മഴ പെയ്തു തുടങ്ങി. ഇടവപ്പാതിയിലെ ഏഴെട്ടു മഴകള്‍ക്ക് ശേഷം ഒട്ടേറെ വിരസ വിഷാദ സായന്തനങ്ങള്‍ സമ്മാനിച്ച നെടുവീര്‍പ്പുകളില്‍, നനഞ്ഞ മഴകളുടെ ഓര്‍മകളെ ശ്രാദ്ധമൂട്ടുമ്പോള്‍, കിഴക്കന്‍ കുന്നുകളും മലകളും കടന്നു തെങ്ങോലകളെ ഇളക്കി മറിച്ച് ആര്‍ത്തലച്ചു വന്ന മഴ ടെക്നോപാര്‍ക്കില്‍ വീശിയടിച്ചു. കോണ്‍ക്രീറ്റ് വനങ്ങളില്‍ പെയ്ത ആ മഴകള്‍ക്ക് സംഗീതാത്മകത അനുഭവപ്പെട്ടില്ല. അവയുടെ ശീല്കാരവും ഇരമ്പലും പേടിപ്പെടുത്തുന്നു. ഒരുപാട് വേനലുകള്‍ക്ക് മുന്‍പ്, ബാല്യത്തിന്റെ ആകാശങ്ങളില്‍ തിമിര്‍ത്തു പെയ്ത മഴകളെ ആനന്ദത്തോടെ വരവേറ്റിരുന്നു. രാവുകളില്‍ പുതുമണ്ണിന്റെ മാദകഗന്ധം അനുഭവിച്ചരിഞ്ഞിരുന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണപഥത്തില്‍ ഗ്രാമഭംഗിയും നാട്ടിന്‍പുറത്തെ നന്മകളും നഷ്ടപ്പെട്ടപ്പോള്‍ ക്രമേണ മഴയുടെ വിശുദ്ധിയും അന്യമായി തീര്‍ന്നു. ഓഫീസ് മുറിയിലെ ജാലകചില്ലുകളില്‍ തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ ഒരു നല്ല മഴക്കാലത്തിന്റെ ഓര്‍മകളിലേക്കാണ് പെയ്തിറങ്ങിയത്.
കണ്ണെത്താ ദൂരത്തോളം പച്ചപരവതാനി വിരിച്ചു പടര്‍ന്നു കിടക്കുന്ന പുനൂര്‍ പാടം. അതിന്റെ പടിഞ്ഞാറേ കരയില്‍, തെങ്ങും കവുങ്ങും പ്ലാവും മാവും ആഞ്ഞിലിയും എന്ന് വേണ്ട , സകല ഫലവൃക്ഷങ്ങളും നിറഞ്ഞു നില്ക്കുന്ന പുരയിടത്തിലെ ഓടിട്ട തറവാട്ടു വീടിന്റെ ഉമ്മറപ്പടിയില്‍ ഇരുന്നാവണം മഴയെ ആസ്വദിച്ചു തുടങ്ങിയത്. മഴ നനയാന്‍ കൂടിയുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിയും വിലക്കുകള്‍ ഏര്‍പ്പെടുത്താതിരുന്നതും വലിയ അനുഗ്രഹം തന്നെയായിരുന്നു. (പ്രഗല്ഭനായ അദ്ധ്യാപകന് എന്നതിനോടൊപ്പം മണ്ണിന്റെ മണവും മഴയുടെ ഗുണവും അനുഭവിച്ചറിഞ്ഞ പേരെടുത്ത കൃഷിക്കാരന് കൂടിയായിരുന്നു മുത്തശ്ശന്).
ചിന്നം പിന്നം പെയ്യുന്ന മഴയത്ത് തൊപ്പിക്കുട ചൂടി പാടവരമ്പിലൂടെ ഓടാനും, നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ തുടിച്ചു കുളിക്കുവാനും, പാടത്ത് ഉഴുവുകയും ഞവരി വലിക്കുകയും ചെയ്യുന്ന കാളകളെ നിയന്ത്രിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം, മണ്ണിനോടും പ്രകൃതിയോടും കാര്‍ഷിക സംസ്കാരത്തോടുമൊക്കെയുള്ള താല്പര്യം ജനിപ്പിക്കാന്‍ സഹായിച്ചിരുന്നു. അക്കാലത്ത് ടെലിവിഷനും കേബിള്‍ ചാനലുകളും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്നതിനാല്‍ പരസ്യ ചിത്രങ്ങളിലെ "രോഗാണുവും കീടാണുവും" ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല! ഒരു പതിറ്റാണ്ടിനിപ്പുറം, മഴയുടെ അനന്തമായ വിപണന സാധ്യതകളെ തൊട്ടറിഞ്ഞ "കുട പരസ്യങ്ങള്‍" സൃഷ്ട്ടിച്ച വിപ്ലവം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ച് മൊബൈലില്‍ "മഴ റിംഗ് ടോണ്‍" മുഴങ്ങി...
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ പഠന കേന്ദ്രം. മഴ പെയ്തേക്കാം..പെയ്യും.. പെയ്യുന്നു..എന്ന് തല്‍സമയ വിവരണം തരുന്ന റേഡിയോ ജോക്കികള്‍. ഒപ്പം ഹരം പകരുവാന്‍ "പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴയും.." "രാക്കിളി തന് വഴി മറയും നോവിന് പെരുമഴക്കാലവും.." മഴ പെയ്തു കുളമായ കാഴ്ചകള്‍ കൂലംകഷമായ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുന്ന ചാനലുകള്‍...മഴക്കാറു കാണുമ്പോഴേക്കും നൂറു കണക്കിന് മഴ വാര്‍ത്തകളും മഴ ചിത്രങ്ങളും അപ്ഡേറ്റ് ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍.. ഒടുവില്‍ ആറടി മണ്ണില്‍ ശാന്തമായി ഉറങ്ങുന്നവര്‍ക്ക് സൗഹൃദം പകര്‍ന്നും, ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞും ഉള്ളുരുക്കുന്നവര്‍ക്ക് സാന്ത്വനമേകിയും, പ്രണയിതാക്കള്‍ക്ക് രസം പകര്‍ന്നും നൂറുകണക്കിന് സെന്റിമീറ്റര്‍ മഴ പെയ്തു ഭൂമിയെ തണുപ്പിച്ചു , വെള്ളം മുഴുവന്‍ അറബിക്കടലില്‍ ചെന്ന് പതിക്കുന്നു.
ഇതിനിടയില്‍ നാം ഒരു മില്ലിമീറ്റര്‍ മഴയെങ്കിലും മനസ്സറിഞ്ഞു ആസ്വദിച്ചുവോ?
നമ്മുടെ ഓര്‍മകളിലും ജീവിതത്തിലും വേണ്ടേ അനുഭവിച്ചറിഞ്ഞ, ആസ്വദിച്ചറിഞ്ഞ ഒരു മഴക്കാലം?