ന് പറഞ്ഞ ബഷീര്‍ വരെ ഉള്ളവരുടെ പ്രണയ ഭാവനകള്‍...
ഒടുവില്‍ ,
കാലമേറെ കടന്നു പോയിട്ടും , രണ്ടു കുട്ടികളുടെ അമ്മ ആയിട്ടും "ഒന്നിനും അല്ലാതെ എന്തിനോ " എന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്ന കലാലയ കൂട്ടുകാരി, എന്റെ വാവ..
ഒരു പതിറ്റാണ്ട് മുന്‍പ് , അവളുടെ ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഞാന്‍ എഴുതിയത് "ഒരു മാത്രയെങ്കിലും ഓര്‍ക്കുമോ നീ എന്നെ , സ്നേഹിച്ചിരുന്നോരാളായി മാത്രം" എന്ന് ആന്നെന്നു അവള്‍ ഈയിടെ പറയുകയുണ്ടായി. എന്നാല്‍ ജീവിതത്തിന്റെ ഒരു മാത്ര മാത്രമല്ല , ജീവിതം തന്നെ സമര്‍പ്പിച്ചു സ്നേഹിക്കുന്ന ആ "മന:പൊരുത്തതെ" ഞാന്‍ എന്താണ് വിളിക്കേണ്ടത് ?
ചിതലരിക്കാത്ത ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ ആ "മനസ്സിന്" ഞാന്‍ എന്താണ് തിരിച്ചു നല്‍കേണ്ടത് ?

മൊബൈലില്‍ നിന്നും "വാടാമലരുകള്‍" ഒഴുകി കൊണ്ടിരിക്കുന്നു ...
ഹൃദയത്തിനുള്ളില്‍ പ്രണയത്തിന്റെ വെളിപാടുകളും ...

യാത്രയുടെ അന്ത്യത്തില്‍ , ചായം തേക്കാത്ത നിറം മങ്ങിയ വഞ്ചിനാട് എക്സ്പ്രസ്സ്‌ - ഇന്റെ ചവിട്ടു പടിയില്‍ ഇരുന്നു ഇരുട്ടിന്റെ ആത്മാവിലേക്ക് നോക്കി ഞാന്‍ ചിന്തിച്ചു.
പ്രണയമെന്നത് വികാരമോ ആകര്‍ഷണമോ അനുഭൂതിയോ ചാപല്യമോ മാനസിക അവസ്ഥയോ ?
എന്നാല്‍ അത് "വിശദീകരിക്കാന്‍ ആവാത്ത എന്തോ ഒന്ന്" ആന്നെന്നു ഞാന്‍ തിരിച്ചറിയുമ്പോള്‍ ദൂരെ "എറണാകുളം ജങ്ക്ഷന്‍" എന്ന ബോര്‍ഡ് തെളിയുന്നു ..
ആദ്യ പ്രണയം തൊട്ടുള്ളവരുടെ മുഖങ്ങള്‍ എന്റെ മനസ്സിലും .....


പിന്കുറിപ്പ് :
സ്ഥാപിത താല്പര്യങ്ങള്‍ക്ക് അനുസരിച്ചും മുന്‍ നിശ്ചയിച്ച അജണ്ട പ്രകാരവും പോളിഷ് ചെയ്ത ഭാഷണങ്ങളും പെരുമാറ്റ രീതികളും മാത്രമുള്ള "മൊബൈല്‍ ഫോണ്‍ കാലത്തെ പ്രണയം" നമുക്ക് അന്യമാക്കുന്നത് വര്‍ണ്ണനാതീതമായ അനുഭൂതികളും ഭാവനയാല്‍ നെയ്യുന്ന സുന്ദര സ്വപ്നങ്ങളെയുമാണ്‌. കരിവളയും കണ്മഷിയും കമ്മലുകളും മധുരോധാരമായ വാക്കുകളും നിറഞ്ഞ പ്രേമ ലേഖനങ്ങളും പ്രണയത്തിന്റെ വിസ്മൃതിയിലാണ്ട അടയാളങ്ങള്‍ ആകുന്നു.അവ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന സ്മാരക ശിലകളായി അവശേഷിക്കും.

ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്.
അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....

Monday, April 12, 2010

Corporate Social Responsibility - ഒരു പുനര്‍വിചിന്തനം

ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വീതം വനസംരക്ഷണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗത്തിനും വേണ്ടി നിയോഗിച്ചു അതിലൂടെ സാമൂഹിക പ്രതിബദ്ധതക്ക് തുടക്കമിട്ടതാണ് രാജ ഭരണ കാലഘട്ടം.പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍ മാത്രമല്ല കോര്‍പ്പറേറ്റ്- കളും ഒരു സമൂഹ ജീവിയാണ് എന്ന തിരിച്ചറിവില്‍ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒട്ടേറെ ആശയങ്ങള്‍ പകരുകയും ജനകീയ പങ്കാളിത്തതോടെ പലതും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമാധാനത്തിനു വേണ്ടി പ്രാവുകളെ പറത്തുക, പ്ലകാര്‍ഡുകള്‍ ഏന്തി സൈക്കിള്‍ യാത്രകള്‍, ആരോഗ്യ വാരാഘോഷങ്ങള്‍, ഹരിത വിപ്ലവത്തിന് വൃക്ഷ തൈകളുമായി റാലികള്‍ നടത്തുക , കടല്‍ തീരത്ത് മണല്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങി ചില നിരന്തരമായ നിരര്‍ഥക ശ്രമങ്ങള്‍ക്കാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. വര്‍ത്തമാന കാലത്തില്‍ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന ഇത്തരം പൊള്ളയായ പ്രകടനങ്ങള്‍ അല്ലാതെ "giving back to society " എന്ന പ്രതിജ്ഞ ആത്മാര്‍ത്ഥമായി പാലിക്കപ്പെടുന്നുണ്ടോ ? അവ സമൂഹത്തിനു ഗുണപ്രദമാകുന്നുണ്ടോ? ആനുകാലിക സംഭവങ്ങള്‍ അനുഭവിച്ചു അറിയുമ്പോള്‍ ടെക്കി ഒരു പുനര്‍വിചിന്തനം നടത്തുകയാണ്. കൊട്ടും കുരവയും ഘോഷങ്ങളും ആയി നമ്മള്‍ നല്‍കുന്നതാണോ സമൂഹത്തിനു ആവശ്യമുള്ളത് ?

കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ടെക്കി ശ്രദ്ധ ക്ഷണിക്കുകയാണ്.

ആഴ്ചയില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് കേരള സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് വഴി കൈത്തറി വസ്ത്രങ്ങള്‍ ജനകീയമാക്കുവാനും അതിനുമുപരി ആയിരക്കണക്കിന് വരുന്ന കൈത്തറി തൊഴിലാളികളുടെ ജീവിത വീഥിയില്‍ ഒരു തരി വെളിച്ചം പകരുവാനും സഹായകമാകുമായിരുന്നു, ഒപ്പം നാശോന്മുഖമായികൊണ്ടിരിക്കുന്ന ഒരു വ്യവസായത്തെ പുനരുജീവിപ്പിക്കുവാനും സാധിക്കുമായിരുന്നു. എന്നാല്‍ സര്‍കാരിന്റെ ആഹ്വാനം വേണ്ടവിധം പ്രാവര്‍തികമാകുന്നില്ല എന്നത് ദുഖകരമായ വസ്തുതയാണ്.
ആയിരക്കണക്കിന് രൂപ കൊടുത്തു വിദേശ ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ മാത്രം വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി മാത്രം ജീവിത നിലവാരത്തെ നിര്‍ണയിക്കുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ പ്രൊഫഷനല്‍ സമൂഹത്തിനു
ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കൈത്തറി വസ്ത്രം (ഷര്‍ട്ടോ, ചുരിധാരോ എന്തുമാകട്ടെ) ധരിച്ചു കൂടെ? ഒരാള്‍ ഒരു ജോഡി വസ്ത്രം മാത്രം എടുത്താലും മുപ്പതിനായിരത്തില്‍ അധികം തുണിത്തരങ്ങള്‍ ടെക്നോപാര്‍ക്കില്‍
മാത്രം ചിലവാകില്ലേ? നമ്മുടെ കാലാവസ്ഥക്ക് എന്ത് കൊണ്ടും അനുയോജ്യം ഇത്തരം വസ്ത്രങ്ങള്‍ അല്ലെ?
സമൂഹത്തിനു നന്മ വരണം എന്ന് അല്‍പ്പമെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ , ഉത്തരവാദിത്വമുണ്ടെങ്കില്‍ , അതുമല്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടെങ്കിലും കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന് എന്ത് കൊണ്ട് കോര്‍പ്പറേറ്റ് - കള്‍ക്ക് മുന്‍കൈ എടുത്തു കൂടാ?
(വലിയ കേമന്മാരാണെന്ന് ചമഞ്ഞു നടക്കുന്ന നമുക്കും ഇത് ബാധകമാണ്. വസ്ത്ര ധാരണത്തില്‍ മാത്രമല്ല , പ്രവര്‍ത്തികളിലും വ്യക്തിത്വമുണ്ടെന്നു നാം തിരിച്ചറിയണം. "തള്ളു മാഹാത്മ്യത്തിനു " പരിധിയുണ്ടെന്നും ആത്മാര്‍ഥ സേവനത്തിനു അതില്ലെന്നും നാം മനസിലാക്കുക)

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കൈത്തറി വസ്ത്രം നിര്‍ബന്ധമാക്കുക.അത് വഴി കൈവരുന്നത് ഒരു സമൂഹത്തിന്റെ ഉന്നമനം മാത്രമല്ല , സത് പ്രവര്‍ത്തി ചെയ്യുമ്പോള്‍ ലഭിക്കുന്ന മന സംതൃപ്തി കൂടിയാണ്.

Monday, April 5, 2010

കഥാപാത്രങ്ങളും അഭിനേതാക്കളും

പാണ്ടവര്‍ക്ക് ലഭിച്ച "കാമ്യകം" പോലെ ആരും കൊതിക്കുന്ന ഒരു സ്വപ്ന ഭൂമി, ടെക്നോപാര്‍ക്ക്‌.
300 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന, 4 മില്യണ്‍ ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന 150 - ഓളം കമ്പനികളും
മുപ്പതിനായിരത്തിലധികം തൊഴിലാളികളും ... വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും സമഞ്ജസ സമ്മേള്ളനം.ജോലിയിലെ കൂട്ടായ്മ (harmony @ work ) വിളംബരം ചെയ്യുന്ന ഈ അത്ഭുത ലോകത്തെ നേര്‍ കാഴ്ചകള്‍ ആണ് കഥാപാത്രങ്ങളും അഭിനേതാക്കളും.

ടെക്നോദ്യാനം എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ലോകം . ഇവിടെ "ജീവിതം" ഇല്ലാതെ ജീവിക്കുന്ന കുറെ മനുഷ്യര്‍.
ഇവര്‍ക്കിടയില്‍ ആത്മാര്‍തഥക്കോ മനുഷ്യത്വത്തിനോ കടപ്പാടുകള്‍ക്കോ വലിയ വില കല്‍പ്പിക്കരുത് . ഇതിനു അപവാദമെന്നവണ്ണം ഊഷ്മളമായ സുഹൃത്ത് ബന്ധങ്ങളും ജോലി - ജീവിതത്തെ കൃത്യമായി തുലനം ചെയ്തു , സാമൂഹിക - സാംസ്കാരിക മേഖലകളില്‍ ഇടപെട്ടു അവയോടു
ഇണങ്ങിയും പിണങ്ങിയും ജീവിതത്തെ മൊത്തമായും ചില്ലറയായും ആസ്വദിക്കുന്നവരും ഉണ്ട്. എഴുതപ്പെടുന്ന ജീവിത പാഠങ്ങളും ആസ്വാദന ശീലങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തിയെക്കാം.
പങ്കു വയ്ക്കുന്ന കലപ്പില്ലാത്ത സത്യങ്ങളില്‍ പലതും ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയെക്കാം.
പ്രിയ വായനക്കാരാ ഒന്നോര്‍ക്കുക :
ഞങ്ങളും മജ്ജയും മാംസവുമുള്ള മനുഷ്യര്‍ തന്നെ.
ഈ വേദിയില്‍ ജീവിത നാടകം ആടിതകര്‍ക്കുന്നവര്‍ക്ക് പോള്‍മുനിയുടെ അഭിനയ ശാസ്ത്രത്തെ വെല്ലുന്ന ഭാവ പ്രകടനങ്ങളും ചലനങ്ങളും ആന്നുള്ളത്. നിങ്ങള്‍ക്കവ ഏതറ്റം വരെയും കണ്ടു ആസ്വദികാം, പങ്കു ചേരാം , ആവേശം കൊള്ളാം, സഹതപിക്കാം.
പല വിധ അരാജകത്വങ്ങള്‍ക്കിടയില്‍ അവര്‍ പച്ചയായ ജീവിത യാഥാര്‍ത്യങ്ങളെ കണ്ടിലെന്ന് നടിക്കുന്നു.
കാരണം അത്തരം കാഴ്ചകള്‍ക്ക് കച്ചവട മൂല്യം കുറവാന്നലോ.
എന്നാല്‍ കാണാതെ പോകുന്ന ആ കാഴ്ചകളിലേക്ക് ആണ് ടെക്കി സഞ്ചരിക്കുന്നത്.

125 - ല്‍ അധികം സിനിമ ഗാനങ്ങള്‍ ഹൃദിസ്ഥമാക്കി വേദികളില്‍ ആലപിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ M.A ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ പഠിപ്പിക്കുന്ന ക്ലീനിംഗ് തൊഴിലാളി വരെയുള്ള കഥാപാത്രങ്ങള്‍..
stuff ഇല്ലെങ്കിലും വെറും വാചക കസര്‍ത്ത് കൊണ്ട് ജീവിക്കുന്നവരാണ് ഏറയും. പദവികളെ ചൂഷണം ചെയ്തും , വിശ്രമമില്ലാതെ നാക്കിട്ടടിച്ചും എന്തു വിഡ്ഢിത്തവും എവിടെയും വിളമ്പുന്ന മോഡേണ്‍ പ്രൊഫഷണല്‍സ്. യുവത്വം നില നിര്‍ത്താന്‍ പാടു പെടുന്ന അവരുടെ കൊഞ്ചി കുഴയലുകളും മറ്റു ചാപല്യങ്ങളും, വസ്ത്ര സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരവും കണ്ടാല്‍ ലജ്ജ കൊണ്ട് നമ്മുടെ തല താഴും, കാല്‍ വിരല്‍ കൊണ്ട് നാം കളമെഴുതും...
കഴിവുകള്‍ ഏറെയുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ചു മനം മടുപ്പിക്കുന്ന കോടിങ്ങിലും ടെസ്ടിങ്ങിലും ജന്മം ഹോമികേണ്ടി വന്നവര്‍ നിരവധി ...
കൈ വിരല്‍ കൊണ്ടുള്ള ഗോഷ്ടികളില്‍ മാത്രം നില നില്‍ക്കുന്ന (കപട) സൌഹൃദങ്ങള്‍...
ആത്മാര്‍ത്ഥത യോടെയുള്ള ജോലിയെക്കാളും "തള്ളു മാഹത്മ്യ" ത്തിനു കിട്ടുന്ന പേരും പെരുമയും അപ്പ്രൈസലുകളും...
കല്യാണത്തിന്റെയും മരണത്തിന്റെയും പോലും തീയതികള്‍ പുതുക്കി നിശ്ചയിക്കണമെന്നു ആവശ്യപ്പെടുന്ന ജീവനോപാധികള്‍ ....
ഒരു മനുഷ്യായസ്സു കൊണ്ട് ചെയ്തു തീര്കേണ്ട ജോലികള്‍ ഈ നിമിഷം വേണമെന്ന **very urgent** മെയിലുകള്‍ കാണുമ്പോള്‍ നമ്മുടെ മുഖത്ത് വിരിയുന്ന നവരസങ്ങള്‍ ...
ഈ കാണാകാഴ്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് , ആസ്വദിച്ചു , ഒട്ടേറെ സമ്പാദിച്ചു അബോധവസ്ഥയില്‍ ജീവിതം ആഘോഷിക്കുന്നു.
ഒടുവില്‍ കൂട്ടിയിട്ടും ഹരിച്ചിട്ടും ഗുണിച്ചിട്ടും ബാലന്‍സ് ഷീറ്റില്‍ മന സമാധാനത്തിന്റെ കോളം കാലിയായി കിടക്കുന്നു.
ധൈഷണികമായ വ്യായാമം ആവശ്യപ്പെടുന്ന വ്യവസ്ഥിതിക്കു മനസ്സിനെ ശാന്തമാക്കാന്‍ കഴിയില്ലല്ലോ.
നെഞ്ചിടിപ്പ് നോര്‍മലായ ഒരു ഐ ,ടി . കാരനും ലോകത്തുണ്ടാവില്ല.
എന്തെന്നാല്‍ escalation എന്ന "ദേമോക്ലീസിന്റെ വാള്‍" തന്റെ തലയ്ക്കു മുകളില്‍ തൂങ്ങി ആടുകയാന്നല്ലോ.
ഇവിടെ നില നില്‍കുന്ന hierarchy പഴയ കാല feudalism ആണ്. നിലവാരത്തില്‍ പ്രത്യക്ഷ മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും രീതികള്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.
പകലന്തിയോളവും രാത്രിയുമുള്ള മസ്തിഷ്ക അധ്വാനം മുരടിപ്പിക്കുന്നത് , മരവിപ്പിക്കുന്നത് കൊച്ചു കൊച്ചു മോഹങ്ങളെയാണ്. ഒടുവിലവ കൊണ്ടെത്തിക്കുക വിരക്തിയിലാണ്, മരവിപ്പുകളിലും ...

ഇതിനു പുറമെയാണ് ന്യൂ ജനറേഷന്‍ തൊഴില്‍ മേഖല നേരിടുന്ന "ക്രോണിക് ഫറ്റിഗ് സിന്ദ്രോം" എന്ന ഗുരുതരമായ അവസ്ഥ.
(ഡോക്ടര്‍മാര്‍ക്കും ശാസ്ത്രത്തിനും കാരണം കണ്ടെത്താനാകാത്ത ഈ ക്ഷീണത്തിന്റെ പൊരുള്‍ തേടി ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഈ രോഗം ജീവിത ഗതി തന്നെ മാറ്റി മറിച്ചു സാമൂഹ്യമായും ശാരീരികമായും തളര്‍ത്തുമെന്നു
തെളിഞ്ഞിട്ടുണ്ട് )
ആകെയുള്ളൊരു ആശ്വാസം instant messenger ആണ്. ജോലിക്കിടയില്‍ messenger - ഇലൂടെ കൈമാറുന്ന വാക്കുകളും ചിഹ്നങ്ങളും മരുഭൂമിയിലെ ഉറവ പോലെ കുളിര്‍മയുള്ളതാണ്.പലപ്പോഴും നേരില്‍ കാണാന്‍ കഴിയാത്ത സുഹൃത്തുക്കളുടെ ഇത്തരം മേഘ സന്ദേശങ്ങള്‍ ആവാം മനസ്സിനെ മരവിപ്പിക്കാതെ ഉണര്‍വും ഉന്മേഷവും നല്‍കി നില നിര്‍ത്തുന്നത്. പ്രണയവും അസൂയയും കുമ്പസാര രഹസ്യവുമെല്ലാം പങ്കു വയ്ക്കുന്ന ഈ സന്ദേശങ്ങള്‍ ടെക്കിയുടെ വേര്‍പ്പെടുത്താന്‍ ആവാത്ത ഒരംശമാണ്.
ഈ "corporate jungle ബുക്ക്‌" നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നത് സെക്സും ഫാഷനും ഫാസ്റ്റ് ഫുഡും മൊബൈലുകളും മറ്റു യോ-യോ ഘടകങ്ങളും കൂടി ചേര്‍ന്ന ഒരു ലോകമാണ്. ഇതിനു വാല്‍ കഷണമായി "അവര്‍ക്ക് ഒന്നിനും ടൈം ഇല്ല . എപ്പോഴും engaged ആണ് " എന്നുള്ള പരസ്യ വാചകങ്ങളും.

ഈ നാടക ലോകത്തിന്റെ ഏറ്റവും ഒടുവില്‍ പഴയ മലയാള സിനിമയുടെ "end title card" തെളിയണമെന്ന് ടെക്കി പ്രത്യാശിക്കുന്നു.
** ശുഭം**

Monday, March 29, 2010

തണുത്ത മധുര കള്ള്

ഒടുവില്‍ BBC വരെ ചോദിച്ചു:
"വൈകിട്ടെന്താ പരിപാടി" എന്ന് .കേരളത്തിലെ മദ്യപാനാസക്തിയെ പ്രകീര്‍ത്തിക്കാന്‍ ഇതില്‍പ്പരം എന്ത് വേണം ? അത്രയ്ക്കുണ്ട് നമ്മുടെ കള്ളുകുടിയുടെ പ്രശസ്തി.ടെക്നോപാര്‍ക്കിന്റെ ഒരു കോണില്‍ ഇരുന്നു കള്ളുകുടിയുടെ ഉല്പത്തി രഹസ്യം തേടുകയാണ് ടെക്കി.

1980 - ലെ കോലങ്ങള്‍ എന്ന സിനിമയിലെ ( സംവിധായകന്‍ എന്റെ ഗുരുനാഥന്‍ K G George ആണ് ) കള്ളുവര്‍ക്കി എന്ന കഥാപാത്രത്തിന്റെ സുവിശേഷത്തില്‍ നിന്നും തുടങ്ങുന്നു കള്ളുകുടിയുടെ ചരിത്രം. " ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ശൂന്യമായി കിടക്കുന്നത് കണ്ടപ്പോള്‍ ദൈവത്തിനു ദുഖം തോന്നി.അവന്‍ പുരുഷനെ സൃഷ്ടിച്ചു. പുരുഷന്‍ മന സമാധാനത്തോട്‌ കൂടി ജീവിക്കുന്നത് കണ്ടപ്പോള്‍ ദൈവം സ്ത്രീയെ സൃഷ്ടിച്ചു. ഉടനെ പുരുഷന്‍ അവളെ പ്രേമിക്കാനും വിവാഹാലോചന നടത്താനും തുടങ്ങി.
സ്ത്രീയാകട്ടെ, പല പുരുഷന്മാരെ ഒരേ സമയം പ്രേമിച്ചു. ഒടുവില്‍ പുരുഷന്‍ കള്ള് കണ്ടു പിടിക്കുകയും മദ്യപാനം ആരംഭിക്കുകയും ചെയ്തു."
പിന്നീടു സംഭവിച്ചത് ഇങ്ങനെയാകാം.
കാലക്രമത്തില്‍ പുരുഷന്മാര്‍ കൂട്ടമായിരുന്നു കള്ള് കുടിക്കുകയും ദുഖങ്ങള്‍ പരസ്പരം പങ്കു വയ്ക്കുകയും ചെയ്തു പോന്നു. ഈ കൂട്ടായ്മ ഒടുവില്‍ കള്ള് ഷാപ്പുകള്‍ക്ക് പിറവി നല്‍കി. കാലമേറെ കഴിഞ്ഞപ്പോള്‍ പുതിയൊരു ലഹരി സംസ്കാരം നിലവില്‍ വരികയും "ബാറുകള്‍" എന്നറിയപ്പെടുകയും ചെയ്തു. "സോമ രസത്തിന്റെ " ഗുണ നിലവാരം അനുസരിച്ച് "ഈ പരിശുദ്ധ പാനീയത്തെ " കുടിയന്മാര്‍ മൂലവെട്ടി, മണവാട്ടി, ആനമയക്കി, ചാത്തന്‍ എന്നിങ്ങനെ പല പേരുകളില്‍ വിളിക്കുകയും ചെയ്തു.

ആധുനിക സമൂഹത്തില്‍ കള്ള് ഷാപ്പുകളുടെ പ്രസക്തിയെന്ത് ?
തുച്ഛമായ തുകയില്‍ "മന സമാധാനം " ലഭിക്കുന്നു എന്ന് മാത്രമല്ല " പൊതു വിജ്ഞാന നിലവാരത്തെ" ഗണ്യമായി ഉയര്‍ത്തുക കൂടി ചെയ്യുന്നുണ്ട് ഈ ഷാപ്പുകള്‍.കേര വൃക്ഷങ്ങള്‍ക്കിടയില്‍ ഉള്ള ആ ഓലപ്പുര പകര്‍ന്നു തരുന്നത് അന്നന്നത്തെ ചൂടന്‍ വാര്‍ത്തകള്‍ ആണ്. ഒപ്പം ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും കിട്ടാത്ത നാട്ടു വര്‍ത്തമാനങ്ങളും. ഈ coconut drink - ഇന്റെ ലഹരിയില്‍ നിന്നും ലഭിക്കുന്ന സുഖമല്ല, മറിച്ച് സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള ശക്തമായ കാഴ്ചപാടുകളും വാര്‍ത്തകളും പങ്കു വയ്ക്കുന്നതിലൂടെ ,
കേള്‍ക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദമാണ് ഈ "freezing Point " ലേക്ക് ആകര്‍ഷിക്കുന്നത്. അവിടെ നിന്നും ഉയരുന്ന പൂരപ്പാട്ടുകള്‍ക്ക് താളം പിടിച്ചും 2 കുപ്പി കാലിയാക്കി കൊണ്ടും നാം ലോകത്തോട്‌ വിളിച്ചു പറയും : "കള്ളേ നീ ശുദ്ധമുള്ളവന്‍ ആകുന്നു! എന്തെന്നാല്‍ , നിന്നിലായ് വീണു മരിക്കുന്ന ഈച്ചയേയും പുഴുക്കളെയും നീ വിദ്വാന്മാരുടെ മീശക്കുള്ളില്‍ കബറടക്കം ചെയ്യുന്നു..."

പിന്‍ കുറിപ്പ് :
ഒരു കള്ളി മുണ്ട് വാരി ചുറ്റി , നാടിലെ കള്ള് ഷാപിന്റെ ഒടിയാറായ മരബെച്ഞ്ചില്‍ ഇരുന്നു നുരഞ്ഞു പതയുന്ന കള്ളും എരിഞ്ഞു പുകയുന്ന മീന്‍ കറിയും കപ്പയും കഴിക്കുന്ന സുഖം , ടീം ഡിന്നറുകളില്‍ വിളമ്പുന്ന വിദേശ മദ്യങ്ങള്‍ അടക്കമുള്ള പഞ്ച നക്ഷത്ര ഭക്ഷണത്തെക്കാളും എത്രയോ പതിന്മടങ്ങാണ്.
അനിര്‍വചനീയമായ പരമാനന്ദം ആണ് അതിലൂടെ ലഭിക്കുന്നത് .
കള്ളുകുടി നാട്ടില്‍ ആസ്വാധനമെങ്കില്‍ പട്ടണത്തില്‍ സ്റ്റാറ്റസ് സിംബല്ലത്രേ.

ഒരു തികഞ്ഞ കുടിയന്റെ കവിതാശകലതില്‍ അഥവാ ഫിലോസഫിയില്‍ ഉപസംഹരിക്കുന്നു "തണുത്ത മധുര കള്ള് ".
"കള്ള് ഓളും നല്ലൊരു വസ്തു
ഭൂലോകത്തില്‍ ഇല്ലെടി പെണ്ണെ
എള്ള് ഓളും ഉള്ളില്‍ ചെന്നാല്‍
ഭൂഗോളം തരികിട തിമൃതൈ"

Wednesday, March 24, 2010

താനാരോ തന്നാരോ!

മീന സൂര്യന്റെ അന്തിവെയിലില്‍ ചെമ്പട്ട് ചുറ്റി , അരമണിയും പള്ളിവാളും ഏന്തിയ കോമരങ്ങള്‍ ...
ശീലമല്ലാത്ത പദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഗാനങ്ങളും "താനാരോ തന്നാരോ" ഏറ്റുപാടലുകളും ....
അതീവ രഹസ്യമായ മന്ത്ര വിധികളോടെ നടത്തുന്ന പൂജയും മറ്റു ആചാരങ്ങളും ...
കൊടുങ്ങലൂരിന്റെ പട്ടണ - ഗ്രാമ വീഥികളില്‍ അലയടിക്കുന്ന ഭരണി പാട്ടുകളും വില കുറഞ്ഞ റമ്മിന്റെ ഗന്ധവും ....
അത്യപൂര്‍വമായ ഈ ചടങ്ങുകളും ആചാരങ്ങളും ഭക്തിയുടെ, വിശ്വാസത്തിന്റെ പുതിയ നിര്‍വചനമാണ് നമുക്ക് പകരുന്നത്.
സര്‍വവും ദൈവ സന്നിധിയില്‍ അര്‍പ്പിച്ചു ഭക്തിയുടെ പാരമ്യത്തില്‍ ഏവരും അലിയുന്നത് ടെക്കിക്ക് പുതിയ ദൃശ്യാനുഭവമായി.

ടെക്കി ഓര്‍ക്കുന്നത് മറ്റൊന്നുമല്ല.
വിരലില്‍ എണ്ണാവുന്ന ടീമുകള്‍ പങ്കെടുക്കുന്ന ഡാന്‍സ് മത്സരങ്ങളും മറ്റും സംഘടിപ്പിക്കാന്‍ എത്ര എത്ര മീറ്റിങ്ങുകളും കോളുകളും കമ്മറ്റികളും ആണ് വിളിച്ചു കൂട്ടുന്നത്‌.
എന്നാല്‍ ടീം മീറ്റിങ്ങുകള്‍ ഇല്ലാതെ , പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടും മറ്റും തയ്യാറാകാതെ , ഒരു മെയില്‍ പോലും അയക്കാതെ വലിയ വലിയ ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആവും.
നാട്ടിലെ ഉത്സവങ്ങള്‍ തന്നെ ഉദാഹരണമാക്കാം.
പതിനഞ്ച് ആനയുടെ പൂരവും , വെടിക്കെട്ടും , താലം ഘോഷയാത്രയും പത്തു ദിവസത്തെ ഉത്സവവും പരസ്പര സഹകരണത്തിന്റെ മാത്രം ഫലമായി ഗംഭീരമായി കൊണ്ടാടുന്നു.
എല്ലാവര്‍ക്കും ആത്മ സംതൃപ്തി നല്‍കി കൊണ്ട് .....
ഒരു കലിപ്പ് മെയില്‍ പോലും അവശേഷിപ്പിക്കാതെ .....

Monday, March 15, 2010

മലയാളമേ - നിന്റെ മകനായി പിറന്നതെന്‍ പുണ്യം.

മമ്മി ഡാഡി സംസ്കാരത്തില്‍ ജനിച്ചു വീഴുകയും മണ്ണിന്റെ മണമറിയാതെ , കേരളീയ ജീവിതത്തിന്റെ താളവും തുടിപ്പും അറിയാതെ , ഇന്റര്‍നെറ്റില്‍ പരതിയും വീഡിയോ ഗയിമുകളില്‍ വെടി വച്ചും വളരുന്ന പുതിയ തലമുറയ്ക്ക് ആ 51 അക്ഷരങ്ങളുടെ മാസ്മരികത അനുഭവിക്കാന്‍ ആവാതെ പോകുന്നതില്‍ ദുഃഖം തോന്നുന്നു.
മലയാള സാഹിത്യത്തെ വാനോളം ഉയര്‍ത്തിയ മഹാന്മാരുടെ കൃതികള്‍ വായിക്കാന്‍ അറിയാതെ പാശ്ചാത്യ രചനകളുടെ പിന്നാലെ പായുകയും അവ ഉത്കൃഷ്ടം എന്ന് വിശേഷിപ്പിക്കുന്ന തലമുറ "എനിക്ക് മലയാലം അരിയില്ല" എന്ന് അഭിമാനത്തോടെ മൊഴിയുമ്പോള്‍ നിങ്ങള്‍ അറിയുക :
ഒരു ശരാശരി മലയാളിയുടെ തുടിപ്പുകളും, സര്‍ഗവാസനയും, ഭാവനയും, സൌന്ദര്യവും പിന്നെ "ആര്‍ക്കും അനുകരിക്കാന്‍ ആവാത്ത ദൈവത്തിന്റെ വരദാനവും " ആണ് നിങ്ങള്‍ക്ക്
നഷ്ടമാവുന്നത് എന്ന് .ഒപ്പം കാലത്തെ അതി ജീവിക്കുന്ന സര്‍ഗാത്മകത നിറഞ്ഞു തുളുമ്പുന്ന വാക്കുകളും വരികളും ആന്നെന്നും.
അതി വിശിഷ്ടമായ ആ പൈതൃകത്തെ നാം നഷ്ടപ്പെടുത്തരുത്.
ഓര്‍ക്കുക :
ശാഖകള്‍ എവിടെയോ ആവട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം എന്ന ഏതൊ ഒരു മഹാനുഭാവന്റെ വാക്കുകള്‍. മലയാളമെന്ന ആ വേരുകളിലേക്ക് നമുക്ക് മടങ്ങാം. അതിന്റെ സൌന്ദര്യത്തെ ആവോളം ആസ്വദിക്കാം, പകര്‍ന്നും നല്‍കാം.

അനുബന്ധം:
ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ ആദ്യ ദിനമായിരുന്നു ഇന്ന്. ( ഒരു പക്ഷെ, അവസാനത്തെ SSLC പരീക്ഷയാവാം ഇത്).മലയാളം ആയിരുന്നു വിഷയം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷാക്കാലത്ത്,
ഉത്തരം അറിയാവുന്ന ഒറ്റ ചോദ്യവും ഇല്ലാതിരുന്നപ്പോള്‍ യേതോ ഒരു വിദ്വാന്‍ ഉത്തര കടലാസ്സില്‍ ഒരു കവിത കുറിച്ചു. ക്ലാസ്സില്‍ നിന്ന ടീച്ചറെ കുറിച്ചായിരുന്നു വര്‍ണ്ണന.

കൊച്ചമ്മന്നീ നിന്റെ പൊട്ട്
കണ്ടാല്‍ എനിക്ക് വട്ട്
ഒന്നുകില്‍ നീയെന്നെ കെട്ട്
അല്ലെങ്കില്‍ നീയെന്നെ തട്ട്.

പരീക്ഷണങ്ങള്‍ തുടരുന്നു.....

Tuesday, March 9, 2010

ആദമിന്റെ വാരിയെല്ല്

1911 - ല്‍ ക്ലാര സെത്കിന്‍ തുടങ്ങി വച്ചതാണ് ഇപ്പോള്‍ ശതാബ്ദി ആഘോഷിക്കുന്ന വനിതാ ദിനം.
ഓര്‍മിക്കാനും ഓമനിക്കാനുമാണ് നാം ദിനങ്ങള്‍ ആഘോഷിക്കുന്നത്. ആദമിന്റെ കാലം തൊട്ടേ പുരുഷന്മാരുടെ
അനു നിമിഷമുള്ള ചിന്തകളില്‍ സ്ത്രീകളുണ്ട്. എന്നിട്ടും തങ്ങളെ ഓര്‍ക്കുന്നതിനു സിനിമ കണ്ടും , സാരി ഉടുത്തും, മത്സരങ്ങള്‍ സംഘടിപ്പിച്ചും വനിതകള്‍ വനിതാ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

കേറും ഞങ്ങള്‍ തെങ്ങിന്മേല്‍
ഞങ്ങള്‍ ഓടിക്കും ഓട്ടോറിക്ഷ
എന്ന് മുദ്രാവാക്യം വിളിക്കുന്ന ലലനാമണികള്‍ എന്ത് കൊണ്ട് ഒരു പുരുഷ ദിനം ഇല്ലന്ന് ഓര്‍ക്കുന്നില്ല.
ആദാമിന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിച്ചത് ആയതിനാല്‍ വനിതകള്‍ക്ക് വോട്ടവകാശം
വേന്നമെന്നു ആദ്യമായി വാദിച്ചത് ബ്രിട്ടീഷുകാരനായ ജോണ്‍ സ്ട്യുവര്റ്റ് മില്‍ ആണ്. അന്ന് തൊട്ടു ഇന്ന് വരെ ഫെമിനിസ്റ്റുകളും വനിതാ പ്രസ്ഥാനങ്ങളും ആഞ്ഞു പരിശ്രമിച്ചിട്ടും ഭൂരിഭാഗം വനിതകളും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ ജീവിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രശസ്തി വര്‍ധിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തികള്‍ വേണ്ടത്ര ഫലിക്കുന്നില്ല എന്നത് വ്യക്തമാകുന്നത് അമ്മായി മീശ വച്ചാല്‍ അമ്മാവന്‍ ആവില്ല എന്നതാണ്.
കഴിവുറ്റ നേതൃപാടവവും ആര്‍ജവമുള്ള ആശയ വിനിമയ പാടവവും കൊണ്ട് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് സ്ത്രീകള്‍ കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിനു വേണ്ട പ്രോത്സാഹനവും
അവസരങ്ങളും ആണ് നാം അവര്‍ക്ക് വേണ്ടി ഒരുക്കേണ്ടത്. അവരുടെ ജീവിത നിലവാരം ഉയരുന്നതിന് നിലവില്‍ ഉള്ള വ്യവസ്ഥിതിയെ പൊളിചെഴുതാനും നാം തയ്യാറാകണം.

അനുബന്ധം:
സ്ത്രീകള്‍ക്ക് 33 % സംവരണം നല്‍കുന്ന വനിതാ സംവരണ ബില്ലിനെ ചൊല്ലിയുള്ള കയ്യാങ്കളി വനിതാ ദിനത്തിന്റെ പൊലിമ കുറച്ചു.ഭാരതീയ വനിതകള്‍ക്കുള്ള ഒരു അവിസ്മരണീയ വനിതാ ദിന സമ്മാനമാണ് രാജ്യ സഭയിലെ കോലാഹലങ്ങളില്‍ നഷ്ടമായത്. അതെ സമയം കാതറിന്‍ ബിഗ്ലോ മികച്ച സംവിധായകക്ക് ഉള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യ വനിതയായതും ഇതേ വനിതാ ദിനത്തില്‍ തന്നെ
എന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നു.

Thursday, March 4, 2010

Hi daa....Bye daa.

മുട്ട് മടക്കാതെ കൈ നീട്ടി ചലിപ്പിക്കുന്ന ടാറ്റാ ആംഗ്യങ്ങളില്‍ ആണ് പലപ്പോഴും ആധുനിക സൌഹൃദങ്ങള്‍ നില നില്‍ക്കുന്നത്. ഈ ഹായ്-ബൈ ബന്ധങ്ങള്‍ക്കിടയില്‍ നമുക്ക് നഷ്ടമാകുന്നത് സൌഹൃദങ്ങള്‍ മാത്രമല്ല , മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള സഹൃദയത്വവും കൂടിയാണ്.
പറഞ്ഞിട്ട് കാര്യമില്ല.
ജീവിതം ഒന്നേയുള്ളുവെന്നും അത് ആഘോഷമായി കൊണ്ടാടുവാന്‍
ഉള്ളതാന്നെന്നും വിചാരിക്കുന്ന പുതു തലമുറയ്ക്ക് യഥാര്‍ത്ഥ സ്നേഹ ബന്ധങ്ങളുടെ
ഊഷ്മളത തിരിച്ചറിയുവാന്‍ എവിടെ സമയം ?
ഒരു സെക്കന്റിനും മിനിട്ടിനും നൂറു കണക്കിന് ഡോളര്‍ വിലയുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി
എന്തിനു സമയം ചിലവഴിക്കണം? മണ്‍മറഞ്ഞ സുഹൃത്തിനു വേണ്ടി ഒരു നിമിഷം മൌനം
ആച്ചരിക്കുമ്പോഴും അതില്‍ നിന്നും ലഭിക്കുന്ന ROI - (Return on Investment ) എന്താന്നെന്നു ആയിരിക്കും അവന്‍ ആലോചിക്കുന്നത്.
ഡോളറും യൂറോയും യാനുമല്ല മറിച്ച് സമയമാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌ എന്ന്
വരുമ്പോള്‍ എന്തിനേയും കീഴടക്കി ശീലിച്ചിട്ടുള്ള അവന്‍ സമയത്തെയും വെല്ലുവാന്‍
തയാറാകുന്നു.
അതിനു വേണ്ടി ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അവന്‍ കമ്പ്യുട്ടറിനു മുന്നില്‍ ചിലവഴിക്കുന്നു.
അത് വഴി സമ്പാദിക്കുന്നു, സല്ലപിക്കുന്നു, ആസ്വദിക്കുന്നു, അറിവുകള്‍ നേടുന്നു, അങ്ങനെ സമയത്തെയും കീഴടക്കുന്നു.
ഏറ്റവും ഒടുവില്‍ കൂട്ടിയിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും ജീവിതത്തില്‍ എന്തോ ഒരു കുറവ് കാന്നുന്നു. കാലക്രമത്തില്‍ അത് വലിയൊരു വിടവായി മാറും .
അത് മറ്റൊന്നും ആയിരിക്കില്ല , ജീവിതം തന്നെ ആയിരുന്നുവെന്നു വളരെ വൈകി അവന്‍ മനസ്സിലാക്കും.
ജീവിച്ചതിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിപ്പിക്കാത്ത ജീവിതത്തിന്റെ ....

Monday, March 1, 2010

പ്രൊഫഷണലിസം

ഈ കുറിപ്പെഴുതുവാന്‍ പ്രചോദനം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശബ്ദതാരാവലിയുടെ പരസ്യ വാചകമാണ്.
"കാലികമായി പരിഷ്ക്കരിക്കപ്പെടാത്ത നിഘണ്ടുക്കള്‍ നോക്കുകുത്തികള്‍ ആണ്.
അവയില്‍ നോക്കുകുത്തി എന്നാ പദം പോലും ഉണ്ടാവില്ല"

പദങ്ങളും അര്‍ത്ഥങ്ങളും വിവരിക്കുന്ന നിഘണ്ടുവില്‍ professionalism എന്ന വാക്കിന്‍റെ അര്‍ത്ഥം ഇങ്ങനെ:
the ability or skill expected of a professional . എന്നാല്‍ ഇന്നത്തെ corporate jungle - ഇല് ‍ഇതിന്റെ അര്‍ത്ഥം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "നാടോടുമ്പോ നടുവേ ഓടണം" എന്നാണ്.
1500 രൂപ മാസ ശംബളം മേടിക്കുന്നവര്‍ മുതല്‍ 15000 കണക്കിന് രൂപ മൊബൈല്‍ ബില്‍ മാത്രം അടച്ചു തള്ളുന്നവര്‍ വരെയുള്ള IT സാമ്രാജ്യത്തില്‍ professionalism എന്ന വാക്കിനു ഒട്ടേറെ സാധ്യതകള്‍ ആണുള്ളത്.

തന്‍റെ തലയിലൂടെയാണ് എല്ലാ കാര്യങ്ങളും ഓടുന്നത് എന്ന് വരുത്തി തീര്‍ക്കുക (ഞാന്‍ ഇല്ലെങ്കില്‍ നാളെ ശൂന്യം എന്ന മട്ടില്‍), വളരെ ആയാസത്തോടെയാണ് ഓരോന്നും ചെയ്തു തീര്‍ക്കുന്നത് എന്ന് മെയിലുകള്‍ അയക്കുക,
ഒരു തിരക്കും ഇല്ലെങ്കില്‍ പോലും കൈയില്‍ 2 ഡയറിയും 3 മൊബൈല്‍ ഫോണും ചെവിയില്‍ ഹെഡ് ഫോണും തിരുകി എപ്പോഴും ബിസി ആന്നെന്നു മറ്റുള്ളവരെ തെറ്റിധരിപ്പിക്കുക, 24x7 ജോലി ചെയ്യുക ആന്നെന്നു മറ്റുള്ളവര്‍ വിചാരിക്കുന്നതിനു അസമയങ്ങളില്‍ (രാത്രി ഒരു മണി മുതല്‍ വെളുപ്പിന് അഞ്ചു മണി വരെ) മെയിലുകള്‍ അയക്കുക , ഒന്നുമറിയില്ലെങ്കില്‍ പോലും പണ്ഡിതനെ പോലെ സംസാരിക്കുക തുടങ്ങിയവയാണ് ആധുനിക പ്രൊഫഷണല്‍ ഇന്റെ മാനരിസങ്ങളായി ആവശ്യപ്പെടുന്നത്.

ആത്മാര്‍ത്ഥത യെക്കാളും അഭിനയത്തിന് പേരും പെരുമയും ലഭിക്കുമ്പോള്‍ നാം എന്തിനു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കണം?"കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക" എന്ന പ്രൊഫഷണല്‍ തത്വം നാം സ്വീകരിക്കണം.

നിഘണ്ടുവില്‍ അര്‍ത്ഥം പൊളിച്ചെഴുതെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയ മുണ്ടായതാന്നെന്‍ പരാജയം
എന്ന കവിവാക്യം ഓര്‍ക്കുക.

Wednesday, February 24, 2010

പൊങ്കാല - മാധ്യമ വിചാരം

മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്നാണ് ഭഗവാന്റെ മൊഴി.
എന്നാല്‍ ഭക്തിക്കും വിഭക്തിക്കും അപ്പുറം ഭക്തന്റെ ആത്മസമര്‍പ്പന്നത്തെ എങ്ങനെ വിപണന തന്ത്രമാക്കാം
എന്ന് ചിന്തിക്കുകയാന്ന് ആധുനിക കാലത്തെ മാധ്യമങ്ങള്‍. പ്രാര്‍ത്ഥിക്കുവാന്‍ ഒരു കാരണം കൂടി എന്ന്
പറഞ്ഞത് പോലെ ആഘോഷിക്കാന്‍ ഒരു കാരണം തേടി അലയുന്ന മാധ്യമങ്ങളുടെ മുന്നില്‍
Exclusive വിനുള്ള ഒരു വകുപ്പായി മാറുന്നു പൊങ്കാല.

സിനിമ - സീരിയല്‍ താരങ്ങളുടെ പൊങ്കാല സമര്‍പ്പണവും ക്ഷേത്ര ദര്‍ശനവും ചാനലുകളിലെ അതിപ്രധാന വാര്‍ത്തകളായി
സ്ഥാനം പിടിക്കുമ്പോള്‍, പൊരി വെയിലത്ത്‌ വിശപ്പും ദാഹവും സഹിച്ചു മണിക്കൂറു കണക്കിന് കാത്തു നില്‍ക്കുന്ന
സാധാരണക്കാരന്റെ ഭക്തിക്കു ഒരു പ്രസക്തിയും ഇല്ലാതാവുന്നു. അതിജീവിക്കുവാന്‍ SMS കൂടിയേ തീരു എന്ന
ആധുനിക തത്വശാസ്ത്രം സാധാരണക്കാരന്റെ ഭക്തിക്കും ബാധകം എന്ന് അര്‍ത്ഥമാക്കുകയാണ് ചാനലുകള്‍.
ഇതേ സമയം, സെലിബ്രിറ്റികളുടെ പൊങ്കാല സമര്‍പ്പണം 'ഒരു റിയാലിറ്റി ഷോ' ആയി കാണുന്നതിനും വിജയികളെ
തിരഞ്ഞെടുക്കുന്നതിനും SMS അയക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല.

ഒന്നോര്‍ക്കുക:
ഗീതാഞ്ജലിയില്‍ ടാഗോര്‍ പറഞ്ഞിട്ടുണ്ട് -
പൊരിവെയിലത്ത് പാടത്തും പാറമടയിലും അധ്വാനിക്കുന്നവന്റെ കൂടെയാണ്
ദൈവമുള്ളതെന്നു.