Friday, August 5, 2011

അവിയല്‍ പുരാണം


ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു പാചക പരീക്ഷണാനുഭവമാണ്. കൊച്ചമ്മമാരുടെ പാചക കുറിപ്പുകളില്‍ കാണുന്ന കടിച്ചാല്‍ പൊട്ടാത്ത പേരുള്ള വിഭവങ്ങള്‍ ഒന്നുമല്ല, മറിച്ച് കേരളത്തിന്റെ തനത് രുചി അനുഭവിപ്പിക്കുന്ന "അവിയല്‍". വീട്ടിലുള്ളവര്‍ സമയാസമയങ്ങളില്‍ വിളമ്പി തരുന്ന രുചികരമായ ഭക്ഷണം ആവോളം കഴിച്ചിട്ട് "ഉപ്പു കുറഞ്ഞു", എരിവല്‍പ്പം കൂടി പോയി ", മസാല അല്‍പ്പം കൂടി ആവാമായിരുന്നു" എന്നൊക്കെ ഡയലോഗടിച്ചിട്ടുള്ള ഞങ്ങളുടെ പാചക നൈപുന്ണ്യം പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമാണ് "അവിയല്‍ പുരാണ" ത്തിലൂടെ പങ്കു വയ്ക്കുന്നത്.

കാലമേറെയായി ഞങ്ങളൊന്നു ഒത്തു കൂടിയിട്ട്. കൂലംകഷമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും, മസാലയും എരിവും പുളിയും കലര്‍ന്ന കഥകള്‍ വിളമ്പാനും, ഒരു കുടന്ന വെളിച്ചെണ്ണ നെറുകയില്‍ പൊത്തി കുളത്തിലെ സ്ഫടിക ജലത്തില്‍ മുങ്ങി നിവര്‍ന്നു മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കുവാനുമാണ് ഞങ്ങളവിടെ ഒത്തു കൂടാരുണ്ടായിരുന്നത്. ഓണത്തിനും വിഷുവിനും പുതുവത്സരത്തിനുമൊക്കെയുള്ള "ഇടി മിന്നല്‍ സന്ദര്‍ശനങ്ങളില്‍" അല്ലാതെ കഴിഞ്ഞ കുറെ നാളുകളിലായി വളരെ വിരളമായേ വിസ്തരിച്ച 'സുഹൃത്ത് സമാഗമങ്ങള്‍ " നടന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ എല്ലാവരുടെയും നാട്ടിലേക്കുള്ള വരവ് ഒരുമിച്ചു തന്നെയായി.
ഓളങ്ങള്‍ തല്ലി തകര്‍ത്തോഴുകുന്ന പെരിയാറിന്റെ തീരത്തെ സുഹൃത്തിന്റെ തറവാട് വീടാണ് സംഗമ വേദി. കുന്നും മലകളും കേരവൃക്ഷങ്ങളും പച്ച നെല്‍പ്പാടങ്ങളുമൊക്കെയായി ചുറ്റും കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍. പടിപ്പുര കടന്ന് ഞാനവിടെ ചെല്ലുമ്പോള്‍ പൂമുഖത്തെ ചാരുപടിയിലിരുന്നു ഒരാള്‍ "മ" വാരികയിലെ ഡിക്ടടിവ് പൈങ്കിളി നോവല്‍ ആകാംക്ഷയോടെ വായിക്കുന്നു. വേറൊരാള്‍ മുറ്റത്തെ മാവിന്മേല്‍ ഊഞ്ഞാലാടി രസിക്കുന്നു. "ഉത്സാഹ കമ്മിറ്റിയിലെ " പ്രധാന സംഘാടകന്‍ എന്തോ സംഘടിപ്പിക്കുവാനുള്ള പരക്കം പാച്ചിലിലാണ്. മറ്റൊരാള്‍ മൊബൈലില്‍ ബിസിനസ്‌ വര്‍ത്തമാനങ്ങളില്‍ മുഴുകുന്നു.

ക്വാറം തികഞ്ഞതോടെ രംഗം ഉഷാറായി. കഥകളും കഥാപാത്രങ്ങളും അണിനിരന്നു. ഒരുക്കങ്ങള്‍ തകൃതിയിലായി. ചെന്തെങ്ങിന്റെ ഇളം കരിക്കുകളുടെ അകമ്പടിയോടെ നെല്ലും പഴങ്ങളും ഇട്ടു വാറ്റിയ "വീരഭദ്രന്‍ " വന്നണഞ്ഞു. ഒരു റൌണ്ട് വീര്യം പകര്‍ന്നപ്പോഴാണ് തൊടുകറിയുടെ അഭാവത്തെ കുറിച്ച് ചര്‍ച്ച വന്നത്. അതോടെ കഥയില്‍ വഴിത്തിരിവുണ്ടായി. ചിന്തകള്‍ക്ക് ലഹരിയേറി. അടുക്കളയിലേക്കു ചെന്നപ്പോള്‍ ആകെയുള്ളത് സ്വര്‍ണ നിറമുള്ള വെള്ളരിയും മൂന്നാല് കാരറ്റും രണ്ടു പടല ഏത്തക്കായും ഒരു ചെറിയ കഷണം ചേനയും. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചു വച്ച ഒരു കൂഴച്ചക്കയുടെ കഷണവും കൂടി കണ്ടപ്പോള്‍ "അവിയല്‍ " എന്ന ആശയം ഉണര്‍ന്നു. അതോടെ സകലരുടെയും മനസ്സിലെ "നളന്‍ " സടകുടഞ്ഞെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കി, തലയിലെ കെട്ടോന്നഴിച്ചു കുടഞ്ഞു ഓരോ "ഒന്നര" കൂടി അകത്താക്കി എല്ലാവരും ഉത്സാഹത്തിലായി. ഓട്ടുരുളി കഴുകി വൃത്തിയാക്കി. വിറകു കൊത്തിയരിഞ്ഞു അടുപ്പില്‍ തീ പൂട്ടി. ചക്ക മുറിച്ചു ചുളകള്‍ അടര്‍ത്തി നീളത്തില്‍ മുറിച്ചു. ചക്കക്കുരു കുറച്ചു നേരം വെള്ളത്തില്ലിട്ടു കുതിര്‍ത്തിയ ശേഷം പുറം തൊണ്ട് ചുരണ്ടി നുറുക്കി. വെള്ളരിക്കയും കാരറ്റും കായയും ചേനയുമെല്ലാം ഒരേ നീളത്തില്‍ മുറിച്ചു കഴുകി വൃത്തിയാക്കി.

ഇടവേളകളില്‍ രസം പകര്‍ന്നു പൈങ്കിളി / മസാല കഥകളും ഈരടികളും...മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്തുന്ന ഒറ്റമൂലികളാണ് ഇവയില്‍ ഏറെയും :-)

കഷണങ്ങളെല്ലാം ഒരു ഓട്ടുരുളിയിലേക്ക് ഇട്ടു. ഒന്ന് രണ്ടു പച്ചമുളകും കീറിയിട്ടു. എല്ലാം കൂടെ മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചു. കഷണങ്ങള്‍ വേവാന്‍ അല്‍പ്പം വെള്ളം ചേര്‍ത്തു. ഉത്സാഹ കമ്മിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രധാന സംഘാടകന്‍ നല്ല വിളഞ്ഞ നാളികേരം പൊതിച്ച്‌ വാശിയോടെ ചിരവി. ഹാ! തേങ്ങക്കെന്താ സ്വാദു! തേങ്ങ അല്‍പ്പം ജീരകവും 2 - 3 പച്ചമുളകും ചേര്‍ത്തു അമ്മിക്കല്ലില്‍ ചതച്ചെടുത്തു. കഷണങ്ങള്‍ എല്ലാം വെന്തപ്പോള്‍ തേങ്ങയരച്ചു ചേര്‍ത്തിളക്കി. ഒരുവിധം വെന്തു കഴിഞ്ഞപ്പോള്‍ നല്ല പുളിയുള്ള തൈര് യോജിപ്പിച്ചു. ഒന്നു ചൂടാക്കി വാങ്ങി. നല്ല ആട്ടിയ വെളിച്ചെണ്ണ ചുറ്റും ഒഴിച്ചു. കറിവേപ്പില ഇട്ടു നന്നായി ഇളക്കി പൊത്തി വച്ചു.വാഴയില ഇട്ടു മൂടി. മലയാളത്തിന്റെ ആ മഹാരുചിയുടെ ഗന്ധം അവിടെമാകെ ഉയര്‍ന്നു.

ചര്‍ച്ച പുനരാരംഭിച്ചു. വീരഭദ്രനു അകമ്പടി സേവിക്കാന്‍ വാഴയിലയില്‍ വിളമ്പിയ അവിയലും ... പശ്ചാത്തലത്തില്‍ ഉമ്പായിയുടെ വശ്യതയാര്‍ന്ന ഗസലുകള്‍ പെയ്തിറങ്ങി . അവിയല്‍ ഭീമന്റെ രുചിക്കൂട്ടാണത്രെ. ഒരിക്കല്‍ പാണ്ഡവ സന്നിധിയിലെ സദ്യ കെങ്കേമമായി ഉണ്ടുകഴിഞ്ഞതിനു ശേഷവും ഭീമനു വിശപ്പു മാറിയില്ല. അടുക്കളയിലേക്കു ചെന്ന് ബാക്കി വന്ന കറികളും മിച്ചം വന്ന പച്ചക്കറികളും ചേര്‍ത്തു ഭീമന്‍ പുതിയൊരു വിഭവമൊരുക്കി. (ഭീമന്‍ നല്ലൊരു പാചക വിദഗ്ദ്ധന്‍ കൂടിയാണ് . അജ്ഞാതവാസക്കാലത്ത് വലലന്‍ എന്ന പാചക ക്കാരനായാണ് ഭീമന്‍ വേഷം മാറി ജീവിച്ചത്) ഇതെന്തു വിഭവമാന്നെന്നു കുന്തി ചോദിച്ചപ്പോള്‍ കറി പാത്രങ്ങളും പച്ചക്കറികളും ചൂണ്ടി ഭീമന്റെ മറുപടി "അവ ഇവയില്‍ ഇവ അവയില്‍ " എന്നായിരുന്നു. ഇവ ലോപിച്ച് അവിയലായി എന്നാണ് കഥ.

രാവേറെയായി...കഥാപാത്രങ്ങള്‍ തന്മയത്വതോടെയും വീര്യത്തോടെയും ക്ലൈമാക്സ്‌ ആടിത്തിമിര്‍ത്തു. മഹാഭാരതം മുതല്‍ നാട്ടിലെ പരദൂഷണം വരെയുള്ള നവരസങ്ങള്‍ പകര്‍ന്നാടി കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി മയങ്ങാന്‍ തുടങ്ങി. വീടിന്റെ പൂമുഖത്തെ ചാരുകസേരയിലും അരഭിത്തിയിലും തിണ്ണയിലും ഒക്കെയായി എല്ലാവരും പാതിമയക്കത്തിലേക്കു ആഴ്ന്നിറങ്ങി. കിഴക്കന്‍ പാടശേഖരങ്ങളില്‍ നിന്ന് വീശുന്ന ഇളം കാറ്റില്‍ ഉമ്പായിയുടെ ഗസലുകള്‍ അപ്പോഴും അലിഞ്ഞു ചേര്‍ന്നുകൊണ്ടേയിരുന്നു......
"പാടുക സൈഗാള്‍ പാടൂ...
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ...
സ്വപ്ന നഗരിയിലെ പുഷ്പ ശയ്യയില്‍ നിന്നാ-
മുഗ്ധ സൌന്ദര്യത്തെ ഉണര്‍ത്തരുതേ.. ആരും ഉണര്‍ത്തരുതേ....
പാടുക സൈഗാള്‍ പാടൂ....."