Thursday, December 29, 2011

ക്രിസ്മസ് രാവ്

ഇരുളിനു കനം വച്ച് തുടങ്ങുമ്പോള്‍ എവിടെയൊക്കെയോ ക്രിസ്മസ് വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. വാഴക്കുളം ഗ്രാമത്തിന്റെ ഇടവഴികളില്‍ തകരപ്പാട്ടയുടെയും വിസിലുകളുടെയും ശബ്ദം കരോള്‍ ഗാനങ്ങള്‍ക്കൊപ്പം മുഴങ്ങി.

അയഞ്ഞ ചുവന്ന കുപ്പായവും ( മിക്കവാറും നാട്ടിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ അലക്കി ഉണക്കാനിട്ടിരിക്കുന്ന ചുവന്ന നൈറ്റി ആയിരിക്കും അത് :-)) സാന്താക്ലോസിന്റെ മുഖം മൂടിയുമണിഞ്ഞു കൈയ്യിലൊരു കൂട്ടം വര്‍ണ ബലൂണുകളുമായി ക്രിസ്മസ് അപ്പൂപ്പന്മാര്‍... പാട്ടും കൂക്കു വിളികളും കോലാഹലങ്ങളുമായി അകമ്പടി സേവിക്കുന്ന പത്തു പതിനഞ്ചു പേര്‍...  നനുത്ത മഞ്ഞു വീണു തുടങ്ങുന്ന ഗ്രാമവീഥികളിലൂടെ കരോള്‍ സംഘം നടന്നു പോകുമ്പോള്‍ കുന്നിന്‍ ചെരുവിലെ വാഴതോപ്പിലും പച്ച പരവതാനി വിരിക്കുന്ന പാടത്തിന്റെ കരയിലും "ലഹരി" പങ്കുവയ്ക്കുന്ന നാട്ടുകാരും കൂട്ടുകാരും... ശരിക്കുമൊരു പെരുന്നാള്‍ ലഹരി തന്നെ!


രാവേറെ ചെന്നിട്ടുണ്ടാകും ആ "സുഹൃത്ത് സമാഗമങ്ങള്‍" വേര്‍പിരിയുമ്പോള്‍ ... നേര്‍ത്ത നിലാവെളിച്ചത്തില്‍, മഞ്ഞു വീണു മരവിച്ച പാടവരമ്പുകളിലൂടെയും പാതകളിലൂടെയും അടുത്ത "സ്വീകരണ സ്ഥലം" ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കുമ്പോള്‍ കൊച്ചാപ്പു ഈണത്തില്‍ ഉറക്കെ ചൊല്ലും :

"പ്രിയപ്പെട്ട നാട്ടുകാരെ..
സകല ലോകത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കട്ടെ...! ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ലോകരക്ഷകന്, ഉണ്ണിയേശു പിറന്നിരിക്കുന്നു!" ‍

ആ സമയം ഞങ്ങള്‍ ഉറക്കെ പാടും:
"ഉണ്ണി പിറന്നു പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍..."

ആകെ അറിയാവുന്ന ഈ രണ്ടു വരികള്‍ പല ഈണത്തിലും താളത്തിലും പലവട്ടം ആവര്‍ത്തിക്കും. ഞങ്ങളുടെ ശബ്ദ മാധുര്യമേറിയ ആ ഗാനശകലങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അവിടമാകെ
അലയടിക്കും. ബെത് ലഹേമിലെ പുല്‍ തൊഴുത്തില്‍ ലോകരക്ഷകന്റെ പിറവി ആഘോഷങ്ങള്‍ സമാപിച്ചാലും വാഴക്കുളത്ത് ഞങ്ങളുടെ ആഘോഷങ്ങള്‍ അവസാനിചിട്ടുണ്ടാവില്ല.

പുലരും വരെ നീളും, "ആഘോഷം" പങ്കുവയ്ക്കുന്ന ആ അപൂര്‍വ സൌഹൃദങ്ങള്‍ ... പാടി പതിഞ്ഞ കരോള്‍ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും അവിടമാകെ ഉയര്‍ന്നു കേള്‍ക്കും ...
"തിരുപ്പിറവി മുതല്‍ കുരിശു മരണം വരെ" യുള്ള നാട്ടിലെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും, എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത് വീണ്ടും പുനര്‍ജനിക്കും..
മഞ്ഞണിഞ്ഞ ആ മദാലസ രാവില്‍, മാനത്തു ചന്ദ്രന്‍ പൊന്‍പ്രഭ വിതറുമ്പോള്‍, ഈ ആരവങ്ങള്‍ക്കെല്ലാം സാക്ഷിയായി ക്രിസ്മസ് വിളക്കുകള്‍ കണ്ണു ചിമ്മാതെ കത്തി കൊണ്ടേയിരിക്കുന്നു......


Tuesday, December 6, 2011

മുല്ലപ്പെരിയാര്‍ - സ്പന്ദിക്കുന്ന അസ്ഥിമാടം

"വെള്ളം.. സര്‍വത്ര വെള്ളം .. അതും പത്തുനാല്പതടി ഉയരത്തില്‍ ആര്‍ത്തലയ്ക്കുന്നു. മുപ്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളും ചരിത്രവും ശേഷിപ്പുമെല്ലാം അറബികടലിലേയ്ക്ക് കുത്തിയൊലിക്കുകയാണ്. അവശേഷിക്കുന്ന ജീവന്റെ കണികകളോരോന്നിനെയും പ്രളയജലം അപഹരിച്ചു മുന്നേറുന്നു. കണ്മുന്നിലേക്ക് ആഞ്ഞടിച്ചു വരുന്ന വെള്ളത്തിനു മുന്നില്‍ അലറി കരയുവാന്‍ പോലും ആകുന്നില്ല. ഉച്ചത്തില്‍ നിലവിളിക്കാന്‍ ശ്രമിച്ചു. പക്ഷെ ശബ്ദം വരുന്നില്ല. ആകെ സംഭ്രമം. നെഞ്ചിടിപ്പുയരുന്നു. വിയര്‍ത്തു കുളിക്കുന്നു. കുഴഞ്ഞു മറിയുന്ന ചിന്തകള്‍".


കുറെ നാളുകളായി ഈയൊരു ദുസ്വപ്നം മലയാളിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ സ്വപ്നത്തില്‍ നിന്നും യാഥാര്ത്യത്തിലേക്കുള്ള ദൂരം വളരെ വളരെ ചെറുതാണ്. കാതോര്‍ത്താല്‍ കേള്‍ക്കാവുന്നത്രയടുത്തു..!


നൂറ്റിപ്പതിനാറു വര്‍ഷം പഴക്കമുള്ളോരു അണക്കെട്ടിനെ കുറിച്ചുള്ള ആശങ്കയാണ് ഓരോ മലയാളിയുടെയും ഉറക്കം കെടുത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ മലയാളികളുടെ നെഞ്ചിടിപ്പിന്റെ വേഗത നിര്‍ണയിക്കുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ഭരണകൂടമാവട്ടെ, കുംഭകര്‍ണ്ണ സേവയിലും.. സൂപ്പര്‍ ഹിറ്റ്‌ രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് കേരളജനതയെ പുളകം കൊള്ളിക്കുന്ന നമ്മുടെ നേതാക്കള്‍ ഭാസ്കരപട്ടേലരുടെ മുന്നിലെ തൊമ്മിയായി മാറുകയാണ് അങ്ങ് ഡല്‍ഹിയില്‍ ... യാതൊരു വിധ സമ്മര്‍ദതന്ത്രമോ സമവായ ശ്രമമോ നടത്താനാവാതെ....
 
രാഷ്ട്രീയ നേതാക്കളെ, നിങ്ങള്‍ ഓര്‍ക്കുക:

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, ആ പ്രളയജലത്തില്‍ നിന്നും ആരെങ്കിലുമൊക്കെ അവശേഷിച്ചാല്‍, അവര്‍ തീര്‍ച്ചയായും വിപ്ലവകാരികളായി തന്നെ തീരും. ഒരു കാലത്ത് നിങ്ങള്ക്ക് വേണ്ടി ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍, രാപകലുകള്‍ ഇല്ലാതെ നിങ്ങള്ക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തവര്‍, ലാത്തിയടിയേറ്റ് വേദന കൊണ്ട് പുളയുമ്പോഴും നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ നെഞ്ചോടടുക്കി പിടിച്ചവര്‍..

സിരകളില്‍ വിപ്ലവരക്തവുമായി, മനസ്സില്‍ അണയാത്ത അഗ്നിയുമായി അവര്‍ വരും.. വന്നു ചോദിക്കും...
ഒരു ജനതയെ നിങ്ങള്‍ എത്രനാള്‍ ജീവിതത്തിനും മരണത്തിനുമിടക്ക് തട്ടികളിച്ചു?
ജീവന് വേണ്ടി മാത്രം ആബാലവൃദ്ധം കേണപേക്ഷിച്ചിട്ടും നിങ്ങളെന്തു കൊണ്ട് ചെവി കൊണ്ടില്ല? ഞങ്ങളുടെ തേങ്ങലുകള്‍, നിലവിളികള്‍, പ്രതിഷേധ പ്രകടനങ്ങള്‍ എന്തു കൊണ്ട് നിങ്ങള്‍ വെറും പ്രഹസനമായി മാത്രം കണ്ടു? ജനാധിപത്യത്തില്‍ വിശ്വാസിച്ചതാണോ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്? ഉത്തരം പറയേണ്ടത് നിങ്ങള്‍ മാത്രമാണ്.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍.. നാടിനെയും നാട്ടുകാരെയും പുരോഗതിയിലേക്ക് നയിക്കേണ്ടവര്‍.. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ നിങ്ങള്‍ക്കാവില്ല. വോട്ട് ബാങ്ക് സംരക്ഷണമോ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളോ അല്ല മുല്ലപ്പെരിയാറില്‍ വേണ്ടത്.
ഒന്നോര്‍ക്കണം:
ജനങ്ങള്‍ ഉണ്ടെങ്കിലെ ജനാധിപത്യമുള്ളൂ... അധികാരമുണ്ടാകൂ... അധികാര കസേരകളും..
അധികാരത്തിന്റെ മണിമാളികകളില്‍ നിന്നും ഒന്നുമില്ലായ്മയുടെ തെരുവോരങ്ങളിലേക്കുള്ള ദൂരവും വളരെ ചെറുതാണ്. കൈയെത്തിച്ചാല്‍ തൊടാവുന്നത്രയടുത്തു...!

ഇതെഴുതുമ്പോള്‍ മുല്ലപ്പെരിയാറില്‍ നൂറ്റിമുപ്പതിയാറരയടി വെള്ളം ഉയര്‍ന്നിരിക്കുന്നു. ഭൂമി ചെറുതായൊന്നു പിടച്ചാല്‍, എന്തെങ്കിലുമൊന്നു സംഭവിച്ചാല്‍ ഈ മഹാ പ്രളയത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഗോവര്ധനഗിരി ചെറു വിരലിലേന്തി ഭഗവാന്‍ കൃഷ്ണന്‍ അവതരിക്കുമെന്നും സര്‍വ ചരാചരങ്ങളെയും ഉള്‍കൊള്ളുന്ന പെട്ടകവുമായി നോഹ വരുമെന്നും നമുക്ക് പ്രത്യാശിക്കാം..

Thursday, November 3, 2011

ജന്മദിനം


ഇന്നെന്റെ ജന്മദിനമാണ്. യാന്ത്രികമായ ചര്യകളും പകലന്തിയോളമുള്ള സംഘര്‍ഷങ്ങളും നിറഞ്ഞ വന്യമായ ജീവിത പാതയില്‍ എങ്ങോ വിസ്മരിക്കപ്പെട്ടു പോകുമായിരുന്ന ഒരു ദിനം. നേരിട്ടും സോഷ്യല്‍ മീഡിയകളിലൂടെയും SMS കളിലൂടെയും സ്നേഹവും പ്രണയവും ആഹ്ലാദവും നിറഞ്ഞ സന്ദേശങ്ങളിലൂടെ ജന്മദിനം എന്നെ ഓര്‍മിപ്പിച്ച, ആശംസകള്‍ അര്‍പ്പിച്ച എല്ലാ പ്രിയപെട്ടവര്‍ക്കും നന്ദി!

വര്‍ണ റിബ്ബനുകള്‍ ചുറ്റിയ സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും മെഴുകുതിരികളുടെ എരിഞ്ഞു നില്‍പ്പുമൊന്നും ജീവിതത്തില്‍ ഇതു വരെ സംഭവിച്ചിട്ടേയില്ല. അതു കൊണ്ട് അതൊന്നും ആത്മാവിന്റെ ഭാഗമായി തീര്‍ന്നിട്ടില്ല. എന്നാല്‍ ഒരു പിടി കുപ്പിവള തുണ്ടുകള്‍, വര്‍ണ കടലാസുകള്‍, കുറെ ഹൃദയത്തുടിപ്പുകള്‍ ഇവയെല്ലാം വില തീരാത്തവയെന്നു കരുതിയ നാളുകള്‍ ഉണ്ടായിരുന്നു.

ഈ ചപ്പു ചവറുകള്‍ക്കിടയില്‍ നിന്ന് ഏറെ പ്രിയപ്പെട്ട ചിലതിനെ മാത്രം തിരഞ്ഞെടുത്തു യാത്ര തുടര്‍ന്നു. ഒടുവില്‍, മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ ഏറ്റവും അമൂല്യമായവ മാത്രമാണ് ശേഷിച്ചതായി കാണാന്‍ സാധിച്ചത്. അതില്‍ ഒന്നാണ്, നിറം മങ്ങിയ ഡയറി താളുകളില്‍ കുറിച്ചു വച്ച ഈ അക്ഷരങ്ങള്‍. മൂന്നു പതിറ്റാണ്ടുകള്‍ മുന്‍പുള്ള ഒരു നവംബര്‍ മൂന്നിന് എന്റെ ജനനം അടയാളപ്പെടുത്തിയ ആ വാക്കുകള്‍.


"അച്ഛന്‍ കുറിച്ചു വച്ച ആ വാക്കുകള്‍" ജനനക്കുറിപ്പ് എന്നതിലുപരി സ്നേഹത്തിന്റെ ഒരു ലാവാ പ്രവാഹമാണ്... പതറാതെ മുന്നേറാനുള്ള ആത്മ ധൈര്യമാണ്...എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്താണ്... കാത്തു രക്ഷിക്കുന്ന കരങ്ങളാണ്... ആത്മ വിശ്വാസത്തിന്റെ ഉറവിടവും..

കടപ്പാടോടെ മനസ്സില്‍ സൂക്ഷിക്കേണ്ടതൊന്നും തന്നെ എന്റെ വിസ്മരിക്കപ്പെടെണ്ട ഒരു അധ്യായത്തിലും കുറിക്കപ്പെട്ടിട്ടില്ല!




Wednesday, October 26, 2011

പ്രേമം ധൈര്യം ആവശ്യപ്പെടുന്നു!

സമരോത്സുക ജീവിതവും സര്‍ഗാത്മക യൌവ്വനവും തുടിച്ചു നില്‍ക്കുന്ന ലോ അക്കാദമി ലോ കോളേജിലെ ക്ലാസുമുറിയില്‍, ഒരു തുലാവര്‍ഷ സന്ധ്യയിലെ ഇടിമിന്നലിനോടൊപ്പം പ്രതിധ്വനിച്ച വാക്കുകള്‍ ആണ് " love is soul nourishment ". 
ബലാല്‍സംഗവും വ്യ്ഭിചാരവുമെല്ലാം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പുകളിലൂടെ നൂലിഴ തിരിച്ചു പരിശോധിച്ച് നിര്‍വചിക്കുമ്പോള്‍ ആണ് രതിയുടെ ആത്മീയ ഗുരു ഓഷോയുടെ ആ വരികള്‍ യഥാര്‍ത്ഥ സ്നേഹത്തെ സൂചിപ്പിച്ചു കൊണ്ട് അവിടമാകെ അലയടിച്ചത്.
1931 നും 1990  നും ഇടയിലുള്ള 58 സംവത്സരങ്ങള്‍ ഭൂമിയെ സന്ദര്‍ശിച്ചു മടങ്ങിപ്പോയ അതുല്യനായ ആത്മീയ നേതാവും സെക്സ് ഗുരുവുമായ ഓഷോയുടെ ഒട്ടേറെ  തീപ്പൊരി ചിതറുന്ന ചിന്തകള്‍ നവരസങ്ങള്‍ പകര്‍ന്നാടിയ ആ സായാഹ്നത്തില്‍ പങ്കു വയ്ക്കുകയുണ്ടായി. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു, വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുവാന്‍ ഒരു പുനര്‍വായന: ഓഷോ - പ്രേമം ധൈര്യം ആവശ്യപ്പെടുന്നു (സൈലെന്‍സ് ബുക്സ്/ പെന്റഗന്‍ ബുക്സ് /2006 ).

നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വതിലേക്ക് മനുഷ്യ ജീവിയായി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രേമമാകുന്നുവെന്നു ഓഷോ പറയുന്നു. മനുഷ്യന്റെ ഭൂതകാലം മുഴുവന്‍ പ്രേമത്തിനെതിരായിരുന്നു.  എന്നാല്‍ പ്രേമം എന്താണ് എന്ന് മനുഷ്യന്‍ അറിയേണ്ടതായ മഹത്തായ ഒരു ആവശ്യകതയുണ്ട്,
കാരണം പ്രേമത്തിന്റെ അഭാവത്തില്‍ ആത്മാവ് പോഷണരഹിതമായിരിക്കും,
പട്ടിണിയിലായിരിക്കും. ശരീരത്തിന് ഭക്ഷണം എന്താണോ, അത് തന്നെയാണ് ആത്മാവിനു പ്രേമം. പ്രേമത്തെ കൂടാതെ സജീവമായ ഒരു ആത്മാവുണ്ടാകാന്‍ സാധ്യമല്ല എന്നും ഓഷോ വ്യക്തമാക്കുന്നുണ്ട്.

പ്രേമമെന്താണെന്ന് അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടം വളരെ വലുതും സംപൂര്‍ണവുമാണ്. പ്രേമമെന്ന ഏറ്റവും  ഉന്നതമായ, ഉച്ചകോടിയായ അനുഭവത്തില്‍
എത്തിച്ചേരുവാന്‍ നാല് ഘട്ടങ്ങള്‍ പിന്നിടെണ്ടതുണ്ട്.
അതില്‍ ഒന്നാമത്തേത്, വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നതാണ്. അതും വികാരത്തെ നശിപ്പിക്കുന്ന ചിന്തകള്‍ക്ക് അടിമപ്പെടാതെ ഹൃദയത്തെ
അറിഞ്ഞു കൊണ്ട് ജീവിക്കുക.

പ്രേമമെന്ന   ദിവ്യസംഗീതത്തിലേക്കുള്ള രണ്ടാമെത്തെ പടി നിങ്ങളിലെ വിഷങ്ങളെ
മധുവാക്കി മാറ്റാന്‍ പഠിക്കുക എന്നതത്രേ. വെറുപ്പ്‌ കൊണ്ട്, ദേഷ്യം കൊണ്ട്,
അസൂയ കൊണ്ട്, ഉടമസ്ഥതാ ബോധം കൊണ്ട് ... അങ്ങനെ ചുറ്റപ്പെട്ടു കിടക്കുന്ന ആയിരത്തൊന്നു വിഷങ്ങളെ അതിജീവിക്കുക.
അവയെ തേന്‍ തുള്ളികളാക്കി  പരിവര്ത്തിപ്പിക്കുവാന്‍ പഠിപ്പിക്കുക.
അപ്പോള്‍ എല്ലാ തടസ്സങ്ങളും അതിരുകളും നശിപ്പിക്കപ്പെടുന്നു.
മൂന്നാമെത്തെ ഘട്ടം പങ്കു വയ്ക്കുക എന്നതാണ്. എന്തെല്ലാം നിങ്ങളുടെതായുണ്ടോ, അതെല്ലാം പങ്കുവയ്ക്കുക. നിങ്ങളുടെ പ്രേമം, സൌന്ദര്യം, അറിവ്, സന്തോഷം, ആഹ്ലാദം, സംഗീതം, ജീവിതം
എല്ലാം പങ്കിടുക. നിങ്ങള്‍ എന്തെല്ലാം അന്യരുമായി പങ്കു വ്യ്ചിട്ടുണ്ടോ,
അത് മാത്രമേ നിങ്ങളില്‍ അവശേഷിക്കുകയുള്ളൂ. പ്രേമം സമ്പാദിച്ചു കൂട്ടുവാനുള്ള ഒരു സമ്പത്തല്ല.  എത്രത്തോളം നിങ്ങള്‍ പങ്കുവയ്ക്കുന്നുവോ, അത്ര മാത്രം നിങ്ങളുടെ ഉള്‍ക്കാമ്പില്‍ നിന്നത് വന്നുകൊണ്ടേയിരിക്കും.
പങ്കുവയ്ക്കല്‍ ഏറ്റവും മഹത്തായ ആത്മീയ വിശുദ്ധികളില്‍ ഒന്നത്രേ!

നാലാമത്തെ ഘടകം ശൂന്യമായിരിക്കുക എന്നതാണ്. ശൂന്യതയില്‍ നിന്ന് മാത്രമേ
പ്രേമം പുറത്തേക്കു ഒഴുകുകയുള്ളൂ. അത് നിങ്ങള്‍ക്ക് ഒരു പുതു ജീവിതം നല്‍കുന്നു. ഒരു തരം ഈഗോയും ഇല്ലാത്ത ജീവിതം.. എളിമയോടു കൂടിയ ജീവിതം...
ദിവ്യമായ ആ ദൈവ സംഗീതം നിങ്ങളിലൂടെ ഒഴുകി തുടങ്ങുന്നു...

ഒഴുകുന്ന ജീവിതത്തില്‍ വികാരങ്ങളെല്ലാം അടിച്ചമര്‍ത്തി വയ്ക്കുകയാണെങ്കില്‍ ഉപരിതലത്തില്‍ നിങ്ങളൊരു വിശുദ്ധനെപ്പോലെയായിരിക്കും. പക്ഷെ അത് ഉപരിതലത്തില്‍ മാത്രമാണ്. 
ഉപരിതലത്തില്‍ ഒരു പാപിയായിരിക്കുകയും ആന്തരികതയില്‍ ഒരു വിശുദ്ധനായിരിക്കുകയും
ചെയ്യുന്നതാണ്,  തിരിച്ചായിരിക്കുന്നതിനെക്കാള്‍ നല്ലത്!!

യാത്ര തുടരുകയാണ്...
വികാരങ്ങളെ കെട്ടഴിച്ചുവിട്ടുകൊണ്ട്‌ ശരി- തെറ്റുകളിലൂടെ പ്രണയത്തിന്റെ വിശുദ്ധി തേടിയുള്ള യാത്ര...

Saturday, September 3, 2011

ഓണം - അനുഭവം, ആനുകാലികം.

ഇതു ചര്‍ച്ചകളുടെ കാലം. ശ്രീ പദ്മനാഭന്റെ സമര്‍പ്പണശേഖരം മുതല്‍ അന്ന ഹസ്സാരെയുടെ "സോഷ്യല്‍ മീഡിയ നിരാഹാരം" വരെ കൂലം കഷമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ആനക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ചേനക്കാര്യം ഉന്നയിക്കുന്ന വാര്‍ത്ത ലേഖകര്‍. വായക്കു തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ പങ്കെടുക്കുന്നവര്‍. ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്ന ജനങ്ങള്‍. എന്തും ഏതും SMS - ലൂടെയും ലൈക്‌ ബട്ടണിലൂടെയും തീര്‍പ്പു കല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ജനത. കാലത്തിന്റെ നിര്‍വ്വചനങ്ങള്‍ മാറി മറിയുന്ന ഇക്കാലത്ത് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്: ആധുനിക ഓണം മാവേലിയെ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന്. ഓണാനുഭവങ്ങളുടെയും ആനുകാലിക പശ്ചാത്തലങ്ങളുടെയും നേര്കാഴ്ച്ചകളിലൂടെ ഒരു സന്ദര്‍ശനം. അവലോകനം.
ജീവിതത്തിന്റെ പ്രയാണ പഥത്തില്‍ എവിടെയോ കൈമോശം വന്ന നന്മകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ചിങ്ങം പുലര്‍ന്നു.‍
പൂമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴികളിലൂടെ വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. മുറ്റത്തെ മരത്തിന്മേല്‍ ഊഞ്ഞാലു കെട്ടി. ഓണത്തിന്റെ വരവറിയിക്കാന്‍ അസുരവാദ്യതിന്റെ അകമ്പടിയോടെ "പുലികള്‍" ഇറങ്ങി. ചെണ്ടയുടെ താളത്തില്‍ ചുവടുകള്‍ വയ്ക്കുന്ന പുലികളെ പിടിക്കാന്‍ ഉണ്ടയില്ലാത്ത തോക്കുമായി വേട്ടക്കാരനും :-) . വടംവലിയും വാഴയില്‍ കയറ്റവും കലം തല്ലലും വെള്ളംകുടി മത്സരവുമെല്ലാം തകൃതിയായി നടക്കുന്നു. അത്തം പുലര്‍ന്നപ്പോള്‍ മുറ്റത്തു ചാണകം മെഴുകി തുളസിക്കതിര്‍ വച്ചു. ചിത്തിരയില്‍ വെള്ള പൂക്കള്‍ കൊണ്ട് പൂക്കളമിട്ടു. ചോതി മുതല്‍ ചുവന്ന പൂക്കളും മറ്റും പൂക്കളത്തിനു ഭംഗിയേകി. വിശാഖവും തൃക്കേട്ടയും അനിഴവുമെല്ലാം പൂക്കളുടെ വര്‍ണ പ്രപഞ്ചമാണ്‌ ഒരുക്കിയത്. മൂലം നാളില്‍ പൂക്കളം മൂന്നെണ്ണമായി. (പടിപ്പുര മുതല്‍ മുറ്റം വരെ മൂന്നു പൂക്കളങ്ങള്‍ ഇടുകയാണ് പതിവ് ). പൂരാടത്തിനു പൂക്കളമിട്ടതു ആവണിപ്പലകയുടെ ആകൃതിയില്‍ നിര്‍മിച്ച ഓണത്തറയില്‍ ആണ്. ഉത്രാടം, പാച്ചിലിന്റെ പര്യായമാണെങ്കിലും പൂക്കളം നിറങ്ങളുടെ ധാരാളിത്തം കൊണ്ട് അതിസുന്ദരമായിരിക്കും. തിരുവോണത്തിന് പൂക്കളമില്ല. മറിച്ച് തുമ്പക്കുടമാണ്. തുമ്പ ചെടികളാല്‍ മഹാബലിയുടെ രൂപം ഒരുക്കുകയാണ് പതിവ്. തിരുവോണത്തിന്റെ അന്ന് പുലര്‍ച്ചെ പടിപ്പുരയില്‍
ഓലക്കുടയും മെതിയടിയും കൊണ്ട് വച്ചു, നിലവിളക്ക് കത്തിച്ചു, ആര്‍പ്പുവിളിച്ചും കുരവയിട്ടും ഓണത്തപ്പനെ എതിരേറ്റു, പൂവടയും മറ്റും നേദിച്ച്, ഓണ കൂവലുകളും കൂകി (മാവേലി വന്നു എന്നറിയിക്കാനാണ് കൂവുന്നത്) ആഘോഷിക്കുന്ന ഓണക്കാലമെല്ലാം സ്മൃതി ചിത്രങ്ങള്‍ മാത്രമാവുകയാണ്.

കാലം മുന്നോട്ടു കുതിച്ചു. ഓണത്തിന്റെ സങ്കല്‍പ്പവും രീതികളുമൊക്കെ മാറി. മാവേലി ഗൃഹോപകരണങ്ങളുടെയും ജ്വല്ലറികളുടെയും എന്തിനു, മദ്യത്തിന്റെ വരെ വെറുമൊരു "ബ്രാന്‍ഡ്‌ അംബാസിഡര്‍" മാത്രമായി മാറി. എന്നാല്‍ കാലമേറും തോറും ഓണാഘോഷത്തിനു പുതു പുത്തന്‍ മാനങ്ങളാണ് കൈവന്നത്. പ്രദര്‍ശനശാലകളും പായസമേളകളും നാട്ടുകാരെ ഓണത്തിന്റെ വരവറിയിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും "discount " ബോര്‍ഡുകള്‍ മാത്രം. പ്രായഭേദമില്ലാതെ വലിപ്പ-ചെറുപ്പങ്ങള്‍ ഇല്ലാതെ എല്ലാവരും ഓണത്തിന്റെ തിരക്കുകളിലാണ്. SMS - കളയച്ചും ഓണപ്പാട്ടുകള്‍ റിങ്ങ്ടോണ്‍ ആക്കിയും ഫേസ് ബുക്കിലെ മതിലുകളില്‍ ആശംസകളെഴുതിയും ഷോപ്പിംഗ്‌ മാളുകളിലും തെരുവ് കച്ചവടങ്ങളിലും കയറിയിറങ്ങി "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ" വമ്പിച്ച "വിലക്കുറവില്‍" വാങ്ങി കൂട്ടിയും മാവേലിയെ വരവേല്‍ക്കാന്‍ തയ്യാറായി.

എന്നാല്‍ മാവേലി കാണുന്ന കാഴ്ചകള്‍ വിചിത്രമാണ്; വൈരുധ്യങ്ങള്‍ നിറഞ്ഞതും...
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്യുന്ന ഇക്കാലത്ത്, ഇരുപതുകളിലെത്തിയ "നിഷ്കളങ്കനായ" പയ്യന്റെ രതിസ്വപ്നങ്ങളെ താലോലിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന സിനിമ പ്രേമികള്‍... അഴിമതിയില്‍ മുങ്ങിക്കുളിച്ചു നീന്തി തുടിക്കുന്ന ഒരു ജനത "അഴി" മതിക്കെതിരെ നടത്തുന്ന സഹന സമരങ്ങള്‍... വിദ്യാഭ്യാസമെന്നത് വിദ്യയില്ലാതെ "അഭ്യാസം" മാത്രമാക്കി തീര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍.. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ക്വട്ടെഷന്‍ സംഘങ്ങളും അഴിമതിക്കാരും കൊടി കുത്തി വാഴുന്ന നാട്... എന്നിട്ടും അദ്ദേഹം പ്രജകളെ കാണാന്‍ വരുന്നു. ഈ കൊള്ളരുതായ്മകള്‍ മുഴുവനും ക്ഷമിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കുന്നു..ആശീര്‍വദിക്കുന്നു.
വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരുമ്പോള്‍.. ഓളപ്പരപ്പുകളില്‍ നയമ്പുകള്‍ തീര്‍ക്കുന്ന താളം മുറുകുമ്പോള്‍.. ആര്‍പ്പുവിളികളും ആരവങ്ങളും മുഴങ്ങുമ്പോള്‍ .. തന്റെ നാടിന്റെ "ദുരവസ്ഥ" ഓര്‍ത്തു മുറ്റത്തെ പൂക്കളത്തിലെ മാവേലിത്തമ്പുരാന്‍ കണ്ണീര്‍ പൊഴിക്കുന്നത് ആരും കണ്ടില്ല. അദ്ദേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല.

അത് കാണാന്‍, കേള്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍, സാന്ത്വനമേകാന്‍ ആര്‍ക്കാണിവിടെ നേരം?




Friday, August 5, 2011

അവിയല്‍ പുരാണം


ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു പാചക പരീക്ഷണാനുഭവമാണ്. കൊച്ചമ്മമാരുടെ പാചക കുറിപ്പുകളില്‍ കാണുന്ന കടിച്ചാല്‍ പൊട്ടാത്ത പേരുള്ള വിഭവങ്ങള്‍ ഒന്നുമല്ല, മറിച്ച് കേരളത്തിന്റെ തനത് രുചി അനുഭവിപ്പിക്കുന്ന "അവിയല്‍". വീട്ടിലുള്ളവര്‍ സമയാസമയങ്ങളില്‍ വിളമ്പി തരുന്ന രുചികരമായ ഭക്ഷണം ആവോളം കഴിച്ചിട്ട് "ഉപ്പു കുറഞ്ഞു", എരിവല്‍പ്പം കൂടി പോയി ", മസാല അല്‍പ്പം കൂടി ആവാമായിരുന്നു" എന്നൊക്കെ ഡയലോഗടിച്ചിട്ടുള്ള ഞങ്ങളുടെ പാചക നൈപുന്ണ്യം പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമാണ് "അവിയല്‍ പുരാണ" ത്തിലൂടെ പങ്കു വയ്ക്കുന്നത്.

കാലമേറെയായി ഞങ്ങളൊന്നു ഒത്തു കൂടിയിട്ട്. കൂലംകഷമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും, മസാലയും എരിവും പുളിയും കലര്‍ന്ന കഥകള്‍ വിളമ്പാനും, ഒരു കുടന്ന വെളിച്ചെണ്ണ നെറുകയില്‍ പൊത്തി കുളത്തിലെ സ്ഫടിക ജലത്തില്‍ മുങ്ങി നിവര്‍ന്നു മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കുവാനുമാണ് ഞങ്ങളവിടെ ഒത്തു കൂടാരുണ്ടായിരുന്നത്. ഓണത്തിനും വിഷുവിനും പുതുവത്സരത്തിനുമൊക്കെയുള്ള "ഇടി മിന്നല്‍ സന്ദര്‍ശനങ്ങളില്‍" അല്ലാതെ കഴിഞ്ഞ കുറെ നാളുകളിലായി വളരെ വിരളമായേ വിസ്തരിച്ച 'സുഹൃത്ത് സമാഗമങ്ങള്‍ " നടന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ എല്ലാവരുടെയും നാട്ടിലേക്കുള്ള വരവ് ഒരുമിച്ചു തന്നെയായി.
ഓളങ്ങള്‍ തല്ലി തകര്‍ത്തോഴുകുന്ന പെരിയാറിന്റെ തീരത്തെ സുഹൃത്തിന്റെ തറവാട് വീടാണ് സംഗമ വേദി. കുന്നും മലകളും കേരവൃക്ഷങ്ങളും പച്ച നെല്‍പ്പാടങ്ങളുമൊക്കെയായി ചുറ്റും കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍. പടിപ്പുര കടന്ന് ഞാനവിടെ ചെല്ലുമ്പോള്‍ പൂമുഖത്തെ ചാരുപടിയിലിരുന്നു ഒരാള്‍ "മ" വാരികയിലെ ഡിക്ടടിവ് പൈങ്കിളി നോവല്‍ ആകാംക്ഷയോടെ വായിക്കുന്നു. വേറൊരാള്‍ മുറ്റത്തെ മാവിന്മേല്‍ ഊഞ്ഞാലാടി രസിക്കുന്നു. "ഉത്സാഹ കമ്മിറ്റിയിലെ " പ്രധാന സംഘാടകന്‍ എന്തോ സംഘടിപ്പിക്കുവാനുള്ള പരക്കം പാച്ചിലിലാണ്. മറ്റൊരാള്‍ മൊബൈലില്‍ ബിസിനസ്‌ വര്‍ത്തമാനങ്ങളില്‍ മുഴുകുന്നു.

ക്വാറം തികഞ്ഞതോടെ രംഗം ഉഷാറായി. കഥകളും കഥാപാത്രങ്ങളും അണിനിരന്നു. ഒരുക്കങ്ങള്‍ തകൃതിയിലായി. ചെന്തെങ്ങിന്റെ ഇളം കരിക്കുകളുടെ അകമ്പടിയോടെ നെല്ലും പഴങ്ങളും ഇട്ടു വാറ്റിയ "വീരഭദ്രന്‍ " വന്നണഞ്ഞു. ഒരു റൌണ്ട് വീര്യം പകര്‍ന്നപ്പോഴാണ് തൊടുകറിയുടെ അഭാവത്തെ കുറിച്ച് ചര്‍ച്ച വന്നത്. അതോടെ കഥയില്‍ വഴിത്തിരിവുണ്ടായി. ചിന്തകള്‍ക്ക് ലഹരിയേറി. അടുക്കളയിലേക്കു ചെന്നപ്പോള്‍ ആകെയുള്ളത് സ്വര്‍ണ നിറമുള്ള വെള്ളരിയും മൂന്നാല് കാരറ്റും രണ്ടു പടല ഏത്തക്കായും ഒരു ചെറിയ കഷണം ചേനയും. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചു വച്ച ഒരു കൂഴച്ചക്കയുടെ കഷണവും കൂടി കണ്ടപ്പോള്‍ "അവിയല്‍ " എന്ന ആശയം ഉണര്‍ന്നു. അതോടെ സകലരുടെയും മനസ്സിലെ "നളന്‍ " സടകുടഞ്ഞെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കി, തലയിലെ കെട്ടോന്നഴിച്ചു കുടഞ്ഞു ഓരോ "ഒന്നര" കൂടി അകത്താക്കി എല്ലാവരും ഉത്സാഹത്തിലായി. ഓട്ടുരുളി കഴുകി വൃത്തിയാക്കി. വിറകു കൊത്തിയരിഞ്ഞു അടുപ്പില്‍ തീ പൂട്ടി. ചക്ക മുറിച്ചു ചുളകള്‍ അടര്‍ത്തി നീളത്തില്‍ മുറിച്ചു. ചക്കക്കുരു കുറച്ചു നേരം വെള്ളത്തില്ലിട്ടു കുതിര്‍ത്തിയ ശേഷം പുറം തൊണ്ട് ചുരണ്ടി നുറുക്കി. വെള്ളരിക്കയും കാരറ്റും കായയും ചേനയുമെല്ലാം ഒരേ നീളത്തില്‍ മുറിച്ചു കഴുകി വൃത്തിയാക്കി.

ഇടവേളകളില്‍ രസം പകര്‍ന്നു പൈങ്കിളി / മസാല കഥകളും ഈരടികളും...മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്തുന്ന ഒറ്റമൂലികളാണ് ഇവയില്‍ ഏറെയും :-)

കഷണങ്ങളെല്ലാം ഒരു ഓട്ടുരുളിയിലേക്ക് ഇട്ടു. ഒന്ന് രണ്ടു പച്ചമുളകും കീറിയിട്ടു. എല്ലാം കൂടെ മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചു. കഷണങ്ങള്‍ വേവാന്‍ അല്‍പ്പം വെള്ളം ചേര്‍ത്തു. ഉത്സാഹ കമ്മിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രധാന സംഘാടകന്‍ നല്ല വിളഞ്ഞ നാളികേരം പൊതിച്ച്‌ വാശിയോടെ ചിരവി. ഹാ! തേങ്ങക്കെന്താ സ്വാദു! തേങ്ങ അല്‍പ്പം ജീരകവും 2 - 3 പച്ചമുളകും ചേര്‍ത്തു അമ്മിക്കല്ലില്‍ ചതച്ചെടുത്തു. കഷണങ്ങള്‍ എല്ലാം വെന്തപ്പോള്‍ തേങ്ങയരച്ചു ചേര്‍ത്തിളക്കി. ഒരുവിധം വെന്തു കഴിഞ്ഞപ്പോള്‍ നല്ല പുളിയുള്ള തൈര് യോജിപ്പിച്ചു. ഒന്നു ചൂടാക്കി വാങ്ങി. നല്ല ആട്ടിയ വെളിച്ചെണ്ണ ചുറ്റും ഒഴിച്ചു. കറിവേപ്പില ഇട്ടു നന്നായി ഇളക്കി പൊത്തി വച്ചു.വാഴയില ഇട്ടു മൂടി. മലയാളത്തിന്റെ ആ മഹാരുചിയുടെ ഗന്ധം അവിടെമാകെ ഉയര്‍ന്നു.

ചര്‍ച്ച പുനരാരംഭിച്ചു. വീരഭദ്രനു അകമ്പടി സേവിക്കാന്‍ വാഴയിലയില്‍ വിളമ്പിയ അവിയലും ... പശ്ചാത്തലത്തില്‍ ഉമ്പായിയുടെ വശ്യതയാര്‍ന്ന ഗസലുകള്‍ പെയ്തിറങ്ങി . അവിയല്‍ ഭീമന്റെ രുചിക്കൂട്ടാണത്രെ. ഒരിക്കല്‍ പാണ്ഡവ സന്നിധിയിലെ സദ്യ കെങ്കേമമായി ഉണ്ടുകഴിഞ്ഞതിനു ശേഷവും ഭീമനു വിശപ്പു മാറിയില്ല. അടുക്കളയിലേക്കു ചെന്ന് ബാക്കി വന്ന കറികളും മിച്ചം വന്ന പച്ചക്കറികളും ചേര്‍ത്തു ഭീമന്‍ പുതിയൊരു വിഭവമൊരുക്കി. (ഭീമന്‍ നല്ലൊരു പാചക വിദഗ്ദ്ധന്‍ കൂടിയാണ് . അജ്ഞാതവാസക്കാലത്ത് വലലന്‍ എന്ന പാചക ക്കാരനായാണ് ഭീമന്‍ വേഷം മാറി ജീവിച്ചത്) ഇതെന്തു വിഭവമാന്നെന്നു കുന്തി ചോദിച്ചപ്പോള്‍ കറി പാത്രങ്ങളും പച്ചക്കറികളും ചൂണ്ടി ഭീമന്റെ മറുപടി "അവ ഇവയില്‍ ഇവ അവയില്‍ " എന്നായിരുന്നു. ഇവ ലോപിച്ച് അവിയലായി എന്നാണ് കഥ.

രാവേറെയായി...കഥാപാത്രങ്ങള്‍ തന്മയത്വതോടെയും വീര്യത്തോടെയും ക്ലൈമാക്സ്‌ ആടിത്തിമിര്‍ത്തു. മഹാഭാരതം മുതല്‍ നാട്ടിലെ പരദൂഷണം വരെയുള്ള നവരസങ്ങള്‍ പകര്‍ന്നാടി കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി മയങ്ങാന്‍ തുടങ്ങി. വീടിന്റെ പൂമുഖത്തെ ചാരുകസേരയിലും അരഭിത്തിയിലും തിണ്ണയിലും ഒക്കെയായി എല്ലാവരും പാതിമയക്കത്തിലേക്കു ആഴ്ന്നിറങ്ങി. കിഴക്കന്‍ പാടശേഖരങ്ങളില്‍ നിന്ന് വീശുന്ന ഇളം കാറ്റില്‍ ഉമ്പായിയുടെ ഗസലുകള്‍ അപ്പോഴും അലിഞ്ഞു ചേര്‍ന്നുകൊണ്ടേയിരുന്നു......
"പാടുക സൈഗാള്‍ പാടൂ...
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ...
സ്വപ്ന നഗരിയിലെ പുഷ്പ ശയ്യയില്‍ നിന്നാ-
മുഗ്ധ സൌന്ദര്യത്തെ ഉണര്‍ത്തരുതേ.. ആരും ഉണര്‍ത്തരുതേ....
പാടുക സൈഗാള്‍ പാടൂ....."

Wednesday, July 20, 2011

അന്നും മഴയായിരുന്നു!

മഴ പെയ്തു തുടങ്ങി. ഇടവപ്പാതിയിലെ ഏഴെട്ടു മഴകള്‍ക്ക്‌ ശേഷം ഒട്ടേറെ വിരസ വിഷാദ സായന്തനങ്ങള്‍ സമ്മാനിച്ച നെടുവീര്‍പ്പുകളില്‍, നനഞ്ഞ മഴകളുടെ ഓര്‍മകളെ ശ്രാദ്ധമൂട്ടുമ്പോള്‍, കിഴക്കന്‍ കുന്നുകളും മലകളും കടന്നു തെങ്ങോലകളെ ഇളക്കി മറിച്ച് ആര്‍ത്തലച്ചു വന്ന മഴ ടെക്നോപാര്‍ക്കില്‍ വീശിയടിച്ചു. കോണ്ക്രീറ്റ് വനങ്ങളില്‍ പെയ്ത ആ മഴകള്‍ക്ക്‌ സംഗീതാത്മകത അനുഭവപ്പെട്ടില്ല. അവയുടെ ശീല്കാരവും ഇരമ്പലും പേടിപ്പെടുത്തുന്നു. ഒരുപാട് വേനലുകള്‍ക്ക് മുന്‍പ്, ബാല്യത്തിന്റെ ആകാശങ്ങളില്‍ തിമിര്‍ത്തു പെയ്ത മഴകളെ ആനന്ദത്തോടെ വരവേറ്റിരുന്നു. രാവുകളില്‍ പുതുമണ്ണിന്റെ മാദകഗന്ധം അനുഭവിച്ചരിഞ്ഞിരുന്നു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണപഥത്തില്‍ ഗ്രാമഭംഗിയും നാട്ടിന്‍പുറത്തെ നന്മകളും നഷ്ടപ്പെട്ടപ്പോള്‍ ക്രമേണ മഴയുടെ വിശുദ്ധിയും അന്യമായി തീര്‍ന്നു. ഓഫീസ് മുറിയിലെ ജാലകചില്ലുകളില്‍ തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ ഒരു നല്ല മഴക്കാലത്തിന്റെ ഓര്‍മകളിലേക്കാണ് പെയ്തിറങ്ങിയത്‌.

കണ്ണെത്താ ദൂരത്തോളം പച്ചപരവതാനി വിരിച്ചു പടര്‍ന്നു കിടക്കുന്ന പുനൂര്‍ പാടം. അതിന്റെ പടിഞ്ഞാറേ കരയില്‍, തെങ്ങും കവുങ്ങും പ്ലാവും മാവും ആഞ്ഞിലിയും എന്ന് വേണ്ട , സകല ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന പുരയിടത്തിലെ ഓടിട്ട തറവാട്ടു വീടിന്റെ ഉമ്മറപ്പടിയില്‍ ഇരുന്നാവണം മഴയെ ആസ്വദിച്ചു തുടങ്ങിയത്. മഴ നനയാന്‍ കൂടിയുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിയും വിലക്കുകള്‍ ഏര്‍പ്പെടുത്താതിരുന്നതും വലിയ അനുഗ്രഹം തന്നെയായിരുന്നു. (പ്രഗല്‍ഭനായ അദ്ധ്യാപകന്‍ എന്നതിനോടൊപ്പം മണ്ണിന്റെ മണവും മഴയുടെ ഗുണവും അനുഭവിച്ചറിഞ്ഞ പേരെടുത്ത കൃഷിക്കാരന്‍ കൂടിയായിരുന്നു മുത്തശ്ശന്‍).

ചിന്നം പിന്നം പെയ്യുന്ന മഴയത്ത് തൊപ്പിക്കുട ചൂടി പാടവരമ്പിലൂടെ ഓടാനും, നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ തുടിച്ചു കുളിക്കുവാനും, പാടത്ത് ഉഴുവുകയും ഞവരി വലിക്കുകയും ചെയ്യുന്ന കാളകളെ നിയന്ത്രിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം, മണ്ണിനോടും പ്രകൃതിയോടും കാര്‍ഷിക സംസ്കാരത്തോടുമൊക്കെയുള്ള താല്പര്യം ജനിപ്പിക്കാന്‍ സഹായിച്ചിരുന്നു. അക്കാലത്ത് ടെലിവിഷനും കേബിള്‍ ചാനലുകളും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്നതിനാല്‍ പരസ്യ ചിത്രങ്ങളിലെ "രോഗാണുവും കീടാണുവും" ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല! ഒരു പതിറ്റാണ്ടിനിപ്പുറം, മഴയുടെ അനന്തമായ വിപണന സാധ്യതകളെ തൊട്ടറിഞ്ഞ "കുട പരസ്യങ്ങള്‍" സൃഷ്ട്ടിച്ച വിപ്ലവം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഓര്‍മകള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ച് മൊബൈലില്‍ "മഴ റിംഗ് ടോണ്‍" മുഴങ്ങി...

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ പഠന കേന്ദ്രം. മഴ പെയ്തേക്കാം..പെയ്യും.. പെയ്യുന്നു..എന്ന് തല്‍സമയ വിവരണം തരുന്ന റേഡിയോ ജോക്കികള്‍. ഒപ്പം ഹരം പകരുവാന്‍ "പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴയും.." "രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലവും.." മഴ പെയ്തു കുളമായ കാഴ്ചകള്‍ കൂലംകഷമായ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുന്ന ചാനലുകള്‍...മഴക്കാറു കാണുമ്പോഴേക്കും നൂറു കണക്കിന് മഴ വാര്‍ത്തകളും മഴ ചിത്രങ്ങളും അപ്ഡേറ്റ് ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍.. ഒടുവില്‍ ആറടി മണ്ണില്‍ ശാന്തമായി ഉറങ്ങുന്നവര്‍ക്ക് സൗഹൃദം പകര്‍ന്നും, ഭക്തര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞും ഉള്ളുരുക്കുന്നവര്‍ക്ക് സാന്ത്വനമേകിയും, പ്രണയിതാക്കള്‍ക്ക് രസം പകര്‍ന്നും നൂറുകണക്കിന് സെന്റിമീറ്റര്‍ മഴ പെയ്തു ഭൂമിയെ തണുപ്പിച്ചു , വെള്ളം മുഴുവന്‍ അറബിക്കടലില്‍ ചെന്ന് പതിക്കുന്നു.

ഇതിനിടയില്‍ നാം ഒരു മില്ലിമീറ്റര്‍ മഴയെങ്കിലും മനസ്സറിഞ്ഞു ആസ്വദിച്ചുവോ?
നമ്മുടെ ഓര്‍മകളിലും ജീവിതത്തിലും വേണ്ടേ അനുഭവിച്ചറിഞ്ഞ, ആസ്വദിച്ചറിഞ്ഞ ഒരു മഴക്കാലം?

Monday, May 23, 2011

അ - അമ്മ

ഇക്കഴിഞ്ഞ മാതൃദിനത്തില്‍ (2011 മെയ്‌ 8) സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളില്‍ നൂറുകണക്കിന് മാതൃദിന സന്ദേശങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും ആരാധനയും സൌന്ദര്യവുമൊക്കെ പ്രത്യേക അനുപാതത്തില്‍ കൂട്ടികുഴച്ചുള്ള അത്യാകര്‍ഷകമായ മേഘ സന്ദേശങ്ങള്‍!

സ്നേഹത്തിന്റെ ഒരുപിടി ചോറുരുളയായും നിറഞ്ഞ വാത്സല്യത്തിന്റെ വരദാനമായും കാച്ചിയ വെളിച്ചെണ്ണയുടെ മണമായും താരാട്ട് പാട്ടിന്റെ ഈണമായും സഹനത്തിന്റെ പര്യായമായും അക്ഷരമാലാ പദങ്ങളിലെ ആദ്യാക്ഷര അനുഭവമായും വാക്കുകളിലൂടെ വിസ്മയമാകുകയാണ് "അമ്മ" എന്ന ദൈവ സാന്നിധ്യം.
എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളെ അര്‍ത്ഥപൂര്‍ണമായി വിലയിരുത്താത്ത, പൊങ്ങച്ചത്തിന് വേണ്ടി മാത്രമുള്ള, മാതൃദിനത്തിലെ ഇത്തരം "കേളിക്കൊട്ടുകളും" "ആരവങ്ങളും" ഫലശൂന്യമാണെന്ന് പറയാതെ വയ്യ!

നടന്നു വന്ന വഴികളില്‍ നാം കണ്ട കാഴ്ചകളെ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ തെളിയുന്നത് ഒട്ടും ആശ്വാസ്യകരമല്ലാത്ത വസ്തുതകള്‍ തന്നെയാണ്. സനാഥയായിരുന്നിട്ടും അനാഥയായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതും വൃദ്ധസദനങ്ങളിലേക്ക് എത്തിപ്പെട്ടതുമായ അമ്മമാരും, തിരക്കിനു വേണ്ടി തിരക്കു ഭാവിക്കുന്ന മക്കളുടെയും പുതുമകള്‍ക്ക് പിറകെ പായുന്ന കൊച്ചുമക്കളുടെയും ഇടയില്‍ ഒരിറ്റു സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ ചോദ്യചിഹ്നങ്ങള് ആകുന്നുണ്ട്. ‍

നാം ഓര്‍ക്കുക:

അവഗണനക്കും സഹനങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമിടയിലും,
പാതി പറഞ്ഞ കഥകളും ആശ്വാസ വചനങ്ങളും മനസ്സു നിറയെ സ്നേഹവുമായി 'അമ്മ" നമ്മോടൊപ്പം എന്നുമുണ്ടാവുമെന്ന്.. കതോര്‍ത്താല്‍ കേള്‍ക്കാവുന്നത്ര അടുത്ത് ... കൈയെത്തിച്ചാല്‍ തൊടാവുന്നത്ര അടുത്ത്... ഉറവ വറ്റാത്ത ആ സ്നേഹത്തിനു മുന്‍പില്‍, അനുസ്യൂതം പ്രവഹിക്കുന്ന ആ അനുഗ്രഹങ്ങള്‍ക്ക് മുന്‍പില്‍, പുത്തന്‍ ഉണര്‍വുകള്‍ നല്‍കുന്ന ആ തലോടലിനു മുന്‍പില്‍ ഹൃദയാര്‍പ്പണം ചെയ്ത ഒരായിരം പനിനീര്‍പ്പൂക്കള്‍...

Monday, April 18, 2011

അരാഷ്ട്രീയ ഐ ടി ജീവികള്‍


"മണിയാ കടുപ്പത്തിലൊരു ചായ". ചായക്കട ഉണര്‍ന്നു തുടങ്ങി. ഒപ്പം രാഷ്ട്രീയ വര്‍ത്തമാനങ്ങളും. ചരിത്രവും ആനുകാലികവുമായ സംഭവ വികാസങ്ങളിലൂടെ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ചായകുടിക്കാരില്‍ എല്ലാവരും തന്നെ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ നിഘണ്ടുക്കലാണ്. 'തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും" എന്നതാണ് പലപ്പോഴുമുള്ള അവസ്ഥ. വാഗ്വാദങ്ങളും കണക്കു നിരത്തലുകളും പന്തയം കെട്ടലുമെല്ലാം ചര്‍ച്ചക്ക് കൊഴുപ്പേകുന്നു. ആവി പറക്കുന്ന പുട്ടും കടലക്കറിയും പപ്പടവും പയറുമെല്ലാം ചര്‍ച്ചകളുടെ ഇടവേളകളില്‍ രുചി പകരുന്നുമുണ്ട്. ടെക്നോപാര്‍ക്ക്‌ കാമ്പസ്സിന്റെ മതില്‍ക്കെട്ടിനപ്പുറത്തെ ഒരു തനിനാടന്‍ ചായക്കടയിലാണ് കേരള രാഷ്ട്രീയത്തെ നൂലിഴ തിരിച്ചു പരിശോധിക്കുന്ന ഈ ചര്‍ച്ചയുടെ വേദി.
എന്നാല്‍ മതില്‍ ക്കെട്ടിനകത്തെ "ഐ ടി " ബുദ്ധിജീവികളില്‍ ഭൂരിഭാഗവും രാഷ്ട്രീയ നിരക്ഷരരാണ്‌. അവര്‍ തിരഞ്ഞെടുപ്പ് നാളുകളില്‍ രാഷ്ട്രീയ ബുദ്ധി ജീവികളെന്നു നടിക്കും. അറിയാത്ത കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കും. 'Self Branding " ന്റെ ആദ്യ പാഠങ്ങളുടെ തുടക്കം ഇങ്ങനെയൊക്കെ ആണെന്ന് അവര്‍ എന്നേ മനസ്സിലാക്കിയിരിക്കുന്നു. രാഷ്ട്രീയമറിയില്ലെങ്കിലും മൂന്നാംകിട രാഷ്ട്രീയ മനസ്സുള്ള ഒരു ശരാശരി ഐ ടി പ്രൊഫഷനലിന്റെ മാനറിസങ്ങള്‍ ആണിതെല്ലാം. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഏറെയും പുലബന്ധം പോലും പുലര്‍ത്താതിരിക്കുകയും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയും അനുദിന സംഭവ വികാസങ്ങളെയും കുറിച്ച് ഒരു ധാരണ യുമില്ലാതെ വിളമ്പുന്ന പൊള്ളയായ വാക്കുകളാണ് "ഐ ടി യിലെ രാഷ്ട്രീയ പ്രബുദ്ധര്‍" എന്ന തലക്കെട്ടില്‍ പത്ര മാധ്യമങ്ങളും ചാനലുകളും മത്സരിച്ചു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ അവരുടെ സംഭാഷണങ്ങളില്‍ തൊട്ടപ്പുറത്ത് നടന്ന പാര്‍വതി പുത്തനാര്‍ സംഭവമടക്കം സമൂഹത്തെ നടുക്കുന്ന വാര്‍ത്തകളൊന്നും ഒരു വിഷയമേ അല്ല. സ്മാര്‍ട്ട്‌ സിറ്റിയും മുല്ലപെരിയാറും വിഴിഞ്ഞം പദ്ധതിയും സ്ത്രീ സുരക്ഷയും അക്രമ വാഴ്ചയും അഴിമതിയുമൊന്നും അവരെ ബാധിക്കുന്നേയില്ല. മറിച്ച് സ്റ്റീവ് ജോബ്സിന്റെ ആരോഗ്യവും ആപ്പിളിന്റെ ഭാവിയും സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില വിവരപ്പട്ടികയും ഫാഷന്‍ വസ്ത്രങ്ങളും ആണ് അവരുടെ സംസാരവിഷയങ്ങള്‍.

ആധുനിക സമൂഹം ഏറിയ സമയവും വ്യാപരിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോലും തങ്ങളുടെ വസ്ത്ര സങ്കല്‍പ്പങ്ങളും തക്കാളിക്കറിയുടെ പടങ്ങളും പാചക കുറിപ്പുകളും അല്ലാതെ രാഷ്ട്രീയ പ്രബു ധതയുള്ള ഒരു വാചകം പോലും കാണുവാന്‍ ആയില്ലെന്നത് പറയാതിരിക്കുക വയ്യ. പ്രത്യയ ശാസ്ത്രത്തിന്റെ ആശയങ്ങളും കരുത്തും കര്‍മശേഷിയും പരിശോധിക്കാതെ കാണാന്‍ "ഗ്ലാമര്‍" ഉള്ള സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ വോട്ട് ചെയ്യുമെന്ന് അങ്ങേയറ്റം അന്തസ്സോടെ പറയുന്നവര്‍ ഏറെയുള്ള സമൂഹമാണിത്. ചൂണ്ടു വിരലിലെ കറുത്തമഷി മന സാക്ഷിയുടെ അംഗീകാരമോ രാജധികാരമോ പ്രതിനിധാനം ചെയ്യുന്ന മുദ്രയല്ല, മറിച്ച് 'ഞാന്‍ എന്ന സംഭവത്തെ" ഊട്ടി ഉറപ്പിക്കുവാനുള്ള ഉപാധി മാത്രമെന്ന് കരുതുന്ന, ജനാധിപത്യവും പൌര ബോധവുമില്ലാത്ത ഇത്തരം അരാഷ്ട്രീയവാദികള്‍ ചോദ്യം ചെയ്യപ്പെടും.

ഒട്ടോറെനെ കാസ്റ്റിലെ ഒരിക്കല്‍ എഴുതി:
"ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്തു ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും. അവരുടെ വസ്ത്രങ്ങളെപ്പറ്റി, ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല. ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ളത്തരങ്ങളെപ്പറ്റി ഒരാളും നാളെ അന്വേഷിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഭീരുവിനെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങി ചാവുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ആത്മ വിദ്വേഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഒരു ദിവസം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.ദരിദ്രരായ മനുഷ്യര്‍ വരും. ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കഥകളിലും കവിതകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍. എന്നാല്‍ ദിവസവും അവര്‍ക്ക് അപ്പവും പാലും കൊടുത്തവര്‍. അവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുത്തവര്‍, അവരുടെ കാറോടിച്ചവര്‍, അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍. അവര്‍ വരും. വന്നു ചോദിക്കും:"യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോള്‍ എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍? "

പ്രതികരിക്കേണ്ടത് നമ്മളാണ്.
നിരത്തിലും സോഷ്യല്‍ മീഡിയകളിലും അനീതിക്കെതിരെ ആശയ സംഘട്ടനങ്ങളും വിപ്ലവങ്ങളും ഉണ്ടാവണം.
പുത്തന്‍ ആശയങ്ങള്‍ വിതറി വിപ്ലവങ്ങള്‍ നില നില്‍ക്കുക തന്നെ വേണം!

Saturday, March 26, 2011

മേളം, ആന, വെടിക്കെട്ട്‌...അങ്ങനെ ചില "വീക്ക് നെസ്സു"കള്‍!


കുംഭത്തിലെ 'ഉത്ര"വും "മീന ഭരണി"യും വാഴക്കുളത്തുകാര്‍ക്ക് കലണ്ടറില്‍ ചുവന്ന അക്ഷരങ്ങളാണ്. എല്ലാ തിരക്കുകളും മാറ്റി വച്ച് വാഴക്കുളമെന്ന ഗ്രാമഭൂവിലേക്ക് വന്നിറങ്ങാന്‍ കാത്തിരിക്കുന്ന ദിവസങ്ങള്‍. ആ മണ്ണില്‍ അരങ്ങേറുന്ന സകല 'കലാ പരിപാടികളിലും" സാന്നിധ്യമറിയിച്ചു കൊണ്ട് നെട്ടോട്ട മോടുന്ന തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍.."കണ്ടും കൊണ്ടും കൊടുത്തും കുടിച്ചും" ആസ്വാദ്യകരമാക്കിയ ഉത്സവ ദിനങ്ങളാണ് ഈ കുറിപ്പിനാധാരം.

നാട്ടിലൊരു ചൊല്ലുണ്ട്. "നിന്നെ ഉത്സവത്തിന്‌ എടുത്തോളാം" എന്ന്. എല്ലാ വഴക്കിന്റെയും പക വീട്ടലും പകരം ചോദിക്കലും എല്ലാം ഉത്സവത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കുന്ന കുറെ ആളുകള്‍. ഉത്സവമെന്നത് "തല്ലുണ്ടാക്കി" ആഘോഷിക്കേണ്ടതാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഒരു തനി നാട്ടിന്‍ പുറത്തുക്കാരന്റെ ജീവിതത്തില്‍ "ഉത്സവക്കാലം" എന്നാല്‍ ഒരാണ്ടത്തെ മുഴുവന്‍ കാത്തിരിപ്പിന്റെ സാഫല്യമാണ്. ഒപ്പം അടുത്ത ഉത്സവക്കാലത്തിലേക്കുള്ള ഇടവേളയില്‍ താലോലിക്കേണ്ട ഓര്‍മകളും, സായാഹ്നത്തിലെ വെടി വെട്ടങ്ങളില്‍ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ ആകേണ്ടതുമാണ് .
ഭൂരിഭാഗം നിവാസികള്‍ക്ക് ഗ്രാമദേവതയുടെ ചൈതന്യം സ്വന്തം ആത്മാവിലേക്ക് ആവാഹിക്കുവാനും ഭഗവതിയുടെ മന്ദസ്മിതവും അനുഗ്രഹാശിസ്സുകളും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങുവാന്‍ ഉള്ളതുമാണ് ഉത്സവക്കാലം.
ആണ്ടിലൊരിക്കല്‍ നാട്ടിലെത്തുന്ന എന്നെ പോലുള്ളവര്‍ക്ക് ഉത്സവമെന്നാല്‍ സുഹൃത്ത്‌ സമാഗമങ്ങളും ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവും അസുരവാദ്യത്തിന്റെ മുഴക്കങ്ങളുമാണ്. ഭ്രമിപ്പിക്കുന്ന ഇത്തരം വികാരങ്ങള്‍ ആണ് ഉത്സവദിനങ്ങളില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്‌.
ഇങ്ങനെ ഒരു വര്‍ഷത്തിലെ ആ 'ഏഴു ദിനരാത്രങ്ങള്‍" പലതരം കണക്കു കൂട്ടലുകളുടെയും വികാര- വിചാരങ്ങളുടെയും കാഴ്ചപ്പാടിലൂടെ നോക്കി കാണുന്ന ഒരു ജനതയുടെ "ഗ്രാമോത്സവ" ത്തിനാണ് ഇപ്പോള്‍ കൊടിയേറിയിരിക്കുന്നത് .

വാഴക്കുളത്തിന്റെ ആ തിരുമുറ്റത്ത്‌ എത്രയെത്ര ഗജകേസരികള്‍ തലയെടുപ്പോടെ മത്സരിച്ചു എഴുന്നെള്ളിയിരിക്കുന്നു... മട്ടന്നൂരും കല്പാത്തിയുമടക്കം എത്രയോ വാദ്യകുലപതിമാര്‍ പഞ്ചാരിയും തായമ്പകയും കൊട്ടി കലാശിച്ചിരിക്കുന്നു..."യോ യോ " പിള്ളാരുടെ DJ ക്കും റോക്ക് ഷോയേക്കാളും എത്രയോ മികവുറ്റതാണ് തായമ്പകയും പഞ്ചാരി മേളവുമെല്ലാം. (ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്ര തൃശൂര്‍ പൂരത്തിന്റെ "ഇലഞ്ഞിത്തറ മേളം" ആന്നെന്നുള്ളത് ഇവിടെ കുറിക്കട്ടെ). ഒന്നര പെഗ്ഗിന്റെ ലഹരിയില്‍, തലയിലെ കെട്ടൊന്നു അഴിച്ചു കുടഞ്ഞു , ആവേശപൂര്‍വ്വം ചുവടുകള്‍ വച്ച് താളം പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം, അച മുറികളില്‍ DJ യുടെ കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ക്ക് ഒപ്പം, അര്‍ദ്ധ നഗ്ന സുന്ദരിമാരുടെ കൂടെ ശരീരമാസകലം കുലുക്കി തുള്ളുമ്പോള്‍ കിട്ടില്ലെന്നത് സത്യമാണ്.

കൈതപ്പൂവിന്റെ മാദക ഗന്ധമുള്ള , നേര്‍ത്ത കരയുള്ള നേര്യതുമുടുത്തു വരുന്ന അമ്മൂമ്മമാരാണ് ഉത്സവത്തിന്റെ സ്നേഹവാല്‍സല്യം. (ഉത്സവത്തിന്‌ എത്രയോ മുന്‍പ് തന്നെ വസ്ത്രങ്ങള്‍ അലക്കി വെടിപ്പാക്കി ഇസ്തിരിയിട്ട് തങ്ങളുടെ തുണിപ്പെട്ടിയില്‍ ഉണങ്ങിയ കൈതപ്പൂവിനോടൊപ്പം അവര്‍ സൂക്ഷിച്ചിരിക്കുന്നു) പൂജകളുടെ ഇടവേളകളില്‍ "കണ്ണീര്‍പ്പൂക്കള്‍" സീരിയലിലെ ശ്രീദേവിയുടെ കരച്ചില്‍ മുതല്‍ പാടത്തെ പുല്ലുമുറി വരെ അവരുടെ സംസാരത്തില്‍ ഉയര്‍ന്നു കേള്‍ക്കാം. അബദ്ധവശാല്‍ അവരുടെ മുന്നില്‍ പെട്ടാല്‍ "തിരോന്തോരം വിശേഷങ്ങള്‍" മുഴുവന്‍ പറയിപ്പിക്കാതെ വിടുകയുമില്ല.

ഉത്സവമെന്നാല്‍ ചിലര്‍ക്ക് പ്രണയകാലം കൂടിയാണ്. കുപ്പിവള, കണ്മഷി, കളിപ്പാട്ടകടകളുടെ നൂലിട മറവില്‍ കാമുകി കാമുകന്മാരുടെ രഹസ്യ സമാഗമങ്ങള്‍..ആരുമറിയാതെ കൈമാറുന്ന പൊതിക്കെട്ടിനുള്ളിലെ കരിവളകള്‍ എത്രയോ കുണുങ്ങി ചിരിച്ചിട്ടുണ്ടാവും... കിന്നാരങ്ങള്‍ പങ്കു വയ്ചിട്ടുണ്ടാവും...ചുടു ചുംബനങ്ങള്‍ കൈമാറിയിട്ടുണ്ടാവും... അറിയാതെ പറയുകയും പറയാതെ അറിയുകയും ചെയ്യുന്നതാണ് പ്രണയമെന്നത് കരിവളകള്‍ എപ്പോഴേ മനസ്സിലാക്കിയിരിക്കുന്നു!

പെരുമ്പാവൂര്‍ ഈഗിള്‍ ബാറിലെ സോമരസ സന്ധ്യകള്‍ക്ക് ശേഷമാണ് പലപ്പോഴും ഉത്സവ പറമ്പിലേക്കുള്ള യാത്രകള്‍. ആ ഒത്തു ചേരലിന്റെ ശീതളിമയിലും "ഒന്നര" യുടെ ലഹരിയിലും കണ്ടു തീര്‍ത്തത് "കടത്തനാട്ടു മാക്കം" സിനിമ പ്രദര്‍ശനം മുതല്‍ 3D സ്റ്റേജ് ഷോ വരെയുള്ള പരിപാടികള്‍. രാത്രി പരിപാടികളുടെ ഇടവേളകളില്‍ ഊതിയകറ്റി കുടിക്കുന്ന ഉത്സവ ചായയുടെയും പപ്പട വടയുടെയും രുചി, അതൊരു രുചി തന്നെയാണ് . പരിക്ക് പറ്റിയ കൈയുമായി സ്റ്റേജില്‍ എത്തിയ നാരദ മഹര്‍ഷിയെ കൂവി തോല്പ്പിക്കാതെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും .... നാടകത്തിനിടെ നടിയുടെ മേനിയിലേക്ക്‌ കപ്പലണ്ടി എറിഞ്ഞവനെ വായുവില്‍ എറിഞ്ഞു കളിച്ചതും..അടിച്ചു മാറ്റിയ കിരീടം വച്ച് കൊണ്ട് പുലര്‍ച്ചെ ഇടവഴികളിലൂടെ നടന്നു ആളുകളെ പേടിപ്പിച്ചതും .. ലഹരിയുടെ ആവേശത്തില്‍ നടത്തിയ വെല്ലുവിളികളും സംഘട്ടനങ്ങളും .. അലങ്കോലമുണ്ടാക്കുവാന്‍ നാദസ്വരക്കാരന്റെ മുന്നില്‍ നിന്ന് പുളി തിന്നതും ...മാനത്തു വര്‍ണങ്ങള്‍ വാരി വിതറുന്ന അമിട്ടുകളും...ഗ്രാമത്തെയാകെ ഞെട്ടിക്കുന്ന കതനവെടികളും ..തീമഴ പെയ്യിക്കുന്ന പൂക്കുറ്റികളും ഉള്‍പ്പെടുന്ന വെടിക്കെട്ടും ആവര്‍ത്തന സ്വഭാവമില്ലാത്ത സുഖ ശീതളമായ ഓര്‍മ്മകള്‍ മാത്രം ...

ആളൊഴിഞ്ഞ പൂരപ്പറമ്പുകളില്‍ അവശേഷിച്ച വളപ്പൊട്ടുകളും വര്‍ണ കടലാസ്സുകളുമെല്ലാം തിരുശേഷിപ്പുകളാണ് . ആഘോഷതിമിര്‍പ്പിന്റെ, നിറച്ചാര്‍ത്തുകളുടെ ഒട്ടേറെ സ്പന്ദനങ്ങള്‍ അവ നമ്മോടു പങ്കുവയ്ക്കുന്നുണ്ട്‌ .

വീണ്ടുമൊരു ഗ്രാമോത്സവം കൂടി വരവായി.
ആരവങ്ങള്‍ ഉയരുന്നു... ആര്‍പ്പുവിളികളും...

Wednesday, February 23, 2011

പാഠപുസ്തകം 365; ടെക്കിയുടെ കുമ്പസാരം


പാഠപുസ്തകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ടെക്കി കുമ്പസാരിക്കുകയാണ്. ചെയ്തു പോയ തെറ്റുകള്‍ക്കല്ല, തെറ്റുകള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്താന്‍ ആവാതെ പോയതില്‍... മനസ്സിനെ അലോസരപ്പെടുത്തിയ ഒട്ടേറെ കാഴ്ചകളും വികാര- വിചാരങ്ങളും പങ്കു വ്യ്ക്കാനാവാതെ പോയതില്‍... നാളെകളില്‍ മന: സാക്ഷിക്കുത്ത് നല്‍കാത്ത ശരി-തെറ്റുകളിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ ജീവിതത്തിലെ ഉലച്ചിലുകളില്‍... പ്രതികരണ ശേഷിയെ വിലക്കുന്ന ജീവനോപാധി ആയതിനാല്‍ പറയുവാനുണ്ടായിരുന്നിട്ടും പറയാനാവാതെ പോയ വാക്കുകള്‍ക്കു മുന്‍പില്‍...
ക്ഷമിക്കുക.

എന്തിനീ പാഠപുസ്തകം?
കേരളത്തില്‍ ആയിരുന്നിട്ടു പോലും "മലയാളത്തിനും" "മല്ലു"വിനും സ്ഥാനമില്ലാതെ വരുന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വന്നപ്പോള്‍, എന്നിലെ ഭാഷയും സജീവ സ്വപ്നങ്ങളും ആര്‍ജവമുള്ള ചിന്തകളും മരിക്കാതിരിക്കുവാന്‍ വേണ്ടി മാത്രം. 365 ദിന രാത്രങ്ങള്‍ക്കപ്പുറം ഒരു ആറ്റുകാല്‍ പൊങ്കാല ദിനത്തിലാണ് പാഠപുസ്തകത്തിന്റെ ബീജാവാപം നടന്നത്. "പൊങ്കാല - മാധ്യമ വിചാരം" എഴുതിയാണ് തുടങ്ങിയത്. അന്നുതൊട്ടിന്നോളം ചിന്തകളെ പുകച്ചും, രാത്രിയുടെ ഇരുണ്ട യാമങ്ങളെ കീറി മുറിച്ചും, നേത്ര പടലങ്ങളെ കുത്തി തുറന്നും എഴുതിയതോ വെറും ഇരുപത്തിരണ്ടോളം കുറിപ്പുകള്‍...

പ്രാര്‍ത്ഥന ഒന്ന് മാത്രം.
"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!

Thursday, January 6, 2011

*Does she still remember the nights of Love?*


"ആ സ്നേഹ രാവുകള്‍ അവളിന്നും ഓര്‍ക്കുന്നുണ്ടാവുമോ ?" എന്നത് ലെയോന്‍ പ്രുടോവ്സ്കിയുടെ Five Hours from Paris (Israel/2009/Hebrew-Russian/Leon Prudovsky) എന്ന ചലച്ചിത്രത്തിലെ സംഭാഷണമാണ്. (ടാക്സി ഡ്രൈവറായ യിഗലിനു സംഗീത അധ്യാപികയായ ലിനയോടുള്ള അഭിനിവേശത്തിന്റെ കഥ പറയുന്നതിനോടൊപ്പം ആത്മാവ് ശരീരത്തേക്കാള്‍ വലുതാന്നെന്നും ലൈംഗികതയെക്കാള്‍ ഉയര്‍ന്നതാണ് പ്രണയമെന്നുമുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം). ഇത് പോലെ ചലച്ചിത്രോത്സവ നാളുകളെയും നമുക്ക് മറക്കാന്‍ സാധിക്കുമോ? നവരസങ്ങള്‍ പകര്‍ന്നാടിയ സിനിമോത്സവ ദിനങ്ങളിലെ ഓര്‍മകളിലേക്ക് ഒരു ഫ്ലാഷ് ബാക്ക്.

അനന്തപുരി ഉറങ്ങാത്ത എട്ടു ദിനങ്ങള്‍...
ഇരുന്നൂറോളം ചലച്ചിത്രങ്ങള്‍...
ദൃശ്യ വിസ്മയങ്ങള്‍ .. ശരാശരി പടങ്ങള്‍...
കൊള്ളാവുന്നവ...ഉറക്കം തൂക്കികള്‍...
ബഹിഷ്ക്കരിക്കാന്‍ പ്രേരിപ്പിച്ചവ...
വ്യത്യസ്തത കൊണ്ട് വ്യത്യസ്തമാവുകയായിരുന്നു 15 - മത് രാജ്യാന്തര ചലച്ചിത്രോത്സവം.

ഭൂഗോളത്തിന്റെ വിവിധ കോണുകളില്‍ നിന്നും സിരകളില്‍ സിനിമാവേശവും, ചിന്തകളില്‍ ഹെര്‍സോഗിനെയും അപിചാത്പോങ്ങിനെയും കുത്തി നിറച്ചു, തുണി സഞ്ചികളില്‍ ആധുനിക ബുജി വേഷ സാമഗ്രികളുമായി സിനിമാസ്വാദകരും ചലച്ചിത്ര പ്രവര്‍ത്തകരും ശ്രീ പദ്മനാഭന്റെ മണ്ണിലേക്കിറങ്ങി വന്നു. മഞ്ഞു വീണു മരവിക്കാത്ത ഡിസംബറിന്റെ രണ്ടാം വാരത്തില്‍, കാലം തെറ്റിയ തുലാവര്‍ഷത്തിന്റെ കെടുതികളെ അതിജീവിച്ചു അവര്‍ അഭ്രപാളിയിലെ ദൃശ്യ വിസ്മയങ്ങളെ ആസ്വദിച്ചു. ചലച്ചിത്ര രാവുകളെ ലഹരിയുടെ ഉത്സവങ്ങളാക്കി മാറ്റി. കൊട്ടിഘോഷിച്ച ഒട്ടു മിക്ക ചിത്രങ്ങളും ശരാശരി നിലവാരം പോലും പുലര്‍ത്താത്ത പേക്കൂത്തുകളായി മാറിയപ്പോള്‍ ചിലര്‍ കൂക്കിവിളിച്ചു.. മറ്റു ചിലര്‍ കൈയ്യടിച്ചു.. ബഹു ഭൂരിപക്ഷം ബഹിഷ്ക്കരിച്ചു. തുറന്ന ചര്‍ച്ചകളില്‍ അവര്‍ വിമര്‍ശനത്തിന്റെ ആവനാഴിയില്‍ നിന്നും കൂരമ്പുകള്‍ എയ്തു. രാജാവ് നഗ്നനാന്നെന്നു ഉറക്കെ വിളിച്ചു പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരന്മാരുടെ സങ്കല്‍പ്പങ്ങളെ സിനിമയുടെ വ്യാകരണം കൊണ്ട് തകിടം മറിച്ചു. നാടിനും നിറത്തിനുമപ്പുറം സിനിമ എന്നാ ഒറ്റ ഘടകത്തിന്മേല്‍ അവര്‍ സൌഹൃദം പങ്കു വയ്ച്ചു. ബെഡ് ഷീറ്റ് കൊണ്ട് തുന്നിയെടുത്ത കുപ്പായവും..കരകൌശല പണികള്‍ ചെയ്ത മീശയും താടിയും തലമുടിയും..കഠിനവും പരസ്പര ബന്ധവുമില്ലാത്ത വാക്കുകളുടെ അനസ്യൂത പ്രവാഹം സൃഷ്ട്ടിച്ചു ബുജികളും ചലച്ചിത്ര പ്രേമികളും മേളക്ക് ഒരു ഒന്നൊന്നര കൊഴുപ്പാണേകിയത്.
ചലച്ചിത്രോത്സവം ഉയര്‍ത്തുന്ന ചില ചോദ്യ ചിഹ്നങ്ങളുണ്ട്. വിഖ്യാതരെന്നു നടിക്കുന്ന നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്കും സിനിമ എന്ന മാധ്യമത്തെ ഗൌരവമായി സമീപിക്കുന്നവര്‍ക്കും നേരെ ..
ഇന്ത്യയെ പോലെ സിനിമ ശക്തമായ ജനകീയ മാധ്യമം പോലുമല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന ചലച്ചിത്രങ്ങള്‍ പോലും നമ്മള്‍ കൊട്ടിഘോഷിക്കുന്ന സൂപ്പര്‍ ഹിറ്റുകളെക്കാള്‍ എത്രയോ മടങ്ങ്‌ നിലവാരം പുലര്‍ത്തുന്നവയാണ്.(പടര്‍ന്നു പിടിക്കുന്ന സ്വവര്‍ഗ രതിയെയും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനതയുടെ മനോവ്യാപാരങ്ങളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ ആണ് പല ചിത്രങ്ങളും നല്‍കിയത്. ഒരു തീയറ്ററില്‍ നിന്നും മറ്റൊന്നിലേക്കുള്ള പലായനത്തിനിടയിലും സുഹൃത്ത് സംഭാഷണങ്ങള്‍ക്കിടയിലും ഉയര്‍ന്നു കേട്ടത് ഇത്തരം ചിന്തകള്‍ തന്നെയായിരുന്നു). എന്നാല്‍ നമുക്ക് ഇന്നുമാവശ്യം നാല് പാട്ടും, മൂന്നു സ്ടണ്ടും, രണ്ടു ബലാല്‍സംഗവും, ഒരു അതി മാനുഷിക നായകനും ചേരുന്ന ഫോര്‍മുലകള്‍ ആണെല്ലോ. രാമന്‍കുട്ടി രാമായണം വായിക്കുന്നത് അക്ഷരങ്ങള്‍ അറിഞ്ഞിട്ടല്ല, മറിച്ചു ചങ്കൂറ്റം കൊണ്ട് മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാന്നെല്ലോ നമ്മുടെ താരങ്ങളും സംവിധായകരും. ഫോര്‍മുലകള്‍ തയ്യാറാക്കാതെ, ഇവര്‍ എന്നു മുതല്‍ യഥാര്‍ത്ഥ സിനിമയെ പഠിച്ചു തുടങ്ങുന്നുവോ, ഒരു പക്ഷെ അന്നായിരിക്കും മലയാള സിനിമയുടെ പുനര്‍ജനി.

മേളയിലെ സിനിമകള്‍ അരങ്ങേറിയത് കൊട്ടകകളില്‍ ആയിരുന്നില്ല. മറിച്ചു, ബാറുകളിലും തട്ട് കടകളിലും പൊട്ടി പൊളിഞ്ഞ രാജ വീഥികളിലും ആയിരുന്നു. ക്ഷീണത്തെ അകറ്റി നിര്‍ത്തിയ നേത്ര പടലങ്ങളും തുടിക്കുന്ന ഹൃദയവുമായി ഒരു ചായയുടെയും ഒന്നര പെഗ്ഗിന്റെയും പുറത്തു ആസ്വാദകര്‍ ആനന്ദം കണ്ടെത്തി. ഇരുട്ടില്‍ ഇക്കിളി സുഖം അനുഭവിക്കാന്‍ വെമ്പി നടക്കുന്ന സിനിമ വിദ്യാര്‍ഥി ജോടികളും, ഭാവനയാകുന്ന അനന്തതയുടെ ചക്രവാളത്തിലേക്ക് പുകയൂതി നടക്കുന്ന ജുബ്ബാധാരികളും, പൊങ്ങച്ചത്തിന്റെ ഊറി ചിരികളുമായി തിരക്ക് ഭാവിക്കുന്ന സിനിമാ നിഘണ്ടുക്കളും, സിനിമയെ അതിരറ്റു സ്നേഹിക്കുന്ന സാധാരണക്കാരും ചേര്‍ന്ന് മേള അവിസ്മരണീയമാക്കി തീര്‍ത്തു.

ഒരു കുറവ് മാത്രം അനുഭവപ്പെട്ടു. അയ്യപ്പണ്ണന്റെ... (കവി അയ്യപ്പന്‍)
ഒട്ടേറെ അപരന്മാര്‍ "കൈരളി ശ്രീ " വേദിയില്‍ നിറഞ്ഞാടിയിട്ടും ആ അഭാവം നികത്താനായില്ല.
പ്രണയമെന്നത് ജീവിതവും കവിതയും കലാപവും ആത്മഹത്യയും ആന്നെന്നു നിര്‍വചിച്ച ആ മഹാനുഭാവന്റെ...

"എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം"
- അയ്യപ്പന്‍

ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളിലും ആ പൂവ് വിടര്‍ത്തിയ സുഗന്ധവും ഓര്‍മകളും ഉണ്ടായിരിക്കും.