കേരളീയ സമൂഹം എക്കാലവും അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന മൂന്നു വിഷയങ്ങളാണ് ഈ കുറിപ്പിന്റെ ശീര്‍ഷകം. ഇതില്‍ ഉളവാകുന്ന ചെറിയ ചലനങ്ങള്‍ പോലും സമൂഹ മനസ്സിനെ അലോസരപ്പെടുത്തുന്നു. തങ്ങളെയും സമൂഹത്തെയും അല്‍പ്പം പോലും സ്പര്‍ശിക്കാത്ത കാര്യമാണെങ്കില്‍ പോലും അവര്‍ ചര്‍ച്ച ചെയ്യുന്നു, വിവാദങ്ങള്‍ ഉണ്ടാക്കുന്നു.വിദ്യാഭ്യാസത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ മുന്നോക്കം നില്‍ക്കുകയും പ്രത്യയ ശാസ്ത്രങ്ങളെയും വിശ്വാസങ്ങളെയും ഇത്രയും അന്ധമായി അനുകരിക്കുകയും അടിമപ്പെടുകയും ചെയ്യുന്നു എന്നത് വിരോധാഭാസമായി നമുക്കനുഭവപ്പെടാം.
മേല്‍ പ്രസ്താവിച്ച വിഷയങ്ങളില്‍ "അസാധാരണത്വവും" "വിവാദവു" മൊന്നും കണ്ടെത്താത്ത ഒരു പ്രൊഫഷനല്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുകയാണ് ടെക്കി.
മതം/ ദൈവം എന്നത് കേവലം ഒരു സംഘടനയുടെതോ വിഭാഗത്തിന്റെയോ മാത്രം സ്വകാര്യ സ്വത്തല്ല. മരിച്ചു ലോക ജനതയ്ക്ക് മുഴുവന്‍ തുല്യ ഉത്തരവാദിത്വവും അവകാശവുമുള്ള ഒരു വികാരമാണ്. കര്‍മമാണ് ദൈവമെന്നും സ്വഭാവ മഹിമയാണ് ഏറ്റവും നല്ല മതമെന്നും , അച്ചടക്കത്തോടെ ആത്മാര്‍ഥതയോടെ കര്‍മം ചെയ്യുവാനുമാണല്ലോ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നതും.ജാതി വ്യവസ്ഥയെ തുലനം ചെയ്യുന്ന സംവരണവും, മത ചിഹ്നങ്ങള്‍ക്ക് അലിഖിത നിയന്ത്രണവുമുള്ള ടെക്കിയുടെ സമൂഹത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പാസ് വേഡുകളായി മാത്രമാണ് പുനര്‍ജനിക്കുന്നത്. ദൈവ നാമങ്ങളും മന്ത്രങ്ങളും സൂക്തങ്ങളുമെല്ലാം രഹസ്യ വാക്കുകള്‍ ആവുന്നുണ്ട്. ഇതോടൊപ്പം മാദകതിടമ്പുകളും സിനിമാതാരങ്ങളും മഹാന്മാരും മദ്യലേബലുകളും ഉള്‍പ്പെടുന്നു. എവിടെ അവനവന്റെ വിശ്വാസമാണ് പരിരക്ഷിക്കുന്നത്, ശക്തി പകരുന്നതും. ഇതിനിടയില്‍ മതത്തിനോ വര്‍ഗീയതക്കോ മതങ്ങള്‍ അനുശാസിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ക്കോ ടെക്കികള്‍ വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ല. അവയൊന്നും ടെക്കികളുടെ പ്രൊഫഷനല്‍ ജീവിതത്തില്‍ ചലനമൊന്നും സൃഷ്ടിക്കുന്നുമില്ല.
ടെക്കികള്‍ക്കിടയില്‍ ലൈംഗികതയോടുള്ള തുറന്ന സമീപനവും വിശാലമായ കാഴ്ചപ്പാടും അതോടൊപ്പം തന്നെ വഴിവിട്ട ജീവിതരീതികളും തകരുന്ന കുടുംബ ബന്ധങ്ങളും ചര്‍ച്ചാ വിഷയമാക്കുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് വളരെ വിചിത്രമായി അനുഭവപ്പെടുന്നുണ്ട്.എഴുത്തുകാരുടെ "എരിവും പുളിയും" നിറഞ്ഞ പ്രണയാനുഭവങ്ങളും ലൈംഗികാതിപ്രസരമുള്ള സിനിമകളും (കഴിഞ്ഞ വര്‍ഷത്തെ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിനു ഒരു സിനിമ പ്രേക്ഷക അഭ്യര്‍ഥന മാനിച്ചു നാലോളം പ്രാവശ്യം പ്രദര്‍ശിപ്പിക്കുകയുണ്ടായി) അതീവ ഹൃദ്യമായി ആസ്വദിക്കുകയും ലൈംഗിക വിദ്യാഭ്യാസത്തെ സഭ്യതയുടെ പേരില്‍ എതിര്‍ക്കുകയും ചെയ്യുന്ന ഒരു ചിന്താ രീതിയാണ് പൊതു സമൂഹത്തിന്റേത്. സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവര്‍ ആധുനിക ലോകം കാപ്സ്യുളുകള്‍ ആയും മറ്റും വില്‍ക്കുന്ന/ പ്രചരിപ്പിക്കുന്ന ലൈംഗികതയെ കണ്ടില്ലെന്നു നടിക്കുന്നു. "ദിവ്യമായ അനുഭൂതിയെ" കച്ചവട ചരക്കാക്കുന്നതില്‍ ആനന്ദം കണ്ടെത്തി , ആസ്വധനതിനു പരിധികള്‍ ഇല്ലെന്നും പാഠ്യപദ്ധതിക്ക് സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടെന്നും പറയുന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ടതല്ലേ?
സെക്സ് ഒരു പാപമല്ല എന്ന് വിചാരിക്കുന്ന പുതുതലമുറയില്‍ ഡെറ്റിങ്ങും മറയില്ലാത്ത ആണ് -പെണ് സൌഹൃദങ്ങളും , വിവാഹ പൂര്‍വ/ വിവാഹേതര ബന്ധങ്ങളും ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. സദാചാര വാദികളുടെ മുദ്രാവാക്യങ്ങളും പ്രസ്താവനകളും ഈയൊരു ചിന്താഗതിക്ക് മാറ്റമൊന്നും സൃഷ്ടിക്കുമെന്ന് വിചാരിക്കുന്നില്ല. അത് പോലെ തന്നെയാണ് "സദാചാരത്തെ" പരിപോഷിപ്പിക്കാന്‍ ഈ ഐ. ടി . യുഗത്തില്‍ ചില ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും. കൈയിലുള്ള മൊബൈല്‍ ഫോണില്‍ ലോകം മുഴുവന്‍ തെളിയുമ്പോള്‍ ഇത്തരം വിളക്കുകള്‍ ശുദ്ധ വങ്കത്തരമല്ലേ? മതപണ്ഡിതരും ആള് ദൈവങ്ങളും ആത്മീയ പ്രഭാഷകരും 24 x 7 നിറഞ്ഞു നില്ക്കുന്ന സദാചാര ചാനലുകള്‍ പകരുന്നത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രസക്തി മാത്രമാണ്. പ്രായോജകരായ മത സംഘടനയുടെ കാഴ്ചപ്പാടുകളെ/ തത്വങ്ങളെ എതിര്‍ക്കുന്നത് മതത്തെ എതിര്‍ക്കുന്നതിനു തുല്യമായി കാണുകയെന്നും കാണിക്കുകയെന്നുമുള്ള ഹിഡന്‍ അജെണ്ടയാണ് പലപ്പോഴും ഇത്തരം ചാനലുകള്‍ക്ക് പിന്നിലുള്ളത്. ആത്മീയ ഗുരുക്കന്മാര് പകരുന്ന സത് വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പകരം അവരെ ദൈവങ്ങളാക്കി അവതരിപ്പിച്ചു അനുയായികളെ സൃഷ്ടിച്ചു, സംഘങ്ങള്‍ക്ക് രൂപം കൊടുത്തു ധ്രുവീകരണം നടത്തുകയാണ് "ഭക്തി വ്യവസായത്തിന്റെ " പുതിയ മുഖം. കച്ചവടത്തിന് അനന്ത സാധ്യതകള്‍ ഉള്ള "ഭക്തിയെ" പ്രചരിപ്പിക്കാന്‍ തകിട്/ ഏലസ്സ്/ ജപമാല/ രുദ്രാക്ഷം/ വിളക്ക്/ സി ഡി തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്ക് എല്ലാ ചാനലുകളും സമയം ചിലവഴിക്കുന്നുണ്ട് . എന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും സത് ചിന്തകളെ സ്വാംശീകരിച്ച് ഹൃദയത്തില്‍ കാത്തു സൂക്ഷിക്കാനും സത് പ്രവൃത്തികളിലൂടെയാണ് സര്‍വ ശക്തനായ ദൈവത്തെ കണ്ടേതെണ്ടതെന്നും എവിടെ ഒരു ചാനലും മാധ്യമവും നമ്മെ പഠിപ്പിക്കുന്നില്ല.
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ പരിധിയില്‍ പെടുമെങ്കിലും തിരഞ്ഞെടുപ്പ്/ ഭരണം/ അഴിമതി തുടങ്ങി ചില പ്രക്രിയകളില്‍ ഒതുങ്ങി നില്ക്കുന്നു നമ്മുടെ രാഷ്ട്രീയം. ജാതി/ മത/ സംഘടന ചിന്തകളിലൂടെ അല്ലാതെ രാജ്യ/പൊതുജന താല്പര്യത്തിനു വേണ്ടി ജനവികാരം ശക്തിപ്പെടുത്താന്‍ കഴിവില്ലാത്തതാണ് ഇന്നത്തെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും .
വിവര സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയകളിലൂടെയും ജനതയുടെ സ്പന്ദനമറിഞ്ഞ് പരിഷ്കാരങ്ങള്‍/ വികസനങ്ങള്‍ വരുത്തുന്ന ഭരണാധികാരികളെ പുതു തലമുറ സ്വാഗതം ചെയ്യുമ്പോള്‍ പരമ്പരാഗത രാഷ്ട്രീയ വാദികള്‍ വെറുക്കുന്നു, സ്ഥാന ഭ്രുഷ്ടരാക്കുന്നു. എന്തെന്നാല്‍ എവിടെ നില നില്‍ക്കേണ്ടത് ആനമയില്‍ ഒട്ടകം എന്ന കണ്കെട്ട് വിദ്യയാന്നെല്ലോ. കാലത്തെ അതി ജീവിക്കാത്ത പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങള്‍ നെഞ്ചോടടുക്കി ജീവിക്കുന്ന പാരമ്പര്യവാദികള്‍ ഒന്നോര്‍ക്കുക: വിളിച്ച മുദ്രാവാക്യങ്ങളുടെയും പങ്കെടുത്ത സമരങ്ങളുടെയും പിന്‍ബലത്തില്‍ നേതാക്കന്മാര് ആവുന്നവരെയല്ല മറിച്ച്, സമയം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ അതി നൂതന ആശയവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ നാടിന്റെ പള്‍സ് അറിയുന്നവരെയാണ് പുതുതലമുറ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ/ ട്രേഡ് യുണിയന്‍ ഇടപെടലുകള്‍ ഇല്ലാതെ വ്യവസായ മേഖലയെ സംരക്ഷിക്കാമെന്നും അവയെ വികസനത്തിന്റെ/ പുരോഗതിയുടെ പ്രധാന ഘടകം ആക്കാമെന്നും തെളിഞ്ഞിട്ടുള്ള ഒരു നാടാണിത്. ഐ ടി യെ തന്നെ ഉദാഹരണമാക്കാം. ബാഹ്യമായ ഒരു രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ "കരി പുരളാത്ത, ധൈഷണികമായി അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം" സര്‍ക്കാരിന് കോടികളുടെ ലാഭമാണ് വര്‍ഷാവര്‍ഷം നേടി കൊടുക്കുന്നത്. പോളണ്ടിനെയും ചൈനയെയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന നേരം അല്‍പ്പമെങ്കിലും അധ്വാനിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ പല വ്യവസായ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരില്ലായിരുന്നു എന്നത് ചരിത്ര സത്യമാണ്.
മൂന്നാംകിട രാഷ്ട്രീയ കളികളിലൂടെ അധികാരത്തിനും സമ്പത്തിനും വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് മുന്പില് ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യ വചനങ്ങള്‍ സമര്‍പ്പിക്കുന്നു.
"Bury my body. Don't build any monument. Keep my hand outside. So the world knows that who won the world had nothing in hand when died..."