Wednesday, September 19, 2012

പാതി പറഞ്ഞ കഥകള്‍..!

ലോ കോളേജിലെ ഈ ചുമരെഴുത്തുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുന്‍പ് കൊഴിഞ്ഞു പോയ ഒരു വസന്തകാലത്തെയാണ്. "സ്വാഗതം.. സുസ്വാഗതം.." എന്ന് തുടങ്ങുന്ന മുദ്രാവാക്യം വിളികള്‍ കലാലയ ജീവിത ഓര്‍മകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കുകയാണ്.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്. സംഗതി ബ്ലാക്ക്‌ & വൈറ്റ് അല്ല .. നിറം മങ്ങി തുടങ്ങിയ കളര്‍ചിത്രം തന്നെ..!
കലഹിച്ചും സമരം ചെയ്തും ജീവിച്ചും അനുഭവിച്ചും പ്രണയിച്ചും ആഘോഷമാക്കിയ വിദ്യാര്‍ഥി ജീവിതം.
ചരിത്രമുറങ്ങുന്ന ക്യാമ്പസ്‌.. പ്രഗത്ഭരായ അധ്യാപകര്‍..ഡെബിറ്റുകളും ക്രെഡിറ്റുകളും മുഴങ്ങുന്ന ക്ലാസ്സ്‌മുറികള്‍..
ഉരുക്ക് കോട്ടയെ വെല്ലുന്ന ഊഷ്മള സൌഹൃദങ്ങള്‍.. കോവാലനും ഡിങ്കനും പൂക്കലാഞ്ചനും സുകുവും വക്കുപൊട്ടിയും കവലയും ഒക്കെ ഒരുമിച്ചു ജീവിച്ചു അര്‍മ്മാദിച്ച കലാലയ വര്‍ഷങ്ങള്‍..
പ്രത്യയശാസ്ത്രങ്ങള്‍ മാറ്റുരച്ച കോളേജ് തിരഞ്ഞെടുപ്പുകള്‍.. കലാലയത്തെ പ്രകമ്പനം കൊള്ളിച്ച വിപ്ലവ മുദ്രാവാക്യങ്ങളും സമര പോരാട്ടങ്ങളും.. അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ആശയ സംഘട്ടനങ്ങള്‍..
മഹാത്മാ ഗാന്ധി സര്‍വകലാശാല കലോത്സവങ്ങള്‍.. വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാരുടെ അനുഗ്രഹവര്‍ഷം... രാവും പകലും നിറഞ്ഞ റിഹേഴ്സല്‍ ക്യാമ്പുകള്‍.. നാടകം..തിരുവാതിരകളി.. തല്ലിക്കൂട്ട്‌ കലാപരിപാടികള്‍.. ഇതിനിടയിലൂടെയുള്ള പ്രണയ സല്ലാപങ്ങള്‍...
വീറും വാശിയും നിറഞ്ഞ യുണിവേഴ്സിറ്റി ഫുട്ബാള്‍ മത്സരങ്ങള്‍.. ഗ്രൌണ്ടിലെ സംഘര്‍ഷങ്ങള്‍.. അട്ടിമറി വിജയങ്ങള്‍.. കണ്ണീരണിഞ്ഞ തോല്‍വികള്‍ സമ്മാനിച്ച നിരാശകള്‍...
കോളേജ് യുണിയന്‍ ഭാരവാഹിത്വം.. രാഷ്ട്രീയം..വിപ്ലവം.. എഴുത്ത്..വായന.. ചെ ഗുവേരയും ഹോച്ചിമിനും ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രടീസും മനസ്സിനെ സ്വാധീനിച്ച നാളുകള്‍..
ഇതിനിടയില്‍ അസൈന്‍മെന്റും സെമിനാറും പഠനവും പരീക്ഷകളും....
ഇതിനെല്ലാം ഊര്‍ജ്ജം തന്ന് കരീമിന്റെ കോളേജ് കാന്റീനില്‍ ഉറക്കച്ചടവോടെ ഞങ്ങളെ കാത്തിരിക്കുന്ന പരിപ്പുവടയും പഴം പൊരിയും...
ഏറ്റവും ഒടുവില്‍,
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണ്ണമാണെന്ന് പറഞ്ഞു തരുവാന്‍ ക്ലാസ്സ്‌ കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി.. " തന്റെ ഖല്‍ബ് തുടിച്ചിട്ടുള്ളത് മുടി പറ്റെ വെട്ടിയ, കുറ്റി താടിയുള്ള, കൈമുട്ടോളം ഷര്‍ട്ട്‌ തെറുത്തു കയറ്റി മുണ്ടുടുത്ത് വരുന്ന പെരുമ്പാവൂരുകാരന്റെ മുന്നില്‍ മാത്രമാണ്" എന്ന് എഴുതിയ ഒരു പുസ്തക താളും...

ഓര്‍മ്മകള്‍ തുടരുകയാണ്..
ഒപ്പം കുറെ വികാരങ്ങളും...!!

Thursday, May 10, 2012

ജ്യോതി ടാക്കീസും ഉണ്ട ഉണ്ട ഏഴും!

ചെറിയൊരു ഫ്ലാഷ് ബാക്ക്.
സംഭവം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് അല്ല , ഒരു ഈസ്റ്റ്മാന്‍ കളര്‍ എന്ന് വേണമെങ്കില്‍ പറയാം.

കര്‍ട്ടന്‍ ഉയര്‍ന്നു. കളി തുടങ്ങി.  നിലയ്ക്കാത്ത കരഘോഷത്തിന്റെ അകമ്പടിയോടെ നായകന്‍റെ intoduction സീന്‍. "നാന്‍ ജെയിംസ്‌... ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്".  DTS സും ഡോള്‍ബിയും ഒന്നും ഇല്ലാത്ത കാലഘട്ടത്തില്‍, തിയറ്ററില്‍ അവിടെയും ഇവിടെയും ഒക്കെ തൂക്കിയിട്ടിരിക്കുന്ന സ്പീക്കറുകളില്‍ നിന്നും ഉയരുന്ന നെഞ്ചു കലക്കുന്ന വെടിക്കെട്ട്‌ ശബ്ദത്തില്‍ നായകന്‍ ജെയിംസ്‌ ബോണ്ട്‌ വെടി വയ്ക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം എലികള്‍ സീറ്റിനടിയിലൂടെ ഓടി നടന്നു. തമിഴന്മാരായ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചു സകല ദൈവങ്ങളെയും വിളിച്ചു സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു. എന്നാല്‍ തമിഴില്‍ ഡബ്ബ് ചെയ്ത പടമായത് കൊണ്ട് ഭയാനക രംഗങ്ങളില്‍ പോലും മലയാളികള്‍ ആര്‍ത്തു ചിരിച്ചു.. കൂകി വിളിച്ചു..നൃത്തം വയ്ച്ചു...  


90 - കള്‍ പെരുമ്പാവൂരിനു കുടിയേറ്റത്തിന്റെ വര്‍ഷങ്ങള്‍ ആയിരുന്നു. ജീവിത മാര്‍ഗം തേടി ഒട്ടേറെ തമിഴര്‍ ആ പട്ടണത്തിലേക്ക് ചേക്കേറി. വന്നവരെ മുഴുവനും പെരുമ്പാവൂര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. നാട്ടിലെ തൊഴിലാളികള്‍ എല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയായപ്പോള്‍ കൂലിപ്പണിക്കും കെട്ടിട നിര്‍മാണ മേഖലയിലും കൃഷിപ്പണിക്കുമെല്ലാം  തമിഴര്‍ ആധിപത്യം പുലര്‍ത്തി. വാരാന്ത്യങ്ങളില്‍ അവര്‍ക്ക് ആകെയുള്ള വിനോദം സിനിമയും കള്ളു ഷാപ്പുകളും മാത്രമായിരുന്നു. പെരുമ്പാവൂരിലെ കുടിയേറ്റ ജനതയുടെ സിനിമാസ്വാദന സ്വപ്നം യാഥാര്‍ത്യമാക്കിയ സിനിമ കൊട്ടകകള്‍ ആയിരുന്നു പുഷ്പയും ജ്യോതിയും ലക്കിയുമെല്ലാം..ഇതില്‍ ലക്കി തിയറ്റര്‍ സമ്മാനിച്ച മദാലസ രാത്രികള്‍ക്ക് കൈയ്യും കണക്കും ഇല്ലായിരുന്നു. അതിനാല്‍ ഒട്ടേറെ പേര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിദ്രാവിഹീനരായി, സുരഭില യാമങ്ങളെയും കിന്നാരത്തുമ്പികളെയും  സ്വപ്നം കണ്ടു , അസ്വസ്ഥ മനസ്സുമായി കിടന്നു!

കാലം മാറി. ഒപ്പം പെരുമ്പാവൂര്‍ പട്ടണവും.പ്ലൈവുഡ് വ്യവസായം പച്ച പിടിച്ചതോടെ കേരളത്തിലെ തടി വ്യവസായത്തിന്റെ കേന്ദ്രമായി മാറി പെരുമ്പാവൂര്‍. തമിഴരേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ബംഗാളികളും ബീഹാറികളും ആയി. "അണ്ണന്‍" എന്നത് "ഭായ്" വിളികള്‍ ആയി മാറി. പുഷ്പ്പയ്ക്കും ലക്കിക്കുമൊപ്പം ഒന്നിലധികം മള്‍ടിപ്ലെക്സ് തിയറ്ററുകളും പട്ടണത്തില്‍ സജീവമായി. മൊഴിമാറ്റ തമിഴ് ചിത്രങ്ങള്‍ക്ക് പകരം തട്ടുപൊളിപ്പന്‍ മസാല ബംഗാളി ചിത്രങ്ങള്‍ ആണ് ഹൌസ്ഫുള്‍ ഷോകള്‍ കളിക്കുന്നത്. ബംഗാളി സ്പെഷ്യല്‍ വിഭവങ്ങള്‍ ആണ് തട്ടുകടകളില്‍ പോലും രുചി പകരുന്നത്. ഹിന്ദി പാട്ടുകള്‍ മാത്രമാണ് കടകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും ഉയരുന്നത്. റോഡിലും ബാറിലും തിയറ്ററുകളിലും എന്ന് വേണ്ട ബസ്സില്‍ വരെ നിറയെ ബീഹാറികളും ബംഗാളികളും. ബസ്സിന്റെ ബോര്‍ഡ്‌ വരെ ഹിന്ദിയില്‍ ആണെത്രേ!           

പുഷ്പയും  ജ്യോതിയും എല്ലാം DTS -സും ഡോള്‍ബിയുമൊക്കെയായി കാണികളെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇനി വരുന്ന തമിഴ് വംശജനായ ബോണ്ട്‌ ചിത്രങ്ങളും പെരുമ്പാവൂരിനെ പ്രകമ്പനം കൊള്ളിക്കും. നിറഞ്ഞ സദസ്സില്‍ ആര്‍പ്പു വിളികളും കൂകലുമായി കാണികള്‍ നായകനെ വരവേല്‍ക്കും. കരഘോഷത്തെ ഭേദിച്ചു കൊണ്ട് സ്ക്രീനില്‍ നിന്നും ആ അതിഗംഭീര ശബ്ദം ഉയരും "നാന്‍ ജെയിംസ്‌...ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്!! "      
 
     

Thursday, May 3, 2012

28-56 l FRIENDS l PERUMBAVOOR

പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.
നിറഞ്ഞ പത്തായങ്ങളെക്കാള്‍ സാധ്യത ഉള്ളവയാണ്, വിലയേറിയവയാണ് വിശിഷ്ട ചിന്തകളും സജീവ സ്വപ്നങ്ങളും കൊണ്ട് സമ്പന്നമായ മനുഷ്യ ഹൃദയങ്ങള്‍ എന്ന്. അത്തരമൊരു ഹൃദയങ്ങളുടെ കൂട്ടായ്മയുടെ കഥയാണ്‌ ഇവിടെ പങ്കു വയ്ക്കുന്നത്.

ആരാധ്യനായ ലോക്കല്‍ ജ്യോത്സ്യന്‍, ഭൂതം ഭാവി വര്‍ത്തമാനം "കഞ്ചാവ് സ്വാമി" മുതല്‍ അബ്കാരി സെബാസ്റ്റ്യന്‍ ചേട്ടന്‍ വരെയുള്ള "perumbavoor  buddies " ഒത്തു കൂടിയത് വിവാഹം, വീട് മാറ്റം, ആദ്യ കുര്‍ബാന കൈക്കൊള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ എല്ലാം ഒരുമിച്ചു ആഘോഷിച്ചു തീര്‍ക്കുവാന്‍ വേണ്ടിയായിരുന്നു. അപൂര്‍വമായ ആ സുഹൃത്ത് സംഗമം ആനന്ദകരമാക്കാന്‍ ചുവന്ന ലേബല്‍ ഉള്ള "വീര ഭദ്രന്‍" വന്നണഞ്ഞു. സവാള ഗിരിഗിരിയും പച്ച മുളക് ചതച്ചതും വറുത്ത കപ്പലണ്ടിയും കൂട്ടിയിളക്കി കിടിലനൊരു തൊടുകറിയും അകമ്പടി സേവിച്ചു. തക്കാളി ജ്യൂസില്‍ വീര ഭദ്രന്‍ അലിഞ്ഞതോടെ പതിവ് കുമ്പസാര ചടങ്ങുകള്‍ ആരംഭിച്ചു. സുഹൃത്ത് ബന്ധത്തെ കൃത്യമായ ദൂരത്തില്‍ മാറ്റി നിര്‍ത്തി ബിസിനസ്സിലെ, ജോലിയിലെ കുറവുകളും ബലഹീനതയും ശക്തിയും എല്ലാം ആധികാരികമായി വിലയിരുത്തി ചര്‍ച്ച കൊഴുക്കുമ്പോഴാണ്‌  22 Female  ഇടയില്‍ കയറിയത്.
അതോടെ, മദാലസയായ ഒരു നായികയും ഒരു പാല്‍ക്കാരന്‍ പയ്യനും കാട്ടുചോലയും റബ്ബര്‍ തോട്ടവും ഒരു പഴയ കെട്ടിടവും ഒപ്പിച്ചു, ഒരു ശരാശരി മലയാളിയുടെ ആസ്വാദന ശീലത്തെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്ന ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്ന വിഷയത്തില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടു.


എന്നാല്‍ വീരഭദ്രന്റെ വീര്യമനുസരിച്ചു ആശയങ്ങളില്‍ വഴിത്തിരിവുണ്ടായി. കൊച്ചമ്മിണിയുടെ ഭൂമി ശാസ്ത്രവും ജലസംരക്ഷണവും മാലിന്യ സംസ്കരണവും നാട്ടിലെ കിടാങ്ങളുടെ ഒളിച്ചോട്ടവും ചുറ്റി കളികളും കടന്നു ഉത്സവം വരെയെത്തി കാര്യങ്ങള്‍. ഒരു നിമിഷത്തിന്റെ വാശിയില്‍ ഒരു പാണ്ടി ലോറി തണ്ണിമത്തന്‍ മുഴുവന്‍ വാങ്ങി പൂരത്തിന് അണിനിരന്ന ആനകള്‍ക്ക് കൊടുത്തു, കാഴ്ചക്കാരെ ത്രസിപ്പിച്ച കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീണ്ടും അരങ്ങേറി. കണ്ടമ്പുള്ളിയും പാമ്പാടിയും പദ്മനാഭനുമെല്ലാം അണിനിരന്ന പൂര സ്മൃതികള്‍ പെയ്തിറങ്ങി...ഒപ്പം മാനത്ത് വര്‍ണങ്ങള്‍ വിതറിയ അമിട്ടുകളും ഈഗിളിലെ സോമരസ സന്ധ്യകളും  പൂരപ്പാട്ടുകളും...       

ഘടികാര സൂചികള്‍ പല തവണ വട്ടം ചുറ്റി. ഭൂമിയെ തണുപ്പിച്ചുക്കൊണ്ടു "മേടപ്പാതി" മഴ ചിന്നം പിന്നം പെയ്തു. ബാബുക്കയുടെ നളപാചകത്താല്‍ തീന്‍ മേശയില്‍ നിരന്ന രുചിയൂറും വിഭവങ്ങള്‍ ആസ്വദിച്ച ശേഷം, പ്രകൃതിയുടെ നാട്ടു സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്ന് നേരം പുലരുവോളം സംസാരം തുടര്‍ന്നു.. ഒപ്പം റമ്മിയും അമ്പത്താറും പന്നിമലര്‍ത്തും.. കൂടെ എരിവും പുളിയും നിറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങളും..
    
  ആ "ചന്ദ്രോത്സവ രാവ്" വീണ്ടുമൊരു സുഹൃത്ത് സമാഗമത്തിന് സാക്ഷ്യം വഹിച്ചു.. ഊഷ്മളമായ സൌഹൃദ സദസ്സിനും..!! 
         

Wednesday, April 11, 2012

കറിവേപ്പിലയാണ് ഇന്നത്തെ ചിന്താവിഷയം

കുറച്ചു കറിവേപ്പില കൂടി വിതറിയാലേ പാചകം പൂര്‍ണമാകൂ എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കറി മുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്ക്കരുണം വലിച്ചെറിയുന്നത് ഒരു ശീലം തന്നെ! എന്നാല്‍ വലിച്ചെറിയുന്ന കറിവേപ്പിലയുടെ മാഹാത്മ്യം പലര്‍ക്കും ഇനിയും മനസ്സിലായിട്ടില്ല എന്നതാണ് സത്യം.

യഥാര്‍ത്ഥ "കറിവേപ്പില" ആരാണ് ?
പ്രായാധിക്യവും പക്വത കൂടുതലും കൊണ്ട് പി.ബി യിലേക്ക് പ്രവേശനം നല്‍കാത്ത വി എസ്സോ അതോ പക്വത കുറവ് കൊണ്ട് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ സിന്ധു ജോയിയോ ?

അകത്താക്കിയാലും പുറത്താക്കിയാലും കറിവേപ്പിലയുടെ "ഗുണം" കുറയുകയില്ല.

ഒന്നോര്‍ക്കുക: കറിവേപ്പില വലിച്ചെറിയാന്‍ ഉള്ളതല്ല!

Thursday, March 29, 2012

മദാമ്മ

വളരെ യാദൃശ്ചികമായാണ് കടലോരത്തെ ആ നാടന്‍ ചായക്കടയില്‍ വച്ച് സെല്‍വ മാമനെ പരിചയപ്പെടുന്നത്. ഒരു "ചായ കുടി " എന്നതില്‍ ഉപരി ആ നാടിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു ആ ചായകടയ്ക്കു ഉണര്‍വേകിയിരുന്നത്. ചൂടന്‍ ചായക്കൊപ്പം പത്രത്തിലെ ചൂടന്‍ വാര്‍ത്തയായ " ഇറ്റലിക്കാരുടെ വെടിവയ്പ്പ്" ഉയര്‍ത്തിയ ശബ്ദ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് സെല്‍വ മാമന്‍ പഴയൊരു കഥ എന്നോട് പറയുന്നത്. കടലിനെ സ്നേഹിച്ച, നാട്ടുകാരെയും ഗ്രാമഭംഗിയേയും സ്നേഹിച്ച ഒരു മദാമ്മയുടെ കഥ.  ബ്രഹ്മമുഹൂര്‍ത്തത്തില്‍ അമ്പലത്തില്‍ നിന്നും ഉയരുന്ന സുപ്രഭാതം മുതല്‍

മഞ്ഞണിഞ്ഞ മദാലസ രാവുകളെ വരെ അതിരറ്റു പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു അവര്‍. സെല്‍വ മാമന്റെ 70 മോഡല്‍ ബുള്ളറ്റിന്റെ പിറകില്‍ ഇരുന്നായിരുന്നു മദാമ്മയുടെ നാടുകാണല്‍. ഭാഷയുടെ അതിര്‍ വരമ്പുകളെ ഭേദിച്ച്, മുറി വാക്കുകളിലൂടെയും ആംഗ്യ ഭാഷയിലൂടെയും അവര്‍  ലോക കാര്യങ്ങള്‍ പങ്കു വയ്ച്ചു. സ്വര്‍ണ പണിക്കാരനായ സെല്‍വ മാമന്‍ അതി നൂതന ഫാഷനില്‍ ഉള്ള കമ്മലുകളും മൂക്കുത്തിയുമെല്ലാം അവര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുത്തിരുന്നു. സെല്‍വ മാമന്റെ പ്രായമായ അമ്മക്ക് "മദാമ്മ" ഒരു അത്ഭുത വസ്തുവായിരുന്നു. മനുഷ്യ ജീവി തന്നെയാണോ എന്നറിയുവാന്‍ അവര്‍ മദാമ്മയെ തൊട്ടും തലോടിയും നോക്കി. തെങ്ങിന്റെ നല്ല ഇളം

കള്ളും കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടന്‍ ചായയും നല്‍കി അവര്‍ മദാമ്മയെ സത്കരിച്ചു. സ്നേഹം നിറഞ്ഞു നിന്ന പുഞ്ചിരിയിലൂടെ മാത്രം അവര്‍ ആശയവിനിമയം നടത്തി. അതിലൂടെ അവര്‍ തകര്‍ക്കാന്‍ ആവാത്ത ഒരു ആത്മബന്ധം  സൃഷ്ട്ടിച്ചു. ഒരു മാസത്തെ അവധിക്കാല ജീവിതത്തിനു ശേഷം "മദാമ്മ" തന്റെ രാജ്യത്തേക്ക് മടങ്ങി.

കാലം പതിറ്റാണ്ടുകള്‍ മുന്നോട്ടു കുതിച്ചു. സെല്‍വ മാമ്മന് പ്രായം എണ്‍പതുകളില്‍ എത്തി. നിനച്ചിരിക്കാതെ ഒരു നാള്‍ തപാലില്‍ ഒരു വലിയ കവര്‍ സെല്‍വ മാമ്മനെ തേടിയെത്തി. ആല്‍ബത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോകളും ഒരു ജോഡി കമ്മലുകളുമാണ് ആ കവറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പമുള്ള കുറിപ്പില്‍ കാലം തെളിയിച്ച ഒരു വികാരം / അനുഭവം അവര്‍ പകര്‍ത്തിയിരുന്നു:

" To my Goldman,
Its not Love - Its something more than that I have in my heart for YOU!

Sunday, March 18, 2012

ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌"!

എറണാകുളം സൌത്ത് / മാര്‍ച്ച്‌ 16


ബസ്സ്‌ സ്റ്റോപ്പില്‍ പത്തിരുപതു പേരുണ്ട്. സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസിലാക്കാം എല്ലാവരും ലാസ്റ്റ് ബസ്സിലെ സ്ഥിരം യാത്രക്കാര്‍ ആണെന്ന്.

ലോട്ടറി വില്‍പ്പനക്കാര്‍, ചുമട്ടു തൊഴിലാളികള്‍, വഴി വാണിഭം ചെയ്യുന്നവര്‍ മുതല്‍ റിട്ടയര്‍ ചെയ്തതും ചെയ്യാത്തതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ആ സ്ഥിരം ഗാങ്ങില്‍ ഉണ്ട്.

"സോമരസ" ത്തിന്റെ ലഹരിയില്‍ ബീഡി പുകച്ചും കപ്പലണ്ടി കൊറിച്ചും അവര്‍ സായാഹ്ന ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി.



പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മുതല്‍ സച്ചിന്റെ നൂറാം സെഞ്ചുറിയെ കുറിച്ച് വരെ അവര്‍ ആധികാരികമായി സംസാരിക്കുന്നു. ബജെറ്റിലെ പ്രധാന നിര്‍ദേശങ്ങളും വായ്പാ നയങ്ങളും ആദായ നികുതിയുടെ ഇളവു പരിധികളും പ്രധാന മേഖലകളിലെ നിര്‍ണായക ഭേദഗതികളുമെല്ലാം ഇവര്‍ക്ക് മന:പാഠം. 3G യും 4G യും ഒന്നുമില്ലാത്ത ഒരു സാദാ മൊബൈല്‍ മാത്രമാണ് അവരുടെ പക്കല്‍ ആകെയുള്ള ഒരു Gadget . എന്നിട്ടും അനുനിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ വരെ അവര്‍ കൃത്യമായി അറിയുന്നു ; അവലോകനം ചെയ്യുന്നു. അതേസമയം, മലയാളം ചാനലുകളിലെ ബജറ്റ് ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളിലെ അപ് ഡെറ്റുകളും വിശകലനം ചെയ്യുമ്പോഴാണ് ലാസ്റ്റ് ബസ്സിലെ ആ "ശരാശരി മലയാളികളുടെ" മഹത്വം മനസ്സിലാവുന്നത്.

ബസ്സില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങളുടെയും ചര്‍ച്ചകളുടെയും പത്തിലൊന്ന് പോലും ആഴത്തില്‍ ഉള്ളതല്ല, ആശയ ഗാംഭീര്യമുള്ളതല്ല ചാനലുകളില്‍ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ ബജറ്റ് അവലോകന പരിപാടികള്‍. 24x7 ഇന്റര്‍നെറ്റിനും സോഷ്യല്‍ മീടിയക്കും മുന്നില്‍ ജീവിച്ചിട്ടും സമൂഹ മനസ്സാക്ഷിയെ തിരിച്ചറിയാനാവാതെ പോകുന്ന ആധുനിക തലമുറയെ താരതമ്യം ചെയ്യുമ്പോഴാണ്, സമൂഹത്തെ തൊട്ടറിയുന്ന, സ്പന്ദനങ്ങള്‍ അറിയുന്ന ആ "ശരാശരി മലയാളികളുടെ" ചിന്താശകലങ്ങള്‍ക്ക് മുന്നില്‍ നാം അറിയാതെ ശിരസ്സു നമിച്ചു പോകുന്നത്...

ദ്വയാര്‍ത്ഥ പദപ്രയോഗത്തിലെ ഫലിതങ്ങളും, ലഹരിയുടെ പ്രചോദനത്താലുള്ള മൂളിപ്പാട്ടുകളും കൊണ്ട് സമ്പന്നമാക്കി, ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, കൊച്ചിയുടെ നഗരാതിര്ത്തികളിലേക്ക്
"ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌" യാത്ര തുടരുന്നു...

കാമ്പുള്ള, ജീവനുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായി...

Wednesday, March 7, 2012

പാഠപുസ്തകം - 2 വയസ്സ്!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പൊങ്കാല ദിനത്തിന്റെ പുണ്യം നുകര്‍ന്നാണ് പാഠപുസ്തകം പിറവി കൊള്ളുന്നത്‌.


നിറം മങ്ങിയ ഡയറി താളുകളില്‍ എഴുതി തുടങ്ങിയ കുറിപ്പുകള്‍ കാലാന്തരത്തില്‍ FB പേജ് വരെയായി. ആശയങ്ങളും അഭിപ്രായപ്രകടനങ്ങളും വിയോജിപ്പുകളും പ്രതികരണങ്ങളും രേഖപ്പെടുത്താന്‍ ഒരു ഓണ്‍ലൈന്‍ വേദി, "പാഠപുസ്തകം" കൊണ്ട് അത്ര മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.

ഒന്നാം വാര്‍ഷികത്തില്‍, എന്റെ പ്രിയ സുഹൃത്ത് "കോമരം" എഴുതിയ വരികള്‍ ഒട്ടേറെ പ്രചോദനം നല്‍കുന്നുണ്ട്:

"പിറന്നാള്‍ ആശംസകള്‍ ടെക്കി. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ക്ക് മുതിരാതെ പ്രതിബദ്ധതയോടെ ആണ് താങ്കളുടെ എഴുത്ത് അതാണ്‌ അതിന്റെ മഹത്വവും. വിമര്‍ശനതിനപ്പുറം കൌതുകവും പ്രണയവും ആശങ്കയും ആകാംഷയും ഞാന്‍ നിങ്ങളുടെ എഴുത്തുകളില്‍ കണ്ടു. ഐറ്റി യുടെ കെട്ടുകാഴ്ച്ചകളില്‍ മയങ്ങാതെ സമൂഹം ഭാഷ എന്നിവയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുത്തു. ഇനിയും പ്രതീക്ഷിക്കുന്നു കാമ്പുള്ള എരിവുള്ള അര്‍ത്ഥതലങ്ങള്‍ ഉള്ള വരികള്‍. ബ്ലോഗെഴുത്തുകള്‍ അവയ്ക്ക് ഒരു പരിമിധിയുണ്ട് അതിന്റെ വ്യാപനപരിധി വലുതാണെങ്കിലും വായനക്കാര്‍ ഒരുപക്ഷെ കുറവാകാം, താങ്കളുടെ മാനസിക വിചാരങ്ങള്‍ കുറെ കൂടി അതേ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരുപക്ഷെ ഇത് ലഭ്യമല്ലായിരിക്കാം. പക്ഷെ നിങ്ങള്‍ ഇത് തുടര്‍ന്നേ മതിയാകു കാരണം ചട്ടകൂടുകള്‍ക്ക് പോലും ഒരു കലാപരിധിയുണ്ട് എന്നാല്‍ എഴുത്തിനു അതില്ല!"



പ്രാര്‍ത്ഥന ഒന്ന് മാത്രം.

"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!

Sunday, March 4, 2012

കൂട്ടുകാര്‍

2012 ഫെബ്രുവരി 24


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഒത്തുകൂടല്‍. പതിവുകള്‍ക്കു വിപരീതമായി ഇത്തവണ വാസ്തു, ജ്യോതിഷം, ബിസിനസ്‌, പ്രശ്ന ചിന്തകള്‍, പഠനം, ജോലി ഇത്യാദി വിഷയങ്ങളില്‍ ആയിരുന്നു ചര്‍ച്ച. വേദങ്ങളിലും ഉപനിഷത്തുക്കളിലും മുപ്പതോളം ഭാഷകളിലും ജ്യോതിഷം, വാസ്തു, താന്ത്രിക്, പൂജ തുടങ്ങിയവയില്‍ അഗാധ പാണ്ടിത്യമുള്ള
Dr . Lakshmidasan (http://brahmajyothisha.com/) സാറിന്റെ വസതിയായിരുന്നു സുഹൃത്ത് സംഗമ വേദി.  രണ്ടു മണിക്കൂറോളം നീണ്ട ആ സുഹൃത്ത് സമാഗമ
സംഭാഷണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഊഷ്മളമായ ആ സൌഹൃദത്തിന്റെ
ആഴത്തില്‍ അതിശയിച്ചു,  ആ കൂട്ടുക്കെട്ടിന്റെ സകലവിധ വികാരവിചാരങ്ങളെയും ആവാഹിച്ചു,
എന്റെ സഹപാഠിയും സുഹൃത്തും സര്‍വോപരി ആത്മീയ ഗുരുവുമായ
സര്‍വശ്രി. ഡോ. ലക്ഷ്മിദാസന്‍ സര്‍ കുറിച്ച വരികള്‍ ആണ് ഇവിടെ രേഖപ്പെടുത്തുന്നത്.   


കൂട്ടുകാര്‍

കൂട്ടായ കൂട്ടല്ല; കൂട്ടിന്റെ കൂട്ടല്ല
വീട്ടില്‍ കുടുങ്ങും തവളതന്‍ മട്ടല്ല
കട്ടായമപ്പുറമോതിയാല്‍ പെട്ടു പോം-
മട്ടില്‍ തുടങ്ങുന്ന നല്കൂട്ടുകെട്ടതാം.
 
വിദ്യക്ക് കൂട്ടല്ല; സദ്യക്ക് കൂട്ടാണ്
നിത്യ നിദാനങ്ങള്‍ നാഴിക നീളവേ
സ്വപ്ന ബോധങ്ങളും സന്തപിക്കാതൊരു
ഭാഗ്നാശ തീണ്ടാത്ത നല്ക്കൂട്ടുകെട്ടുകാര്‍

ആസവം മോന്തുവാന്‍ നല്സുഖം പ്രാപിച്ചു
വാസഗൃഹങ്ങളില്‍ വിട്ടന്തിമോന്തുവാന്‍
കൂസാത കൂട്ടിന്റെയെല്ലുറപ്പിന്‍ പേരു
സല്‍സാഹിതീയ വഴിക്കൊന്നു ചൊല്ലിടാം.
 
മാനസവീണയില്‍ തന്ത്രിമീട്ടും വഴി
കാനന കീചകരാഗം മുഴക്കിടാം
വാനബലത്തില്‍ കുതിക്കുമിളം തണ്ടു
മേനവര്‍ക്കില്ല കുറിക്കൊല്ക ശീലവും

തല്ലിനുമെല്ലിനുമൊപ്പം മരുവിടും
ഊണിനും നിദ്രക്കുമേക പദേഭുവി
നല്‍കുന്ന തെറ്റിലും കുറ്റങ്ങള്‍ പാതയില്‍
വെല്കും മനസ്സിന്‍ പ്രവാചകരിപ്പേരാം

സത്യം വഴി വിരചിക്കും സമൂഹമേ
നിത്യം ഉണര്‍ത്തുക കര്‍തൃത്വമേകി നീ
എത്താത മേഖലയെത്തിക്ക മാനുഷ
സത്തയെ മുന്‍പേതിലും മോടി കൂടിയായി

കൂട്ടുകാര്‍ കാടുകാട്ടിക്കഴിചോര്കളും
വീട്ടുകാരകവേ സ്വല്‍പ്പം മറക്കണം
വിട്ടില്ല പട്ടങ്ങള്‍ ചട്ടമുറകളും
വീട്ടണം മാനുഷ ഭാവിയെ പുല്‍കുവാന്‍.

Monday, February 13, 2012

നഷ്ടപെടാം..പക്ഷെ പ്രണയിക്കാതെയിരിക്കരുത്!

"നിന്റെ മൌനം എനിക്കെന്തു ദുഖമാണെന്നോ...?


എന്നും സന്തോഷത്തിന്റെ മന്ദഹാസവുമായി നിന്നെ കാണുവാനാണെനിക്കിഷ്ടം..

ആ മൌനത്തില്‍ നിഴലിക്കുന്ന നൊമ്പരങ്ങള്‍ പങ്കിടാന്‍ ഞാനെന്നും കൂട്ടിനുണ്ടാകും..."

സെന്റ്‌ പോള്‍സ് കോളേജ് കാന്റീനിലെ മരബെഞ്ചിലിരുന്നു പ്രിയ സുഹൃത്തായ അമ്ജിത്തിനു വേണ്ടി എഴുതി കൊടുത്ത പ്രണയലേഖനത്തിലെ ആ വരികള്‍ ഇന്നും വിരസ വിഷാദ സായന്തനങ്ങളില്‍ മനസ്സിനെ തുടിപ്പിക്കുന്നു.

നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വതിലേക്ക് മനുഷ്യ ജീവിയായി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രേമമാകുന്നുവെന്നു ഓഷോ പറയുന്നു. മനുഷ്യന്റെ ഭൂതകാലം മുഴുവന്‍ പ്രേമത്തിനെതിരായിരുന്നു. എന്നാല്‍ പ്രേമം എന്താണ് എന്ന് മനുഷ്യന്‍ അറിയേണ്ടതായ മഹത്തായ ഒരു ആവശ്യകതയുണ്ട്, കാരണം പ്രേമത്തിന്റെ അഭാവത്തില്‍ ആത്മാവ് പോഷണരഹിതമായിരിക്കും, പട്ടിണിയിലായിരിക്കും. ശരീരത്തിന് ഭക്ഷണം എന്താണോ, അത് തന്നെയാണ് ആത്മാവിനു പ്രേമം. പ്രേമത്തെ കൂടാതെ സജീവമായ ഒരു ആത്മാവുണ്ടാകാന്‍ സാധ്യമല്ല എന്നും ഓഷോ വ്യക്തമാക്കുന്നുണ്ട്.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു. പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞ എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ വരെ വിളിച്ചോതുന്നത്‌ " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് " എന്നാണ്.


ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്. അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....
 
Come... fall in Love!

 

Sunday, January 29, 2012

ചിതറിയ ചില കമന്റുകള്‍

ഒരു ബോറന്‍ ശനിയാഴ്ച. അതാവാം സമയത്തിന് ഇത്രയും "സമയ" മുണ്ടെന്നു എനിക്കനുഭവപ്പെട്ടത്‌. പഠിക്കുന്ന പുസ്തകം ഉറക്കഗുളികയുടെ ഫലം ചെയ്യുമെന്നതിനാല്‍ അതു തൊട്ടില്ല. ന്യൂസ്‌ പേപ്പറില്‍ ആണെങ്കില്‍ രാഷ്ട്രീയക്കാരുടെ പാമ്പും കോണിയും കളി, പതിവ് മസാല വാര്‍ത്തകള്‍ പിന്നെ ഒരു ഗുണവുമില്ലാത്ത ധാരാളം പരസ്യങ്ങളും.. ചാനലുകളില്‍ ഒരു "വികാരവും " ഉണര്‍ത്താത്ത പൈങ്കിളി പരിപാടികള്‍. അങ്ങനെയിരിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തിലെ പരിഭവങ്ങള്‍ ‌FB യിലൂടെ പങ്കു വയ്ക്കുന്ന ദമ്പതിമാരുടെ കമെന്റുകള്‍ കാണുന്നത്.


"ഭര്‍ത്താവിന്റെ ചില നിലപാടുകളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. സ്ത്രീകള്‍ക്കിവിടെ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യമില്ലേ?"

എന്തായാലും ഒരു കൌതുകത്തിന് വേണ്ടി ആ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്തു. മിനുട്ടുകള്‍ക്കുള്ളില്‍ അതിനു കിട്ടിയത് 35 ലൈക്കും അറുപതോളം കമെന്റ്ടുകളും.
എന്തോ ഒരു ചെറിയ അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാത്തലത്തില്‍ കുത്തിക്കുറിച്ചതാകാം ഇത്. അല്ലെങ്കില്‍ "വെറുതെ അല്ല ഭാര്യ" എന്ന് ലോകരെ അറിയിക്കാനുമാകാം. കോര്‍പറേറ്റ് മേഖലയില്‍, നൂറു കണക്കിനാളുകളുടെ നേതൃത്വം കയ്യാളാന്‍ വെമ്പുന്നവര്‍ "കുടുംബിനി" എന്ന റോളില്‍ ഉള്ള വെല്ലുവിളി ഏറ്റെടുക്കുവാന്‍ എന്ത് കൊണ്ടാണ് തയ്യാറാവാത്തത് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.


ചുട്ടതും ചുടാത്തതുമായ മറുപടികള്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവഹിക്കുന്നു. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെക്കുറിച്ചും, കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം എന്നും, നാരികള്‍ വിശ്വ വിപത്തിന്‍ നാരയ വേരുകള്‍ എന്നും ഫെമിനിസമെന്നത് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നും ഉദ്ഘോഷിക്കുന്ന ആശയ ഗംഭീരങ്ങളായ അഭിപ്രായങ്ങള്‍. കൂട്ടുകാര്‍ പരസ്പരം ചെളിവാരി എറിയുന്നു. ആശയ/ അഭിപ്രായ സംഘട്ടനങ്ങള്‍. പുരുഷാധിപത്യവും ഫെമിനിസവും ഒന്നിന് പിറകെ ഒന്നായി പോരാടുന്നു. ദമ്പതികള്‍ വേര്‍ പിരിയണമെന്നു ഒരു കൂട്ടര്‍. വേര്‍പാട് വേദനാജനകം അല്ലെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയണമെന്നും അവര്‍ ആക്രോശിക്കുന്നു. ആകെ സംഘര്‍ഷഭരിതമായ അന്തരീക്ഷം.


ഒടുവില്‍ ഇതെല്ലാം വായിച്ചു വികാരാധീനനായി ഭര്‍ത്താവ് പ്രതികരിച്ചു:
"നിന്നെയാണോ ഞാന്‍ സ്നേഹിച്ചിരുന്നത്? നിന്റെ വാക്കുകള്‍ കേള്‍ക്കാനാണോ ഞാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്‌? അലറി വിളിക്കുന്ന തിരമാലകളില്‍ ഞാന്‍ മീട്ടിയ സ്വരം എന്തേ നീ തിരിച്ചറിഞ്ഞില്ല ? കിളികൂജനങ്ങളില്‍ ഞാന്‍ മീട്ടിയ രാഗം എന്തേ നീ കേട്ടില്ല?"

ആ ഡയലോഗിനും കിട്ടി പത്തു മുപ്പത്തിയഞ്ചു "ലൈക്കു"കള്‍.


കുടുംബത്തിന്റെ അതിര്‍വരംബിനുള്ളില്‍ തീര്‍ക്കേണ്ട പിണക്കങ്ങള്‍ക്ക്‌ സോഷ്യല്‍ മീഡിയയിലൂടെ ഉത്തരം തേടുകയും കല്യാണത്തിന്റെ മനസ്സമ്മതം പോലും "ലൈക്‌" ബട്ടന്‍ അമര്‍ത്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു ജനത ആത്മാവിഷ്ക്കാരത്തിന്റെ മാധ്യമമായി മാറ്റുകയാണ്.

ഒട്ടേറെ "ലൈക്കും" അതിലേറെ പ്രോത്സാഹന വചനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഏറ്റവും ഒടുവില്‍ ഞാനും ഒരു കമന്റ്‌ ഇട്ടു:

"ജീവിതം FB നക്കി എന്നു പറയാന്‍ ഇടവരുത്തരുത് !"

Thursday, December 29, 2011

ക്രിസ്മസ് രാവ്

ഇരുളിനു കനം വച്ച് തുടങ്ങുമ്പോള്‍ എവിടെയൊക്കെയോ ക്രിസ്മസ് വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. വാഴക്കുളം ഗ്രാമത്തിന്റെ ഇടവഴികളില്‍ തകരപ്പാട്ടയുടെയും വിസിലുകളുടെയും ശബ്ദം കരോള്‍ ഗാനങ്ങള്‍ക്കൊപ്പം മുഴങ്ങി.

അയഞ്ഞ ചുവന്ന കുപ്പായവും ( മിക്കവാറും നാട്ടിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ അലക്കി ഉണക്കാനിട്ടിരിക്കുന്ന ചുവന്ന നൈറ്റി ആയിരിക്കും അത് :-)) സാന്താക്ലോസിന്റെ മുഖം മൂടിയുമണിഞ്ഞു കൈയ്യിലൊരു കൂട്ടം വര്‍ണ ബലൂണുകളുമായി ക്രിസ്മസ് അപ്പൂപ്പന്മാര്‍... പാട്ടും കൂക്കു വിളികളും കോലാഹലങ്ങളുമായി അകമ്പടി സേവിക്കുന്ന പത്തു പതിനഞ്ചു പേര്‍...  നനുത്ത മഞ്ഞു വീണു തുടങ്ങുന്ന ഗ്രാമവീഥികളിലൂടെ കരോള്‍ സംഘം നടന്നു പോകുമ്പോള്‍ കുന്നിന്‍ ചെരുവിലെ വാഴതോപ്പിലും പച്ച പരവതാനി വിരിക്കുന്ന പാടത്തിന്റെ കരയിലും "ലഹരി" പങ്കുവയ്ക്കുന്ന നാട്ടുകാരും കൂട്ടുകാരും... ശരിക്കുമൊരു പെരുന്നാള്‍ ലഹരി തന്നെ!


രാവേറെ ചെന്നിട്ടുണ്ടാകും ആ "സുഹൃത്ത് സമാഗമങ്ങള്‍" വേര്‍പിരിയുമ്പോള്‍ ... നേര്‍ത്ത നിലാവെളിച്ചത്തില്‍, മഞ്ഞു വീണു മരവിച്ച പാടവരമ്പുകളിലൂടെയും പാതകളിലൂടെയും അടുത്ത "സ്വീകരണ സ്ഥലം" ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കുമ്പോള്‍ കൊച്ചാപ്പു ഈണത്തില്‍ ഉറക്കെ ചൊല്ലും :

"പ്രിയപ്പെട്ട നാട്ടുകാരെ..
സകല ലോകത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കട്ടെ...! ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ലോകരക്ഷകന്, ഉണ്ണിയേശു പിറന്നിരിക്കുന്നു!" ‍

ആ സമയം ഞങ്ങള്‍ ഉറക്കെ പാടും:
"ഉണ്ണി പിറന്നു പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍..."

ആകെ അറിയാവുന്ന ഈ രണ്ടു വരികള്‍ പല ഈണത്തിലും താളത്തിലും പലവട്ടം ആവര്‍ത്തിക്കും. ഞങ്ങളുടെ ശബ്ദ മാധുര്യമേറിയ ആ ഗാനശകലങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അവിടമാകെ
അലയടിക്കും. ബെത് ലഹേമിലെ പുല്‍ തൊഴുത്തില്‍ ലോകരക്ഷകന്റെ പിറവി ആഘോഷങ്ങള്‍ സമാപിച്ചാലും വാഴക്കുളത്ത് ഞങ്ങളുടെ ആഘോഷങ്ങള്‍ അവസാനിചിട്ടുണ്ടാവില്ല.

പുലരും വരെ നീളും, "ആഘോഷം" പങ്കുവയ്ക്കുന്ന ആ അപൂര്‍വ സൌഹൃദങ്ങള്‍ ... പാടി പതിഞ്ഞ കരോള്‍ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും അവിടമാകെ ഉയര്‍ന്നു കേള്‍ക്കും ...
"തിരുപ്പിറവി മുതല്‍ കുരിശു മരണം വരെ" യുള്ള നാട്ടിലെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും, എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത് വീണ്ടും പുനര്‍ജനിക്കും..
മഞ്ഞണിഞ്ഞ ആ മദാലസ രാവില്‍, മാനത്തു ചന്ദ്രന്‍ പൊന്‍പ്രഭ വിതറുമ്പോള്‍, ഈ ആരവങ്ങള്‍ക്കെല്ലാം സാക്ഷിയായി ക്രിസ്മസ് വിളക്കുകള്‍ കണ്ണു ചിമ്മാതെ കത്തി കൊണ്ടേയിരിക്കുന്നു......


Tuesday, December 6, 2011

മുല്ലപ്പെരിയാര്‍ - സ്പന്ദിക്കുന്ന അസ്ഥിമാടം

"വെള്ളം.. സര്‍വത്ര വെള്ളം .. അതും പത്തുനാല്പതടി ഉയരത്തില്‍ ആര്‍ത്തലയ്ക്കുന്നു. മുപ്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളും ചരിത്രവും ശേഷിപ്പുമെല്ലാം അറബികടലിലേയ്ക്ക് കുത്തിയൊലിക്കുകയാണ്. അവശേഷിക്കുന്ന ജീവന്റെ കണികകളോരോന്നിനെയും പ്രളയജലം അപഹരിച്ചു മുന്നേറുന്നു. കണ്മുന്നിലേക്ക് ആഞ്ഞടിച്ചു വരുന്ന വെള്ളത്തിനു മുന്നില്‍ അലറി കരയുവാന്‍ പോലും ആകുന്നില്ല. ഉച്ചത്തില്‍ നിലവിളിക്കാന്‍ ശ്രമിച്ചു. പക്ഷെ ശബ്ദം വരുന്നില്ല. ആകെ സംഭ്രമം. നെഞ്ചിടിപ്പുയരുന്നു. വിയര്‍ത്തു കുളിക്കുന്നു. കുഴഞ്ഞു മറിയുന്ന ചിന്തകള്‍".


കുറെ നാളുകളായി ഈയൊരു ദുസ്വപ്നം മലയാളിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ സ്വപ്നത്തില്‍ നിന്നും യാഥാര്ത്യത്തിലേക്കുള്ള ദൂരം വളരെ വളരെ ചെറുതാണ്. കാതോര്‍ത്താല്‍ കേള്‍ക്കാവുന്നത്രയടുത്തു..!


നൂറ്റിപ്പതിനാറു വര്‍ഷം പഴക്കമുള്ളോരു അണക്കെട്ടിനെ കുറിച്ചുള്ള ആശങ്കയാണ് ഓരോ മലയാളിയുടെയും ഉറക്കം കെടുത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ മലയാളികളുടെ നെഞ്ചിടിപ്പിന്റെ വേഗത നിര്‍ണയിക്കുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ഭരണകൂടമാവട്ടെ, കുംഭകര്‍ണ്ണ സേവയിലും.. സൂപ്പര്‍ ഹിറ്റ്‌ രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് കേരളജനതയെ പുളകം കൊള്ളിക്കുന്ന നമ്മുടെ നേതാക്കള്‍ ഭാസ്കരപട്ടേലരുടെ മുന്നിലെ തൊമ്മിയായി മാറുകയാണ് അങ്ങ് ഡല്‍ഹിയില്‍ ... യാതൊരു വിധ സമ്മര്‍ദതന്ത്രമോ സമവായ ശ്രമമോ നടത്താനാവാതെ....
 
രാഷ്ട്രീയ നേതാക്കളെ, നിങ്ങള്‍ ഓര്‍ക്കുക:

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, ആ പ്രളയജലത്തില്‍ നിന്നും ആരെങ്കിലുമൊക്കെ അവശേഷിച്ചാല്‍, അവര്‍ തീര്‍ച്ചയായും വിപ്ലവകാരികളായി തന്നെ തീരും. ഒരു കാലത്ത് നിങ്ങള്ക്ക് വേണ്ടി ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍, രാപകലുകള്‍ ഇല്ലാതെ നിങ്ങള്ക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തവര്‍, ലാത്തിയടിയേറ്റ് വേദന കൊണ്ട് പുളയുമ്പോഴും നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ നെഞ്ചോടടുക്കി പിടിച്ചവര്‍..

സിരകളില്‍ വിപ്ലവരക്തവുമായി, മനസ്സില്‍ അണയാത്ത അഗ്നിയുമായി അവര്‍ വരും.. വന്നു ചോദിക്കും...
ഒരു ജനതയെ നിങ്ങള്‍ എത്രനാള്‍ ജീവിതത്തിനും മരണത്തിനുമിടക്ക് തട്ടികളിച്ചു?
ജീവന് വേണ്ടി മാത്രം ആബാലവൃദ്ധം കേണപേക്ഷിച്ചിട്ടും നിങ്ങളെന്തു കൊണ്ട് ചെവി കൊണ്ടില്ല? ഞങ്ങളുടെ തേങ്ങലുകള്‍, നിലവിളികള്‍, പ്രതിഷേധ പ്രകടനങ്ങള്‍ എന്തു കൊണ്ട് നിങ്ങള്‍ വെറും പ്രഹസനമായി മാത്രം കണ്ടു? ജനാധിപത്യത്തില്‍ വിശ്വാസിച്ചതാണോ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്? ഉത്തരം പറയേണ്ടത് നിങ്ങള്‍ മാത്രമാണ്.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍.. നാടിനെയും നാട്ടുകാരെയും പുരോഗതിയിലേക്ക് നയിക്കേണ്ടവര്‍.. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ നിങ്ങള്‍ക്കാവില്ല. വോട്ട് ബാങ്ക് സംരക്ഷണമോ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളോ അല്ല മുല്ലപ്പെരിയാറില്‍ വേണ്ടത്.
ഒന്നോര്‍ക്കണം:
ജനങ്ങള്‍ ഉണ്ടെങ്കിലെ ജനാധിപത്യമുള്ളൂ... അധികാരമുണ്ടാകൂ... അധികാര കസേരകളും..
അധികാരത്തിന്റെ മണിമാളികകളില്‍ നിന്നും ഒന്നുമില്ലായ്മയുടെ തെരുവോരങ്ങളിലേക്കുള്ള ദൂരവും വളരെ ചെറുതാണ്. കൈയെത്തിച്ചാല്‍ തൊടാവുന്നത്രയടുത്തു...!

ഇതെഴുതുമ്പോള്‍ മുല്ലപ്പെരിയാറില്‍ നൂറ്റിമുപ്പതിയാറരയടി വെള്ളം ഉയര്‍ന്നിരിക്കുന്നു. ഭൂമി ചെറുതായൊന്നു പിടച്ചാല്‍, എന്തെങ്കിലുമൊന്നു സംഭവിച്ചാല്‍ ഈ മഹാ പ്രളയത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഗോവര്ധനഗിരി ചെറു വിരലിലേന്തി ഭഗവാന്‍ കൃഷ്ണന്‍ അവതരിക്കുമെന്നും സര്‍വ ചരാചരങ്ങളെയും ഉള്‍കൊള്ളുന്ന പെട്ടകവുമായി നോഹ വരുമെന്നും നമുക്ക് പ്രത്യാശിക്കാം..

Thursday, November 3, 2011

ജന്മദിനം


ഇന്നെന്റെ ജന്മദിനമാണ്. യാന്ത്രികമായ ചര്യകളും പകലന്തിയോളമുള്ള സംഘര്‍ഷങ്ങളും നിറഞ്ഞ വന്യമായ ജീവിത പാതയില്‍ എങ്ങോ വിസ്മരിക്കപ്പെട്ടു പോകുമായിരുന്ന ഒരു ദിനം. നേരിട്ടും സോഷ്യല്‍ മീഡിയകളിലൂടെയും SMS കളിലൂടെയും സ്നേഹവും പ്രണയവും ആഹ്ലാദവും നിറഞ്ഞ സന്ദേശങ്ങളിലൂടെ ജന്മദിനം എന്നെ ഓര്‍മിപ്പിച്ച, ആശംസകള്‍ അര്‍പ്പിച്ച എല്ലാ പ്രിയപെട്ടവര്‍ക്കും നന്ദി!

വര്‍ണ റിബ്ബനുകള്‍ ചുറ്റിയ സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും മെഴുകുതിരികളുടെ എരിഞ്ഞു നില്‍പ്പുമൊന്നും ജീവിതത്തില്‍ ഇതു വരെ സംഭവിച്ചിട്ടേയില്ല. അതു കൊണ്ട് അതൊന്നും ആത്മാവിന്റെ ഭാഗമായി തീര്‍ന്നിട്ടില്ല. എന്നാല്‍ ഒരു പിടി കുപ്പിവള തുണ്ടുകള്‍, വര്‍ണ കടലാസുകള്‍, കുറെ ഹൃദയത്തുടിപ്പുകള്‍ ഇവയെല്ലാം വില തീരാത്തവയെന്നു കരുതിയ നാളുകള്‍ ഉണ്ടായിരുന്നു.

ഈ ചപ്പു ചവറുകള്‍ക്കിടയില്‍ നിന്ന് ഏറെ പ്രിയപ്പെട്ട ചിലതിനെ മാത്രം തിരഞ്ഞെടുത്തു യാത്ര തുടര്‍ന്നു. ഒടുവില്‍, മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ ഏറ്റവും അമൂല്യമായവ മാത്രമാണ് ശേഷിച്ചതായി കാണാന്‍ സാധിച്ചത്. അതില്‍ ഒന്നാണ്, നിറം മങ്ങിയ ഡയറി താളുകളില്‍ കുറിച്ചു വച്ച ഈ അക്ഷരങ്ങള്‍. മൂന്നു പതിറ്റാണ്ടുകള്‍ മുന്‍പുള്ള ഒരു നവംബര്‍ മൂന്നിന് എന്റെ ജനനം അടയാളപ്പെടുത്തിയ ആ വാക്കുകള്‍.


"അച്ഛന്‍ കുറിച്ചു വച്ച ആ വാക്കുകള്‍" ജനനക്കുറിപ്പ് എന്നതിലുപരി സ്നേഹത്തിന്റെ ഒരു ലാവാ പ്രവാഹമാണ്... പതറാതെ മുന്നേറാനുള്ള ആത്മ ധൈര്യമാണ്...എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്താണ്... കാത്തു രക്ഷിക്കുന്ന കരങ്ങളാണ്... ആത്മ വിശ്വാസത്തിന്റെ ഉറവിടവും..

കടപ്പാടോടെ മനസ്സില്‍ സൂക്ഷിക്കേണ്ടതൊന്നും തന്നെ എന്റെ വിസ്മരിക്കപ്പെടെണ്ട ഒരു അധ്യായത്തിലും കുറിക്കപ്പെട്ടിട്ടില്ല!




Wednesday, October 26, 2011

പ്രേമം ധൈര്യം ആവശ്യപ്പെടുന്നു!

സമരോത്സുക ജീവിതവും സര്‍ഗാത്മക യൌവ്വനവും തുടിച്ചു നില്‍ക്കുന്ന ലോ അക്കാദമി ലോ കോളേജിലെ ക്ലാസുമുറിയില്‍, ഒരു തുലാവര്‍ഷ സന്ധ്യയിലെ ഇടിമിന്നലിനോടൊപ്പം പ്രതിധ്വനിച്ച വാക്കുകള്‍ ആണ് " love is soul nourishment ". 
ബലാല്‍സംഗവും വ്യ്ഭിചാരവുമെല്ലാം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പുകളിലൂടെ നൂലിഴ തിരിച്ചു പരിശോധിച്ച് നിര്‍വചിക്കുമ്പോള്‍ ആണ് രതിയുടെ ആത്മീയ ഗുരു ഓഷോയുടെ ആ വരികള്‍ യഥാര്‍ത്ഥ സ്നേഹത്തെ സൂചിപ്പിച്ചു കൊണ്ട് അവിടമാകെ അലയടിച്ചത്.
1931 നും 1990  നും ഇടയിലുള്ള 58 സംവത്സരങ്ങള്‍ ഭൂമിയെ സന്ദര്‍ശിച്ചു മടങ്ങിപ്പോയ അതുല്യനായ ആത്മീയ നേതാവും സെക്സ് ഗുരുവുമായ ഓഷോയുടെ ഒട്ടേറെ  തീപ്പൊരി ചിതറുന്ന ചിന്തകള്‍ നവരസങ്ങള്‍ പകര്‍ന്നാടിയ ആ സായാഹ്നത്തില്‍ പങ്കു വയ്ക്കുകയുണ്ടായി. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു, വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുവാന്‍ ഒരു പുനര്‍വായന: ഓഷോ - പ്രേമം ധൈര്യം ആവശ്യപ്പെടുന്നു (സൈലെന്‍സ് ബുക്സ്/ പെന്റഗന്‍ ബുക്സ് /2006 ).

നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വതിലേക്ക് മനുഷ്യ ജീവിയായി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രേമമാകുന്നുവെന്നു ഓഷോ പറയുന്നു. മനുഷ്യന്റെ ഭൂതകാലം മുഴുവന്‍ പ്രേമത്തിനെതിരായിരുന്നു.  എന്നാല്‍ പ്രേമം എന്താണ് എന്ന് മനുഷ്യന്‍ അറിയേണ്ടതായ മഹത്തായ ഒരു ആവശ്യകതയുണ്ട്,
കാരണം പ്രേമത്തിന്റെ അഭാവത്തില്‍ ആത്മാവ് പോഷണരഹിതമായിരിക്കും,
പട്ടിണിയിലായിരിക്കും. ശരീരത്തിന് ഭക്ഷണം എന്താണോ, അത് തന്നെയാണ് ആത്മാവിനു പ്രേമം. പ്രേമത്തെ കൂടാതെ സജീവമായ ഒരു ആത്മാവുണ്ടാകാന്‍ സാധ്യമല്ല എന്നും ഓഷോ വ്യക്തമാക്കുന്നുണ്ട്.

പ്രേമമെന്താണെന്ന് അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടം വളരെ വലുതും സംപൂര്‍ണവുമാണ്. പ്രേമമെന്ന ഏറ്റവും  ഉന്നതമായ, ഉച്ചകോടിയായ അനുഭവത്തില്‍
എത്തിച്ചേരുവാന്‍ നാല് ഘട്ടങ്ങള്‍ പിന്നിടെണ്ടതുണ്ട്.
അതില്‍ ഒന്നാമത്തേത്, വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നതാണ്. അതും വികാരത്തെ നശിപ്പിക്കുന്ന ചിന്തകള്‍ക്ക് അടിമപ്പെടാതെ ഹൃദയത്തെ
അറിഞ്ഞു കൊണ്ട് ജീവിക്കുക.

പ്രേമമെന്ന   ദിവ്യസംഗീതത്തിലേക്കുള്ള രണ്ടാമെത്തെ പടി നിങ്ങളിലെ വിഷങ്ങളെ
മധുവാക്കി മാറ്റാന്‍ പഠിക്കുക എന്നതത്രേ. വെറുപ്പ്‌ കൊണ്ട്, ദേഷ്യം കൊണ്ട്,
അസൂയ കൊണ്ട്, ഉടമസ്ഥതാ ബോധം കൊണ്ട് ... അങ്ങനെ ചുറ്റപ്പെട്ടു കിടക്കുന്ന ആയിരത്തൊന്നു വിഷങ്ങളെ അതിജീവിക്കുക.
അവയെ തേന്‍ തുള്ളികളാക്കി  പരിവര്ത്തിപ്പിക്കുവാന്‍ പഠിപ്പിക്കുക.
അപ്പോള്‍ എല്ലാ തടസ്സങ്ങളും അതിരുകളും നശിപ്പിക്കപ്പെടുന്നു.
മൂന്നാമെത്തെ ഘട്ടം പങ്കു വയ്ക്കുക എന്നതാണ്. എന്തെല്ലാം നിങ്ങളുടെതായുണ്ടോ, അതെല്ലാം പങ്കുവയ്ക്കുക. നിങ്ങളുടെ പ്രേമം, സൌന്ദര്യം, അറിവ്, സന്തോഷം, ആഹ്ലാദം, സംഗീതം, ജീവിതം
എല്ലാം പങ്കിടുക. നിങ്ങള്‍ എന്തെല്ലാം അന്യരുമായി പങ്കു വ്യ്ചിട്ടുണ്ടോ,
അത് മാത്രമേ നിങ്ങളില്‍ അവശേഷിക്കുകയുള്ളൂ. പ്രേമം സമ്പാദിച്ചു കൂട്ടുവാനുള്ള ഒരു സമ്പത്തല്ല.  എത്രത്തോളം നിങ്ങള്‍ പങ്കുവയ്ക്കുന്നുവോ, അത്ര മാത്രം നിങ്ങളുടെ ഉള്‍ക്കാമ്പില്‍ നിന്നത് വന്നുകൊണ്ടേയിരിക്കും.
പങ്കുവയ്ക്കല്‍ ഏറ്റവും മഹത്തായ ആത്മീയ വിശുദ്ധികളില്‍ ഒന്നത്രേ!

നാലാമത്തെ ഘടകം ശൂന്യമായിരിക്കുക എന്നതാണ്. ശൂന്യതയില്‍ നിന്ന് മാത്രമേ
പ്രേമം പുറത്തേക്കു ഒഴുകുകയുള്ളൂ. അത് നിങ്ങള്‍ക്ക് ഒരു പുതു ജീവിതം നല്‍കുന്നു. ഒരു തരം ഈഗോയും ഇല്ലാത്ത ജീവിതം.. എളിമയോടു കൂടിയ ജീവിതം...
ദിവ്യമായ ആ ദൈവ സംഗീതം നിങ്ങളിലൂടെ ഒഴുകി തുടങ്ങുന്നു...

ഒഴുകുന്ന ജീവിതത്തില്‍ വികാരങ്ങളെല്ലാം അടിച്ചമര്‍ത്തി വയ്ക്കുകയാണെങ്കില്‍ ഉപരിതലത്തില്‍ നിങ്ങളൊരു വിശുദ്ധനെപ്പോലെയായിരിക്കും. പക്ഷെ അത് ഉപരിതലത്തില്‍ മാത്രമാണ്. 
ഉപരിതലത്തില്‍ ഒരു പാപിയായിരിക്കുകയും ആന്തരികതയില്‍ ഒരു വിശുദ്ധനായിരിക്കുകയും
ചെയ്യുന്നതാണ്,  തിരിച്ചായിരിക്കുന്നതിനെക്കാള്‍ നല്ലത്!!

യാത്ര തുടരുകയാണ്...
വികാരങ്ങളെ കെട്ടഴിച്ചുവിട്ടുകൊണ്ട്‌ ശരി- തെറ്റുകളിലൂടെ പ്രണയത്തിന്റെ വിശുദ്ധി തേടിയുള്ള യാത്ര...

Saturday, September 3, 2011

ഓണം - അനുഭവം, ആനുകാലികം.

ഇതു ചര്‍ച്ചകളുടെ കാലം. ശ്രീ പദ്മനാഭന്റെ സമര്‍പ്പണശേഖരം മുതല്‍ അന്ന ഹസ്സാരെയുടെ "സോഷ്യല്‍ മീഡിയ നിരാഹാരം" വരെ കൂലം കഷമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ആനക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ചേനക്കാര്യം ഉന്നയിക്കുന്ന വാര്‍ത്ത ലേഖകര്‍. വായക്കു തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ പങ്കെടുക്കുന്നവര്‍. ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്ന ജനങ്ങള്‍. എന്തും ഏതും SMS - ലൂടെയും ലൈക്‌ ബട്ടണിലൂടെയും തീര്‍പ്പു കല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ജനത. കാലത്തിന്റെ നിര്‍വ്വചനങ്ങള്‍ മാറി മറിയുന്ന ഇക്കാലത്ത് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്: ആധുനിക ഓണം മാവേലിയെ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന്. ഓണാനുഭവങ്ങളുടെയും ആനുകാലിക പശ്ചാത്തലങ്ങളുടെയും നേര്കാഴ്ച്ചകളിലൂടെ ഒരു സന്ദര്‍ശനം. അവലോകനം.
‍
ജീവിതത്തിന്റെ പ്രയാണ പഥത്തില്‍ എവിടെയോ കൈമോശം വന്ന നന്മകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ചിങ്ങം പുലര്‍ന്നു.‍
പൂമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴികളിലൂടെ വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. മുറ്റത്തെ മരത്തിന്മേല്‍ ഊഞ്ഞാലു കെട്ടി. ഓണത്തിന്റെ വരവറിയിക്കാന്‍ അസുരവാദ്യതിന്റെ അകമ്പടിയോടെ "പുലികള്‍" ഇറങ്ങി. ചെണ്ടയുടെ താളത്തില്‍ ചുവടുകള്‍ വയ്ക്കുന്ന പുലികളെ പിടിക്കാന്‍ ഉണ്ടയില്ലാത്ത തോക്കുമായി വേട്ടക്കാരനും :-) . വടംവലിയും വാഴയില്‍ കയറ്റവും കലം തല്ലലും വെള്ളംകുടി മത്സരവുമെല്ലാം തകൃതിയായി നടക്കുന്നു. അത്തം പുലര്‍ന്നപ്പോള്‍ മുറ്റത്തു ചാണകം മെഴുകി തുളസിക്കതിര്‍ വച്ചു. ചിത്തിരയില്‍ വെള്ള പൂക്കള്‍ കൊണ്ട് പൂക്കളമിട്ടു. ചോതി മുതല്‍ ചുവന്ന പൂക്കളും മറ്റും പൂക്കളത്തിനു ഭംഗിയേകി. വിശാഖവും തൃക്കേട്ടയും അനിഴവുമെല്ലാം പൂക്കളുടെ വര്‍ണ പ്രപഞ്ചമാണ്‌ ഒരുക്കിയത്. മൂലം നാളില്‍ പൂക്കളം മൂന്നെണ്ണമായി. (പടിപ്പുര മുതല്‍ മുറ്റം വരെ മൂന്നു പൂക്കളങ്ങള്‍ ഇടുകയാണ് പതിവ് ). പൂരാടത്തിനു പൂക്കളമിട്ടതു ആവണിപ്പലകയുടെ ആകൃതിയില്‍ നിര്‍മിച്ച ഓണത്തറയില്‍ ആണ്. ഉത്രാടം, പാച്ചിലിന്റെ പര്യായമാണെങ്കിലും പൂക്കളം നിറങ്ങളുടെ ധാരാളിത്തം കൊണ്ട് അതിസുന്ദരമായിരിക്കും. തിരുവോണത്തിന് പൂക്കളമില്ല. മറിച്ച് തുമ്പക്കുടമാണ്. തുമ്പ ചെടികളാല്‍ മഹാബലിയുടെ രൂപം ഒരുക്കുകയാണ് പതിവ്. തിരുവോണത്തിന്റെ അന്ന് പുലര്‍ച്ചെ പടിപ്പുരയില്‍
ഓലക്കുടയും മെതിയടിയും കൊണ്ട് വച്ചു, നിലവിളക്ക് കത്തിച്ചു, ആര്‍പ്പുവിളിച്ചും കുരവയിട്ടും ഓണത്തപ്പനെ എതിരേറ്റു, പൂവടയും മറ്റും നേദിച്ച്, ഓണ കൂവലുകളും കൂകി (മാവേലി വന്നു എന്നറിയിക്കാനാണ് കൂവുന്നത്) ആഘോഷിക്കുന്ന ഓണക്കാലമെല്ലാം സ്മൃതി ചിത്രങ്ങള്‍ മാത്രമാവുകയാണ്.

കാലം മുന്നോട്ടു കുതിച്ചു. ഓണത്തിന്റെ സങ്കല്‍പ്പവും രീതികളുമൊക്കെ മാറി. മാവേലി ഗൃഹോപകരണങ്ങളുടെയും ജ്വല്ലറികളുടെയും എന്തിനു, മദ്യത്തിന്റെ വരെ വെറുമൊരു "ബ്രാന്‍ഡ്‌ അംബാസിഡര്‍" മാത്രമായി മാറി. എന്നാല്‍ കാലമേറും തോറും ഓണാഘോഷത്തിനു പുതു പുത്തന്‍ മാനങ്ങളാണ് കൈവന്നത്. പ്രദര്‍ശനശാലകളും പായസമേളകളും നാട്ടുകാരെ ഓണത്തിന്റെ വരവറിയിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും "discount " ബോര്‍ഡുകള്‍ മാത്രം. പ്രായഭേദമില്ലാതെ വലിപ്പ-ചെറുപ്പങ്ങള്‍ ഇല്ലാതെ എല്ലാവരും ഓണത്തിന്റെ തിരക്കുകളിലാണ്. SMS - കളയച്ചും ഓണപ്പാട്ടുകള്‍ റിങ്ങ്ടോണ്‍ ആക്കിയും ഫേസ് ബുക്കിലെ മതിലുകളില്‍ ആശംസകളെഴുതിയും ഷോപ്പിംഗ്‌ മാളുകളിലും തെരുവ് കച്ചവടങ്ങളിലും കയറിയിറങ്ങി "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ" വമ്പിച്ച "വിലക്കുറവില്‍" വാങ്ങി കൂട്ടിയും മാവേലിയെ വരവേല്‍ക്കാന്‍ തയ്യാറായി.

എന്നാല്‍ മാവേലി കാണുന്ന കാഴ്ചകള്‍ വിചിത്രമാണ്; വൈരുധ്യങ്ങള്‍ നിറഞ്ഞതും...
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്യുന്ന ഇക്കാലത്ത്, ഇരുപതുകളിലെത്തിയ "നിഷ്കളങ്കനായ" പയ്യന്റെ രതിസ്വപ്നങ്ങളെ താലോലിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന സിനിമ പ്രേമികള്‍... അഴിമതിയില്‍ മുങ്ങിക്കുളിച്ചു നീന്തി തുടിക്കുന്ന ഒരു ജനത "അഴി" മതിക്കെതിരെ നടത്തുന്ന സഹന സമരങ്ങള്‍... വിദ്യാഭ്യാസമെന്നത് വിദ്യയില്ലാതെ "അഭ്യാസം" മാത്രമാക്കി തീര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍.. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ക്വട്ടെഷന്‍ സംഘങ്ങളും അഴിമതിക്കാരും കൊടി കുത്തി വാഴുന്ന നാട്... എന്നിട്ടും അദ്ദേഹം പ്രജകളെ കാണാന്‍ വരുന്നു. ഈ കൊള്ളരുതായ്മകള്‍ മുഴുവനും ക്ഷമിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കുന്നു..ആശീര്‍വദിക്കുന്നു.
‍
വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരുമ്പോള്‍.. ഓളപ്പരപ്പുകളില്‍ നയമ്പുകള്‍ തീര്‍ക്കുന്ന താളം മുറുകുമ്പോള്‍.. ആര്‍പ്പുവിളികളും ആരവങ്ങളും മുഴങ്ങുമ്പോള്‍ .. തന്റെ നാടിന്റെ "ദുരവസ്ഥ" ഓര്‍ത്തു മുറ്റത്തെ പൂക്കളത്തിലെ മാവേലിത്തമ്പുരാന്‍ കണ്ണീര്‍ പൊഴിക്കുന്നത് ആരും കണ്ടില്ല. അദ്ദേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല.

അത് കാണാന്‍, കേള്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍, സാന്ത്വനമേകാന്‍ ആര്‍ക്കാണിവിടെ നേരം?




Friday, August 5, 2011

അവിയല്‍ പുരാണം


ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു പാചക പരീക്ഷണാനുഭവമാണ്. കൊച്ചമ്മമാരുടെ പാചക കുറിപ്പുകളില്‍ കാണുന്ന കടിച്ചാല്‍ പൊട്ടാത്ത പേരുള്ള വിഭവങ്ങള്‍ ഒന്നുമല്ല, മറിച്ച് കേരളത്തിന്റെ തനത് രുചി അനുഭവിപ്പിക്കുന്ന "അവിയല്‍". വീട്ടിലുള്ളവര്‍ സമയാസമയങ്ങളില്‍ വിളമ്പി തരുന്ന രുചികരമായ ഭക്ഷണം ആവോളം കഴിച്ചിട്ട് "ഉപ്പു കുറഞ്ഞു", എരിവല്‍പ്പം കൂടി പോയി ", മസാല അല്‍പ്പം കൂടി ആവാമായിരുന്നു" എന്നൊക്കെ ഡയലോഗടിച്ചിട്ടുള്ള ഞങ്ങളുടെ പാചക നൈപുന്ണ്യം പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമാണ് "അവിയല്‍ പുരാണ" ത്തിലൂടെ പങ്കു വയ്ക്കുന്നത്.

കാലമേറെയായി ഞങ്ങളൊന്നു ഒത്തു കൂടിയിട്ട്. കൂലംകഷമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും, മസാലയും എരിവും പുളിയും കലര്‍ന്ന കഥകള്‍ വിളമ്പാനും, ഒരു കുടന്ന വെളിച്ചെണ്ണ നെറുകയില്‍ പൊത്തി കുളത്തിലെ സ്ഫടിക ജലത്തില്‍ മുങ്ങി നിവര്‍ന്നു മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കുവാനുമാണ് ഞങ്ങളവിടെ ഒത്തു കൂടാരുണ്ടായിരുന്നത്. ഓണത്തിനും വിഷുവിനും പുതുവത്സരത്തിനുമൊക്കെയുള്ള "ഇടി മിന്നല്‍ സന്ദര്‍ശനങ്ങളില്‍" അല്ലാതെ കഴിഞ്ഞ കുറെ നാളുകളിലായി വളരെ വിരളമായേ വിസ്തരിച്ച 'സുഹൃത്ത് സമാഗമങ്ങള്‍ " നടന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ എല്ലാവരുടെയും നാട്ടിലേക്കുള്ള വരവ് ഒരുമിച്ചു തന്നെയായി.
ഓളങ്ങള്‍ തല്ലി തകര്‍ത്തോഴുകുന്ന പെരിയാറിന്റെ തീരത്തെ സുഹൃത്തിന്റെ തറവാട് വീടാണ് സംഗമ വേദി. കുന്നും മലകളും കേരവൃക്ഷങ്ങളും പച്ച നെല്‍പ്പാടങ്ങളുമൊക്കെയായി ചുറ്റും കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍. പടിപ്പുര കടന്ന് ഞാനവിടെ ചെല്ലുമ്പോള്‍ പൂമുഖത്തെ ചാരുപടിയിലിരുന്നു ഒരാള്‍ "മ" വാരികയിലെ ഡിക്ടടിവ് പൈങ്കിളി നോവല്‍ ആകാംക്ഷയോടെ വായിക്കുന്നു. വേറൊരാള്‍ മുറ്റത്തെ മാവിന്മേല്‍ ഊഞ്ഞാലാടി രസിക്കുന്നു. "ഉത്സാഹ കമ്മിറ്റിയിലെ " പ്രധാന സംഘാടകന്‍ എന്തോ സംഘടിപ്പിക്കുവാനുള്ള പരക്കം പാച്ചിലിലാണ്. മറ്റൊരാള്‍ മൊബൈലില്‍ ബിസിനസ്‌ വര്‍ത്തമാനങ്ങളില്‍ മുഴുകുന്നു.

ക്വാറം തികഞ്ഞതോടെ രംഗം ഉഷാറായി. കഥകളും കഥാപാത്രങ്ങളും അണിനിരന്നു. ഒരുക്കങ്ങള്‍ തകൃതിയിലായി. ചെന്തെങ്ങിന്റെ ഇളം കരിക്കുകളുടെ അകമ്പടിയോടെ നെല്ലും പഴങ്ങളും ഇട്ടു വാറ്റിയ "വീരഭദ്രന്‍ " വന്നണഞ്ഞു. ഒരു റൌണ്ട് വീര്യം പകര്‍ന്നപ്പോഴാണ് തൊടുകറിയുടെ അഭാവത്തെ കുറിച്ച് ചര്‍ച്ച വന്നത്. അതോടെ കഥയില്‍ വഴിത്തിരിവുണ്ടായി. ചിന്തകള്‍ക്ക് ലഹരിയേറി. അടുക്കളയിലേക്കു ചെന്നപ്പോള്‍ ആകെയുള്ളത് സ്വര്‍ണ നിറമുള്ള വെള്ളരിയും മൂന്നാല് കാരറ്റും രണ്ടു പടല ഏത്തക്കായും ഒരു ചെറിയ കഷണം ചേനയും. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചു വച്ച ഒരു കൂഴച്ചക്കയുടെ കഷണവും കൂടി കണ്ടപ്പോള്‍ "അവിയല്‍ " എന്ന ആശയം ഉണര്‍ന്നു. അതോടെ സകലരുടെയും മനസ്സിലെ "നളന്‍ " സടകുടഞ്ഞെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കി, തലയിലെ കെട്ടോന്നഴിച്ചു കുടഞ്ഞു ഓരോ "ഒന്നര" കൂടി അകത്താക്കി എല്ലാവരും ഉത്സാഹത്തിലായി. ഓട്ടുരുളി കഴുകി വൃത്തിയാക്കി. വിറകു കൊത്തിയരിഞ്ഞു അടുപ്പില്‍ തീ പൂട്ടി. ചക്ക മുറിച്ചു ചുളകള്‍ അടര്‍ത്തി നീളത്തില്‍ മുറിച്ചു. ചക്കക്കുരു കുറച്ചു നേരം വെള്ളത്തില്ലിട്ടു കുതിര്‍ത്തിയ ശേഷം പുറം തൊണ്ട് ചുരണ്ടി നുറുക്കി. വെള്ളരിക്കയും കാരറ്റും കായയും ചേനയുമെല്ലാം ഒരേ നീളത്തില്‍ മുറിച്ചു കഴുകി വൃത്തിയാക്കി.

ഇടവേളകളില്‍ രസം പകര്‍ന്നു പൈങ്കിളി / മസാല കഥകളും ഈരടികളും...മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്തുന്ന ഒറ്റമൂലികളാണ് ഇവയില്‍ ഏറെയും :-)

കഷണങ്ങളെല്ലാം ഒരു ഓട്ടുരുളിയിലേക്ക് ഇട്ടു. ഒന്ന് രണ്ടു പച്ചമുളകും കീറിയിട്ടു. എല്ലാം കൂടെ മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചു. കഷണങ്ങള്‍ വേവാന്‍ അല്‍പ്പം വെള്ളം ചേര്‍ത്തു. ഉത്സാഹ കമ്മിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രധാന സംഘാടകന്‍ നല്ല വിളഞ്ഞ നാളികേരം പൊതിച്ച്‌ വാശിയോടെ ചിരവി. ഹാ! തേങ്ങക്കെന്താ സ്വാദു! തേങ്ങ അല്‍പ്പം ജീരകവും 2 - 3 പച്ചമുളകും ചേര്‍ത്തു അമ്മിക്കല്ലില്‍ ചതച്ചെടുത്തു. കഷണങ്ങള്‍ എല്ലാം വെന്തപ്പോള്‍ തേങ്ങയരച്ചു ചേര്‍ത്തിളക്കി. ഒരുവിധം വെന്തു കഴിഞ്ഞപ്പോള്‍ നല്ല പുളിയുള്ള തൈര് യോജിപ്പിച്ചു. ഒന്നു ചൂടാക്കി വാങ്ങി. നല്ല ആട്ടിയ വെളിച്ചെണ്ണ ചുറ്റും ഒഴിച്ചു. കറിവേപ്പില ഇട്ടു നന്നായി ഇളക്കി പൊത്തി വച്ചു.വാഴയില ഇട്ടു മൂടി. മലയാളത്തിന്റെ ആ മഹാരുചിയുടെ ഗന്ധം അവിടെമാകെ ഉയര്‍ന്നു.

ചര്‍ച്ച പുനരാരംഭിച്ചു. വീരഭദ്രനു അകമ്പടി സേവിക്കാന്‍ വാഴയിലയില്‍ വിളമ്പിയ അവിയലും ... പശ്ചാത്തലത്തില്‍ ഉമ്പായിയുടെ വശ്യതയാര്‍ന്ന ഗസലുകള്‍ പെയ്തിറങ്ങി . അവിയല്‍ ഭീമന്റെ രുചിക്കൂട്ടാണത്രെ. ഒരിക്കല്‍ പാണ്ഡവ സന്നിധിയിലെ സദ്യ കെങ്കേമമായി ഉണ്ടുകഴിഞ്ഞതിനു ശേഷവും ഭീമനു വിശപ്പു മാറിയില്ല. അടുക്കളയിലേക്കു ചെന്ന് ബാക്കി വന്ന കറികളും മിച്ചം വന്ന പച്ചക്കറികളും ചേര്‍ത്തു ഭീമന്‍ പുതിയൊരു വിഭവമൊരുക്കി. (ഭീമന്‍ നല്ലൊരു പാചക വിദഗ്ദ്ധന്‍ കൂടിയാണ് . അജ്ഞാതവാസക്കാലത്ത് വലലന്‍ എന്ന പാചക ക്കാരനായാണ് ഭീമന്‍ വേഷം മാറി ജീവിച്ചത്) ഇതെന്തു വിഭവമാന്നെന്നു കുന്തി ചോദിച്ചപ്പോള്‍ കറി പാത്രങ്ങളും പച്ചക്കറികളും ചൂണ്ടി ഭീമന്റെ മറുപടി "അവ ഇവയില്‍ ഇവ അവയില്‍ " എന്നായിരുന്നു. ഇവ ലോപിച്ച് അവിയലായി എന്നാണ് കഥ.

രാവേറെയായി...കഥാപാത്രങ്ങള്‍ തന്മയത്വതോടെയും വീര്യത്തോടെയും ക്ലൈമാക്സ്‌ ആടിത്തിമിര്‍ത്തു. മഹാഭാരതം മുതല്‍ നാട്ടിലെ പരദൂഷണം വരെയുള്ള നവരസങ്ങള്‍ പകര്‍ന്നാടി കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി മയങ്ങാന്‍ തുടങ്ങി. വീടിന്റെ പൂമുഖത്തെ ചാരുകസേരയിലും അരഭിത്തിയിലും തിണ്ണയിലും ഒക്കെയായി എല്ലാവരും പാതിമയക്കത്തിലേക്കു ആഴ്ന്നിറങ്ങി. കിഴക്കന്‍ പാടശേഖരങ്ങളില്‍ നിന്ന് വീശുന്ന ഇളം കാറ്റില്‍ ഉമ്പായിയുടെ ഗസലുകള്‍ അപ്പോഴും അലിഞ്ഞു ചേര്‍ന്നുകൊണ്ടേയിരുന്നു......
"പാടുക സൈഗാള്‍ പാടൂ...
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ...
സ്വപ്ന നഗരിയിലെ പുഷ്പ ശയ്യയില്‍ നിന്നാ-
മുഗ്ധ സൌന്ദര്യത്തെ ഉണര്‍ത്തരുതേ.. ആരും ഉണര്‍ത്തരുതേ....
പാടുക സൈഗാള്‍ പാടൂ....."

Wednesday, July 20, 2011

അന്നും മഴയായിരുന്നു!

മഴ പെയ്തു തുടങ്ങി. ഇടവപ്പാതിയിലെ ഏഴെട്ടു മഴകള്‍ക്ക്‌ ശേഷം ഒട്ടേറെ വിരസ വിഷാദ സായന്തനങ്ങള്‍ സമ്മാനിച്ച നെടുവീര്‍പ്പുകളില്‍, നനഞ്ഞ മഴകളുടെ ഓര്‍മകളെ ശ്രാദ്ധമൂട്ടുമ്പോള്‍, കിഴക്കന്‍ കുന്നുകളും മലകളും കടന്നു തെങ്ങോലകളെ ഇളക്കി മറിച്ച് ആര്‍ത്തലച്ചു വന്ന മഴ ടെക്നോപാര്‍ക്കില്‍ വീശിയടിച്ചു. കോണ്ക്രീറ്റ് വനങ്ങളില്‍ പെയ്ത ആ മഴകള്‍ക്ക്‌ സംഗീതാത്മകത അനുഭവപ്പെട്ടില്ല. അവയുടെ ശീല്കാരവും ഇരമ്പലും പേടിപ്പെടുത്തുന്നു. ഒരുപാട് വേനലുകള്‍ക്ക് മുന്‍പ്, ബാല്യത്തിന്റെ ആകാശങ്ങളില്‍ തിമിര്‍ത്തു പെയ്ത മഴകളെ ആനന്ദത്തോടെ വരവേറ്റിരുന്നു. രാവുകളില്‍ പുതുമണ്ണിന്റെ മാദകഗന്ധം അനുഭവിച്ചരിഞ്ഞിരുന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണപഥത്തില്‍ ഗ്രാമഭംഗിയും നാട്ടിന്‍പുറത്തെ നന്മകളും നഷ്ടപ്പെട്ടപ്പോള്‍ ക്രമേണ മഴയുടെ വിശുദ്ധിയും അന്യമായി തീര്‍ന്നു. ഓഫീസ് മുറിയിലെ ജാലകചില്ലുകളില്‍ തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ ഒരു നല്ല മഴക്കാലത്തിന്റെ ഓര്‍മകളിലേക്കാണ് പെയ്തിറങ്ങിയത്‌.

കണ്ണെത്താ ദൂരത്തോളം പച്ചപരവതാനി വിരിച്ചു പടര്‍ന്നു കിടക്കുന്ന പുനൂര്‍ പാടം. അതിന്റെ പടിഞ്ഞാറേ കരയില്‍, തെങ്ങും കവുങ്ങും പ്ലാവും മാവും ആഞ്ഞിലിയും എന്ന് വേണ്ട , സകല ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന പുരയിടത്തിലെ ഓടിട്ട തറവാട്ടു വീടിന്റെ ഉമ്മറപ്പടിയില്‍ ഇരുന്നാവണം മഴയെ ആസ്വദിച്ചു തുടങ്ങിയത്. മഴ നനയാന്‍ കൂടിയുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിയും വിലക്കുകള്‍ ഏര്‍പ്പെടുത്താതിരുന്നതും വലിയ അനുഗ്രഹം തന്നെയായിരുന്നു. (പ്രഗല്‍ഭനായ അദ്ധ്യാപകന്‍ എന്നതിനോടൊപ്പം മണ്ണിന്റെ മണവും മഴയുടെ ഗുണവും അനുഭവിച്ചറിഞ്ഞ പേരെടുത്ത കൃഷിക്കാരന്‍ കൂടിയായിരുന്നു മുത്തശ്ശന്‍).

ചിന്നം പിന്നം പെയ്യുന്ന മഴയത്ത് തൊപ്പിക്കുട ചൂടി പാടവരമ്പിലൂടെ ഓടാനും, നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ തുടിച്ചു കുളിക്കുവാനും, പാടത്ത് ഉഴുവുകയും ഞവരി വലിക്കുകയും ചെയ്യുന്ന കാളകളെ നിയന്ത്രിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം, മണ്ണിനോടും പ്രകൃതിയോടും കാര്‍ഷിക സംസ്കാരത്തോടുമൊക്കെയുള്ള താല്പര്യം ജനിപ്പിക്കാന്‍ സഹായിച്ചിരുന്നു. അക്കാലത്ത് ടെലിവിഷനും കേബിള്‍ ചാനലുകളും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്നതിനാല്‍ പരസ്യ ചിത്രങ്ങളിലെ "രോഗാണുവും കീടാണുവും" ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല! ഒരു പതിറ്റാണ്ടിനിപ്പുറം, മഴയുടെ അനന്തമായ വിപണന സാധ്യതകളെ തൊട്ടറിഞ്ഞ "കുട പരസ്യങ്ങള്‍" സൃഷ്ട്ടിച്ച വിപ്ലവം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ച് മൊബൈലില്‍ "മഴ റിംഗ് ടോണ്‍" മുഴങ്ങി...

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ പഠന കേന്ദ്രം. മഴ പെയ്തേക്കാം..പെയ്യും.. പെയ്യുന്നു..എന്ന് തല്‍സമയ വിവരണം തരുന്ന റേഡിയോ ജോക്കികള്‍. ഒപ്പം ഹരം പകരുവാന്‍ "പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴയും.." "രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലവും.." മഴ പെയ്തു കുളമായ കാഴ്ചകള്‍ കൂലംകഷമായ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുന്ന ചാനലുകള്‍...മഴക്കാറു കാണുമ്പോഴേക്കും നൂറു കണക്കിന് മഴ വാര്‍ത്തകളും മഴ ചിത്രങ്ങളും അപ്ഡേറ്റ് ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍.. ഒടുവില്‍ ആറടി മണ്ണില്‍ ശാന്തമായി ഉറങ്ങുന്നവര്‍ക്ക് സൗഹൃദം പകര്‍ന്നും, ഭക്തര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞും ഉള്ളുരുക്കുന്നവര്‍ക്ക് സാന്ത്വനമേകിയും, പ്രണയിതാക്കള്‍ക്ക് രസം പകര്‍ന്നും നൂറുകണക്കിന് സെന്റിമീറ്റര്‍ മഴ പെയ്തു ഭൂമിയെ തണുപ്പിച്ചു , വെള്ളം മുഴുവന്‍ അറബിക്കടലില്‍ ചെന്ന് പതിക്കുന്നു.

ഇതിനിടയില്‍ നാം ഒരു മില്ലിമീറ്റര്‍ മഴയെങ്കിലും മനസ്സറിഞ്ഞു ആസ്വദിച്ചുവോ?
നമ്മുടെ ഓര്‍മകളിലും ജീവിതത്തിലും വേണ്ടേ അനുഭവിച്ചറിഞ്ഞ, ആസ്വദിച്ചറിഞ്ഞ ഒരു മഴക്കാലം?

Monday, May 23, 2011

അ - അമ്മ

ഇക്കഴിഞ്ഞ മാതൃദിനത്തില്‍ (2011 മെയ്‌ 8) സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളില്‍ നൂറുകണക്കിന് മാതൃദിന സന്ദേശങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും ആരാധനയും സൌന്ദര്യവുമൊക്കെ പ്രത്യേക അനുപാതത്തില്‍ കൂട്ടികുഴച്ചുള്ള അത്യാകര്‍ഷകമായ മേഘ സന്ദേശങ്ങള്‍!

സ്നേഹത്തിന്റെ ഒരുപിടി ചോറുരുളയായും നിറഞ്ഞ വാത്സല്യത്തിന്റെ വരദാനമായും കാച്ചിയ വെളിച്ചെണ്ണയുടെ മണമായും താരാട്ട് പാട്ടിന്റെ ഈണമായും സഹനത്തിന്റെ പര്യായമായും അക്ഷരമാലാ പദങ്ങളിലെ ആദ്യാക്ഷര അനുഭവമായും വാക്കുകളിലൂടെ വിസ്മയമാകുകയാണ് "അമ്മ" എന്ന ദൈവ സാന്നിധ്യം.
എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളെ അര്‍ത്ഥപൂര്‍ണമായി വിലയിരുത്താത്ത, പൊങ്ങച്ചത്തിന് വേണ്ടി മാത്രമുള്ള, മാതൃദിനത്തിലെ ഇത്തരം "കേളിക്കൊട്ടുകളും" "ആരവങ്ങളും" ഫലശൂന്യമാണെന്ന് പറയാതെ വയ്യ!

നടന്നു വന്ന വഴികളില്‍ നാം കണ്ട കാഴ്ചകളെ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ തെളിയുന്നത് ഒട്ടും ആശ്വാസ്യകരമല്ലാത്ത വസ്തുതകള്‍ തന്നെയാണ്. സനാഥയായിരുന്നിട്ടും അനാഥയായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതും വൃദ്ധസദനങ്ങളിലേക്ക് എത്തിപ്പെട്ടതുമായ അമ്മമാരും, തിരക്കിനു വേണ്ടി തിരക്കു ഭാവിക്കുന്ന മക്കളുടെയും പുതുമകള്‍ക്ക് പിറകെ പായുന്ന കൊച്ചുമക്കളുടെയും ഇടയില്‍ ഒരിറ്റു സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ ചോദ്യചിഹ്നങ്ങള് ആകുന്നുണ്ട്. ‍

നാം ഓര്‍ക്കുക:

അവഗണനക്കും സഹനങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമിടയിലും,
പാതി പറഞ്ഞ കഥകളും ആശ്വാസ വചനങ്ങളും മനസ്സു നിറയെ സ്നേഹവുമായി 'അമ്മ" നമ്മോടൊപ്പം എന്നുമുണ്ടാവുമെന്ന്.. കതോര്‍ത്താല്‍ കേള്‍ക്കാവുന്നത്ര അടുത്ത് ... കൈയെത്തിച്ചാല്‍ തൊടാവുന്നത്ര അടുത്ത്... ഉറവ വറ്റാത്ത ആ സ്നേഹത്തിനു മുന്‍പില്‍, അനുസ്യൂതം പ്രവഹിക്കുന്ന ആ അനുഗ്രഹങ്ങള്‍ക്ക് മുന്‍പില്‍, പുത്തന്‍ ഉണര്‍വുകള്‍ നല്‍കുന്ന ആ തലോടലിനു മുന്‍പില്‍ ഹൃദയാര്‍പ്പണം ചെയ്ത ഒരായിരം പനിനീര്‍പ്പൂക്കള്‍...

Monday, April 18, 2011

അരാഷ്ട്രീയ ഐ ടി ജീവികള്‍


"മണിയാ കടുപ്പത്തിലൊരു ചായ". ചായക്കട ഉണര്‍ന്നു തുടങ്ങി. ഒപ്പം രാഷ്ട്രീയ വര്‍ത്തമാനങ്ങളും. ചരിത്രവും ആനുകാലികവുമായ സംഭവ വികാസങ്ങളിലൂടെ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ചായകുടിക്കാരില്‍ എല്ലാവരും തന്നെ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ നിഘണ്ടുക്കലാണ്. 'തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും" എന്നതാണ് പലപ്പോഴുമുള്ള അവസ്ഥ. വാഗ്വാദങ്ങളും കണക്കു നിരത്തലുകളും പന്തയം കെട്ടലുമെല്ലാം ചര്‍ച്ചക്ക് കൊഴുപ്പേകുന്നു. ആവി പറക്കുന്ന പുട്ടും കടലക്കറിയും പപ്പടവും പയറുമെല്ലാം ചര്‍ച്ചകളുടെ ഇടവേളകളില്‍ രുചി പകരുന്നുമുണ്ട്. ടെക്നോപാര്‍ക്ക്‌ കാമ്പസ്സിന്റെ മതില്‍ക്കെട്ടിനപ്പുറത്തെ ഒരു തനിനാടന്‍ ചായക്കടയിലാണ് കേരള രാഷ്ട്രീയത്തെ നൂലിഴ തിരിച്ചു പരിശോധിക്കുന്ന ഈ ചര്‍ച്ചയുടെ വേദി.
എന്നാല്‍ മതില്‍ ക്കെട്ടിനകത്തെ "ഐ ടി " ബുദ്ധിജീവികളില്‍ ഭൂരിഭാഗവും രാഷ്ട്രീയ നിരക്ഷരരാണ്‌. അവര്‍ തിരഞ്ഞെടുപ്പ് നാളുകളില്‍ രാഷ്ട്രീയ ബുദ്ധി ജീവികളെന്നു നടിക്കും. അറിയാത്ത കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കും. 'Self Branding " ന്റെ ആദ്യ പാഠങ്ങളുടെ തുടക്കം ഇങ്ങനെയൊക്കെ ആണെന്ന് അവര്‍ എന്നേ മനസ്സിലാക്കിയിരിക്കുന്നു. രാഷ്ട്രീയമറിയില്ലെങ്കിലും മൂന്നാംകിട രാഷ്ട്രീയ മനസ്സുള്ള ഒരു ശരാശരി ഐ ടി പ്രൊഫഷനലിന്റെ മാനറിസങ്ങള്‍ ആണിതെല്ലാം. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഏറെയും പുലബന്ധം പോലും പുലര്‍ത്താതിരിക്കുകയും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയും അനുദിന സംഭവ വികാസങ്ങളെയും കുറിച്ച് ഒരു ധാരണ യുമില്ലാതെ വിളമ്പുന്ന പൊള്ളയായ വാക്കുകളാണ് "ഐ ടി യിലെ രാഷ്ട്രീയ പ്രബുദ്ധര്‍" എന്ന തലക്കെട്ടില്‍ പത്ര മാധ്യമങ്ങളും ചാനലുകളും മത്സരിച്ചു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ അവരുടെ സംഭാഷണങ്ങളില്‍ തൊട്ടപ്പുറത്ത് നടന്ന പാര്‍വതി പുത്തനാര്‍ സംഭവമടക്കം സമൂഹത്തെ നടുക്കുന്ന വാര്‍ത്തകളൊന്നും ഒരു വിഷയമേ അല്ല. സ്മാര്‍ട്ട്‌ സിറ്റിയും മുല്ലപെരിയാറും വിഴിഞ്ഞം പദ്ധതിയും സ്ത്രീ സുരക്ഷയും അക്രമ വാഴ്ചയും അഴിമതിയുമൊന്നും അവരെ ബാധിക്കുന്നേയില്ല. മറിച്ച് സ്റ്റീവ് ജോബ്സിന്റെ ആരോഗ്യവും ആപ്പിളിന്റെ ഭാവിയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില വിവരപ്പട്ടികയും ഫാഷന്‍ വസ്ത്രങ്ങളും ആണ് അവരുടെ സംസാരവിഷയങ്ങള്‍.

ആധുനിക സമൂഹം ഏറിയ സമയവും വ്യാപരിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോലും തങ്ങളുടെ വസ്ത്ര സങ്കല്‍പ്പങ്ങളും തക്കാളിക്കറിയുടെ പടങ്ങളും പാചക കുറിപ്പുകളും അല്ലാതെ രാഷ്ട്രീയ പ്രബു ധതയുള്ള ഒരു വാചകം പോലും കാണുവാന്‍ ആയില്ലെന്നത് പറയാതിരിക്കുക വയ്യ. പ്രത്യയ ശാസ്ത്രത്തിന്റെ ആശയങ്ങളും കരുത്തും കര്‍മശേഷിയും പരിശോധിക്കാതെ കാണാന്‍ "ഗ്ലാമര്‍" ഉള്ള സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ വോട്ട് ചെയ്യുമെന്ന് അങ്ങേയറ്റം അന്തസ്സോടെ പറയുന്നവര്‍ ഏറെയുള്ള സമൂഹമാണിത്. ചൂണ്ടു വിരലിലെ കറുത്തമഷി മന സാക്ഷിയുടെ അംഗീകാരമോ രാജധികാരമോ പ്രതിനിധാനം ചെയ്യുന്ന മുദ്രയല്ല, മറിച്ച് 'ഞാന്‍ എന്ന സംഭവത്തെ" ഊട്ടി ഉറപ്പിക്കുവാനുള്ള ഉപാധി മാത്രമെന്ന് കരുതുന്ന, ജനാധിപത്യവും പൌര ബോധവുമില്ലാത്ത ഇത്തരം അരാഷ്ട്രീയവാദികള്‍ ചോദ്യം ചെയ്യപ്പെടും.

ഒട്ടോറെനെ കാസ്റ്റിലെ ഒരിക്കല്‍ എഴുതി:
"ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്തു ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും. അവരുടെ വസ്ത്രങ്ങളെപ്പറ്റി, ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല. ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ളത്തരങ്ങളെപ്പറ്റി ഒരാളും നാളെ അന്വേഷിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഭീരുവിനെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങി ചാവുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ആത്മ വിദ്വേഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.ദരിദ്രരായ മനുഷ്യര്‍ വരും. ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കഥകളിലും കവിതകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍. എന്നാല്‍ ദിവസവും അവര്‍ക്ക് അപ്പവും പാലും കൊടുത്തവര്‍. അവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുത്തവര്‍, അവരുടെ കാറോടിച്ചവര്‍, അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍. അവര്‍ വരും. വന്നു ചോദിക്കും:"യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോള്‍ എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍? "

പ്രതികരിക്കേണ്ടത് നമ്മളാണ്.
നിരത്തിലും സോഷ്യല്‍ മീഡിയകളിലും അനീതിക്കെതിരെ ആശയ സംഘട്ടനങ്ങളും വിപ്ലവങ്ങളും ഉണ്ടാവണം.
പുത്തന്‍ ആശയങ്ങള്‍ വിതറി വിപ്ലവങ്ങള്‍ നില നില്‍ക്കുക തന്നെ വേണം!

Saturday, March 26, 2011

മേളം, ആന, വെടിക്കെട്ട്‌...അങ്ങനെ ചില "വീക്ക് നെസ്സു"കള്‍!


കുംഭത്തിലെ 'ഉത്ര"വും "മീന ഭരണി"യും വാഴക്കുളത്തുകാര്‍ക്ക് കലണ്ടറില്‍ ചുവന്ന അക്ഷരങ്ങളാണ്. എല്ലാ തിരക്കുകളും മാറ്റി വച്ച് വാഴക്കുളമെന്ന ഗ്രാമഭൂവിലേക്ക് വന്നിറങ്ങാന്‍ കാത്തിരിക്കുന്ന ദിവസങ്ങള്‍. ആ മണ്ണില്‍ അരങ്ങേറുന്ന സകല 'കലാ പരിപാടികളിലും" സാന്നിധ്യമറിയിച്ചു കൊണ്ട് നെട്ടോട്ട മോടുന്ന തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍.."കണ്ടും കൊണ്ടും കൊടുത്തും കുടിച്ചും" ആസ്വാദ്യകരമാക്കിയ ഉത്സവ ദിനങ്ങളാണ് ഈ കുറിപ്പിനാധാരം.

നാട്ടിലൊരു ചൊല്ലുണ്ട്. "നിന്നെ ഉത്സവത്തിന്‌ എടുത്തോളാം" എന്ന്. എല്ലാ വഴക്കിന്റെയും പക വീട്ടലും പകരം ചോദിക്കലും എല്ലാം ഉത്സവത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കുന്ന കുറെ ആളുകള്‍. ഉത്സവമെന്നത് "തല്ലുണ്ടാക്കി" ആഘോഷിക്കേണ്ടതാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഒരു തനി നാട്ടിന്‍ പുറത്തുക്കാരന്റെ ജീവിതത്തില്‍ "ഉത്സവക്കാലം" എന്നാല്‍ ഒരാണ്ടത്തെ മുഴുവന്‍ കാത്തിരിപ്പിന്റെ സാഫല്യമാണ്. ഒപ്പം അടുത്ത ഉത്സവക്കാലത്തിലേക്കുള്ള ഇടവേളയില്‍ താലോലിക്കേണ്ട ഓര്‍മകളും, സായാഹ്നത്തിലെ വെടി വെട്ടങ്ങളില്‍ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ ആകേണ്ടതുമാണ് .
ഭൂരിഭാഗം നിവാസികള്‍ക്ക് ഗ്രാമദേവതയുടെ ചൈതന്യം സ്വന്തം ആത്മാവിലേക്ക് ആവാഹിക്കുവാനും ഭഗവതിയുടെ മന്ദസ്മിതവും അനുഗ്രഹാശിസ്സുകളും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങുവാന്‍ ഉള്ളതുമാണ് ഉത്സവക്കാലം.
ആണ്ടിലൊരിക്കല്‍ നാട്ടിലെത്തുന്ന എന്നെ പോലുള്ളവര്‍ക്ക് ഉത്സവമെന്നാല്‍ സുഹൃത്ത്‌ സമാഗമങ്ങളും ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവും അസുരവാദ്യത്തിന്റെ മുഴക്കങ്ങളുമാണ്. ഭ്രമിപ്പിക്കുന്ന ഇത്തരം വികാരങ്ങള്‍ ആണ് ഉത്സവദിനങ്ങളില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്‌.
ഇങ്ങനെ ഒരു വര്‍ഷത്തിലെ ആ 'ഏഴു ദിനരാത്രങ്ങള്‍" പലതരം കണക്കു കൂട്ടലുകളുടെയും വികാര- വിചാരങ്ങളുടെയും കാഴ്ചപ്പാടിലൂടെ നോക്കി കാണുന്ന ഒരു ജനതയുടെ "ഗ്രാമോത്സവ" ത്തിനാണ് ഇപ്പോള്‍ കൊടിയേറിയിരിക്കുന്നത് .

വാഴക്കുളത്തിന്റെ ആ തിരുമുറ്റത്ത്‌ എത്രയെത്ര ഗജകേസരികള്‍ തലയെടുപ്പോടെ മത്സരിച്ചു എഴുന്നെള്ളിയിരിക്കുന്നു... മട്ടന്നൂരും കല്പാത്തിയുമടക്കം എത്രയോ വാദ്യകുലപതിമാര്‍ പഞ്ചാരിയും തായമ്പകയും കൊട്ടി കലാശിച്ചിരിക്കുന്നു..."യോ യോ " പിള്ളാരുടെ DJ ക്കും റോക്ക് ഷോയേക്കാളും എത്രയോ മികവുറ്റതാണ് തായമ്പകയും പഞ്ചാരി മേളവുമെല്ലാം. (ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്ര തൃശൂര്‍ പൂരത്തിന്റെ "ഇലഞ്ഞിത്തറ മേളം" ആന്നെന്നുള്ളത് ഇവിടെ കുറിക്കട്ടെ). ഒന്നര പെഗ്ഗിന്റെ ലഹരിയില്‍, തലയിലെ കെട്ടൊന്നു അഴിച്ചു കുടഞ്ഞു , ആവേശപൂര്‍വ്വം ചുവടുകള്‍ വച്ച് താളം പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം, അച മുറികളില്‍ DJ യുടെ കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്ക് ഒപ്പം, അര്‍ദ്ധ നഗ്ന സുന്ദരിമാരുടെ കൂടെ ശരീരമാസകലം കുലുക്കി തുള്ളുമ്പോള്‍ കിട്ടില്ലെന്നത് സത്യമാണ്.

കൈതപ്പൂവിന്റെ മാദക ഗന്ധമുള്ള , നേര്‍ത്ത കരയുള്ള നേര്യതുമുടുത്തു വരുന്ന അമ്മൂമ്മമാരാണ് ഉത്സവത്തിന്റെ സ്നേഹവാല്‍സല്യം. (ഉത്സവത്തിന്‌ എത്രയോ മുന്‍പ് തന്നെ വസ്ത്രങ്ങള്‍ അലക്കി വെടിപ്പാക്കി ഇസ്തിരിയിട്ട് തങ്ങളുടെ തുണിപ്പെട്ടിയില്‍ ഉണങ്ങിയ കൈതപ്പൂവിനോടൊപ്പം അവര്‍ സൂക്ഷിച്ചിരിക്കുന്നു) പൂജകളുടെ ഇടവേളകളില്‍ "കണ്ണീര്‍പ്പൂക്കള്‍" സീരിയലിലെ ശ്രീദേവിയുടെ കരച്ചില്‍ മുതല്‍ പാടത്തെ പുല്ലുമുറി വരെ അവരുടെ സംസാരത്തില്‍ ഉയര്‍ന്നു കേള്‍ക്കാം. അബദ്ധവശാല്‍ അവരുടെ മുന്നില്‍ പെട്ടാല്‍ "തിരോന്തോരം വിശേഷങ്ങള്‍" മുഴുവന്‍ പറയിപ്പിക്കാതെ വിടുകയുമില്ല.

ഉത്സവമെന്നാല്‍ ചിലര്‍ക്ക് പ്രണയകാലം കൂടിയാണ്. കുപ്പിവള, കണ്മഷി, കളിപ്പാട്ടകടകളുടെ നൂലിട മറവില്‍ കാമുകി കാമുകന്മാരുടെ രഹസ്യ സമാഗമങ്ങള്‍..ആരുമറിയാതെ കൈമാറുന്ന പൊതിക്കെട്ടിനുള്ളിലെ കരിവളകള്‍ എത്രയോ കുണുങ്ങി ചിരിച്ചിട്ടുണ്ടാവും... കിന്നാരങ്ങള്‍ പങ്കു വയ്ചിട്ടുണ്ടാവും...ചുടു ചുംബനങ്ങള്‍ കൈമാറിയിട്ടുണ്ടാവും... അറിയാതെ പറയുകയും പറയാതെ അറിയുകയും ചെയ്യുന്നതാണ് പ്രണയമെന്നത് കരിവളകള്‍ എപ്പോഴേ മനസ്സിലാക്കിയിരിക്കുന്നു!

പെരുമ്പാവൂര്‍ ഈഗിള്‍ ബാറിലെ സോമരസ സന്ധ്യകള്‍ക്ക് ശേഷമാണ് പലപ്പോഴും ഉത്സവ പറമ്പിലേക്കുള്ള യാത്രകള്‍. ആ ഒത്തു ചേരലിന്റെ ശീതളിമയിലും "ഒന്നര" യുടെ ലഹരിയിലും കണ്ടു തീര്‍ത്തത് "കടത്തനാട്ടു മാക്കം" സിനിമ പ്രദര്‍ശനം മുതല്‍ 3D സ്റ്റേജ് ഷോ വരെയുള്ള പരിപാടികള്‍. രാത്രി പരിപാടികളുടെ ഇടവേളകളില്‍ ഊതിയകറ്റി കുടിക്കുന്ന ഉത്സവ ചായയുടെയും പപ്പട വടയുടെയും രുചി, അതൊരു രുചി തന്നെയാണ് . പരിക്ക് പറ്റിയ കൈയുമായി സ്റ്റേജില്‍ എത്തിയ നാരദ മഹര്‍ഷിയെ കൂവി തോല്പ്പിക്കാതെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും .... നാടകത്തിനിടെ നടിയുടെ മേനിയിലേക്ക്‌ കപ്പലണ്ടി എറിഞ്ഞവനെ വായുവില്‍ എറിഞ്ഞു കളിച്ചതും..അടിച്ചു മാറ്റിയ കിരീടം വച്ച് കൊണ്ട് പുലര്‍ച്ചെ ഇടവഴികളിലൂടെ നടന്നു ആളുകളെ പേടിപ്പിച്ചതും .. ലഹരിയുടെ ആവേശത്തില്‍ നടത്തിയ വെല്ലുവിളികളും സംഘട്ടനങ്ങളും .. അലങ്കോലമുണ്ടാക്കുവാന്‍ നാദസ്വരക്കാരന്റെ മുന്നില്‍ നിന്ന് പുളി തിന്നതും ...മാനത്തു വര്‍ണങ്ങള്‍ വാരി വിതറുന്ന അമിട്ടുകളും...ഗ്രാമത്തെയാകെ ഞെട്ടിക്കുന്ന കതനവെടികളും ..തീമഴ പെയ്യിക്കുന്ന പൂക്കുറ്റികളും ഉള്‍പ്പെടുന്ന വെടിക്കെട്ടും ആവര്‍ത്തന സ്വഭാവമില്ലാത്ത സുഖ ശീതളമായ ഓര്‍മ്മകള്‍ മാത്രം ...

ആളൊഴിഞ്ഞ പൂരപ്പറമ്പുകളില്‍ അവശേഷിച്ച വളപ്പൊട്ടുകളും വര്‍ണ കടലാസ്സുകളുമെല്ലാം തിരുശേഷിപ്പുകളാണ് . ആഘോഷതിമിര്‍പ്പിന്റെ, നിറച്ചാര്‍ത്തുകളുടെ ഒട്ടേറെ സ്പന്ദനങ്ങള്‍ അവ നമ്മോടു പങ്കുവയ്ക്കുന്നുണ്ട്‌ .

വീണ്ടുമൊരു ഗ്രാമോത്സവം കൂടി വരവായി.
ആരവങ്ങള്‍ ഉയരുന്നു... ആര്‍പ്പുവിളികളും...